ആന്റിബയോട്ടിക്‌സ് ഉപയോഗം അമിതമായാല്‍

By parvathyanoop.20 09 2022

imran-azhar

 

അമിതമായി ആന്റിബയോട്ടിക്‌സ് ഉപയോഗിക്കുന്നതില്‍ ഇന്ത്യക്കാര്‍ മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്. പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പറയുന്നത്. കോവിഡ് കാലത്തും അതിന് മുന്‍പും ആന്റിബയോട്ടിക്‌സില്‍ അസിത്രോമൈസിനെയാണ് ഇന്ത്യക്കാര്‍ കൂടുതലായി ഉപയോഗിച്ചത്.ആന്റിബയോട്ടിക്‌സില്‍ ഭൂരിഭാഗത്തിനും ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതിയില്ല.

 

മരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് ശക്തമായ പരിഷ്‌കാര നടപടികള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ തയ്യാറാവണമെന്നും റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുന്നു. ലാന്‍സറ്റ് റീജിയണല്‍ ഹെല്‍ത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ നടത്തിയ ഗവേഷണത്തിന്റെ അഭിപ്രായത്തില്‍ ഇന്ത്യക്കാര്‍ ആന്റിബയോട്ടിക്കുകള്‍ വളരെ കൂടുതലായി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തി.

 

ഇന്ത്യയില്‍ ഒരു വര്‍ഷം ഉപയോഗിക്കുന്നത് 500 കോടിയുടെ ആന്റിബയോട്ടിക്കുകള്‍ ആണെന്നാണ് പറയപ്പെടുന്നത്. അസിത്രോമൈസിന്‍ 500 മില്ലിഗ്രാം ടാബ്ലെറ്റാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം വളരെ കൂടുതലാണെന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.


പരിമിതമായ അളവില്‍ മാത്രം ഉപയോഗിക്കുന്നതിന് പകരം വലിയ തോതില്‍ ആന്റിബയോട്ടിക്‌സ് ഉപയോഗിക്കുന്ന സമൂഹമാണ് ഇന്ത്യയിലുള്ളത്. ദിവസം തോറും ഉപയോഗിക്കേണ്ട നിശ്ചിത ഡോസിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ആന്റിബയോട്ടിക്‌സില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് അസിത്രോമൈസിന്‍ ആണ്. 12.6 ശതമാനം. സെഫിക്‌സിമാണ് തൊട്ടുപിന്നില്‍. 10.2 ശതമാനം. അസിത്രോമൈസിന്‍ 500 എംജി ടാബ് ലെറ്റിനാണ് കൂടുതല്‍ ആവശ്യക്കാരെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

ആന്റിബയോട്ടിക്‌സ് അനാവശ്യമായി ഉപയോഗിക്കുന്നത് മൂലം ഭാവിയില്‍ ഇതിന്റെ ഫലം കുറയാന്‍ ഇടയാക്കിയേക്കാം. ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ആന്റിബയോട്ടിക്‌സിന്റെ വില്‍പ്പന, ലഭ്യത, ഉപഭോഗം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്ര, സംസ്ഥാന നിയന്ത്രണ സംവിധാനങ്ങളുടെ അധികാര പരിധി കൃത്യമായി നിര്‍വചിക്കാത്തതും സങ്കീര്‍ണത സൃഷ്ടിക്കുന്നുണ്ട്. ശക്തമായ നടപടി സ്വീകരിക്കുന്നത് ഇത് തടസമായി നില്‍ക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

 

സ്ഥിരമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് പലപ്പോഴും ആന്റിബയോട്ടിക് ഫലപ്രദമാവാതെ വരുന്നു. ഇത് പലപ്പോഴും രോഗത്തിന് പ്രതിരോധം തീര്‍ക്കുന്നതിനേക്കാള്‍ രോഗാവസ്ഥ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും നിങ്ങളില്‍ ബാക്ടീരിയയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ അണുബാധകളിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ രോഗാവസ്ഥ രൂക്ഷമാവുന്നത് വരെ ശരീരം അത് തിരിച്ചറിയുന്നില്ല എന്നതാണ് സത്യം.

 

ഇത്തരം അവസ്ഥയില്‍ ആശുപത്രിയില്‍ പോവേണ്ട അവസ്ഥയുണ്ടാവുന്നു.മരുന്ന് കഴിക്കുമ്പോള്‍ നിങ്ങളുടെ ഇഷ്ടത്തിന് കഴിക്കാതെ ഡോക്ടറുടെ കുറിപ്പടി അനുസരിച്ചുള്ള മരുന്ന് മാത്രം കഴിക്കുന്നതിന് ശ്രദ്ധിക്കുക. എന്തെങ്കിലും രോഗാവസ്ഥയുണ്ടെങ്കില്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടറുടെ ഉപദേശം പാലിക്കുന്നതിന് ശ്രദ്ധിക്കുക.

 

ആന്റിബയോട്ടിക് എടുക്കുന്നവരെങ്കില്‍ കൃത്യമായി എടുക്കാന്‍ ശ്രദ്ധിക്കുക.നിങ്ങള്‍ക്ക് മരുന്ന് കഴിച്ച് ആശ്വാസം ലഭിച്ചാലും ഡോക്ടര്‍ നിര്‍ദ്ദേശിച്ച കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് ശ്രദ്ധിക്കുക. എന്നാല്‍ മാത്രമേ രോഗത്തില്‍ നിന്ന് പൂര്‍ണ മോചനം ലഭിക്കുകയുള്ളൂ. പതിവായി കൈകള്‍ കഴുകുകയും നല്ല ശുചിത്വം പാലിക്കുകയും വേണം. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ഓര്‍മ്മയില്‍ വെച്ചാല്‍ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് നമുക്ക് സാധിക്കുന്നു

 

 

 

OTHER SECTIONS