പനി വന്നാല്‍

By online desk.22 11 2019

imran-azhar

 


സാധാരണ വൈറല്‍പ്പനി, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവയാണ് ഇപ്പോള്‍ ഏറ്റവും കൂടുതലായി പടര്‍ന്നുപിടിക്കുന്നത്. ഡെങ്കിപ്പനിയും എലിപ്പനിയുമാണ് ആന്തരാവയവങ്ങളെ ബാധിച്ച് രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുന്നത്. വൈറല്പനിയും ചിക്കുന്‍ഗുനിയയും അപകടകാരികളല്ല. വൈറല്‍പനിയൊഴികെ മറ്റെല്ലാ പനികളും കൊതുകും എലികളുമാണ് പരത്തുന്നത്. അതുകൊണ്ടുതന്നെ രോഗനിയന്ത്രണത്തിന് പരിസരശുചിത്വമാണ് പ്രധാനം. ഈ പകര്‍ച്ചപ്പനികളുടെയെല്ലാം പൊതുരോഗലക്ഷണങ്ങളില്‍ സാമ്യമേറെയുണ്ടെങ്കിലും ചില പ്രത്യേക സൂചനകള്‍കൊണ്ട് ഇവയെ തമ്മില്‍ തിരിച്ചറിയാവുന്നതാണ്.


വൈറല്‍ഫീവര്‍ ഏറ്റവും വ്യാപകമായി പടര്‍ന്നുപിടിക്കുന്ന ഒരു പനിയാണ് ഫ്‌ളൂവെന്നു വിളിക്കുന്ന സാധാരണ വൈറല്‍ ഫീവര്‍. മഴക്കാലത്ത് വ്യാപകമാകുന്ന വൈറല്‍ ഫീവര്‍ കുട്ടികളില്‍ സാധാരണയാണ്. റൈനോ വൈറസ്, അഡിനോ വൈറസ്, കൊറോണ വൈറസ് തുടങ്ങിയവയാണ് രോഗകാരികളായ വൈറസുകള്‍. ചെറിയ പനി, തലവേദന, മൂക്കൊലിപ്പ്, തൊണ്ടയില്‍ കിരുകിരുപ്പ്, തുമ്മല്‍, തൊണ്ടവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. അതിശക്തമായ പനിയും പേശീവേദനയുമൊന്നും നിരുപദ്രവകാരിയായ ഈ ജലദോഷപ്പനിക്കില്ലെന്ന കാര്യം ശ്രദ്ധേയമാണ്. രോഗബാധിതനായ ഒരു വ്യക്തിയില്‍ നിന്ന് വായുവിലൂടെ രോഗാണുകള്‍ മറ്റൊരു വ്യക്തിയിലേക്ക് പകരുന്നു. സാധാരണഗതിയില്‍ നാലോ അഞ്ചോ ദിവസങ്ങള്‍ കൊണ്ട് പനി പൂര്‍ണമായും അപ്രത്യക്ഷമാകുന്നു.


ചിക്കുന്‍ഗുനിയ

ശക്തമായ പനി, സന്ധിവേദനകള്‍, ചര്‍മത്തിലുണ്ടാകുന്ന ചുവന്നുതടിച്ച പാടുകള്‍ തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. അല്‍ഫാവൈറസുകളാണ് രോഗകാരികളായ വൈറസുകള്‍. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു. ശരീരത്തിലെ ചെറുതും വലുതുമായ നിരവധി സന്ധികളെ ഒരുമിച്ച് ബാധിക്കുന്ന സന്ധിവേദനകള്‍ രോഗത്തിന്റെ പ്രത്യേകതയാണ്. സാധാരണയായി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അപ്രത്യക്ഷമാകുന്ന സന്ധിവേദനകള്‍, കുട്ടികളിലും പ്രായമേറിയവരിലും മറ്റ് സന്ധിവാതരോഗങ്ങള്‍ ഉള്ളവരിലും മാസങ്ങളോളം നീണ്ടുനിന്നേക്കാം. സാധാരണ ഗുരുതരമായ ശാരീരികപ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാത്ത ചിക്കുന്‍ഗുനിയ, അപൂര്‍വമായി നവജാത ശിശുക്കളിലും ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരിലും മെനിഞ്ചൈറ്റിസ്, എന്‍സിഫലൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കാം.


