ലൈംഗിക വിരക്തി: പുതിയ കാലം, പുതിയ പരിഹാരം

By Rajesh Kumar.13 10 2020

imran-azhar

 

 

ഡോ. എസ്. പ്രശാന്ത് മുക്തിദയ
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് &
ഹിപ്‌നോതെറാപ്പിസ്റ്റ്
തിരുവനന്തപുരം

 

കാലചക്രം കറങ്ങുമ്പോള്‍ പലര്‍ക്കും പഴയതുപോലെ സെക്‌സ് ആസ്വദിക്കാന്‍ പറ്റാതെ പോകുന്നതായി കാണാം.
മനുഷ്യന്റെ ജീവിതചക്രം പരിശോധിച്ചാല്‍ ആണ്‍കുട്ടികളില്‍ 13-14 വയസ്സില്‍ സെക്‌സിനെപ്പറ്റി അറിയുവാനുള്ള ജിജ്ഞാസ ഉടലെടുക്കുകയും, ഏകദേശം പതിനെട്ടിനോട് അടുക്കുമ്പോള്‍ ലൈംഗിക താത്പര്യം അവനില്‍ നിറയുകയും ചെയ്യുന്നു. ഇത് ജീവിതാവസാനം വരെ പല തോതില്‍ നിലനില്‍ക്കുന്നതായി കാണാം.
സ്ത്രീയില്‍ ലൈംഗിക വളര്‍ച്ച ഘട്ടം ഘട്ടമായാണ്. ആദ്യ മാസമുറയോടെ പെണ്‍കുട്ടി പെട്ടെന്ന് ലൈംഗിക വളര്‍ച്ചയില്‍ എത്തുന്നില്ല. പെണ്‍കുട്ടികളില്‍ ലൈംഗിക താത്പര്യം മന്ദഗതിയില്‍ തുടങ്ങി, ഏകദേശം 17-18 വയസ്സിലെത്തുമ്പോള്‍ പെട്ടെന്ന് പുരോഗതി പ്രാപിക്കുന്നു. പിന്നീട് ഏതാണ്ട് 35-40 വയസ്സു വരെ ലൈംഗിക താത്പര്യം നിലനില്‍ക്കുന്നു. എന്നാല്‍, 40-45 ന് ശേഷം ലൈംഗിക താത്പര്യം പാപമായി പല സ്ത്രീകളും കരുതുന്നു. അതിന് ഒരു കാരണം അവരുടെ ശരീരത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റമാണെങ്കില്‍, മറ്റൊന്ന് സമൂഹത്തിന്റെ ഭൂരിപക്ഷ കാഴ്ചപ്പാടാണ്.
സ്ത്രീക്ക് ആര്‍ത്തവവിരാമത്തിനു ശേഷവും ലൈംഗികത ആസ്വദിക്കാന്‍ ശേഷിയുണ്ടെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. മനസ്സിലെ ആഗ്രഹങ്ങള്‍ പലതും അടിച്ചമര്‍ത്തുന്ന സ്ത്രീ പലപ്പോഴും തന്റെ ലൈംഗിക ആവശ്യം തുറന്നു പറയാറില്ല.

വിരക്തി കൂടുതല്‍ സ്ത്രീകളില്‍

സ്ത്രീയില്‍ ഉടലെടുക്കുന്ന ലൈംഗിക വിരക്തി പുരുഷന്മാരെക്കാള്‍ കൂടുതലാണ്. കേരളത്തിലെ പല സ്ത്രീകളും തങ്ങളുടെ ലൈംഗിക വിരക്തിയെപ്പറ്റി പുറത്തുപറയാന്‍ ആഗ്രഹിക്കുന്നില്ല. പലപ്പോഴും ഇത് ദാമ്പത്യജീവിതം അവതാളത്തിലാക്കുന്നു.
ലൈംഗിക വിരക്തി അല്ലെങ്കില്‍ പല കാരണങ്ങള്‍ കൊണ്ട് ഇണയോടുള്ള ഇഷ്ടക്കുറവിന് ഇന്ന് പല തരം ചികിത്സകളുണ്ട്. പലപ്പോഴും ജാള്യത കൊണ്ട് ദമ്പതികള്‍ ഇക്കാര്യം പുറത്തുപറയാതെ ഉള്ളിലൊതുക്കുന്നു. ജീവിതാവസാനം വരെ പരസ്പരം പഴിച്ച്, വിധിയെന്നു കരുതി സമാധാനിക്കുന്നു.
സെക്‌സ് തെറാപ്പിയിലൂടെ ഏതു പ്രായത്തിലും സെക്‌സ് പൂര്‍ണ്ണമായി ആസ്വദിക്കാന്‍ കഴിയും. ജീവിതത്തിന്റെ ഏതുഘട്ടത്തിലും രതിസുഖം അനുഭവിക്കാം. പ്രായം അതിന് ഒരു മാനദണ്ഡമല്ല.

