ഒരു തുള്ളി രക്തം തരൂ ................ഒരു ജീവൻ രക്ഷിക്കാം !!!

By BINDU PP.14 Jun, 2017

imran-azhar

 

 


ഇന്ന് ജൂൺ 14 ലോക രക്തദാന ദിനം . രക്തത്തിന് രക്തം തന്നെ വേണം .... ഭൂമിയ്ക്ക് ചുവടെയുള്ള എല്ലാത്തിനും കൃത്രിമത്വം കണ്ടുപിടിച്ച മനുഷ്യരാശിക്ക് രക്തത്തിന് പകരം രക്തമല്ലാതെ മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ഒരു ജീവൻ നിലനില്കുന്നതിൽ രക്തത്തിന്റെ പങ്ക് വളരെ വലുതാണ്.മനുഷ്യശരീരത്തില്‍ ഏകദേശം അഞ്ചുലിറ്റര്‍ രക്തം അടങ്ങിയിരിക്കുന്നു. രക്തത്തിന്‍െറ മുഖ്യഭാഗവും പ്ളാസ്മയാണ്. ശരീരഭാരത്തിന്‍െറ എട്ടുശതമാനം രക്തമാണ്. രക്തധമനികളില്‍കൂടി ഒഴുകുന്ന സങ്കീര്‍ണ ഘടനയുള്ള ദ്രാവകമാണ് രക്തം. ശരീരകോശങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഓക്സിജന്‍ വിതരണം നടത്തുന്നതും കോശങ്ങളിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ ശ്വാസകോശത്തിലത്തെിക്കുന്നതും ശരീരത്തിനാവശ്യമായ ഭക്ഷണം, ജലം തുടങ്ങിയവയുടെ വിതരണക്കാരനും രക്തം തന്നെ.ജീവൻ നിലനിൽക്കുന്നതിൽ രക്തത്തിന്റെ പങ്ക് അറിയാവുന്നതാണ് ....അതുപോലെ ശരീരത്തിലെ രക്തം നഷ്ടപ്പെടുമ്പോൾ എന്താണ് മാർഗം ? ഒറ്റ ഉത്തരമേ ഉള്ളു 'രക്തദാനം'.

 

എന്താണ് രക്തദാനം

ഒരാൾ സ്വന്തം സമ്മതത്തോടെ മറ്റൊരാൾക്കോ, സൂക്ഷിക്കുന്നതിനു വേണ്ടിയോ ശാസ്ത്രീയമായ മാർഗ്ഗങ്ങളിലൂടെ രക്തം ദാനം ചെയ്യുന്ന പ്രക്രിയയാണ് സന്നദ്ധ രക്തദാനം. പരിണാമശ്രേണിയിൽ ഉയർന്ന തലത്തിലുള്ള ജീവികളിലാണ് രക്തം കാണപ്പെടുക. ശരീരത്തിൽ ആഹാരം, വായു എന്നിവ എത്തിക്കുക, മാലിന്യങ്ങൾ പുറത്തുകളയുക തുടങ്ങി പല പ്രവർത്തനങ്ങളും രക്തമാണ് നടത്തുന്നത്. ഒരു തവണ 450 മില്ലി ലിറ്റർ രക്തം വരെ ദാനം ചെയ്യാം. ജൂൺ പതിനാലാന്നു ലോക രക്തദാതാക്കളുടെ ദിനം. കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് ദാതാവിൽ നിന്ന് രക്തം സ്വീകരിക്കുന്നത്. രോഗാണുക്കൾ പകരാൻ ഏറ്റവും സാദ്ധ്യതയുള്ളത് രക്തത്തിൽ കൂടിയാണ് എന്നതിനാലാണ് അത്.

 


