കറുത്ത വസ്ത്രം പ്രഭാതസവാരിക്കു വേണ്ട, കറുത്ത കുടയും; കാരണം ഇതാണ്

By RK.08 10 2021

imran-azhar

 


പ്രഭാത നടത്തം ശീലമാക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. സവാരി അപകടരഹിതമാവാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഇടുങ്ങിയ നടപ്പാതകളും വളവുതിരിവുകഴും വെളിച്ചക്കുറവും നമ്മുടെ അജ്ഞതയുമെല്ലാം അപകടങ്ങള്‍ വിളിച്ചുവരുത്തുന്നു.

 

ഇന്ത്യയില്‍ 2019 ല്‍ മാത്രം ഏകദേശം 26000 കാല്‍നട യാത്രികരാണ് കൊല്ലപ്പെട്ടത്. ഇരുചക്രവാഹന യാത്രക്കാര്‍ കഴിഞ്ഞാല്‍ മരണത്തിന്റെ കണക്കില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നതും കാല്‍നടക്കാര്‍ തന്നെ.രാത്രിയില്‍ കാല്‍നടയാത്രക്കാരെ വാഹനം ഓടിക്കുന്നവര്‍ക്ക് കാണാന്‍ സാധിക്കാതെ വരുന്നത് അപകടസാധ്യത കൂട്ടുന്നു. കാല്‍നടയാത്രക്കാരെ നിശ്ചിത അകലത്തില്‍ നിന്ന് കണ്ടാല്‍ മാത്രമേ ഡ്രൈവര്‍ക്ക് അപകടം ഒഴിവാക്കാന്‍ കഴിയൂ.

 

കേരളത്തിലെ റോഡുകളില്‍ അനുവദനീയമായ പരമാവധി വേഗതയായ മണിക്കൂറില്‍ 70 കി.മീ (സെക്കന്റില്‍ 19.5 മീറ്റര്‍) സഞ്ചരിക്കുന്ന ഡ്രൈവര്‍ കാല്‍നടയാത്രക്കാരനെ കണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടാന്‍ എടുക്കുന്ന റിയാക്ഷന്‍ ടൈം രാത്രിയില്‍ ഏകദേശം 1 മുതല്‍ 1.5 സെക്കന്‍ഡ് ആണ്.

 

ഈ സമയത്ത് വാഹനം 30 മീറ്റര്‍ മുന്നോട്ട് നീങ്ങും. ബ്രേക്ക് ചവിട്ടിയ ശേഷവും പൂര്‍ണ്ണമായി നില്‍ക്കാന്‍ പിന്നെയും 36 മീറ്റര്‍ എടുക്കും. അതായത്, ഡ്രൈവര്‍ കാല്‍നടയാത്രക്കാരനെ കുറഞ്ഞത് 66 മീറ്ററെങ്കിലും മുന്‍പ് കാണണം. നനഞ്ഞ റോഡുകളില്‍ അതില്‍ കൂടുതലും സമയം വേണം.വെളിച്ചമുള്ള റോഡുകളില്‍ പോലും രാത്രി ഇങ്ങനെ കൃത്യമായി കാണാന്‍ കഴിയുന്നത് വെറും 30 മീറ്റര്‍ അടുത്തെത്തുമ്പോള്‍ മാത്രമാണെന്ന് പഠനങ്ങള്‍ പറയുന്നു. വെളിച്ചം കുറവുള്ള റോഡില്‍ അത് 10 മീറ്റര്‍ വരെയാകാം. അതും കാല്‍നടയാത്രികന്‍ റോഡിന്റെ ഇടത് വശത്താണെങ്കില്‍. ഡ്രൈവറുടെ വലതു വശത്തെ വിന്റ് ഷീല്‍ഡ് പില്ലറിന്റെ തടസ്സം മൂലവും പെരിഫറല്‍ വിഷന്റെ പ്രശ്‌നം കൊണ്ടും വലത് വശത്തെ കാഴ്ച പിന്നെയും കുറയും.

 

മഴ, മൂടല്‍മഞ്ഞ്, ഡ്രൈവറുടെ പ്രായക്കൂടുതല്‍, നൈറ്റ് മയോപ്പിയ, ഉറക്കം, ക്ഷീണം, ലഹരി ഉപയോഗം എന്നിവ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു.

 

വസ്ത്രത്തിന്റെ നിറമാണ് പ്രധാനപ്പെട്ട മറ്റൊരു സംഗതി. കറുത്ത വസ്ത്രവും വെളിച്ചം ഇല്ലായ്മയും കറുത്ത റോഡും ചേര്‍ന്ന് പ്രഭാത സവാരിക്കാരനെ തൊട്ടടുത്ത് നിന്നാല്‍ പോലും കാണാന്‍ സാധിക്കില്ല.

 

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

 

* സവാരി കഴിയുന്നതും പ്രഭാത വെളിച്ചത്തിലാക്കാം.

* കഴിയുന്നതും മൈതാനങ്ങളോ പാര്‍ക്കുകളോ തിരഞ്ഞെടുക്കുക.

* വെളിച്ചവും നടപ്പാതകളുമുള്ള റോഡുകള്‍ തിരഞ്ഞെടുക്കാം.

 

* തിരക്കേറിയതും വാഹനങ്ങളുടെ വേഗത കൂടുതലുള്ള റോഡുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.

* നടപ്പാത ഇല്ലെങ്കില്‍ വാഹനങ്ങള്‍ക്ക് കാണാവുന്ന രീതിയില്‍ റോഡിന്റെ വലതുവശത്തുകൂടി നടക്കുക.

* വെളുത്തതോ ഇളംനിറത്തിലുള്ളതോ ആയ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം. കറുത്ത വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം.

* റിഫ്‌ളക്ടീവ് ജാക്കറ്റുകളൊ വസ്ത്രങ്ങളൊ ഉപയോഗിക്കുക.

 

* ഫോണ്‍ ഉപയോഗിച്ചു കൊണ്ടും ഇയര്‍ ഫോണ്‍ ഉപയേഗിച്ച് പാട്ട് കേട്ടുകൊണ്ടും നടക്കുന്നത് ഒഴിവാക്കണം.

* കുട്ടികള്‍ക്ക് അധിക ശ്രദ്ധ നല്‍കണം

* വര്‍ത്തമാനം പറഞ്ഞ് കുട്ടം കൂടി നടക്കുന്നത് ഒഴിവാക്കണം.

* മൂടല്‍മഞ്ഞ്, മഴ എന്നീ സന്ദര്‍ഭങ്ങളും കറുത്ത കുട പിടിച്ച് നടക്കുന്നതും ഒഴിവാക്കണം.

 

 

 

 

OTHER SECTIONS