വിവാഹത്തിനു മുമ്പ്

പലപ്പോഴും ജീവിക്കുന്ന സമൂഹത്തിന്റെ സംസ്‌കാരമാണ് ഒരാള്‍ രതിയെ എങ്ങനെ കാണുന്നു എന്നതിനെ സ്വാധീനിക്കുന്നത്. യൂറോപ്യന്‍നാടുകളില്‍ നടത്തിയ സര്‍വ്വെ പ്രകാരം 19 വയസ്സിനു താഴെയുള്ള 65 ശതമാനവും വിവാഹത്തിനു മുമ്പ് രതിസുഖം അറിഞ്ഞവരാണ്. ഇക്കൂട്ടര്‍ക്ക് വിവാഹത്തിനു മുമ്പുള്ള രതിവേഴ്ച പാപമല്ല. എന്നാല്‍, ഇന്ത്യന്‍ സമൂഹം ഇപ്പോഴും വിവാഹപൂര്‍വ്വ രതിയെ പാപമായി കരുതുന്നു. ഇന്ത്യന്‍ നിയമപ്രകാരം സ്ത്രീക്ക് പതിനെട്ടു വയസ്സും പുരുഷന് ഇരുപത്തിയൊന്നു വയസ്സുമായാല്‍ അവര്‍ വിവാഹയോഗ്യരാണ്.
പക്ഷേ, സെക്‌സ് ചിന്ത ഇതിനൊക്കെ മുമ്പേ മനുഷ്യനില്‍ ഉടലെടുക്കുന്നു. എന്നാല്‍, ജീവിത സാഹചര്യവും സാമൂഹ്യവ്യവസ്ഥയെയും മാനിച്ച് പലപ്പോഴും ലൈംഗിക ചിന്തകള്‍ തന്നിലേക്ക് മാത്രം ഒതുങ്ങുന്നു. ചിലര്‍ ആരും അറിയാതെ സെക്‌സില്‍ ഏര്‍പ്പെടുന്നു.
വിവാഹത്തിനു മുമ്പ് സെക്‌സിലേര്‍പ്പെട്ടവരില്‍ പലരും വിവാഹമുറപ്പിച്ചതിനു ശേഷം മാനസിക സമ്മര്‍ദ്ദത്തിലാകാറുണ്ട്. ഇന്ത്യന്‍ സമൂഹം വിവാഹത്തിന് അതിയായ പരിശുദ്ധി ആഗ്രഹിക്കുന്നവരാണ്. വിവാഹത്തിനുമുമ്പ് രതിസുഖമറിഞ്ഞവര്‍ക്ക് പലപ്പോഴും വിവാഹമണ്ഡപത്തില്‍ കയറുമ്പോള്‍ തങ്ങള്‍ ഇണയെ ചതിക്കുകയാണെന്ന തോന്നല്‍ ഉണ്ടാകാറുണ്ട്. ഇവരുടെ മധുവിധുകാലവും അത്ര ആസ്വാദ്യകരമായിരിക്കില്ല. പലപ്പോഴും പഴയ ഓര്‍മ്മകള്‍ ഇവരെ വേട്ടയാടാറുണ്ട്.
പലരും സ്വയം നിയന്ത്രിക്കാന്‍ ശ്രമിക്കും, ഇല്ലെങ്കില്‍ ജീവിതപങ്കാളിയോട് പഴയ കഥകള്‍ തുറന്നുപറയുന്നു. ഈ രണ്ടു രീതികളും എത്രത്തോളം ജീവിതത്തില്‍ ശരിയായി വരുമെന്നുള്ളത് പങ്കാളിയേയും സാഹചര്യവും അനുസരിച്ചിരിക്കും. എന്നാല്‍, വിവാഹത്തിനു മുമ്പ് കൗണ്‍സലിംഗ് അല്ലെങ്കില്‍ കോഗ്‌നിറ്റിവ് തെറാപ്പിക്ക് വിധേയമായാല്‍ പ്രശ്‌നം പരിഹരിച്ച് പുതിയ ആളായി വിവാഹജീവിതത്തില്‍ പ്രവേശിക്കാം.
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം വരുന്നതാണ് വിവാഹമെന്നും അതിനായി നല്ല തയ്യാറെടുപ്പ് വേണമെന്നും മനസ്സിലാക്കണം. പഴയ ജീവിത സാഹചര്യമല്ല ഇന്ന് നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ, വിവാഹത്തിന് ആഭരണങ്ങളും ആഡംബരങ്ങളും മാത്രം പോരാ വിവാഹജീവിതത്തിലേക്ക് കടക്കുന്നവരുടെ മാനസികപ്രശ്‌നങ്ങള്‍ക്കും പരിഹാരം വേണം. മനസ്സിനെ അലട്ടുന്ന എന്തു ചിന്തകള്‍ക്കും ഉടനടി പരിഹാരം കാണണം. അപ്പോള്‍ മാത്രമേ ആദ്യ രാത്രിയും പിന്നീടുള്ള എല്ലാരാത്രികളും സുഖകരമായി പോവുകയുള്ളൂ.


