യൂറിക് ആസിഡ് ഉള്ളവര്‍ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതും എന്തെല്ലാം

By priya.25 07 2022

imran-azhar

 

യൂറിക് ആസിഡിന്റെ രക്തത്തിലെ അളവു കൂടിയാല്‍ അത് പരലുകളായി സന്ധികള്‍ക്കു ചുറ്റും അടിഞ്ഞുകൂടി അസഹ്യമായ വേദന ഉണ്ടാകാറുണ്ട്. ഗൗട്ട് എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്ന പേര്. കാലിലെ പെരുവിരലിനു ചുറ്റുമുള്ള ഭാഗത്തായാണ് പ്രധാനമായും നീരും വേദനയും അനുഭവപ്പെടാറുള്ളത്. ഉപ്പൂറ്റി ഭാഗത്തുള്ള സന്ധികളിലും വേദന വരാം.

 

യൂറിക് ആസിഡ് പ്യൂരിന്‍ എന്ന ഘടകത്തിന്റെ വിഘടനത്തെ തുടര്‍ന്നാണ് ഉണ്ടാകുന്നത്. എല്ലാവരുടേയും ശരീരത്തില്‍ ചെറിയ അളവില്‍ ഉണ്ടാകുന്ന ഘടകമാണിത്.പക്ഷേ, പ്യൂരിന്‍ ധാരാളമുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിലെ പ്യൂരിന്റെ അളവ് വര്‍ധിക്കും.ഇതു യൂറിക് ആസിഡ് അളവു വര്‍ധിപ്പിക്കും.


യൂറിക് ആസിഡിനു കാരണമാകുന്ന പ്യൂരിന്‍ എന്ന ഘടകം ബീഫ്, ആട്ടിറച്ചി, പന്നിയിറച്ചി പോലെ കൊഴുപ്പ് കൂടുതല്‍ അടങ്ങിയ മാംസഭക്ഷണങ്ങളില്‍ ധാരാളമുണ്ട്.അവ കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുന്നതാണ് നല്ലത്. അവയവമാംസമായ കരള്‍, കിഡ്നി, ഹൃദയം എന്നിവയിലും പ്യൂരിന്‍ ധാരാളമുണ്ട്. ഇവ ഒഴിവാക്കുക.

 

കക്ക, ചൂര, കൊഴുവ, കണ്ണന്‍ മത്തി, കട്ല, കല്ലുമ്മക്കായ എന്നീ ചില കടല്‍ വിഭവങ്ങളില്‍ പ്യൂരിന്‍ കൂടുതലായുണ്ട്. എന്നാല്‍ മത്സ്യം കഴിക്കുന്നതുകൊണ്ടു കൂടുതല്‍ ഗുണഫലങ്ങള്‍ ലഭിക്കും. അതിനാല്‍ മത്സ്യം പൂര്‍ണമായും അവ ഒഴിവാക്കേണ്ടതില്ല. പ്യൂരിന്‍ കൂടുതലുള്ളവ മിതമായി വല്ലപ്പോഴും കഴിക്കുക.

 

വിവിധയിനം യീസ്റ്റ് ഉപയോഗിച്ചുള്ള വിഭവങ്ങള്‍, ബ്രഡ്, കേക്ക്, ബിയര്‍ എന്നിവയും യൂറിക് ആസിഡ് പ്രശ്‌നമുള്ളവര്‍ ഒഴിവാക്കുന്നതാണ് നല്ലത്.

 

മിതമായ അളവില്‍ വൈന്‍ കഴിക്കാം. എന്നാല്‍, യൂറിക് ആസിഡ് കൂടിനില്‍ക്കുന്ന സമയത്ത് മദ്യവും ബിയറും പൂര്‍ണമായും ഒഴിവാക്കുക.

 

നല്ല ആരോഗ്യകരമായ ഭക്ഷണക്രമം യൂറിക് ആസിഡ് വര്‍ധിക്കാതിരിക്കാന്‍ സഹായിക്കും. നെയ്യുള്ള മീനുകള്‍, ഇഞ്ചി, വാഴപ്പഴം, തക്കാളി, കൈതച്ചക്ക, നാരങ്ങാവര്‍ഗങ്ങള്‍, തവിട് ഉള്ള അരി, റാഗി എന്നിവ കഴിക്കാം.

