മീന്‍ രുചികളിലെ ഉസ്താദ്

By Online Desk .08 01 2019

imran-azhar


തിരുവനന്തപുരത്തെ കാഴ്ചകള്‍ കാണാനെത്തി ഒരു ദിവസം കടന്നുപോയതറിഞ്ഞില്ല. പദ്മനാഭന്റെ മണ്ണ് ശരിക്കുമൊരു വിസ്മയഭൂമിയാണ്. പദ്മനാഭസ്വാമി ക്ഷേത്രവും മൃഗശാലയും കനകക്കുന്നുമെല്ലാം കണ്ട് അവസാനം എത്തിപ്പെട്ടത് സിംഹത്തിന്റെ മടയിലല്ല മറിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച ബീച്ചുകളിലൊന്നായ കോവളത്തായിരുന്നു. വൈകുന്നേരങ്ങളില്‍ കോവളം അതിസുന്ദരിയാണ്. അവളുടെ അഴക് കണ്ട് സമയം പോയതറിഞ്ഞില്ല.

 

രാത്രി ഏറെ വൈകിയിരിക്കുന്നു. സൂര്യന്‍ ജോലി അവസാനിപ്പിച്ച് ചന്ദ്രന് ബാറ്റണ്‍ കൈമാറി വിശ്രമിക്കുകയാണ്. നിലാവ് പ്രശോഭിതമായിരിക്കുന്നു. കോവളത്തെ കടല്‍ക്കാറ്റേറ്റ് മാനത്തെ നക്ഷത്രങ്ങളെ കണ്ണിറിക്കികാണിച്ചുകൊണ്ടിരുന്ന സമയത്താണ് വിശപ്പിന്റെ വിളി വയറ്റില്‍ നിന്നും മദം പൊട്ടിച്ചെണീറ്റത്. സമയം അര്‍ധ രാത്രി പിന്നിട്ടു. ഈ സമയത്ത് എവിടെ നിന്നും ഭക്ഷണം ലഭിക്കും. കോവളത്ത് താമസിക്കുന്ന ഒരു പരിചയക്കാരനുണ്ട്. അവനെവിളിച്ച് നല്ല മീന്‍രുചികള്‍ നിറയുന്ന ഭക്ഷണമെവിടെ ലഭിക്കുമെന്ന് ചോദിച്ചു. ചോദ്യം പൂര്‍ത്തിയാക്കുന്നതിനുമുന്‍പേ ഉത്തരം ഇടിത്തീയുടെ പ്രവേഗത്തില്‍ കാതുകളിലെത്തി. വിഴിഞ്ഞത്തെ ഉസ്താദ് ഹോട്ടല്‍. അപ്പോഴാണ് ആദ്യമായി ആ പേര് നാവിന്‍തുമ്പില്‍ ഇടം നേടുന്നത്. വിശപ്പ് വയറുമായി ഗുസ്തി പിടിത്തം തുടങ്ങിയതോടെ മീന്‍രുചികളുടെ പേരില്‍ ലോകപ്രശസ്തിയാര്‍ജിച്ച വിഴിഞ്ഞത്തെ ഉസ്താദ് ഹോട്ടലിലേക്ക് വെച്ചുപിടിച്ചു.