പുതിയ സെക്‌സ് സംസ്‌കാരം

കൗമാരപ്രായത്തിലെ കൗണ്‍സലിംഗ് കൊണ്ടു മാത്രം ഇന്നത്തെ ചെറുപ്പക്കാരുടെ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. ചെറുപ്പക്കാര്‍ പലരും ഇന്റര്‍നെറ്റിലൂടെ പരിധിക്കപ്പുറം സെക്‌സിനെ അറിയുന്നു. ഓരോ രാജ്യത്തിനും അതിന്റേതായ സെക്‌സ് സംസ്‌കാരമുണ്ട്. പണ്ടുകാലത്ത് ജാതി അല്ലെങ്കില്‍ മതത്തിനുള്ളില്‍ നിന്നുള്ള മാര്യേജ് കൗണ്‍സലിങ് മതിയാക്കുമായിരുന്നു. എന്നാല്‍, ഇന്ന് കഥ മാറി. എല്ലാവരും ജീവിതത്തില്‍ വ്യത്യസ്തത തേടുന്നു. അങ്ങനെയുള്ള വ്യത്യസ്തതകള്‍ അവനെ പലപ്പോഴും ബിഡിഎസ്എം സെക്‌സ്, സെക്ഷ്വല്‍ റോള്‍ പ്ലേ, വയലന്റ് സെക്‌സ്, ഓറല്‍ സെക്‌സ്, സൈബര്‍ സെക്ഷ്വല്‍ അഡിക്ഷന്‍ എന്നിവയിലേക്ക് നയിക്കുന്നു. പലപ്പോഴും ഈ അറിവുകള്‍ ഒരു പങ്കാളിയില്‍ മാത്രമായി ഒതുങ്ങുന്നു. പല സെക്‌സ് സംസ്‌കാരത്തെ അറിയുന്നയാള്‍ വിവാഹ ജീവിതത്തിലേക്കു കടക്കുമ്പോള്‍ പങ്കാളിയെ തന്റെ ഇഷ്ടത്തിനൊപ്പം കൊണ്ടുവരാന്‍ ശ്രമിക്കും. പലപ്പോഴും ശരിയായ രീതിയില്‍ പങ്കാളി മനസ്സ് തുറക്കില്ല. തന്റെ ഇഷ്ടങ്ങള്‍ മറ്റൊരാള്‍ക്ക് മനസ്സിലാകുന്നില്ല അല്ലെങ്കില്‍ ഉള്‍ക്കൊള്ളുന്നില്ല എന്ന പരാതിയുമായി ആദ്യം തന്നെ അവര്‍ അടുത്ത സുഹൃത്തുക്കളെ സമീപിക്കും. പക്ഷേ, നിങ്ങള്‍ തെറ്റായ ദിശയിലാണ് പോകുന്നത്. സുഹൃത്തുക്കള്‍ ഒരു പക്ഷേ, നിങ്ങളെക്കാള്‍ പ്രശ്‌നത്തില്‍പ്പെട്ടിരിക്കുന്നവര്‍ ആയിരിക്കും, മാത്രമല്ല, അവര്‍ ഇതില്‍ വിദഗ്ദ്ധരല്ല. പലരും പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്നതറിയാതെ ജീവിതം തള്ളി നീക്കും.
ഓരോ മനുഷ്യനും ഓരോ വ്യക്തിത്വത്തിന് ഉടമകളാണ്. അതുകൊണ്ടുതന്നെ, ഓരോരുത്തരുടെയും സെക്‌സ് സങ്കല്പവും വേറിട്ടു നില്‍ക്കുന്നു. രണ്ടു ജീവിതസാഹചര്യങ്ങളില്‍ നിന്ന് വരുന്നവര്‍ വിവാഹത്തിലൂടെ ഒന്നിക്കുമ്പോള്‍ അവരുടെ സ്വപ്നങ്ങളും സങ്കല്പങ്ങളും ഒന്നിക്കണം. പലപ്പോഴും എങ്ങനെ ഒന്നിപ്പിക്കണം എന്നറിയാത്ത പങ്കാളികള്‍ വലയുന്നു. നിസ്സാര കാര്യങ്ങള്‍ക്കു പോലും വഴക്കടിക്കുന്നു. പ്രശ്‌നം പരിഹരിക്കുന്നതിനു പകരം പരസ്പരം പഴിചാരുന്നു.
എന്നാല്‍, ശരിയായ സമയത്ത് ഫാമിലി തെറാപ്പിയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. അവിടെ നിങ്ങള്‍ക്ക് മനസ്സ് തുറക്കാനുള്ള ഒരു വേദിയൊരുങ്ങുന്നു.

