By Rajesh Kumar.14 11 2018
വീട്ടുടമ: അനില്‍ കുമാര്‍ റ്റി.കെ.
മാനന്തവാടി,
സബിത അനില്‍ കുമാര്‍
വീട്ടുപേര്: തെക്കേകളത്തില്‍
വിസ്തീര്‍ണ്ണം: 3180 സ്ക്വയര്‍ഫീറ്റ്
ഡിസൈനര്‍:ശംഭുദാസ്
പരമ്പരാഗത നാലുകെട്ടിന്റെ തികവാര്‍ന്ന ഡിസൈനോട് സമകാലിക വീടിന്റെ സാധ്യതകള്‍ കൂടി ഇണക്കിച്ചേര്‍ത്തിരിക്കുന്ന 'തെക്കേകളത്തില്‍' ലളിതസുന്ദരമായ കാഴ്ചാനുഭവമാണ് നല്‍കുന്നത്. പേവിംഗ് സ്റ്റോണ്‍ പാകി അതിനിടയില്‍ പുല്ല് വിരിച്ചിരിക്കുന്ന പുറം കാഴ്ചയില്‍ നിന്നുതന്നെ തെക്കേകളത്തിലിന്റെ പരമ്പരാഗ-സമകാലിക സമന്വയത്തിന്റെ ചാരുതദൃശ്യമാണ്.
ഫ്രണ്ട് എലവേഷനില്‍ നിന്നും പുറത്തേയ്ക്ക് ചതുരാകൃതിയില്‍ തള്ളിനില്ക്കുന്ന പൂമുഖം പരമ്പരാഗത കേരളീയ വാസ്തുവിദ്യയുടെ ഓര്‍മ്മകള്‍ സമ്മാനിക്കുന്നതാണ്. കൊത്തുപണി ചെയ്ത മുഖപ്പും തൂണുകളുമെല്ലാം കാഴ്ചയില്‍ കല്ലില്‍ തീര്‍ത്തതാണെന്ന് തോന്നിപ്പിക്കും. കോണ്‍ക്രീറ്റില്‍ സിമന്റുപയോഗിച്ച് നടത്തിയിരിക്കുന്ന മെയ്ക്ക്ഓവറിന് സ്റ്റോണ്‍ ഫിനിഷ് നല്‍കിയിരിക്കുകയാണ്. വീടിന്റെ അകത്തളങ്ങളിലടക്കം പരമ്പരാഗത കൊത്തുപണികളോടുകൂടി കല്ലുകളുടെ ദൃശ്യാനുഭവം തെക്കേകളത്തിലിന്റെ പ്രധാന ഹൈലൈറ്റായി മാറുന്നുണ്ട്.
പൂമുഖവാതില്‍ തുറന്നാല്‍ വിസ്താരമുള്ള നടുമുറ്റത്തിന്റെ ലളിതമനോഹരമായ കാഴ്ചയാണ് ആദ്യം മുന്നില്‍ തെളിയുക. തറയില്‍ പാകിയിരിക്കുന്ന തറയോടിന്റെ ഫീലുള്ള ടൈലുകളാണ് പരമ്പരാഗത നാലുകെട്ടിന്റെ സ്വഭാവികഫീല് അകത്തളത്തിന് പകര്‍ന്നു നല്‍കുന്നത്. നടുമുറ്റത്തിന് ചുറ്റോടുചുറ്റുമുള്ള പാസേജില്‍ നിന്നാണ് വീടിന്റെ എല്ലായിടത്തേയ്ക്കുമുള്ള എന്‍ട്രി. പൂമുഖവാതില്‍ കടന്നെത്തുന്നത് സിറ്റൗട്ടിലേയ്ക്കാണ്. നീലയുടെ ഷെയ്ഡുള്ള സോഫയും മരത്തിന്റെ ചെറിയ ടീപ്പോയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. അതിഥികള്‍ക്ക് വീടിന്റെ അകത്തളത്തിന്റെ കാഴ്ചമുഴുവന് ഇവിടെയിരുന്ന് ആസ്വദിക്കാന്‍ സാധിക്കും. ബെഡ്റൂമുകളുടെ സ്വകാര്യത നിലനിര്‍ത്തി ഫാമിലി ലിംവിംഗ് കം ഡൈനിംഗിന്റെയും സ്റ്റഡിറൂമിന്റെയുമെല്ലാം സാമീപ്യത്തെ സിറ്റൗട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവരുന്ന വിധത്തിലാണ് വീടിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്.
