പേന്‍ശല്യം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും; ചികിത്സ വേണ്ടത് എപ്പോള്‍?

By Web Desk.27 04 2022

imran-azhar


ഡോ. ശാലിനി വി ആര്‍
കണ്‍സള്‍ട്ടന്റ്
ഡെര്‍മറ്റോളജിസ്റ്റ്
എസ്.യു.ടി. ആശുപത്രി
പട്ടം, തിരുവനന്തപുരം

 

വളരെ സാധാരണയായി കാണുന്ന, തൊലിപ്പുറമേ ജീവിക്കുന്ന ഒരു പരാന്ന ജീവിയാണ് പേന്‍. ഇത് ഏത് പ്രായക്കാരെയും ബാധിക്കാം. എങ്കിലും 5-12 ഇടയ്ക്ക് പ്രായമുള്ള കുട്ടികളിലാണ് കൂടുതലായും കാണുന്നത്. നീണ്ട ഇടതൂര്‍ത്ത മുടിയിഴകളില്‍ വളരാന്‍ നല്ല സാഹചര്യമായതിനാല്‍ പെണ്‍കുട്ടികളില്‍ കൂടുതലായി കാണുന്നു. ശുചിത്വവും പേനും തമ്മില്‍ ബന്ധമില്ല, പക്ഷേ ചൂടുകൂടിയ തലയും ചുരുണ്ട അല്ലെങ്കില്‍ കെട്ടു പിണഞ്ഞു കിടക്കുന്ന മുടിയിലും പേന്‍ വളരാന്‍ എളുപ്പമാണ്. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പെട്ടെന്ന് പകരുന്നതിനാല്‍ സ്‌കൂള്‍, ഹോസ്റ്റല്‍, ക്യാമ്പ് എന്നിവിടങ്ങളില്‍ ഉള്ളവരില്‍ കൂടുതലായി കാണുന്നു.

 

ഒരാള്‍ക്ക് പേന്‍ ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ വളരെ എളുപ്പമാണ്. ഇഴയടുപ്പമുള്ള ചീപ്പ് കൊണ്ട് ചീകി നോക്കിയാല്‍ പേന്‍ കാണാം. അല്ലെങ്കില്‍ മുടിയിഴകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഈരും കാണാം. ചൊറിച്ചിലും ചുവന്ന കുരുക്കളും ഉണ്ടാകും. ചിലരില്‍ കഴല വീക്കവും കാണുന്നു.

 

സാധാരണയായി കാണുന്നത് കൊണ്ടു തന്നെ ഇവയെ ചികിത്സിക്കാന്‍ പലരും മടിക്കുന്നു. പക്ഷേ ഒരു ഈര് ദിവസം 6 തവണ വരെ രക്തം കുടിക്കുന്നു. ഇത് കുട്ടികളില്‍ വിളര്‍ച്ച ഉണ്ടാകുന്നു. തല ചൊറിഞ്ഞ് പൊട്ടിയാല്‍ അവിടെ അണുബാധയുണ്ടാകും. ചില സാഹചര്യങ്ങളില്‍ ഈ അണുബാധ മറ്റ് അവയവങ്ങളെ വരെ ബാധിക്കാം. അതുകൊണ്ടുതന്നെ, പേന്‍ ശല്യം ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.

 


രണ്ട് തരത്തിലുള്ള ചികിത്സയാണ് സാധാരണ നല്‍കാറുള്ളത്

 

1. അകത്തേക്ക് കഴിക്കുന്ന മരുന്നുകള്‍

വിരശല്യത്തിനു കഴിക്കുന്ന മരുന്നുകള്‍ പേന്‍ ശല്യത്തിനും പ്രതിരോധമാണ്. ചില ആന്റിബയോട്ടിക്കുകളും ഫലപ്രദമാണ്.

2. പുറമെ പുരട്ടുന്ന ലേപനങ്ങള്‍

 


പെന്‍മെത്രിന്‍ 1% ലോഷന്‍ ആണ് സാധാരണയായി ഉപയോഗിക്കുന്നത്.


* ചീകി ഉടക്കു മാറ്റിയ മുടി നനച്ച് ലോഷന്‍ പുരട്ടുക.
* അതിനു മുകളില്‍ തോര്‍ത്ത് കെട്ടി വയ്ക്കുകയോ ഷവര്‍ ക്യാപ് ധരിക്കുകയോ വേണം.
* 10-15 മിനിറ്റ് മൂടി വച്ചതിനു ശേഷം ധാരാളം വെള്ളം ഉപയോഗിച്ച് തല കഴുകുക.
* ഇടതൂര്‍ന്ന ചീപ്പ് ഉപയോഗിച്ച് തല ചീവുക. ഈ മരുന്ന് ഈരിനെ നശിപ്പിക്കുകയില്ല അതിനാല്‍ 10 ദിവസത്തില്‍ വീണ്ടും ഉപയോഗിക്കേണ്ടതാണ്.


പശ പോലെയുള്ള ദ്രാവകം ഉപയോഗിച്ചാണ് ഈര് മുടിയില്‍ പിടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഈര് വലിച്ചൂരുന്നത് മുടിയിഴകള്‍ക്ക് ദോഷം ചെയ്യും. പേന്‍ വരാതെ നോക്കുന്നതാണ് ഈര് കളയുന്നതിനേക്കാളും എളുപ്പം. തുടര്‍ച്ചയായി പേന്‍ ശല്യം ഉള്ളവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

 

1. പേന്‍ ശല്യത്തിന് ചികിത്സിക്കുമ്പോള്‍ കൂടെ താമസിക്കുന്നവര്‍ക്കും അടുത്ത് ഇടപെടുന്നവര്‍ക്കും പേന്‍ ഉണ്ടോ എന്ന് നോക്കി അവരെയും ചികിത്സിക്കുക.

2. ചീപ്പ്, തോര്‍ത്ത്, മുടിയില്‍ ഉപയോഗിക്കുന്ന മറ്റു സാധനങ്ങള്‍ (ക്ലിപ്പ്, സ്‌കാര്‍ഫ്) എന്നിവ മറ്റുള്ളവരുടേത് ഉപയോഗിക്കരുത്. (ഈര് 10-15 ദിവസം വരെ ഇങ്ങനെയുള്ള വസ്തുക്കളില്‍ നിര്‍ജ്ജീവമായിരുന്ന് തലയില്‍ എത്തുമ്പോള്‍ വിരിഞ്ഞ് പേന്‍ ആകാം).

3. തോര്‍ത്ത്, ചീപ്പ്, കിടക്കവിരി, തലയണ, എന്നിവ ചൂടുവെള്ളത്തില്‍ കഴുകി എടുക്കുക (5 മിനിറ്റ് കുതിര്‍ത്ത് വച്ചാല്‍ മതിയാകും).

4. കഴുകാന്‍ പറ്റാത്ത വസ്തുക്കള്‍ ഒരു പ്ലാസ്റ്റിക് കവറിലിട്ട് 2 ആഴ്ച വയ്ക്കുക. മനുഷ്യശരീരത്തില്‍ എത്തിയില്ല എങ്കില്‍ ഇവ തനിയെ നശിച്ചു പോകും.

5. പഴുത്ത കുരുക്കള്‍, കഴല വീക്കം, എന്നിവ ഉണ്ടെങ്കില്‍ ചര്‍മ്മരോഗ വിദഗ്ദ്ധരെ കാണിക്കുക.

 

 

 

OTHER SECTIONS