മാസമുറയും സെക്‌സും

സാധാരണ സ്ത്രീകളില്‍ മാസമുറയ്ക്കു മുമ്പ് പ്രീമെന്‍ട്രുവല്‍ സിന്‍ഡ്രോം കണ്ടുവരാറുണ്ട്. അതായത്, മാസമുറ സമയത്തും അതിനു മുമ്പും ശരീരത്തിനും മനസ്സിനും ചെറിയ മാറ്റങ്ങളുണ്ടാവാറുണ്ട്. പൊതുവെ ഈ സമയത്ത് സ്ത്രീകളില്‍ അമിത കോപം കാണാറുണ്ട്. പലപ്പോഴും ചിന്തകളും നെഗറ്റീവ് ആയിരിക്കും. എന്നാല്‍, ഇതു മനസ്സിലാക്കാത്ത പുരുഷന്‍ ഇത്തരം പെരുമാറ്റം സ്ത്രീയുടെ അഹംഭാവമായി കരുതുന്നു.
ആര്‍ത്തവകാലത്ത് സ്ത്രീക്ക് പൂര്‍ണ്ണ സമ്മതം ഉണ്ടെങ്കില്‍ മാത്രമേ ലൈംഗിക വേഴ്ച പാടുള്ളൂ. ലൈംഗിക വേഴ്ചയ്ക്കു നിര്‍ബന്ധിച്ചാല്‍ ദാമ്പത്യത്തില്‍ വിള്ളലുകളുണ്ടാക്കും.
വിദഗ്ദ്ധ പരിശീലനത്തിലൂടെ സ്ത്രീക്ക് പ്രീമെന്‍സ്ട്രുവല്‍ സിന്‍ഡ്രോമിനെ അതിജീവിക്കാന്‍ കഴിയും. ഇതിനായി റിലാക്‌സേഷന്‍ തെറാപ്പി ചെയ്യാം. മാസമുറ സമയത്തെ വേദനയില്‍ നിന്ന് മോചനം നേടാന്‍ യോഗ തെറാപ്പിയും സഹായിക്കും.