നടുമുറ്റം
കൊത്തുപണിയുള്ള പത്തു കരിങ്കല്ഫിനിഷുള്ള തൂണുകളുടെ നടുവിലാണ് വിസ്താരമുള്ള നടുമുറ്റം. പരമ്പരാഗത നാലുകെട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയരവും വിസ്തൃതിയും കൂടുതലുള്ള നടുമുറ്റമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നടുമുറ്റത്തിന്റെ തറയില്‍ പേവിംഗ് സ്റ്റോണ്‍ പാകി പരുക്കന്‍ ഫീല്‍ സൃഷ്ടിച്ചിട്ടുണ്ട്. നാലുവശത്തെയും ചരിവിന്റെ കാഴ്ച ദൃശ്യമാകത്തക്ക വിധത്തില്‍ നടുമുറ്റത്തിന്റെ മേല്‍ക്കൂര ഇരുമ്പുകമ്പികള്‍ പാകി സുരക്ഷിതമാക്കിയിട്ടുണ്ട്. സ്വഭാവികപ്രകാശം നേരിട്ട് നടുമുറ്റത്ത് പതിക്കുന്നതിനൊപ്പം പുറമേ നിന്നും ആര്‍ക്കും ആകത്തേയ്ക്ക് കടക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എന്നനിലയിലും ഈയൊരു സംവിധാനം പ്രയോജനപ്പെടുന്നു.
മേല്ക്കൂരവഴിയും നേരിട്ടും മഴവെള്ളം പതിക്കുന്നവിധത്തിലാണ് നടുമുറ്റം ഒരുക്കിയിരിക്കുന്നത്. മേല്‍ക്കൂരവഴി എത്തുന്നവെള്ളം പാത്തികളില് ശേഖരിച്ച് നടുമുറ്റത്തിന്റെ നാലുമൂലകളിലും വീഴുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇങ്ങനെ വീഴുന്ന വെള്ളം മൂലകളില്‍ ഒരുക്കിയിരിക്കുന്ന പൈപ്പിലൂടെ പുറത്ത് നിര്‍മ്മിച്ചിരിക്കുന്ന മഴവെള്ളസംഭരണിയില്‍ ശേഖരിക്കപ്പെടുന്നു. മഴക്കാലത്ത് റെയിന്ഹാര്വെസ്റ്റിനുള്ള സവിശേഷഇടം കൂടിയായി വിശാലമായ നടുമുറ്റം മാറുന്നു.
ഫാമിലി ലിവിങ്ങ് കം ഡൈനിങ്ങ്
അകത്തളത്തിലെ മറ്റൊരു ഓപ്പണ്‍ സ്പെയാസാണ് ഫാമിലി ലിവിങ്ങ് കം ഡൈനിംഗ്. സെമിപര്ഗോള ഫീലുള്ള തടികൊണ്ടുള്ള ഫ്രെയിം കൊടുത്തിട്ടുണ്ടെങ്കിലും കാഴ്ചയില്‍ ഫാമിലി ലിവിങ്ങ് കം ഡൈനിംഗ് ഒരു ഓപ്പണ്‍ സ്പെയ്സാണ്. നടുമുറ്റത്ത് വീഴുന്ന സ്വഭാവികപ്രകാശം ഇവിടെ പ്രതിഫിലിക്കുന്നതും ഈ തുറന്ന ഡിസൈന്റെ സാധ്യതയുള്ളതിനാലാണ്. ഭിത്തിയേട് ചേര്‍ന്ന നീളന്സോഫസെറ്റിയാണ് ഫാമിലി ലിവിങ്ങിന്റെ ഭാഗമായി വരുന്നത്. ഡൈനിന്റെ നടുവില്‍ പൂര്‍ണ്ണമായും മരത്തില്‍ ഒരുക്കിയിരിക്കുന്ന ഡൈനിംഗ്ടേബിളും കസേരകളും അകത്തളത്തിന്റെ മൊത്തം കളര്സ്കീമിനോട് ചേര്‍ന്നു നില്ക്കുന്നു. ഒരുവശത്തെ ഭിത്തിയുടെ താഴെഭാഗം യൂട്ടിലിറ്റി കബോര്‍ഡെല്ലാം ഒരുക്കി മുകള്‍ ഭാഗത്ത് വ്യത്യസ്ത വലിപ്പത്തിലുള്ള നിഷുകളെല്ലാം ക്രമീകരിച്ച് മധ്യഭാഗത്ത് ടി.വി ഉറപ്പിച്ച് ലിവിങ്ങിനെ ഒരു ലിഷര്‍ സ്പെയ്സ്കൂടിയാക്കി മാറ്റിയിട്ടുണ്ട്. ലിവിങ്ങിനോട് ചേര്‍ന്ന് നീളന്‍ പാസേജിന്റെ തുടര്‍ച്ചയെന്ന നിലയില്‍ ഒരുക്കിയിരിക്കുന്ന വാഷ്റൂം സമകാലിക ഭവനമാതൃകയെ അനുസ്മരിപ്പിക്കുന്നതാണ്.
