കന്റംപററിയിലെ വേറിട്ട മാതൃക

By Mini Vasudev.16 Jun, 2017

imran-azhar

ഭിത്തിയെക്കാള്‍ ഓപ്പണിംഗിനു പ്രാധാന്യം. വെളിച്ചവും കാറ്റും യഥേഷ്ടം കളിയാടുന്ന അകത്തളങ്ങള്‍. ചെലവു കുറയ്ക്കാന്‍ നൂതന വിദ്യകള്‍... കന്റംപററിയിലെ വേറിട്ട മാതൃകയായ അജന്തയിലെ വിശേഷങ്ങള്‍...

ചെറിയൊരു കുന്നിന്‍പുറത്തിരിക്കുന്ന ലുക്ക് ആണ് കൊല്ലം പള്ളിത്തോട്ടം അഞ്ജലി നഗറിലെ അജന്തയ്ക്ക്. റോഡില്‍നിന്നുയര്‍ന്ന നില്‍കുന്ന പ്‌ളോട്ടില്‍ ഈ കാഴ്ചഭംഗി അപ്പാടെ ഉള്‍ക്കൊണ്ടാണു ഭവനത്തിന്റെ നിര്‍മ്മാണവും. മുന്നിലെ റോഡും കൊല്ലം തോടും അതിനപ്പുറത്തെ തുറസും കൊണ്ടുവരുന്ന കാറ്റും വെളിച്ചവുമൊക്കെ കയറിയിറങ്ങുന്ന രീതിയിലാണു അജന്ത ഒരുക്കിയിട്ടുള്ളത്. ഗേറ്റു കടന്നാല്‍ ഇടതുവശത്ത് പടിക്കെട്ടുകളും അടുത്തുകൂടി പുഴപോലെ വളഞ്ഞൊഴുകി മുകളിലേക്ക് ടൈലുകള്‍ പാകി മനോഹരമാക്കിയ കാര്‍ വേയും കാണാം. പടിക്കെട്ടുകള്‍ കയറിച്ചെന്നാല്‍ ലോണിന്റെ വിശാലതയറിയാം. പിന്നെ, നേരെ സിറ്റൗട്ടിലേക്കും അവിടെനിന്നു ഫോയറിലേക്കും കടക്കാം

 

ഏരിയകളുടെ ലയനം
കന്റംപററി ശൈലിയില്‍ നിന്ന് വ്യതിചലിക്കാതെ എന്നാല്‍, വ്യത്യസ്തവരുത്തി ചെയ്തിരിക്കുന്ന ഈ വീട്ടില്‍ മുറികളെന്ന സങ്കല്‍പ്പമില്ലെന്നു തന്നെ പറയാം. പകരം ഏരിയകളുടെ മനോഹരമായ സങ്കലനത്തിന്റെ സൗന്ദര്യമാണ് ഇവിടെ കാണാന്‍ കഴിയുക. ബെഡ്‌റൂമുകളൊഴിച്ച് മറ്റൊന്നും കെട്ടിയടച്ചിട്ടില്ലെന്നൊരു സവിശോഷത കൂടിയുണ്ട് അജന്തയുടെ അകത്തളങ്ങള്‍ക്ക്. ഓഫീസ്ഏരിയ, ഡ്രായിംഗ്ഏരിയ, കോര്‍ട്ട്‌യാര്‍ഡ് ഏരിയ,ഡൈനിംഗ് ഏരിയ,കിച്ചന്‍ ഏരിയ എന്നിങ്ങനെ സ്വകാര്യത വളരെ കുറച്ചുകൊണ്ടുള്ള തുറസായ ഇടങ്ങളായാണ് വീട്ടകങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. എവിടെയും സ്‌പേസിന്റെ ഒഴുക്കു ഉറപ്പാക്കുന്ന രീതി. കിച്ചണ്‍ വാതില്‍ ഒഴിവാക്കിയതിനാല്‍ ഡൈനിംഗിന്റെയും കോര്‍ട്ട്‌യാര്‍ഡിന്റെയും വിശാലതയോടു ഇഴുകിച്ചേര്‍ന്നിരിക്കുന്നു.

ചതുരങ്ങളുടെ സമന്വയം
3000 ചതുരശ്രയടിയില്‍ ഇരുനിലയില്‍, വൃത്താകൃതി പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ടാണ് അജന്തയുടെ നിര്‍മ്മിതി. കന്റംപററി ശൈലിയില്‍ ഈ വീടിനെ വ്യത്യസ്തമാക്കുന്ന ഘടകവും ഇതു തന്നെയാണ്. അജന്തയില്‍ എത്തുന്ന ആരുടെയും ശ്രദ്ധയില്‍പ്പെടുന്നതും ഈ സവിശേഷതയാണ്. ഫര്‍ണിച്ചര്‍, മോഡുലാര്‍ കിച്ചന്‍, ഡൈനിംഗ്‌ടേബിള്‍, വാഷ്‌ബേസിന്‍, ടാപ്പ്, ക്‌ളോക്ക് തുടങ്ങി എവിടെയും ചതുര, ദീര്‍ഘ ചതുരാകൃതികളുടേയോ ചാരുതയാണു നിറയുന്നത്. സൂക്ഷിച്ചുനോക്കിയാല്‍ വീണ്ടും നമ്മെ അത്ഭുതപ്പെടുത്തുന്ന ആകൃതി സാമ്യം കാണാം.

