തലവേദനയാണോ?? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

By online desk.26 09 2019

imran-azhar

 

നിത്യജീവിതത്തില്‍ സര്‍വസാധാരണമാണ് തലവേദന. ഭൂരിപക്ഷം തലവേദനകളും വൈദ്യസഹായം ഇല്ലാതെ ഒന്ന് വിശ്രമിച്ചാല്‍ മാറുന്നവയാണ്. എന്നാല്‍, ഇനിപ്പറയുന്ന ലക്ഷണങ്ങളോടുകൂടിയ തലവേദന അടിയന്തരമായി ചികിത്സ ആവശ്യമുള്ളതാണ്.

 

1) അപകടങ്ങള്‍, വീഴ്ചകള്‍ എന്നിവയോടനുബന്ധിച്ചുള്ള തലവേദന

 

2) പെട്ടെന്ന് തുടങ്ങിയ അസഹ്യമായ തലവേദന

 

3) ഗര്‍ഭകാലത്തോ പ്രവസവത്തോടോ അനുബന്ധിച്ചുള്ള തലവേദന

 

4) പനി, കഴുത്തുവേദന, വെളിച്ചം കാണുന്നതിനു ബുദ്ധിമുട്ട് എന്നിവയോടുകൂടിയ തലവേദന

 

5) തലവേദനയോടൊപ്പം കാഴ്ചക്കുറവ്, ഛര്‍ദി, രണ്ടായിക്കാണുക, ശരിയായ ബോധം ഉണ്ടാകാതിരിക്കുക, ബലക്കുറവ് എന്നിവ ഉണ്ടെങ്കില്‍

 

6) രാത്രിയില്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിക്കുന്ന തലവേദന

 


തലച്ചോറിലെ പ്രശ്‌നങ്ങള്‍ക്കൊപ്പം കാഴ്ചത്തകരാറുകള്‍, സൈനസൈറ്റിസ്, മോണവീക്കം, ചെവിയുടെ പ്രശ്‌നങ്ങള്‍ എന്നിവയും തലവേദനയുണ്ടാക്കാം. തലച്ചോറിനകത്തോ അതിന്റെ ആവരണത്തിലോ ഉണ്ടാകുന്ന രക്തസ്രാവം, തലച്ചോറിനുള്ളിലെ മുഴകള്‍, തലച്ചോറിനുള്ളിലെ അണുബാധ, തലയോട്ടിക്കുള്ളിലെ സമ്മര്‍ദം കൂടുന്ന അവസ്ഥ എന്നിവയാണ് തലവേദനയുടെ ഏറ്റവും അപകടകരമായ കാരണങ്ങള്‍. എന്നാല്‍ സാധാരണ കണ്ടുവരുന്ന തലവേദനയുടെ കാരണം ചെന്നിക്കുത്ത്, അമിത ടെന്ഷന്‍ എന്നിവയാണ്.

 

പ്രത്യേകിച്ച് സ്ത്രീകളിലാണ് ചെന്നിക്കുത്ത് കൂടുതലായി കാണപ്പെടുന്നത്. തലയുടെ ഏതെങ്കിലും ഒരുവശത്തുനിന്ന് തുടങ്ങുന്ന തുടിക്കുന്ന പോലുള്ള വേദന ക്രമേണ വര്‍ധിച്ച് തലമൊത്തം അസഹ്യമായി വ്യാപിക്കും. വെളിച്ചമോ ശബ്ദമോ ഈയവസരത്തില്‍ തലവേദന കൂട്ടും. തലകറക്കം, തലപ്പെരുപ്പ്, ഛര്‍ദ്ദി തുടങ്ങിയവും അനുഭവപ്പെടും.



മധ്യവയസ്‌കരില്‍ സ്ത്രീപുരുഷവ്യത്യാസമില്ലാതെ ഈ തലവേദന കാണപ്പെടുന്നു. തലയുടെ ഇരുഭാഗങ്ങളിലും വലിഞ്ഞുമുറുകുന്ന തരത്തിലുള്ള വേദനയാണ് ഉണ്ടാകുക. പേരുപോലെതന്നെ അമിതമായ സ്‌ട്രൈസ്, ഉറക്കമില്ലായ്മ എന്നിവയാണ് ഈ തലവേദനയുടെ കാരണം.

 

പ്രതിവിധി

ആദ്യം പറഞ്ഞപോലുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടനെതന്നെ വൈദ്യസഹായം തേടണം. വല്ലപ്പോഴും മാത്രംവരുന്ന തീവ്രമല്ലാത്ത തലവേദനകള്‍ക്ക് താത്കാലികമായ വേദനസംഹാരി കഴിച്ചാല്‍ മതി. എന്നാല്‍, തീവ്രമായ, ദിനചര്യകളെ ബാധിക്കുന്ന തരത്തിലുള്ള തലവേദനകള്‍ക്ക് വിദഗ്ദ്ധചികിത്സ ആവശ്യമാണ്. തലവേദനയുടെ യഥാര്‍ഥകാരണം കണ്ടുപിടിക്കാനായി തലച്ചോറിന്റെ സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ ചിലപ്പോള്‍ വേണ്ടിവരും. ആഴ്ചയില്‍ രണ്ടുതവണയില്‍ കൂടുതല്‍ തലവേദന വരുന്നെങ്കില്‍, അല്ലെങ്കില്‍ മാസം പത്തുതവണയില്‍ കൂടുതല്‍ വേദനസംഹാരി ഉപയോഗിക്കേണ്ടി വരുന്നെങ്കില്‍ ചികിത്സ വേണം.

 

മുന്‍കരുതലുകള്‍

 

1) ആവശ്യമായ ഉറക്കം (ദിവസം 6–8 മണിക്കൂര്‍) ഉറപ്പു വരുത്തുക.

 

2) രാത്രിസമയങ്ങളില്‍ മൊബൈല്, ലാപ്‌ടോപ്പ് എന്നിവ ആവശ്യമായ വെളിച്ചം ഇല്ലാതെ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

 

3) ആവശ്യത്തിനു വെള്ളം കുടിക്കുക, നിര്‍ജലീകരണം ഒഴിവാക്കുക.

 

4) വിശന്നിരിക്കുന്നത് ഒഴിവാക്കുക, പ്രത്യേകിച്ച് പ്രഭാതഭക്ഷണം വൈകിപ്പിക്കാതിരിക്കുക.

 

5) അമിതമായ സ്‌ട്രൈസ് ഒഴിവാക്കാനായി മാനസിക ഉല്ലാസത്തിനുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുക, യോഗ ചെയ്യുക.

OTHER SECTIONS