80 ശതമാനം ഹൃദ്രോഗവും പ്രതിരോധിക്കാം, ഹൃദയാരോഗ്യത്തിന് ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടത് എങ്ങനെ?

By RK.28 09 2021

imran-azhar

 

ഡോ. മധു ശ്രീധരന്‍
ഡയറക്ടര്‍
നിംസ് ഹാര്‍ട്ട് ഫൗണ്ടേഷന്‍

 

* എന്തിനാണ് ലോക ഹൃദയദിനം ആചരിക്കുന്നത്?

 

ലോകത്താകമാനം ഒരു വര്‍ഷം ഒരു കോടി എപത്തിയേഴുലക്ഷം ആളുകള്‍ ഹൃദയാഘാതമോ അല്ലെങ്കില്‍ പക്ഷാഘാതമോ മൂലം മരിക്കുന്നു. നമ്മുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ച കോവിഡ് മഹാമാരി കാരണം ഈ രണ്ടു വര്‍ഷത്തിനിടയില്‍ നാല്‍പ്പത്തിയാറു ലക്ഷം ആളുകളാണ് മരിച്ചത്. അതായത് കാര്‍ഡിയോവാസ്‌കുലര്‍ ഡിസീസ് മൂലം മരിക്കുന്ന ആളുകളുടെ എണ്ണത്തിന്റെ ഇരുപത്തിയഞ്ചു ശതമാനം മാത്രമേ കോവിഡ് രോഗം കാരണം മരിച്ചിട്ടുള്ളു. ഈ കണക്ക് തന്നെ ഹൃദ്രോഗത്തിന്റെ കാഠിന്യത്തെ കാണിക്കുന്നു.

 

* ഹൃദ്രോഗ അവബോധത്തിന് എന്താണ് ഇത്രയും പ്രാധാന്യം?

 

എണ്‍പതു ശതമാനത്തോളം ഹാര്‍ട്ട് അറ്റാക്കും സ്‌ട്രോക്കും നമ്മുടെ ജീവിതശൈലിയിലെ ചെറിയ ചെറിയ മാറ്റങ്ങള്‍ കൊണ്ട് തടയാനാവും. ഇതാണ് ഹൃദ്രോഗത്തിനെപ്പറ്റിയുള്ള അവബോധത്തിന്റെ ഏറ്റവും പ്രധാന ഘടകം. ദിവസവും 30-45 മിനിട്ട് നടക്കുക. അമിത ഭാരം ഒഴിവാക്കുക, വറുത്തതും പൊരിച്ചതുമായുള്ള ആഹാരം, മധുര പലഹാരങ്ങള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുക, പുകവലി നിര്‍ത്തുക, മദ്യം കുറയ്ക്കുക, പ്രമേഹം, രക്താതിസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുക തുടങ്ങിയവ ചെയ്യുകയാണെങ്കില്‍ ഹൃദയാഘാതം അല്ലെങ്കില്‍ പക്ഷാഘാതം ഒരു പരിധി വരെ തടയാന്‍ നമുക്കു കഴിയും.

 

* ഈ വര്‍ഷത്തെ ലോക ഹൃദയ ദിനത്തിന്റെ തീം എന്താണ്?

 

കോവിഡ് മഹാമാരി കാരണം ഹൃദ്രോഗമുള്ളവര്‍ ഒരു പരിധി വരെ ഒറ്റപ്പെട്ടു പോയിരിക്കുകയാണ്. കൊറോണ ഹൃദ്രോഗമുള്ളവര്‍ക്ക് വന്നാല്‍ അത് മാരകമാവാന്‍ സാധ്യതയുണ്ട്. അതിനാല്‍, അവര്‍ പുറത്തുവരുന്നില്ല. ഹോസ്പിറ്റലില്‍ ചെക്കപ്പിന് പോകുന്നില്ല. വീടിനു പുറത്തിറങ്ങുന്നില്ല. അങ്ങനെ അവര്‍ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഒറ്റപ്പെട്ടു കഴിയുന്നു. ഈ അവസ്ഥയില്‍ യൂസ് ഹാര്‍ട്ട് ടു കണക്ട് അഥവ ഹൃദയം കൊണ്ട് ഒരുമിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ തീം.

 

* ഹൃദയങ്ങളെ നമുക്ക് എങ്ങനെ ബന്ധിപ്പിക്കാം?ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗ പരിരക്ഷയിലെ വിടവുകള്‍ ഒരു പരിധി വരെ നമുക്ക് നികത്താനാവും. ഇത് കൂടാതെ ഡിജിറ്റല്‍ ടൂള്‍സ്- ഫോണ്‍ ആപ്പ്‌സ്, വെയറബിള്‍സ് ഇതൊക്കെ വച്ച് നമുക്ക് വ്യായാമം ചെയ്യാനും അതിനു വേണ്ടിയുള്ള പ്രചോദനം നല്‍കാനും സാധിക്കും.

 

* ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് എങ്ങനെ ഹൃദ്രോഗത്തെ പ്രതിരോധിക്കാം?

 

ഹൃദ്രോഗമുള്ളവര്‍, പ്രമേഹം, രക്താതിസമ്മര്‍ദ്ദമുള്ളവര്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടെലി ഹെല്‍ത്തിലൂടെ ഡോക്ടറുമായി സംവാദിക്കാവുന്നതാണ്. എന്നാല്‍, ആനുകാലികമായ ചെക്കപ്പ്, എമര്‍ജന്‍സി കണ്‍സള്‍ട്ടേഷന്‍, എന്നിവയ്ക്ക് ഹോസ്പിറ്റലില്‍ ഇവര്‍ ഒരു കാരണവശാലും പോകാതിരിക്കരുത്. ഇത് ജീവിതത്തെ തന്നെ അപകടത്തിലാക്കാം. പ്രയാധിക്യം ഉള്ളവര്‍ ഒറ്റപ്പെട്ടാണ് കഴിയുന്നത്. ആഴ്ചയിലൊരിക്കല്‍ വീഡിയോ കോളിലൂടെ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നത് എല്ലാവരെയും ബന്ധിപ്പിക്കാനും അവര്‍ക്കു പ്രചോദനം നല്‍കാനും സഹായിക്കും. ഇങ്ങനെ പലവിധത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ മഹാരോഗക്കാലത്ത് ഹൃദ്രോഗത്തിനെതിരായ പോരാട്ടത്തില്‍ നമുക്ക് വിജയിക്കാം.

 

 

 

 

 

OTHER SECTIONS