അച്ഛനമ്മമാര്‍ ആയ ശേഷം

അമ്മ തന്റെ ശാരീരികമാറ്റത്തിലൂടെ അറിയുന്ന വികാരമാണ് മാതൃത്വം. എന്നാല്‍, അച്ഛന്‍ സങ്കല്പത്തിലൂടെ ആ വികാരത്തില്‍ എത്തിച്ചേരുന്നു. ഒന്‍പതു മാസം വയറ്റില്‍ ചുമന്ന കുഞ്ഞ് പുറത്തുവരുന്ന നിമിഷം മുതല്‍ അമ്മ കുഞ്ഞിന്റെ സുരക്ഷയ്ക്കായി അതീവ ജാഗ്രതയിലായിരിക്കും. സാധാരണ പ്രസവം കഴിഞ്ഞ് ആറാഴ്ചയ്ക്കു ശേഷം ലൈംഗിക വേഴ്ച നടത്താം എന്നുപറയുമ്പോഴും അതിന് കുഞ്ഞിന്റെ അമ്മ തയ്യാറാണോ എന്നുകൂടി അറിയണം. പ്രസവത്തിനു ശേഷം മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കും. ഇതിനെ അവഗണിച്ച് സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ വേദന അനുഭവപ്പെടും. ഇത് പിന്നീട് സെക്‌സ് ചെയ്യാനുള്ള താത്പര്യക്കുറവിന് കാരണമാകും. തനിക്ക് കുഞ്ഞിനെ സമ്മാനിച്ച അമ്മയെ കൂടുതല്‍ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്താല്‍ അത് ദാമ്പത്യ ഭദ്രതയ്ക്കു കാരണമാകും.
അച്ഛനമ്മമാരായതിനു ശേഷം സെക്‌സിന് സമയം കണ്ടെത്തുമ്പോള്‍ കുഞ്ഞിന്റെ സമയം കൂടി കണക്കിലെടുക്കണം. ഇല്ലെങ്കില്‍ സെക്‌സിനിടയില്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ മാത്രം മനസ്സില്‍ വരുകയും അത് ലൈംഗിക സുഖക്കുറവിന് കാരണമാകുകയും ചെയ്യും.
ഒന്നില്‍ കൂടുതല്‍ കുട്ടികളാകുമ്പോള്‍ സ്ത്രീ കൂടുതല്‍ കുഞ്ഞുങ്ങളുടെ കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കുന്നതായും ഭര്‍ത്താവിനെ പാടേ മറക്കുന്നതായും കാണാം. ഈ സമയത്ത് പുരുഷന്‍ നിരാശനാകാതെ സ്ത്രീയെ സ്‌നേഹത്തിലൂടെ തിരികെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കണം.

നാല്‍പ്പതിനു ശേഷം

നാല്‍പ്പതു വയസ്സിനുശേഷം സ്ത്രീകള്‍ പൊതുവെ സ്ഥിരമായി സെക്‌സില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ല. അതിന് പ്രധാന പങ്കുവഹിക്കുന്നത് ഹോര്‍മോണില്‍ വരുന്ന ചില മാറ്റങ്ങളാണ്. ശരീരഭാരവും ഈ പ്രായത്തില്‍ വില്ലനാവും. നാല്‍പ്പതിനു ശേഷം ദാമ്പത്യത്തിന്റെ രണ്ടാം അധ്യായം തുറക്കുന്നു. എത്ര സ്‌നേഹം കൊടുത്തിട്ടും പങ്കാളി മനസ്സിലാക്കുന്നില്ലെങ്കില്‍ വിദഗ്ദ്ധരുടെ സഹായം തേടാന്‍ മടിക്കരുത്.
സ്ത്രീകളിലെ പൊണ്ണത്തടി രതിസുഖം അറിയുവാന്‍ തടസ്സമാകുന്നു. വ്യായാമത്തിലൂടെ ശരീരഭാരം കുറയ്ക്കണം. എന്നാല്‍, പലരും രണ്ടുമൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ മാനസികമായി തളരുന്നു. വ്യായാമം ചെയ്തിട്ടും വലിയ മാറ്റമുണ്ടാകുന്നില്ല എന്ന കാരണം കൊണ്ടാണിത്.
ഈ പ്രായത്തില്‍ ലൈംഗിക സുഖം ലഭിക്കാന്‍ ഒബീസിറ്റി റിഡക്ഷന്‍ പ്രോഗ്രാമും ടച്ച് ആന്‍ഡ് സെക്‌സ് തെറാപ്പിയും ചെയ്യാം.