 

മിതമായി പ്രോട്ടീന്‍ കഴിക്കാം. കൊഴുപ്പുനീക്കിയ കോഴിമാംസം, കൊഴുപ്പു കുറഞ്ഞ പാല്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവ കുറഞ്ഞ അളവില്‍ കഴിക്കാം,.


പ്രത്യേകിച്ചു ചുവന്ന മാംസം സൂക്ഷിച്ച് ഉപയോഗിക്കുക. ആഴ്ചയില്‍ 23 തവണയില്‍ കൂടുതല്‍ മാംസാംഹാരം കഴിക്കരുത്. എന്നാല്‍, മുട്ട കഴിക്കാം.

 

തവിടു നീക്കാത്ത അന്നജം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഞാവല്‍പ്പഴം, കറുത്ത ചെറി, സെലറിയുടെ അരി തുടങ്ങിയവയില്‍ യൂറിക് ആസിഡ് അളവു കുറയ്ക്കുന്നതും വേദനയും നീര്‍ക്കെട്ടും ശമിപ്പിക്കുന്നതുമായ ഘടകങ്ങളുണ്ട്. പഴങ്ങളും പച്ചക്കറികളും നന്നായി കഴിക്കാന്‍ ശ്രദ്ധിക്കണം.


അമിതവണ്ണമുള്ള ആളുകള്‍ ഭക്ഷണം ക്രമീകരിച്ച് വ്യായാമവും ചെയ്യുന്നതിലൂടെ ശരീരഭാരം കുറച്ചാല്‍ അത് യൂറിക് ആസിഡ് നിയന്ത്രണത്തിനു ഗുണം ചെയ്യും. എന്നാല്‍ അതിനായി പട്ടിണി കിടക്കരുത്. പട്ടിണി കിടന്നാല്‍ യൂറിക് ആസിഡ് വര്‍ധിക്കും.


ദിവസവും കുറഞ്ഞത് എട്ടു ഗ്ലാസ്സ് വെള്ളം കുടിക്കണം. മൂത്രം ജലം പോലെ തെളിഞ്ഞു പോകുന്നത്ര അളവു വെള്ളം കുടിക്കുക. നാരങ്ങാവെള്ളം മുസംബി ജൂസ് എന്നിവ കുടിക്കുന്നതു നല്ലതാണ്. വീട്ടില്‍ ഫ്രഷ് ആയുണ്ടാക്കുന്ന ഏതു ജൂസും മിതമായ മധുരം ചേര്‍ത്തു കഴിക്കാം.


യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് പുളിയുള്ള പഴവര്‍ഗങ്ങള്‍ കഴിക്കേണ്ടതില്ല എന്ന ധാരണയില്‍ കഴമ്പില്ല. സത്യത്തില്‍ ഇവര്‍ക്ക് വൈറ്റമിന്‍ സി ഗുണകരമാണെന്നാണ് ചില പഠനങ്ങളില്‍ കാണുന്നത്. അതുകൊണ്ട് ഓറഞ്ച്, നെല്ലിക്ക, കിവി, മധുരനാരങ്ങ എന്നിങ്ങനെ പുളിയുള്ള പഴവര്‍ഗങ്ങള്‍ ധൈര്യമായി കഴിക്കാം. പക്ഷേ, വൈറ്റമിന്‍ സി സപ്ലിമെന്റായി കഴിക്കുന്നത് ഡോക്ടറുടെ നിര്‍ദേശം തേടിയശേഷം മതി.


ശീതളപാനീയങ്ങളും പാക്കഡ് ടിന്‍ ജൂസും ഒഴിവാക്കണം. ഇവയിലെ അമിതമായ മധുരം രാസഘടകങ്ങളും യൂറിക് ആസിഡ് പ്രശ്‌നമുള്ളവര്‍ക്ക് അനുയോജ്യമല്ല.

 

കാപ്പി മിതമായി ഉപയോഗിക്കാം.മിതമായ അളവിലുള്ള കാപ്പികുടി ദോഷകരമല്ല എന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

 

 

OTHER SECTIONS