അമിതജോലി ചെയ്യുന്ന സ്ത്രീകള്‍ ശ്രദ്ധിക്കൂ...

By Kavitha J.12 Jul, 2018

imran-azhar

നിങ്ങള്‍ ആഴ്ചയില്‍ 45 മണിക്കൂറിലധികം ജോലി ചെയ്യുന്ന സ്ത്രീയാണോ എങ്കില്‍ അറിയൂ നിങ്ങളില്‍ പ്രമേഹ സാധ്യത കൂടുതലാണ്. ബി.എം.ജെ ഡയബെറ്റിക്‌സ് റിസേര്‍ച്ച് ആന്‍ഡ് കെയര്‍ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 30 മുതല്‍ നാല്‍പ്പത് മണിക്കൂര്‍ വരെ ജോലി ചെയ്യുന്ന സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ ഇത്തരത്തില്‍ ഉയര്‍ന്ന നിരക്കില്‍ പ്രമേഹ സാധ്യത കണ്ടെത്തിയിട്ടില്ല.

 

ആഗോള വിലയിരുത്തലില്‍ 2030 ഓടെ 439 ദശലക്ഷത്തോളം മുതിര്‍ന്നവര്‍ പ്രമേഹ രോഗം ഉടലെടുക്കുമെന്നാണ്. അതായത് 2010ല്‍ നിന്നു 50 ശതമാനം വര്‍ദ്ധന. കാനഡയിലെ സെന്റ് മൈക്കിള്‍ ആസുപത്രിയിലേയും ടൊറന്റോ സര്‍വ്വകലാശാലയിലെയുമ ഗവേഷകര്‍ ഉള്‍പ്പെട്ട സംഘമാണ് പഠനം നടത്തിയത്. 2003 മുതല്‍ 2015 വരെയുള്ള 12 വര്‍ഷ കാലയളവില്‍ ജോലി ചെയ്യുന്ന 35-74 പ്രായ പരിധിയില്‍പ്പെട്ട 7,065 തൊഴിലാളികളില്‍, ദേശീയ ആരോഗ്യ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു പഠനം നടത്തിയത്.

 

ആഴ്ചയില്‍ 15-34, 35-40, 41-44, 45 അതില്‍ കൂടുതല്‍ മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍, എന്നിങ്ങനെ പല വിഭാഗമായി തരം തിരിച്ചാണ് സര്‍വ്വേ നടത്തിയത്. പ്രായം, ലിംഗം, വൈവാഹികാവസ്ഥ, ജനിച്ച സ്ഥലവും താമസിക്കുന്ന സ്ഥലവും തുടങ്ങി പല ഘടകങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പഠനം നടത്തിയത്.

 

ഗവേഷകരുടെ അഭിപ്രായത്തില്‍ ജോലി ഭാരം കൊണ്ടുണ്ടാകുന്ന മാനസിക പിരിമുറുക്കവും, അതേത്തുടര്‍ന്നുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളും പുകവലി, മദ്യപാനം തുടങ്ങിയ കാരണങ്ങളുമാകാം പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ എന്നാണ്.

OTHER SECTIONS