തനിനാടന്‍ ഗാര്‍ഡന്‍, ന്യൂജന്‍ സ്‌റ്റൈലില്‍

By Rajesh Kumar T. L..04 Jul, 2018

imran-azhar

 

രമ്യ എസ്. ആനന്ദ്

 

ജീവിതവേഗം കൂടിയപ്പോള്‍ പരമ്പരാഗതമായ നാടന്‍ പൂച്ചെടികളില്‍ നിന്നും വിദേശയിനങ്ങളിലേക്കുള്ള ചുവടുവയ്പ്പാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. എന്നാല്‍ ഇവയില്‍ പലതും നമ്മുടെ സമശീതോഷ്ണ കാലാവസ്ഥക്ക് അനുയോജ്യമാണോ എന്നുകൂടി നോക്കേണ്ടിയിരിക്കുന്നു. പല വിദേശയിനം ചെടികളും മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയാത്തവയാണ്. :

ഇന്‍ഫോര്‍മല്‍, ഡ്രൈ, സെന്‍, റോക്ക്, കന്റംപററി എന്നിങ്ങനെ പല രീതിയില്‍ ഗാര്‍ഡന്‍ വികസിച്ചുവെങ്കിലും നമ്മുടെ നാടന്‍ ചെടികള്‍ ഇവയോടൊക്കെ പൊരുതി നില്‍ക്കുന്നുണ്ട്.

 

നിലമൊരുക്കാം
ലാന്‍ഡ്‌സ്‌കേപ്പിനായി മുറ്റം ഒരുക്കുമ്പോള്‍ സോയില്‍ ടെസ്റ്റ് ചെയ്യുന്നത് അഭികാമ്യമാണ്, ചെളി മണ്ണോ ഉപ്പ് കൂടുതല്‍ ഉള്ള മണ്ണോ ആണെങ്കില്‍ ചെടികള്‍ക്ക് വളര്‍ച്ച കുറയും. ഗുണമില്ലാത്ത മേല്‍മണ്ണ് മാറ്റി നല്ല ചുവന്ന മണ്ണ് നിറയ്ക്കാം, വെള്ളം വാര്‍ന്നുപോവുന്നതിന് പ്രകൃതിദത്ത ചരിവും ഒരുക്കാം.
ഓരോ വീടിന്റെയും ബാഹ്യരൂപത്തിന് ചേരുന്നതുമാകണം അവിടുത്തെ ഗാര്‍ഡന്‍. കേരളീയശൈലിയുള്ള വീടുകള്‍ക്ക് തികച്ചും അനുയോജ്യമാണ് നാടന്‍ പൂന്തോട്ടം. കൊളോണിയല്‍, കന്റംപററി സ്‌റ്റൈല്‍ വീടുകളില്‍ ഒരല്‍പം ഭാവന ഉപയോഗിച്ചാല്‍ പുതുമയെയും പഴമയെയും സമന്വയിപ്പിക്കാം.
പുല്‍ത്തകിടി അല്പം ശ്രദ്ധയോടെയാവാം


പുല്‍ത്തകിടി ഒരുക്കുമ്പോള്‍ ഗ്രൗണ്ട് കവറിനായി ഉപയോഗിക്കാന്‍ പറ്റിയതാണ് അലങ്കാര നിലക്കടല, ഇവയില്‍ വിരിയുന്ന മഞ്ഞപൂക്കള്‍ക്ക് അഴകേറെയാണ്. കറുകപ്പുല്ലും പുല്‍ത്തകിടിയുടെ പ്രിയതോഴനാണ്. കറുകപ്പുല്‍പ്പച്ചപുല്‍ത്തകിടിക്ക് വീടിനോടു ചേര്‍ന്നുള്ള അതിര്‍ചെടിയായി ചുവന്ന ചെത്തിപ്പൂവും മതിലരികുകളില്‍ വെട്ടിനിര്‍ത്തിയ അഞ്ചിതള്‍ ചെമ്പരത്തിയും ചേര്‍ന്ന ഔട്ട് ഡോര്‍ ലിവിങ് സ്‌പേസ് മനോഹരമായ ദൃശ്യമാണ്.