കേരളത്തിന്റെ പേര് ലോകഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ മാത്രമേ ആ പ്രദേശത്തെക്കുറിച്ച് കേട്ടറിവുണ്ടായിരുന്നുള്ളൂ. എന്നാല്‍ വിഴിഞ്ഞത്തുകാര്‍ക്ക് തുറമുഖത്തേക്കാള്‍ പ്രിയങ്കരമാണ് അവരുടെ ഉസ്താദ് ഹോട്ടല്‍. വിഴിഞ്ഞം ഹാര്‍ബറിന്റെ അരികുപറ്റി ഉസ്താദ് ഹോട്ടലിലേക്ക് നടന്നു. ദൂരെയായി മഞ്ഞപ്പെയിന്റടിച്ച ടയറില്‍ ഉസ്താദ് ഹോട്ടല്‍ എന്ന പേര് കാറ്റത്ത് തൂങ്ങിയാടുന്നു. അതു കണ്ടപ്പോള്‍ ദുല്‍ഖറും തിലകനും നിത്യാമേനോനുമെല്ലാം ഒരു ബിരിയാണി കിസ്സയുടെ അകമ്പടിയോടെ മനസ്സിലൂടെ മിന്നി മറഞ്ഞു. ഒപ്പം ഗോപിസുന്ദറിന്റെ പശ്ചാത്തല സംഗീതവും. ഹോട്ടലിലേക്ക് അടുക്കുംതോറും ജനപ്പെരുപ്പം കൂടി വരുന്നു. സമയം ഏതാണ്ട് 12 മണി പിന്നിട്ടു. എന്നിട്ടും നീണ്ട ക്യൂവിലാണ് ജനങ്ങള്‍. അതില്‍ മുലകുടിമാറാത്ത പൈതല്‍ മുതല്‍ വന്ധ്യവയോധികര്‍ വരെയുണ്ട്. ഇതെന്ത് അദ്ഭുതം. രാത്രി ഒരുമണിക്കുവരെ ഭക്ഷണം കഴിക്കാന്‍ ഉസ്താദ് ഹോട്ടലില്‍ ഇത്രയും തിരക്കോ? എന്നാല്‍ ഇത് വെറുമൊരു രുചിപ്പുരയല്ല. ആ രുചിയില്‍ എന്തോ മാസ്മരികത ഒളിഞ്ഞിരിപ്പുണ്ട് . അത് കണ്ടെത്തണം. വയറുനിറയെ മീന്‍രുചി ആസ്വദിക്കണം. കടലിന് അഭിമുഖമായി ഒരു ചെറിയ കെട്ടിടത്തിലാണ് ഉസ്താദ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. അതുതന്നെയാണ് ഈ രുചിപ്പുരയുടെ സവിശേഷതയും.

 

കടയുടെ മുന്നില്‍ നിരവധി അപ്പച്ചട്ടികള്‍ കലിപ്പോടെ ചൂടായ് നില്‍ക്കുന്നു. അതിലേക്ക് തൂവെള്ള നിറമുളള അപ്പത്തിന്റെ മാവ് ഒരു തിരമാലയുടെ ശബ്ദത്തോടെ പതഞ്ഞുവീഴുന്നു. ഉസ്താദ് ഹോട്ടലിന്റെ കാര്യക്കാരിലൊരാളായ മയ്തീന്‍ അടിമ ഇക്കയാണ് അപ്പം ചുടല്‍ ഒരു കലയാണ് എന്ന് തെളിയിച്ച് ചുടുചട്ടികളില്‍ മാവൊഴിച്ച് കറക്കി അപ്പമുണ്ടാക്കുന്നത്. ഒരല്‍പ്പം മാത്രം മാവെടുത്ത് ഇത്രയും വലിയ അപ്പമെങ്ങനെയുണ്ടാക്കുന്നു എന്നത് ഒരത്ഭുതമായി എന്നെ പിന്തുടരുന്നു. അതുകണ്ട് സ്വന്തമായി ഒരപ്പമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷേ ആഫ്രിക്കയുടെ ഭൂപടത്തോട് സമാനമായ അപ്പം പോലെ തോന്നിക്കുന്ന ഒന്നാകും ലഭിക്കുക. അപ്പക്കൂട്ടിന്റെ മര്‍മമറിയാന്‍ മീന്‍രുചി ആസ്വദിക്കാന്‍ കടയുടെ അകത്തേക്ക് കടന്നു. കുടുംബമായും കൂട്ടുകാരുമായും കാമുകിമാരുമായുമൊക്കെ ആളുകള്‍ ഉസ്താദ് ഹോട്ടലിലെ ഭക്ഷണം ആഘോഷമാക്കുകയാണ്. കൈ കഴുകി പഴയകാല ഹോട്ടലുകളെ അനുസ്മരിപ്പിക്കുന്ന മേശയുടെ ഒരറ്റത്ത് ഇടം കണ്ടെത്തി. കഴിക്കാനായി അപ്പവും പൊറോട്ടയും ചപ്പാത്തിയും മാത്രമേ ഉള്ളൂ. അപ്പമാണ് ഉസ്താദിലെ താരം. കൂട്ടിന് പലതരത്തിലുള്ള മീന്‍ സുഹൃത്തുക്കളുമുണ്ട്. ഹോട്ടലുടമയായ ഹസ്സനാരി ഇക്ക അവിടെയെത്തി. അദ്ദേഹവുമായി നല്ലൊരു സുഹൃദ്ബന്ധം സ്ഥാപിച്ചു. അദ്ദേഹം ഉസ്താദ് ഹോട്ടലിന്റെ പിറവിയെക്കുറിച്ച് വാചാലനാകാന്‍ തുടങ്ങി.