രക്തദാന-രക്തസ്വീകരണ രീതി

സ്വീകർത്താക്കൾക്ക് പലപ്പോഴും രക്തത്തിലെ ഘടകങ്ങളാണ് ആവശ്യമായി വരുന്നത്. എന്നിരുന്നാലും രക്തദാതാക്കളിൽ നിന്നും സമ്പൂർണ രക്തമായി തന്നെ സ്വീകരിക്കുന്നു.പുരുഷന്മാർക്ക് ഓരോ മൂന്നുമാസം കൂടുമ്പോഴും, സ്ത്രീകൾക്ക് നാലുമാസം കൂടുന്തോറും രക്തം ദാനം ചെയ്യാം.ഹൃദ്രോഗികൾ, രക്തസമ്മർദ്ദം, പ്രമേഹം എന്നിവ ഉള്ളവർ, ചുഴലി, മാനസികരോഗത്തിന് ചികിത്സ നേടുന്നവർ, ക്യാൻസർ രോഗികൾ, കരൾ രോഗം ബാധിച്ചവർ, ഹെപ്പറ്റെറ്റിസ് ബി/സി എന്നിവയുടെ രോഗാണുവാഹകർ, എച്ച്.ഐ.വി/എയ്ഡ്സ് ബാധിതർ തുടങ്ങിയവർ രക്തം ദാനം ചെയ്യാൻ പാടില്ല.കഴിയുന്നതും സന്നദ്ധ രക്തദാതാക്കളിൽ നിന്നും രക്തം സ്വീകരിക്കുക.സർക്കാർ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന രക്തബാങ്കുകളിലോ രക്തദാനക്യാമ്പുകളിലോ രക്തം ദാനം ചെയ്യാം.രക്ത വില്പനക്കാരിൽ നിന്നുള്ള രക്തം അപകടകരമായേക്കാം.രക്തം രോഗാണുവിമുക്തമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ രോഗികൾക്ക്ന ൽകാറുള്ളൂ.ആരോഗ്യവാനാണെങ്കിൽ ശസ്ത്രക്രിയയ്ക്ക് മുമ്പേ സ്വന്തം രക്തം തന്നെ സംഭരിച്ച് ആവശ്യമായ പരിശോധനകൾ നടത്തിയ ശേഷം ശസ്ത്രക്രിയാവേളയിൽ പുനരുപയോഗം നടത്താം. ഇത്തരത്തിൽ സ്വന്തം രക്തം സ്വന്തം ആവശ്യത്തിനായി ദാനം ചെയ്യുന്നതിനെ ആട്ടോലോഗസ് ട്രാൻസ്ഫ്യൂഷൻ എന്നു പറയുന്നു.

 


രക്തദാനത്തിന്റെ പ്രാധാന്യം

അപകടങ്ങളുടെയും ശസ്ത്രക്രിയകളുടെയും ഭാഗമായി മനുഷ്യശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന രക്തത്തിന് പകരം, നഷ്ടമായതിന് തുല്യ അളവിലും ചേർച്ചയിലുമുള്ള മനുഷ്യരക്തം നൽകിയാൽ മാത്രമേ ശാരീരികപ്രവർത്തനങ്ങൾ വീണ്ടും പ്രവർത്തനക്ഷമമാകുകയുള്ളൂ. ആരോഗ്യമേഖലയിൽ നാം ഇന്ന് ഏറെ പുരോഗമിച്ചെങ്കിലും മനുഷ്യരക്തത്തിനു സമമായ കൃത്രിമരക്തം മാത്രം വികസിപ്പിച്ചെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ മേഖലയിൽ ഗവേഷണങ്ങൾ ഇപ്പോഴും നടക്കുന്നതേയുള്ളൂ. ഈ സാഹചര്യത്തിലാണ് രക്തദാനത്തിന്റെ പ്രസക്തി വർദ്ധിക്കുന്നത്. ശസ്ത്രക്രിയാവേളയിൽ, രോഗിയിൽ നിന്ന് മുമ്പേ ശേഖരിക്കുന്ന രക്തം തന്നെ ശരീരത്തിൽ തിരിച്ചുപ്രവേശിപ്പിക്കുന്ന രീതി ഉണ്ടെങ്കിലും, മിക്കപ്പോഴും പുതിയ രക്തം അനിവാര്യമായി വരാറുണ്ട്. ഇതിനുപുന്മേ പ്രസവ സമയങ്ങളിൽ ഉണ്ടാകാറുള്ള അമിത രക്തസ്രാവം പ്ലേറ്റ്‌ലെറ്റ് കുറയുന്ന അസുഖങ്ങൾപിടിപെടുന്നതും രക്താർബുദം, വിളർച്ച തുടങ്ങിയ സന്ദർഭങ്ങളിലും രക്തം സ്വീകരിക്കേണ്ടതായി വരുന്നു. രക്തബാങ്കുകളിൽ എല്ലാ ഗ്രൂപ്പിൽപ്പെട്ട രക്തവും ലഭ്യമാകണമെങ്കിൽ സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. സന്നദ്ധരക്തദാനത്തിലൂടെ ശേഖരിക്കുന്ന രക്തം പോലും പരമാവധി 42 ദിവസം മാത്രമേ ലബോറട്ടറികളിൽ സൂക്ഷിക്കാൻ സാധിക്കൂ. അതിനാൽ രക്തബാങ്കുകളിലേക്ക് ആവശ്യമായ രക്തം ലഭിക്കേണ്ടത് ഒരു തുടർപ്രക്രിയയാണ്. മാത്രമല്ല, രക്തദാനം ചെയ്യുമ്പോൾ ദാതാവിന്റെ ശരീരത്തിൽ പുതിയ രക്തകോശങ്ങൾഉണ്ടാകാൻ കാരണമാകുന്നു. ഇത് രക്തദാനത്തിനു ശേഷം കൂടുതൽ ഉന്മേഷവും, പ്രവർത്തനക്ഷമതയും ശരീരത്തിനു നൽകുന്നു. ആവശ്യമായ രക്തത്തിന്റെ 100%വും സന്നദ്ധ രക്തദാനത്തിലൂടെ ശേഖരിക്കാൻ കഴിഞ്ഞാൽ ഒരു രോഗിക്കും രക്തത്തിനായി ബുദ്ധിമുട്ടേണ്ടി വരില്ല. ആയതിനാൽ കഴിവതും നിങ്ങളുടെ രക്തം ദാനം ചെയ്യുക.

