കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലം; പ്രശ്‌നം മാനസികം, പരിഹാരമായി ലളിത വ്യായാമം

By Rajesh Kumar.02 06 2020

imran-azhar

 
ഉറക്കത്തില്‍ കിടക്കയില്‍ മൂത്രമൊഴിക്കുക, കുട്ടികളില്‍ കാണുന്ന ഒരു സാധാരണ ദുശ്ശീലമാണ്. ഇതിനെ എനൂറിസിസ് എന്നുവിളിക്കുന്നു. ശൈശവഘട്ടങ്ങളില്‍ കാണുന്ന ഈ ശീലം പന്ത്രണ്ട്-പതിനാല് വയസുവരെ തുടര്‍ന്നുവെന്നും വരാം. പ്രായമായവരിലും ഈ ശീലം കാണുന്നുണ്ട്. ആണ്‍കുട്ടികളിലാണ് ഈ ശീലം അധികമായും കാണപ്പെടുന്നത്.

 

നിരന്തരമായി ഈ ശീലത്തിന് വിധേയരാകുന്നവരും വല്ലപ്പോഴും മാത്രം വിധേയരാകുന്നവരും ഉണ്ട്. അനാഥാലയങ്ങളിലെ കുട്ടികളില്‍ ഈ ശീലം പതിവായി കണ്ടുവരുന്നു.

 

ഇത് കുട്ടികള്‍ ബോധപൂര്‍വ്വം ചെയ്യുന്നതല്ല. മൂത്രമൊഴിക്കുകയെന്നത് ചില നാഡീപ്രവര്‍ത്തനങ്ങളുടെ അനുവാദത്തോടെ മൂത്രസഞ്ചിയിലെ പേശീകള്‍ക്കുണ്ടാകുന്ന സങ്കോചവികാസത്തിന്റെ ഫലമായാണ്. രാത്രിയില്‍ കിടയ്ക്ക നനയ്ക്കുന്നത് അബോധപ്രവര്‍ത്തനവും അനുഭവവുമാണ്. മൂത്രസഞ്ചിയുടെ മേലുള്ള നിയന്ത്രണം നഷ്ടമാവുന്നതാണ് ഇതിന്റെ കാരണം. ഇവിടെ പ്രശ്നം മാനസികവുമാകുന്നു.

 

അമിതഭയം, സന്തോഷം തുടങ്ങിയ കാരണങ്ങളാല്‍ മൂത്രസഞ്ചി ഒഴിയുക സാധാരണമാണ്. ചൂരല്‍ കാണുമ്പോള്‍ നിലവിളിക്കുകയും ഒപ്പം മൂത്രമൊഴിക്കുകയും ചെയ്യുന്ന കുട്ടികളുണ്ട്. പേടിപ്പെടുത്തുന്ന ശബ്ദമോ, ഉറക്കെ ചിരിക്കുകയോ, കരയുകയോ മതി മൂത്രം പോകാന്‍. പെട്ടെന്നുള്ള ഷോക്കില്‍ മൂത്രാശയപേശികള്‍ക്ക് മീതെയുള്ള നിയന്ത്രണം നഷ്ടമാകുന്നതാണ് ഇതിന്റെ കാരണം.

 

പകല്‍സമയം കുട്ടിയിലുണ്ടാകുന്ന ശക്തമായ ടെന്‍ഷന്‍, ദേഷ്യം എന്നിവയും ഇതിന് കാരണമാകുന്നു. അമ്മ കുഞ്ഞിനെ മലമൂത്രവിസര്‍ജ്ജ്യത്തിനായി അച്ചടക്ക നടപടികളിലൂടെ ശീലിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ പ്രതികരണം രാത്രിയിലെ ഇത്തരം പ്രതിഷേധമായി മാറുന്നു. കുട്ടി മടിയനും കൂടിയാണെങ്കില്‍ അത് ശീലമായിത്തന്നെ തുടരും.