മത്സ്യബന്ധനമാണ് വിഴിഞ്ഞത്തുകാരുടെ പ്രധാന വരുമാന മാര്‍ഗം. ഹോട്ടലിന് മുന്‍വശത്തായി പെടയ്ക്കണ മീനുകളുടെ കച്ചവടവും പൊടി പൊടിക്കുന്നു. മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയാണ് ഹസ്സനാരി ഇക്ക 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ രുചിപ്പുര ആരംഭിക്കുന്നത്. തൊഴിലാളികളില്‍ നിന്നും വാങ്ങുന്ന മീനുകള്‍ അവര്‍ക്കുവേണ്ടി പാകം ചെയ്തുകൊടുത്ത് കച്ചവടത്തിന്റെ ആദ്യപടി പിന്നിട്ടു. പിന്നീട് വാമൊഴിയായി ഉസ്താദ് ഹോട്ടലിലെ മീന്‍രുചി വിഴിഞ്ഞവും തിരുവനന്തപുരവും കേരളവും കടന്ന് ഇന്ത്യയൊട്ടാകെ വ്യാപിച്ചു. കടലില്‍ നിന്നും മനുഷ്യന് ലഭിക്കുന്ന ഒട്ടുമിക്ക മത്സ്യസമ്പത്തും ഉസ്താദ് ഹോട്ടലില്‍ കറിവെച്ചും പൊരിച്ചും പെരട്ടിയുമെല്ലാം നല്‍കുന്നു. ഏറ്റവും മികച്ച മത്സ്യം മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത രുചിമേന്മയില്‍ ഭക്ഷണപ്രേമികള്‍ക്ക് മുന്നിലെത്തിക്കുന്നു. അതാണ് അര്‍ധരാത്രി പിന്നിട്ടിട്ടും ഹോട്ടലിലുണ്ടാകുന്ന തിരക്കിന്റെ പിന്നിലെ യഥാര്‍ത്ഥ ഗുട്ടന്‍സ്. വിലയും തുച്ഛം!


ചരിത്രം കേട്ടിരുന്ന് വന്നകാര്യത്തില്‍ നിന്നും വ്യതിചലിച്ചപ്പോള്‍ വിശപ്പ് വീണ്ടും രുചിയറിയാനാണ് വന്നത് എന്നോര്‍മിപ്പിച്ചു. ഹസ്സനാരിക്കയുടെ മകനും ഹോട്ടലിന്റെ മറ്റൊരു കാര്യക്കാരനുമായ മാഹീന്‍ കണ്ണ് ഇക്ക വന്ന് എന്താണ് വേണ്ടത് എന്ന് ചോദിച്ചു. ഇവര്‍ ഉരലില്‍ പൊടിച്ചുണ്ടാക്കുന്ന അരികൊണ്ട് നിര്‍മിച്ച അപ്പം തന്നെ ആദ്യം ഓര്‍ഡര്‍ ചെയ്തു. കൂട്ടിന് കല്ലുമ്മക്കായയും ചെമ്മീനും ചെമ്പല്ലിയും. ആദ്യം വന്നത് അപ്പമാണ്. ദേഹം വെളുത്തതാണെങ്കിലും തൊട്ടാല്‍ പൊള്ളും. അതാണ് ഇവിടത്തെ അപ്പം. കൂട്ടിന് മീന്‍ചാറുമെത്തി. പിന്നലെ കല്ലുമ്മക്കായ ഫ്രൈയും ചെമ്മീന്‍ വറുത്തതും ചെമ്പല്ലി പൊരിച്ചതും നയനസുഖമേകി മുന്നിലെത്തി. വിശപ്പ് മൂര്‍ത്തിമദ്ഭാവത്തില്‍ അലറി വിളിച്ചു. അപ്പം മീന്‍ ചാറില്‍ മുക്കി അതിനുനടുവിലായി ഒരു കല്ലുമ്മക്കായയെ ഒളിപ്പിച്ച് വായയുടെ വടക്കുകിഴക്കേ അറ്റത്തേക്ക് പറഞ്ഞുവിട്ടു. ഇതാണ് രുചി ഇതാവണം രുചി! അറിയാതെ പറഞ്ഞുപോയി. കല്ലുമ്മക്കായ ഫ്രൈയാണ് ഏറെ ആകര്‍ഷിച്ചത്. വറ്റല്‍ മുളക് ചതച്ച് പാകം ചെയ്തിരിക്കുന്ന അതിന്റെ ഫ്രൈയും അതിഗംഭീരം. പിന്നാലെ ചെമ്മീനും ചെമ്പല്ലിയും പരീക്ഷിച്ചു. ചെമ്പല്ലിയ്ക്ക് ഇത്രയും രുചിയുണ്ടെന്നും ഇത്രയും വലിയ ചെമ്മീന്‍ കേരളത്തില്‍ ലഭിക്കുമെന്നും മനസ്സിലാക്കി. പ്ലേറ്റിലെ അപ്പവും കറിയും മീനുമെല്ലാം ഞൊടിയിടയില്‍ അപ്രത്യക്ഷമായി. നാവും ചുണ്ടും പല്ലും ഇടതടവില്ലാതെ രുചിസംഗമത്തിലേര്‍പ്പെട്ടുകൊണ്ടിരുന്നു. അസാധ്യമാണ് ഉസ്താദ് ഹോട്ടലിലെ രുചി. ശരിക്കും രുചികളിലെ ഉസ്താദ്.

