എല്ലുകളെ ബലപ്പെടുത്താന്‍ പത്ത് മാർഗങ്ങൾ

By Online Desk .30 09 2019

imran-azhar

 

 

എല്ലുകളുടെ ബലം ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെട്ടാല്‍ അവ എളുപ്പം പൊട്ടാന്‍ കാരണമാകും. ശൈശവംമുതല്‍ എല്ലുകള്‍ പോഷകങ്ങളും ധാതുക്കളും ആഗിരണം ചെയ്ത് ശക്തിപ്രാപിക്കുന്നു. ഇക്കാരണത്താല്‍ കാലകാലങ്ങളില്‍ അവയുടെ സാന്ദ്രതയില്‍ വ്യത്യാസമുണ്ടാകും. എന്നാല്‍ 20 വയസാകുന്നതോടെ എല്ലുകള്‍ അവയുടെ പരമാവധി ബലം (സാന്ദ്രത) പ്രാപിക്കും. പക്ഷെ പ്രായംകൂടുന്നതോടെ എല്ലുകള്‍ക്ക് ബലക്ഷയമുണ്ടാകും. സത്രീകള്‍ക്ക് ആര്‍ത്തവവിരാമത്തോടെ എല്ലുപൊട്ടുന്ന രോഗാവസ്ഥയും സാധാരണമാണ്. എന്നിരുന്നാലും എല്ലുകളുടെ ബലം നിലനിര്‍ത്താന്‍ മുന്‍കരുതലുകളെടുക്കാവുന്നതാണ്.

 

1. ഭാരോദ്വഹനം


ഭാരോദ്വഹനവും സ്‌ട്രെങ്ത് ട്രെയ്‌നിങ്ങും(പേശികള്‍ക്ക് ബലം പകരുന്ന വ്യായാമമുറ) എല്ലുകളെ ബലപ്പെടുത്താന്‍ സഹായിക്കും. എല്ലുകളിലെ ധാതുക്കളുടെ സാന്ദ്രത വര്ധിപ്പിക്കാനും എല്ലുകളുടെ വലിപ്പം കൂട്ടാനും ഇതുവഴി സാധിക്കും. പേശീബലം മെച്ചപ്പെടുത്താനും എല്ലുകളുടെ തേയ്മാനം കുറയ്ക്കാനും സഹായിക്കും.


2. സസ്യാഹാരം


പച്ചക്കറികള്‍ കുറഞ്ഞകലോറി മാത്രം ഉള്ളവയാണ്. എന്നാല്‍ അവയില്‍ വിറ്റാമിനുകളും ധാതുക്കളും നാരും ധാരാളം അടങ്ങിയിട്ടുണ്ട്. മഞ്ഞനിറമുള്ളതും ഹരിതനിറമുള്ളതുമായ പച്ചക്കറികള്‍ എല്ലുവളര്‍ച്ചയെ കൂടുതല്‍ സഹായിക്കും.


3. ആഹാരത്തിലുടനീളം കാത്സ്യം


എല്ലുകളുടെ ആരോഗ്യത്തിന് അവശ്യംവേണ്ട പോഷകമാണ് കാത്സ്യം. എല്ലുകള്‍ ദിനംപ്രതി വളരുന്നതിനാല്‍ ഭക്ഷണത്തിലൂടെ ആവശ്യമായ കാത്സ്യം ദിവസവും ശരീരത്തിലെത്തണം. ചെറിയ അളവുകളിലായി എല്ലാനേരത്തെയും ഭക്ഷണത്തിനൊപ്പം കാത്സ്യം കഴിക്കുന്നതാണ് ഉചിതം.


4. വിറ്റാമിന്‍ ഡി, വിറ്റാമിന്‍ കെ


ശരീരത്തില്‍ നിന്ന് കാത്സ്യത്തിന്റെ നഷ്ടം നികത്തുന്നതിലും ധാതുക്കള്‍ എല്ലുകളില്‍ ആഗിരണം ചെയ്യുന്നതിലും വിറ്റാമിന്‍ കെ യ്ക്ക് പ്രധാനപങ്കുണ്ട്. സോയ, ചീസ് എന്നിവയില്‍ ഈ വിറ്റാമിനുണ്ട്. അതുപോലെ കാത്സ്യം ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കുന്നു.


5. ആരോഗ്യകരമായ ശരീരഭാരം


അമിതമായ ശരീരഭാരം എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമല്ല. അതുപോലെ തീരെ ഭാരം കുറയുന്നതും ദോഷം ചെയ്യും.


6. അനാവശ്യമായ ഡയറ്റിങ് ഒഴിവാക്കുക


തടികുറയ്ക്കാനും മറ്റും ഭക്ഷണനിയന്ത്രണം വരുത്തുമ്പോള്‍ ഡോക്ടറോട് ഉപദേശം തേടുന്നത് നന്നായിരിക്കും. അമിതമായ ഭക്ഷണനിയന്ത്രണം വിറ്റാമിനുകളും ധാതുക്കളും ശരീരത്തിലെത്തുന്നത് ഇല്ലാതാക്കി എല്ലുകളുടെ ആരോഗ്യത്തെ ഇല്ലാതാക്കും.


7. ഒമേഗ– 3 അടങ്ങിയ ഭക്ഷണം കഴിക്കുക


ചാള പോലുള്ള മത്സ്യങ്ങള്‍, നട്‌സ് ഇനങ്ങള്‍, തുടങ്ങിയവ ഒമേഗ 3 അടങ്ങിയവയാണ്. ഇവ സ്ഥിരമായി ഭക്ഷണത്തില് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.


8. മഗ്‌നീഷ്യവും സിങ്കും
കാത്സ്യത്തെപ്പോലെ എല്ലുകളുടെ ബലത്തിന് അത്യാവശ്യമായ രണ്ട് പോഷകങ്ങളാണ് മഗ്‌നീഷ്യവും സിങ്കും. മഗ്‌നീഷ്യം വിറ്റാമിന്‍ ഡിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സഹായിക്കുന്നു.


9. പ്രോട്ടീന്‍ കഴിക്കുക


ആഹാരത്തില്‍ ആവശ്യമായ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക പ്രധാനമാണ്. സോയ, മുട്ട, കോഴിയിറച്ചി, പാല്‍, പയറുവര്‍ഗങ്ങള്‍ ഇവ പ്രോട്ടീന്‍ നന്നായി അടങ്ങിയ ഭക്ഷ്യവസ്തുക്കളാണ്.


10. പുകവലിയും മദ്യപാനവും നിര്‍ത്തുക


എല്ലുകളുടെ ആരോഗ്യത്തിന് ഹാനികരമായ രണ്ട് ശീലങ്ങളാണ് പുകവലിയും മദ്യപാനവും. കൗമാരത്തിലും യൗവ്വനത്തിലും പുകവലിക്കുന്നവര്‍ക്ക് പ്രായമാകുമ്പോള്‍ എല്ലുകളുടെ ബലക്ഷയം മറ്റുള്ളവരേക്കാള്‍ കൂടും.

 

 

 

OTHER SECTIONS