ഡെങ്കിപ്പനി

ഫ്‌ളൂവി വൈറസുകളാണ് രോഗകാരികളായ വൈറസുകള്‍. ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഡെങ്കിപ്പനി, രോഗികളിലുണ്ടാകുന്ന ആന്തരിക രക്തസ്രാവത്തെതുടര്‍ന്ന് ഗുരുതരമാകുന്നു. ശക്തമായ പനി, തലവേദന, പേശീവേദന, അസ്ഥികളുടെ വേദന തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ശിശുക്കളിലും കുട്ടികളിലും പനിയും ചര്‍മത്തിലുണ്ടാകുന്ന പാടുകളും മാത്രമായിരിക്കും രോഗലക്ഷണങ്ങള്‍. ഒന്നിലേറെപ്രാവശ്യം രോഗാണുബാധയുണ്ടാകുന്നവരില്‍ ഗുരുതരമായ ശാരീരിക പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നത്, രക്തത്തിലെ പേ്‌ളറ്റ്‌ലറ്റുകളുടെ എണ്ണം കുറയ്ക്കുവാനും രക്തസ്രാവത്തിനുമിടയാക്കുന്നു. മൂക്കില്‍ നിന്നും വായില്‍ നിന്നുമുണ്ടാകുന്ന രക്തസ്രാവത്തെ കൂടാതെ കുടലിലും രക്തസ്രാവമുണ്ടാകാം. രോഗത്തെതുടര്‍ന്ന് രക്തസമ്മര്‍ദം അപകടകരമായി താഴുന്നത് 'ഷോക്ക്' എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. എലിപ്പനി
മറ്റു പകര്‍ച്ചപ്പനികളെ അപേക്ഷിച്ച് ചില പ്രത്യേകതകളുണ്ട് എലിപ്പനിക്ക്. മറ്റു പനികളില്‍ രോഗകാരികളായ വൈറസുകളെ കൊതുകുകളാണ് പരത്തുന്നതെങ്കില്‍ എലിപ്പനി ഒരു ബാക്ടീരിയല്‍ രോഗമാണ്. ലെപ്‌റ്റോസൈ്പറ എന്ന സൈ്പറോകീറ്റ്‌സ് വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയ ആണ് രോഗമുണ്ടാക്കുന്നത്. രോഗാണുക്കള്‍ പ്രധാനമായും വസിക്കുന്നത് എലികളിലും വളര്‍ത്തുമൃഗങ്ങളായ ആടുമാടുകളിലും പട്ടികളിലുമാണ്. ഇവ ദീര്‍ഘനാള്‍ രോഗാണുവാഹകരായി മൂത്രത്തിലൂടെ അണുവിസര്‍ജനം തുടര്‍ന്നേക്കാം. ശക്തമായ പനി, തലവേദന, പേശികളുടെ പ്രത്യേകിച്ച് കാലിന്റേയും നടുവിന്റെയും പേശികളുടെ വേദന, വിശിപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് ആദ്യഘട്ടത്തിലെ രോഗലക്ഷണങ്ങള്‍. മഞ്ഞപ്പിത്തം, ന്യുമോണിയ, വൃക്കരോഗങ്ങള്‍ ഇവയുമുണ്ടായേക്കാം. ഈ അവസരത്തില്‍ രോഗിയുടെ കണ്ണുകളിലുണ്ടാകുന്ന രക്തസ്രാവത്തെതുടര്‍ന്ന് കണ്ണുകള്‍ക്ക് ചുവപ്പുനിറമുണ്ടാകുന്നത് രോഗത്തിന്റെ സുപ്രധാന ലക്ഷണമാണ്.

വൃക്കകള്‍, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാകുന്നത് രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുന്നു. ആദ്യഘട്ട രോഗലക്ഷണങ്ങള്‍ ശമിച്ചതിനുശേഷം രോഗത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നു. പനി വീണ്ടുമുണ്ടാകുന്നതോടൊപ്പം രോഗം തലച്ചോറിനേയും നാഡീ ഞരമ്പുകളെയും ബാധിച്ചേക്കാം. എലിപ്പനി എപ്പോഴും അപകടകാരിയാകണമെന്നില്ല. മിക്കവാറും അവസരങ്ങളില്‍ ഇത് ശരീരത്തിലെ ഏതെങ്കിലും ഒരവയവത്തെ മാത്രം ബാധിക്കുകയും തുടര്‍ന്ന് രോഗം കുറഞ്ഞ് രോഗി പൂര്‍ണസുഖം പ്രാപിക്കുകയും ചെയ്യുന്നു.

 

OTHER SECTIONS