മരങ്ങള്‍ വെട്ടിമാറ്റരുതേ
നാടന്‍ മരങ്ങളെയും വെട്ടിമാറ്റാതെ ലാന്‍ഡ് സ്‌കേപ്പ് ചെയ്യാം. തനിനാടന്‍ മരങ്ങളിലാണ് പക്ഷികള്‍ കൂട് കൂട്ടാന്‍ ഇഷ്ടപ്പെടുന്നത്. അധികം പൊക്കമില്ലാത്ത മരങ്ങള്‍ നിറയെ ടെറാക്കോട്ട പോട്ടുകള്‍ തൂക്കാം. ചിരട്ടയെ സാന്‍ഡ് പേപ്പര്‍ കൊണ്ടു മിനുസപ്പെടുത്തി പെയിന്റ് ചെയ്തു തൂക്കിയാല്‍ നിറമുള്ള വര്‍ണ്ണവൃത്തങ്ങള്‍ ചിതറിക്കിടക്കുന്ന ഫീല്‍ ഉണ്ടാക്കാം.


വെയിലുള്ള ഇടങ്ങളില്‍ മുളംതണ്ടിന്റെ പോട്ടുകള്‍ നിറയെ പത്തുമണിച്ചെടികള്‍ നിറയ്ക്കാം. ചില്ലുകുപ്പികളെ നിറമുള്ള പെയിന്റ് അടിച്ചു ഇഷ്ടമുള്ള ഡിസൈനുകളില്‍ തൂക്കാം. മുളകൊണ്ടുള്ള നിറമുള്ള ലാമ്പ് ഷേയ്ഡുകള്‍ കൂടിയായാല്‍ ഉദ്യാനം സ്വപ്നസദൃശമാകും.


ചെമ്പരത്തി മുതല്‍ ജമന്തി വരെ
മതിലിനോട് ചേര്‍ന്ന സ്ഥലങ്ങളില്‍ ചെമ്പരത്തിച്ചെടിയുടെ വിവിധ ഷേയ്ഡുകളും നന്ത്യാര്‍വട്ടവും നിരയൊപ്പിച്ച് നടാം. കൃത്യമായ പ്രൂണിങ് ഇവയ്ക്ക് ആവശ്യമാണ്. ഇളം മഞ്ഞയോ വെള്ളയും ചുവപ്പും കലര്‍ന്നതോ ആയ ചെമ്പകം നല്ലൊരു കോര്‍ണര്‍ ചെടിയാണ്.


മുഴുപ്പും സുഗന്ധവും ഉള്ള പൂക്കള്‍ ഉദ്യാനത്തിന് കാവ്യ ഭംഗിനല്‍കും. മഞ്ഞ മന്ദാരവും പൂച്ചയുടെ വാലുപോലെ തൂങ്ങിക്കിടക്കുന്ന അക്കാലിഫയും മതിലിന്റെ മൂലകളെ ജീവസ്‌സുറ്റതാക്കും. അക്കാലിഫ ഇന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ചെടിയാണ്. എല്ലാക്കാലവും തന്റെ ചുവന്ന പൂച്ച വാല്‍ തൂക്കി പൂത്തുനില്‍ക്കുന്ന ഒരു നിത്യഹരിത നായികയാണിത്.


ഗേറ്റിനോട് ചേര്‍ന്ന് ഗൃഹാതുരത്വമുളവാക്കി നടാന്‍ പറ്റിയ ഒരു പ്രതാപിയാണ് രാജമല്ലി. പൊതുവെ വര്‍ഷം മുഴുവന്‍ പൂത്തുനില്‍ക്കുന്ന രാജമല്ലിച്ചെടിയുടെ വര്‍ണ്ണഭേദങ്ങള്‍ ഗേറ്റില്‍ പരീക്ഷിക്കാം. ബോഗെയ്ന്‍വില്ലകള്‍ പടരാനായി കമ്പി കൊണ്ട് റെയ്‌ലിങ് ഒരുക്കിയാല്‍ ഒരു മിറക്കിള്‍ ഗാര്‍ഡന്‍ ലുക് തന്നെ സ്വന്തമാക്കാം. അങ്ങിങ്ങായി കമ്പികള്‍ കൊണ്ട് തന്നെ പടര്‍ന്നു കയറാനുള്ള സംവിധാനമൊരുക്കിയാല്‍ ശംഖു പുഷ്പവും കിഴുക്കുത്തി മുല്ലയും ആകാശമുല്ലയും പടര്‍ന്നു കയറും. ലോകമുറങ്ങുമ്പോള്‍ ഉണരുന്ന നിശാഗന്ധിയെയും ഇവിടെ പരീക്ഷിക്കാം .