ബാത്ത്‌റൂമിലെ ക്‌ളോസറ്റ്, ടവ്വല്‍റോഡ്, വാതിലിന്റെ ഹാന്‍ഡില്‍, ഭിത്തിയിലെ പെയിന്റിങ്ങുകള്‍, ജനലിന്റെ കുറ്റി, കൊളുത്ത്തുടങ്ങിയവയെല്ലാം ചതുരാകൃതിയുമായി ലയിച്ചുനില്‍ക്കുന്ന രീതിയിലാണ് സമീപമുള്ള തോടും അതിനപ്പുറവുമുള്ള തുറസായ ഇടത്തില്‍ നിന്നു വീശുന്ന ശക്തമായ കാറ്റിനെ അകത്തേക്കു കടത്തിവിടുന്ന രീതിയിലാണു മുന്നിലെ ബെഡ്‌റൂം ജനാല. ഒരാള്‍ പൊക്കത്തില്‍ മുകളിലും താഴെയുമായി പ്രത്യേകം തുറക്കാവുന്ന പാളികളുള്ള ജനലിലൂടെ കാറ്റ് യഥേഷ്ടം കടക്കുകയും അകത്തെ ചൂടുവായു പുറത്തുപോകയും ചെയ്യുന്നതിനാല്‍ എസി ഇല്ലാതെ തന്നെ എല്ലായ്‌പ്പോഴും വീട്ടിനുള്ളില്‍ തണുത്തു സുഖകരമായ അന്തരീക്ഷമാണ് . 


ഗ്‌ളാസ്ഭിത്തിയുടെ നിറവ്
ഫോയറില്‍നിന്നു രണ്ടുസ്‌റ്റെപ്പോളം ഉയരത്തിലാണ് ലിവിങ്ങും കോര്‍ട്ട്‌യാര്‍ഡും ഡൈനിംഗും ചേര്‍ന്നുള്ള ഏരിയ. മുകളില്‍ ഡബിള്‍ഹൈറ്റ്‌സിലുള്ള ഷീറ്റിട്ട കോര്‍ട്ട്‌യാര്‍ഡും ഉയരത്തില്‍ ഗ്‌ളാസിട്ട പുറത്തെഭിത്തിയും വഴിയാണ് ഇവിടെ വെളിച്ചത്തിന്റെ നിറവുണ്ടാകുന്നത്. വെളിച്ചവും കാറ്റും അനായാസം കടന്നുപോകുന്ന ക്രോസ്‌വെന്റിലേഷന്റെ ഭംഗിയും സുഖവും അറിയാന്‍ ലിവിങ്ങില്‍ അല്‍പ്പനേരം ഇരുന്നാല്‍ മതി. ഗ്‌ളാസ്ഭിത്തി സുരക്ഷിതത്വത്തിനു ഭീഷണിയാകാതിരിക്കാന്‍ താഴത്തെയും മുകളിലത്തെ ലിവിങ്ങ് ഏരിയകളലെ ഗ്‌ളാസിന്‍ പ്രത്യേകം തയ്യാറാക്കിയ ഇരുമ്പുപട്ടയടിച്ചു. കെ.ഐ.പി ഓഫീസില്‍നിന്നു ലേലത്തില്‍ പിടിച്ച ആക്രിയാണ് നല്ല കനമുള്ള ഇരുമ്പുപട്ടയാക്കി മാറ്റിയതിനാല്‍ ചെലവും കുറഞ്ഞുകിട്ടി. കോര്‍ട്ട്‌യാര്‍ഡിനെ ചുറ്റി മുകളിലേക്കു പോകുന്ന ഗോവണിയിലൂടെ മുകളിലേക്കു കയറുമ്പോഴും വെളിച്ചം ഒപ്പം വരും. ഗോവണിയിറങ്ങാന്‍ തുടങ്ങുമ്പോള്‍ നേരെ കാണുന്ന ഡബിള്‍ഹൈറ്റിലുള്ള ഇടഭിത്തിയെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പത്തിന്റെ കാഴ്ചയിടമാക്കി.

