ഇന്ത്യക്കാരില്‍ ഹൃദയാഘാതം വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍

By priya.30 08 2022

imran-azhar

 


കേരളത്തില്‍ ഹൃദയാഘാത മരണങ്ങള്‍ വര്‍ധിച്ച് വരുന്നതായി ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്.ഹൃദയാഘാതത്തിനു പിന്നിലുള്ള കാരണങ്ങളെക്കുറിച്ചുള്ള ഒരു പഠനം പുറത്തുവന്നിട്ടുള്ളത്. ഇന്ത്യക്കാരില്‍ ഹൃദയാഘാതം വര്‍ധിപ്പിക്കാന്‍ കാരണം ഡയബറ്റിസ് നിയന്ത്രണവിധേയമാക്കാത്തതും അമിതഭാരവും അലസമായ ജീവിതശൈലിയുമൊക്കെയാണ് എന്നാണ് പഠനത്തില്‍ പറയുന്നത്.

 

ഇന്ത്യന്‍ ഹാര്‍ട്ട് ജേര്‍ണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പുറത്തുവന്നിരിക്കുന്നത്. ഹൈദരാബാദിലെ കിംസ് ആശുപത്രിയിലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റായ ഡോ.ബി ഹൈഗ്രിവ് റാവുവിന്റെ നേതൃത്വത്തിലാണ് പഠനം സംഘടിപ്പിച്ചത്. ന്യൂഡല്‍ഹിയിലെയും തിരുവനന്തപുരത്തെയും പതിനഞ്ചോളം കാര്‍ഡിയോളജി ആശുപത്രികളും പഠനത്തിന്റെ ഭാഗമായിരുന്നു.


ശരാശരി 56 വയസ്സു പ്രായമുള്ള രോഗികളെ ആസ്പദമാക്കിയാണ് പഠനം ആരംഭിച്ചത്. അതില്‍ 76 ശതമാനം പേരും പുരുഷന്മാരായിരുന്നു.കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടെ ആരോഗ്യസംവിധാനത്തില്‍ പുരോഗതി ഉണ്ടെങ്കില്‍ പോലും യുവാക്കളിലും ഹൃദയാഘാതം കൂടിവരുന്നതായി പഠനത്തില്‍ പറയുന്നു.

 

66 ശതമാനം പുരുഷന്മാരിലും 56 ശതമാനം സ്ത്രീകളിലും അറുപതു വയസ്സിനു താഴെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്. എന്നാല്‍ മൂന്നിലൊന്ന് പുരുഷന്മാരിലും നാലിലൊന്ന് സ്ത്രീകളിലും അമ്പതിനു വയസ്സിനു താഴെ ഹൃദയാഘാതം ഉണ്ടായതായി കാണപ്പെട്ടു. പത്തുശതമാനം പേരില്‍ നാല്‍പതു വയസ്സിനു താഴെയും ഹൃദയാഘാതം ഉണ്ടാകുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു.

 


പുകവലി, ഹൈപ്പര്‍ടെന്‍ഷന്‍, ഡയബറ്റിസ്, ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നിവയെല്ലാം ഹൃദയാഘാതത്തിന്റെ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. പഠനത്തിന്റെ ഭാഗമായി 93ശതമാനം രോഗികളിലും ഇവയാണ് ഹൃദയാഘാത സാധ്യത വര്‍ധിപ്പിച്ചത്. കൂടാതെ അമിതവണ്ണം, നിയന്ത്രണ വിധേയമല്ലാത്ത ഡയബറ്റിസ്, അലസമായ ജീവിതരീതി തുടങ്ങിയവയും ഹൃദയാഘാതം വര്‍ധിപ്പിക്കുന്നുണ്ട്.

 

ഹൃദയാഘാതമുണ്ടായ 95 ശതമാനം രോഗികള്‍ക്കും ഈ അവസ്ഥകള്‍ ഉണ്ടായിരുന്നു.
അധികം പ്രാധാന്യം നല്‍കാത്ത ഇവയെയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പഠനത്തില്‍ പറയുന്നു.ഇന്ത്യയില്‍ ഹൃദയാഘാതം പ്രതിരോധിക്കാന്‍ അമിതവണ്ണം കുറയ്ക്കല്‍, കര്‍ശനമായി ഡയബറ്റിസ് നിയന്ത്രിക്കല്‍, ചിട്ടയായ വ്യായാമം തുടങ്ങിയവ പ്രധാനമാണെന്നും പഠനത്തില്‍ പറയുന്നു.

 

വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഭക്ഷണരീതി പുലര്‍ത്താനും ഇക്കൂട്ടത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഡയറ്റും ദിവസേനയുള്ള വ്യായാമവും നിര്‍ബന്ധമാക്കി അമിതവണ്ണം തടയുന്ന വിഷയത്തില്‍ ക്യാംപയിനുകളടക്കം സംഘടിപ്പിക്കേണ്ടതിനെക്കുറിച്ചും പഠനത്തില്‍ പറയുന്നുണ്ട്.

 

 

 

OTHER SECTIONS