 

മനസ്സും വയറും ഒരുപോലെ നിറഞ്ഞു. വയറ്റിനുള്ളിലെ മത്സ്യസമ്പത്തിന്റെ ദഹനത്തിനായി രണ്ട് കിടുക്കാച്ചി ഐറ്റങ്ങളുണ്ട് ഉസ്താദ് ഹോട്ടലില്‍. സുലൈമാനിയും ഇഞ്ചിക്കട്ടനും. സുലൈമാനി എത്ര കേട്ടിരിക്കുന്നു അതിലെന്ത് പുതുമ എന്ന് ചിന്തിച്ചിരിക്കുമ്പോഴേക്കും കൈയ്യില്‍ ഒരു ഗ്ലാസ് സുലൈമാനിയെത്തി. ഇത് സംഭവം ജോറാണ്. നമ്മുടെ ലൈം ടീയല്ല ഉസ്താദ് ഹോട്ടലിലെ സുലൈമാനി. ഇവിടെ പുതിനയിലയാണ് നാരങ്ങയുടെ പകരക്കാരന്റെ വേഷത്തില്‍. സ്ഫടികഗ്ലാസ്സില്‍ രണ്ടു നിറങ്ങളിലാണ് സുലൈമാനി വിരാജിക്കുന്നത്. അടിയില്‍ വെള്ളയും മുകളില്‍ കടുംചുവപ്പും. ഒരു ഗ്ലാസ്സില്‍ പഞ്ചസാരയും പുതിയയിലയും ഇട്ട് അതിലേക്ക് ചൂടുവെള്ളമൊഴിച്ച് നന്നായി കലക്കുക. ഇതിലേക്ക് കട്ടന്‍ രണ്ടോ മൂന്നോ തുള്ളി ഉറ്റിച്ചാല്‍ ഉസ്താദ് ഹോട്ടലിന്റെ മാസ്റ്റര്‍പീസ് സുലൈമാനി തയ്യാര്‍. അതുപോലെ ഇവിടത്തെ ഇഞ്ചിക്കട്ടനും മാസ്സാണ്. ഭക്ഷണത്തിനുശേഷം ഒരു ഗ്ലാസ് സുലൈമാനിയും കുടിച്ചോണ്ട് വിഴിഞ്ഞം കടല്‍ത്തീരത്തൂടെ ഒരു നടത്തം പാസ്സാക്കിയാല്‍ ഇതിലും മികച്ച അനുഭവം സ്വപ്‌നങ്ങളില്‍ മാത്രം.

 

ഇപ്പോള്‍ ഒരു കാര്യം മനസ്സിലായി വിഴിഞ്ഞത്തിന് അഭിമാനിക്കാന്‍ ഒന്നല്ല രണ്ടുണ്ട് കാര്യം. അതിലൊന്ന് തുറമുഖം തന്നെ. മറ്റൊന്ന് തുറമുഖത്തേക്കാളും വിശാലമായി രുചിയുടെ ലോകത്ത് വിരാചിക്കുന്ന ഉസ്താദ് ഹോട്ടല്‍. ഇവിടത്തെ രുചിയൊരിക്കലെങ്കിലും അറിഞ്ഞിട്ടില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും ഒരു നല്ല ഭക്ഷമപ്രേമിയാകില്ല. അപ്പോള്‍ എങ്ങനാ തിരുവനന്തപുരത്തേക്ക് വണ്ടി കയറുകയല്ലേ? വിഴിഞ്ഞത്തെ ഉസ്താദിന്റെ രുചിയറിയാന്‍?

 

OTHER SECTIONS