ഭക്തിയും ലൈംഗികതയും

അമ്പത് വയസ്സു കഴിഞ്ഞാല്‍ പിന്നെ ഭക്തി മാത്രമേ മുന്നിലുള്ളൂ എന്നു വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം നമുക്കിടയിലുണ്ട്. എന്നാല്‍, ഒന്നു നേടാനായി മറ്റൊന്ന് ഉപേക്ഷിക്കുന്നതിലൂടെ അവര്‍ വികാരങ്ങളെ അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നത്. ലൈംഗിക വികാരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
മനുഷ്യന് ജന്മസിദ്ധമായി കിട്ടിയ കഴിവാണ് രതിയിലുള്ള പ്രാവീണ്യം. രതിക്ക് വയസ്സ് മാനദണ്ഡമല്ല. 50 വയസ്സിനു ശേഷമുള്ള ലൈംഗികതയില്‍ മനസ്സ് വലിയ പങ്കുവഹിക്കുന്നു. അതിനായി പ്രത്യേകം തയ്യാറെടുക്കണം. 50 വയസ്സിനു മുമ്പ് അനുഭവിച്ച രതിസുഖം അതേ അളവില്‍ 50 നു ശേഷവും കിട്ടും. അതിനായി വിദഗ്ദ്ധ പരിശീലനം തേടണം. ഭക്തിയെ ആത്മീയ മാനസിക വളര്‍ച്ചയ്ക്ക് ഉപയോഗിക്കുക. ഭക്തിയും രതിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായി കാണണം.
പുതിയ കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നത് മനുഷ്യന് ഏതു പ്രായത്തിലും സെക്‌സ് ആസ്വദിക്കാം എന്നാണ്. ഇതിനായി ചില തയ്യാറെടുപ്പുകള്‍ നടത്തണമെന്നു മാത്രം. ഇതിനായി വിദഗ്ദ്ധരുടെ സേവനം ലഭ്യമാണ്. പണ്ട് പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഇത്തരം സൗകര്യങ്ങള്‍ ഇപ്പോള്‍ നമ്മുടെ നാട്ടിലും ലഭ്യമാണ്.

ചികിത്സ തേടാം

50 വയസ്സിനു ശേഷം ലൈംഗികതയ്ക്കായി സ്ത്രീയും പുരുഷനും മനസ്സിനെ പാകപ്പെടുത്തണം. ഇതിനായി കോഗ്‌നിറ്റീവ് ബിഹേവിയര്‍ മോഡിഫിക്കേഷന്‍ തെറാപ്പി, സെക്‌സ് തെറാപ്പി എന്നിവയ്ക്കു വിധേയമാകണം. ഇത് സെക്‌സിനെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടിലേക്കും ചിന്തയിലേക്കും നയിക്കും.
മുതിര്‍ന്ന സ്ത്രീകളില്‍ യോനി വരണ്ടിരിക്കുന്നത് സെക്‌സിന് തടസ്സമാകാറുണ്ട്. വജൈനല്‍ ലൂബ്രിക്കന്റ്‌സ് അല്ലെങ്കില്‍ മോക്ചുറൈസേഴ്‌സ് ഉപയോഗിച്ചാല്‍ പ്രശ്‌നം പരിഹരിക്കാം. പുരുഷന്മാരില്‍ കാണപ്പെടുന്ന പ്രധാന പ്രശ്‌നമായ ഉദ്ധാരണക്കുറവിനും ചികിത്സ സ്വീകരിക്കണം. സെക്‌സിനു മുമ്പ് ആമുഖലീലകള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കുകയും വേണം.

 

 

 

OTHER SECTIONS