ബെഡ്‌റൂമിന്റെ ജനാലച്ചുവട്ടില്‍ സുഗന്ധം പരത്തി പിച്ചിയും മുല്ലയും നടാം. കല്ല്യാണസൗഗന്ധികം ചെടികള്‍ ചെറിയ കൂട്ടമായി നടുക. മനം മയക്കുന്ന സുഗന്ധമുള്ള പൂക്കള്‍ ഇതിന്റെ പ്രത്യേകതയാണ്. ചെറുകാറ്റില്‍ പോലും ഉതിര്‍ന്നു വീഴുന്ന ഓറഞ്ചു നിറമുള്ള തണ്ടുകളുള്ള വെളുത്ത പൂക്കള്‍ നിറഞ്ഞ പവിഴമല്ലി നാടന്‍ പൂന്തോട്ടത്തിലെ സുഗന്ധ റാണിയാണ്.


വാര്‍ഷിക പൂക്കള്‍ക്ക് ആയുസ്‌സ് കുറവായതിനാല്‍ വര്‍ണവൈവിധ്യമുള്ള ഇലച്ചെടികളായ കോളിയസ് ഗ്രൂപ്പിനെയും കൂടെക്കൂട്ടാം. വളര്‍ന്ന പച്ചപ്പുല്ലിന്റെ ഹരിതാഭയ്ക്കിടയില്‍ ചായക്കൂട്ട് പോലെ ഈ കണ്ണാടിച്ചെടികള്‍ തിളങ്ങും.


ജമന്തിക്കും കൊങ്ങിണിപ്പൂവുകള്‍ക്കും കൊതുകിനെ തുരത്താന്‍ കഴിവുള്ളതിനാല്‍ നന്നായി വെയിലുള്ള എരിയകളില്‍ ഇവയുടെ പൂത്തടമൊരുക്കാം


മോടി കൂട്ടാം
മതിലുകളില്‍ ടെറാക്കോട്ട ശില്‍പ്പങ്ങള്‍ പതിപ്പിച്ചും, നടപ്പാതയില്‍ മാത്രം ടെറാക്കോട്ട ടൈലുകള്‍ പാകിയും ഉദ്യാനത്തിന് മോടി കൂട്ടാം. പഴയ ടെറാക്കോട്ട കുടങ്ങളില്‍ പൊതിനയും നട്ടു പിടിപ്പിക്കാം. , ഇവ വളര്‍ന്നുനില്‍ക്കുന്നത് നല്ല കാഴ്ചയാണ്.


നാടന്‍പൂന്തോട്ടത്തിന്റെ സൗന്ദര്യം അവയുടെ കൃത്യമായ വെട്ടിയൊതുക്കലുകളിലും ചെടികള്‍ തിരഞ്ഞെടുക്കുന്നതിലും അവയെ ഉയരം അനുസരിച്ചു ക്രമീകരിക്കുന്നതിലുമാണ്. ദിവസേനയുള്ള പരിചരണവും ജലസേചനവും ആവശ്യമില്ലെന്നതും ഇവയെ ജനപ്രിയമാക്കുന്നു .
നിരയൊപ്പിച്ചും ഇടകലര്‍ത്തിയും കൂട്ടമായും കലാപരമായി ഡിസൈന്‍ ചെയ്താല്‍ എല്ലാ ദിവസവും കിളികളുടെ പാട്ടും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും തേനുണ്ണാന്‍ എത്തുന്ന കുരുവിക്കൂട്ടങ്ങളും നിറഞ്ഞ പ്രകൃതിസൗന്ദര്യത്തിന്റെ ഒരു തുണ്ട് നിങ്ങള്‍ക്കും സ്വന്തമാക്കാം. ഒപ്പം ആവാസവ്യവസ്ഥയുടെ പരിരക്ഷയുടെ ഭാഗമായതിന്റെ മനഃസംതൃപ്തിയും ലഭിക്കും.

 

 

 

OTHER SECTIONS