അടുക്കള
വീടിന്റെ മൊത്തം കളര്‍സ്കീമില്‍ നിന്നും വേറിട്ട് നില്ക്കുന്ന രണ്ട് അടുക്കളകളാണ് 'തെക്കേകളത്തിലി'ന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. ചുവപ്പിന്റെയും വെളുപ്പിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തിയിരിക്കുന്ന അടുക്കളയുടെ കളര്‍സ്കീം ഉന്മേഷദായകമാണ്. പാന്‍ട്രി കിച്ചനും, യുട്ടിലിറ്റി കിച്ചണുമായി ഒരുക്കിയിരിക്കുന്ന രണ്ട് അടുക്കളകളും സ്പേശ്യസാണ്. ഫ്രിഡ്ജും പാത്രം സൂക്ഷിക്കാനുള്ള കബോര്‍ഡുകളുമെല്ലാം സെറ്റ് ചെയ്തിരിക്കുന്നത് പാന്‍ട്രി കിച്ചനിലാണ്. യൂട്ടിലിറ്റി കിച്ചനില്‍ വീട്ടുകാര്‍ക്ക് നിത്യേന ഉപയോഗത്തിനായി ബ്രേക്ക്ഫാസ്റ്റ് ടേബിളും കസേരകളും സെറ്റ് ചെയ്തിരിക്കുന്നു. യൂട്ടിലിന്റെ കിച്ചണില്‍ നിന്നും പ്രവേശിക്ക
വിധത്തില്‍ സ്റ്റോര്റൂമും ഒരുക്കിയിരിക്കുന്നു.
ാവുന്ന
ബെഡ്റൂം
നടുമുറ്റ ചുറ്റുന്ന നീളന്‍ ഓപ്പണ്‍ വരാന്തയില്‍ നിന്ന് പ്രവേശിക്കാവുന്ന വിധത്തില്‍ നാലുബെഡ്റൂമുകള് ഒരുക്കിയിട്ടുണ്ട്. നാലുകെട്ടായതിനാല് തന്നെ ഓപ്പണ്‍ സ്പെയ്സിന് പ്രാധാന്യം കൊടുക്കുന്ന ഡിസൈനാണ് അകത്തളങ്ങളുടെ പ്രത്യേകത. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ബെഡ്റൂമുകള്‍ക്ക് സ്വകാര്യത ഉറപ്പുനല്‍കുന്ന ഡിസൈന്‍ തെക്കേകളത്തിലി'ന്റെ പ്രത്യേകതയാണ്. സ്പേഷ്യസായി ഒരുക്കിയിരിക്കുന്ന നാലു ബെഡ്റൂമുകളും ബാത്ത്അറ്റാച്ച്ഡാണ്. ഡ്രസിംഗ് സെപെയ്സെല്ലാം സജ്ജീകരിച്ചിരിക്കുന്ന ബെഡ്റൂമുകളില്‍ വിശാലമായ സ്റ്റോറേജോടുകൂടി കബോര്‍ഡുകളും സജ്ജീകരിച്ചിട്ടുണ്ട്. മേല്‍ക്കൂരയുടെ ചെരുവിന്റെ സ്വഭാവീകതയും സ്വഭാവികവെളിച്ചത്തിന്റെ സാധ്യതകളുമെല്ലാം ഭംഗിയായി ഉപയോഗപ്പെടുത്തിയാണ് തെക്കേകളത്തില്‍' ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ദിപിന് മാനന്തവാടി
ചിത്രങ്ങള്‍: വിജീഷ് സുധാകര്‍ കാട്ടിക്കുളം