 

മത്സരബുദ്ധിയുള്ള ആണ്‍കുട്ടികളില്‍ ഈ ശീലം കൂടുതലായി കാണാം. അമ്മമാരോട് മത്സരത്തിന് തുനിയുന്ന ചില ആണ്‍കുട്ടികളുണ്ട്. ഒച്ചയിടുക, തര്‍ക്കുത്തരം പറയുക, ഇത്തരം സ്വഭാവമുള്ള ആണ്‍കുട്ടികളിലാണ് ഈ ശീലം അധികമായും കാണുന്നത്. ഒറ്റപ്പെടലും തന്നെ സ്നേഹിക്കാന്‍ ആരുമില്ലെന്ന തോന്നലും നിരാശയ്ക്ക് കാരണമാവുകയും അത് കുട്ടികളില്‍ അസ്വാസ്ഥ്യങ്ങള്‍ക്കും കിടയ്ക്ക നനയ്ക്കലിനും കാരണമാവുകയും ചെയ്യുന്നു.


കുട്ടികളിലെ ഈ ശീലം മാറ്റാവുന്നതേയുള്ളൂ. അല്‍പം ക്ഷമയും സഹിഷ്ണുതയും രക്ഷിതാക്കളുടെ ഭാഗത്തുനിന്നുണ്ടായാല്‍ മാത്രം മതി. മലമൂത്ര വിസര്‍ജ്ജനത്തിനുള്ള പരിശീലനം കുട്ടിയെ പീഡിപ്പിക്കുന്ന തരത്തിലാക്കാതെ സന്തോഷിപ്പിക്കുന്ന രീതിയിലാക്കുക. കുട്ടികള്‍ക്ക് പൊതുവെ സ്പോര്‍ട്സിനോട് കമ്പമുണ്ടാകും. അതില്‍ ഏതിലാണ് താല്‍പര്യമെന്ന് കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുന്നത് നല്ലതാണ്. ഒരുദിവസം കിടക്ക നനക്കാതിരുന്നാല്‍ അവനിഷ്ടമുള്ളത് നല്‍കി പ്രോല്‍സാഹിപ്പിക്കുക.

 

കുട്ടിയുടെ മൂത്രസഞ്ചിക്ക് വ്യായാമം നല്‍കുന്നത് നല്ലതാണ്. മൂത്രമൊഴിച്ച് കൊണ്ടിരിക്കുമ്പോള്‍ പിന്നെ തുടരാനും ആവര്‍ത്തിച്ച് ശീലിപ്പിക്കുക. അതോടെ മൂത്രസഞ്ചിയുടെ മസിലുകള്‍ക്ക് മേല്‍ ഒരു നിയന്ത്രണം കുട്ടിക്കുണ്ടാകും. ആഴ്ചകള്‍ക്കൊണ്ട് കുട്ടിയുടെ ഈ ശീലം മാറുകയും ചെയ്യും.

 

കിടക്കയില്‍ മൂത്രമൊഴിക്കുന്നത് കുട്ടി ബോധപൂര്‍വ്വം ചെയ്യുന്നതല്ലാത്തതിനാല്‍ കുട്ടിയെ അവഹേളിക്കുന്ന തരത്തില്‍ സംസാരിക്കുകയോ കളിയാക്കുകയോ പരസ്യമായി ശാസിക്കുകയോ ശാസന അമിതമാവുകയോ അരുത്. ഇത് കുട്ടികളില്‍ കാണുന്ന മാനസികവും ശാരീരികവുമായ ഒരു രോഗമാണ്.

 

ഈ രോഗമുള്ള മുതിര്‍ന്ന കുട്ടികളില്‍ അവര്‍ വൃത്തികേടാക്കിയ കിടക്കയും വസ്ത്രങ്ങളും സ്വയം വൃത്തിയാക്കാന്‍ ശീലിപ്പിക്കുക. താന്‍ മുതിര്‍ന്ന കുട്ടിയാണെന്നും വൃത്തിയും വെടിപ്പും ശീലമാക്കുന്ന കാര്യത്തില്‍ തന്റെ പങ്കാളിത്തത്തിന് പരമപ്രാധാന്യമുണ്ടെന്ന ബോധം അവനിലുണ്ടാക്കണം.

അതോടൊപ്പം തന്നെ ഈ ദുശ്ശീലത്തിന് കാരണമായ കുടുംബപശ്ചാത്തലം മാറ്റാനും രക്ഷിതാക്കള്‍ തയ്യാറാകണം. വളരെ ഉപദ്രവകരമായി ഈ ശീലം മാറുന്നുവെങ്കില്‍ ഒരു മൂത്രാശയരോഗവിദഗ്ധനെ സമീപിക്കുക. സൈക്കോതെറാപ്പിയും ഗുണംചെയ്യും.

 

 

OTHER SECTIONS