 

ആർക്കെല്ലാം രക്തദാനം നടത്താം

ആരോഗ്യമുള്ള ഏതൊരു സ്ത്രിക്കും പുരുഷനും രക്തദാനം നടത്താം.

രക്തദാതാവ്

രക്തദാന സമയത്ത് രക്തദാതാവ് ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്.അതനുസരിച്ച് മാത്രമാണ് രക്തദാനം നടത്താൻ സാധിക്കുകയുള്ളു....രക്തദാനത്തിന് മുൻപ് കൗൺസിലിംഗ് നടത്തിയ ശേഷം മാത്രമാണ് രക്തദാതാവിൽ നിന്ന് രക്തം സ്വീകരിക്കുകയുള്ളൂ.18 വയസിനും 60 വയസിനും ഇടയിലുള്ള ആളായിരിക്കണം.കുറഞ്ഞത് 50 കിലോ ശരീര ഭാരമെങ്കിലും ഉള്ള ആളായിരിക്കണം.രക്തസമ്മര്‍ദ്ദം സാദാരണ നിലയില്‍ ഉള്ള ആളായിരിക്കണം. ഹീമോഗ്ലോബിലിന്റെ അളവ് കുറഞ്ഞത്12.5 gm% ഉള്ള ആളായിരിക്കണം. മുന്‍ രക്തദാനം മൂന്നുമാസത്തിനു മുന്നില്‍ നടത്തിയ ആളായിരിക്കണം. മഞ്ഞപ്പിത്തം ബാധിച്ച ഒരാള്‍ രോഗം മാറി മൂന്നുവര്‍ഷത്തിനുശേഷമേ രക്തദാനം നടത്താവൂ.


ദാതാവിനുള്ള നേട്ടം

 

രക്തദാനത്തിലൂടെ ദാതാവിന് നിരവധി നേട്ടങ്ങൾ ഉണ്ട്.രക്തദാനം നമുക്ക് മാനസികമായ സന്തോഷം തരുന്നുണ്ട്. നമ്മുടെ ഒരു തുള്ളി രക്തം കൊണ്ട് രക്ഷിക്കപെടുന്ന ജീവനുകളെ കുറിച്ചോർത്ത്. അതിനപ്പുറം ശരീരകമായും നേട്ടങ്ങൾ ഉണ്ട് ദാതാവിന്. ശരീരത്തിലെ കൊളസ്ട്രോളിെൻറ അളവ് കുറയ്ക്കാൻ സാധിക്കുംഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത കുറയും,ചിലതരം ക്യാൻസറുകളെ അകറ്റും,ശരീരഭാരം കുറയ്ക്കാം,ചുവന്ന രക്താണുക്കളുടെ നിർമ്മാണം വർദ്ധിക്കുന്നു,ഹീമോക്രോമാറ്റസിനെ ചെറുക്കാൻ സഹായിക്കുന്നു,പുതിയ രക്തം ഉണ്ടാവുന്നു, രക്തദാതാവിന് എന്തെങ്കിലും ഗുരുതരമായ അസുഖം ഉണ്ടെങ്കിൽ തിരിച്ചറിയാൻ സഹായിക്കുന്നു, ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിലുള്ള മാനസിക സംതൃപ്തി, ദാതാവിനോ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ എന്തെങ്കിലും കാരണവശാൽ രക്തം ആവശ്യമായി വന്നാൽ സൗജന്യമായി ഉടൻ ലഭിക്കും