 

പഴയ തടിയില്‍ പുത്തന്‍ ലുക്ക്

പഴയവീടിന്റെ തടി പരുവപ്പെടുത്തിയാണ് ജനലിനും വാതിലും നിര്‍മ്മിച്ചിരിക്കുന്നത്. ചെലവു കുറവ്, എന്നാല്‍ ഭംഗി നിലനിര്‍ത്താനും ഇതിലൂടെ സാധിച്ചു. ഏകദേശം നല്ല ഈടുറ്റ തടി മുറിച്ചെടുത്തു മിനുക്കിയതിനു ആഢ്യത്വവുമുണ്ട്.
ഒരു ഓഫീസിലെ പഴയ തടിഅലമാരയ്ക്കു വരുത്തിയ രൂപഭംഗിയും എടുത്തുപറയത്തക്കതാണ്. അലമാരയുടെ കൃത്യമായ നാലുഭാഗത്തു തടി ചതുരത്തില്‍ മുറിച്ചെടുത്തു ഗ്‌ളാസിട്ടപ്പോള്‍ അലമാരയ്ക്കു പുതുപുത്തന്‍ ലുക്ക്. മുറിച്ചെടുത്ത തടി കഷണമാണ് ബെഡിന്റെ തലഭാഗത്തെ ക്‌ളാഡിംഗാക്കി മാറ്റിയത്.
ചൈനയില്‍നിന്നു കേണ്ടുവന്ന ടൈസലുകളാണ് ഫ്‌ളോറിംഗിന് ഉപയോഗിച്ചിരിക്കുന്നത്. പ്രിന്റഡ് ടൈല്‍സാണു ലിവിങ്ങിന്റെ ഭംഗി. വാന്‍ഗോങിന്റെ അടക്കമുള്ള പ്രസിദ്ധരായ പലരുടെയും കാന്‍വാസ് ചിത്രങ്ങളും പെയിന്റിങ്ങുകളും കൊണ്ട് ചുവരുകള്‍ മോടിയാക്കിയിട്ടുണ്ട്.പാഴ്തടിയിലെ പുതുമ
വെറുതെ കളയുന്ന തേക്കിന്റെ കുറ്റിയാണു അജന്തയിലെ ഗോവണിപ്പടിയായി മാറിയത്. കുറ്റി മുറിച്ചു പടിക്കുപറ്റിയ രീതിയില്‍ പാളികളാക്കി ചേര്‍ത്താണു പടി തീര്‍ത്തത്. തടിയുടെ ജോയിന്റുകള്‍ അറിയാതിരിക്കാന്‍ ബ്രാസിന്റെ വീതികുറഞ്ഞ പട്ടയടിച്ചു.
കശുവണ്ടി തോടിന്റെ കറയില്‍
ഇവിടത്തെ തടിയുടെ മിനുക്കം കണ്ടാല്‍ ആരും നോക്കും. മിനുക്കിയ വിദ്യ അറിഞ്ഞാല്‍ അത്ഭുതപ്പെടുകയും ചെയ്യും.കശുവണ്ടി തോടിന്റെ കറ സംസ്‌ക്കരിച്ചെടുത്ത് പോളിഷാക്കി മാറ്റിയാണു തടി മിനുക്കിയത്. കശുവണ്ടി പോളീ

ഷ് തടിയെ ചിതലില്‍ നിന്നും മാത്രമല്ല വെള്ളം വീണുണ്ടാകുന്നകെടുപാടുകളില്‍ നിന്നും സംരക്ഷിക്കുയും ചെയ്യും.

സോളിഡ്-വോയ്ഡ് മിക്‌സ്
ചുറ്റുപാടും മരങ്ങളുള്ള സ്ഥലമല്ല. നല്ല കാറ്റും വെളിച്ചവുമുണ്ട്. ഇത് ഉപയോഗപ്പെടുത്താന്‍ സ്‌പേസിനു പ്രാധാന്യം കൊടുത്തു നിര്‍മ്മിച്ച വീടാണു അജന്തയെന്ന് ആര്‍ക്കിടെക്ട് ആശ ഹരീഷ് പറയുന്നു. കുന്നു പോലെ ഉയര്‍ന്ന സ്ഥലമാണിത്. മുന്‍വശത്തു നന്നായി കിട്ടുന്ന കാറ്റിനെ സ്വീകരിക്കാനാണ് താഴത്തെ സിറ്റൗട്ടും മുകളില്‍ വിശാലമായ ബാല്‍ക്കണിയും ഒരുക്കിയത്. ഭിത്തിയെക്കാളെറെ ഓപ്പണിംഗ് ഏരിയയാണ് കൂടുതല്‍. മാത്രമല്ല ക്രോസ്‌വെന്റിലേഷനു നല്ല സൗകര്യവുമൊരുക്കി. ഇതൊരു സോളിഡ്-വോയ്ഡ് മിക്‌സാണ്. അതുകൊണ്ടുതന്നെ കന്റംപററിയിലെ വേറിട്ട മാതൃകയെന്ന വിശേഷണമാണ് അജന്തയ്ക്ക് എറെയിണങ്ങുക.

 

 

 

 

OTHER SECTIONS