ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അലോപ്പതി മരുന്നു നല്‍കാം; അനുമതി നല്‍കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍; എതിര്‍ത്ത് ഐഎംഎ

By Web Desk.22 06 2021

imran-azhar

 

 

ഡെറാഡൂണ്‍: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അലോപ്പതി മരുന്നുകള്‍ കുറിച്ചുനല്‍കാന്‍ അനുമതി നല്‍കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. അന്താരാഷ്ട്ര യോഗാദിനവുമായി ബന്ധപ്പെട്ട് ആയുര്‍വേദിക് സര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെയാണ് അടിയന്തര ഘട്ടങ്ങളില്‍ അലോപ്പതി മരുന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും നല്‍കാമെന്ന് സംസ്ഥാന ആയുഷ് മന്ത്രി പ്രഖ്യാപിച്ചത്.

 

സംസ്ഥാനത്ത് എണ്ണൂറിലധികം ആയുര്‍വേദ ഡോക്ടര്‍മാരുണ്ട്. അത്രത്തോളം തന്നെ ആയുര്‍വേദ ഡിസ്പെന്‍സറികളുമുണ്ട്. ഇതില്‍ 90 ശതമാനവും പ്രവര്‍ത്തിക്കുന്നത് മലമ്പ്രദേശങ്ങളിലാണ്. ഈ മേഖലകളിലുള്ളവര്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ അലോപ്പതി ചികിത്സ ഉറപ്പാക്കാന്‍ ഈ തീരുമാനത്തിലൂടെ സാധിക്കും. വിദൂരപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഈ തീരുമാനം ഏറെ സഹായകരമായിരിക്കുമെന്നും ആയുഷ് മന്ത്രി ഹരക് സിങ് റാവത്ത് പറഞ്ഞു.

 

മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തി. തീരുമാനം നിയമവിരുദ്ധമാണെന്നാണ് ഐഎംഎയുടെ വിമര്‍ശനം. മിക്സോപ്പതിയാണ് മന്ത്രി മുന്നോട്ടുവെയ്ക്കുന്നതെന്നും അത് രോഗികളെ ദോഷകരമായി മാത്രമേ ബാധിക്കുകയുള്ളൂവെന്നും ഐഎംഎ സംസ്ഥാന സെക്രട്ടറി അജയ് ഖന്ന പ്രതികരിച്ചു.

 

 

OTHER SECTIONS