ചെറിയ വീട്, വലിയ സൗകര്യം

By Rajesh Kumar.11 Jan, 2017

imran-azhar

പച്ചപ്പില്‍ മുങ്ങിനില്‍ക്കുന്ന വീട് കാണണമെങ്കില്‍ പാലക്കാട്ടേക്കു വരൂ. ഇവിടെ പുത്തൂരില്‍ രാജലക്ഷ്മി അമ്മയുടെ വീടുണ്ട്. പാലക്കാടിന്റെ സൗന്ദര്യവും ലാളിത്യവും ഒത്തുചേര്‍ന്നൊരു കുഞ്ഞുവീട്. അര്‍ദ്ധവൃത്താകൃതിയും ചതുരവും ഇടചേര്‍ന്ന എലിവേഷന്‍, ഗ്രീന്‍, ഗ്രീനിഷ് ക്രീം, കോഫി ബ്രൗണ്‍ കോമ്പിനേഷന്‍ എല്ലാം ഇടകലര്‍ന്ന് അഞ്ച് സെന്റ് സ്ഥലത്താണ് 1200 ചതുരശ്രയടി വീട്. 

 

ഭാഗം കിട്ടിയ അഞ്ച് സെന്റില്‍ ഒരു കിണറും ഉണ്ടായിരുന്നു. കിണര്‍ നിലനിര്‍ത്തി വീട് വയ്ക്കണമെന്നായിരുന്നു രാജലക്ഷ്മിയുടെ ആഗ്രഹം. അഡോണ്‍ കണ്‍സ്ട്രക്ഷനിലെ ഷിബുവിനോട് ഇക്കാര്യം ആദ്യമേ സൂചിപ്പിച്ചിരുന്നു. അങ്ങനെ, കിണറിന് ചുറ്റുമായാണ് വീടിന്റെ നിര്‍മ്മിതി. 

 


പച്ചപ്പുല്ല് വിരിച്ച മുറ്റം കടന്നു ചെല്ലുന്നത് സിറ്റൗട്ടിലേക്കാണ്. സിറ്റൗട്ടില്‍ ഇന്‍ബില്‍റ്റ് സീറ്റിങ്ങാണ് നല്‍കിയിട്ടുള്ളത്. ഇരുപാളി വാതില്‍ തുറന്ന് ലിവിങ്ങിലേക്ക് കടക്കാം. ലിവിങ്ങിലെ ഒരു ഭിത്തി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു ഭിത്തിയില്‍ ടിവി യൂണിറ്റ് നല്‍കി. മറൈന്‍ വുഡില്‍ മൈക്ക ഒട്ടിച്ച് ചെലവ് കുറഞ്ഞ രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. വീടിന്റെ അകത്തളങ്ങളില്‍ പാകിയിരിക്കുന്നത് മാറ്റ് ഫിനിഷ് ടൈലാണ്. തടി ആവശ്യങ്ങള്‍ക്ക് തേക്കാണ് ഉപയോഗിച്ചത്.


ലിവിങ്ങും ഡൈനിങ്ങും ഒരുമിച്ചാണ് ഒരുക്കിയിരിക്കുന്നത്. ഡൈനിങ്ങിന്റെ ഒരുവശത്ത് വാഷ് ഏരിയ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടാത്തവിധം നല്‍കിയിട്ടുണ്ട്. ഡൈനിങ്ങില്‍ നിന്നാണ് സ്‌റ്റെയര്‍കേസും തുടങ്ങുന്നത്. ടൈല്‍ പാകി സ്റ്റീല്‍ റെയില്‍ കൊടുത്താണ് സ്‌റ്റെയര്‍കേസ്.
ഡൈനിങ് ഏരിയയോട് ചേര്‍ന്നാണ് പൂജാമുറി. 

 


രണ്ട് അറ്റാച്ച്ഡ് ബെഡ്‌റൂമുകളാണ് വീടിനുള്ളത്. ഡൈനിങ് ഏരിയയുടെ ഒരുവശത്തെ കോറിഡോറിലൂടെ നടന്നെത്തുന്നത് മാസ്റ്റര്‍ ബെഡ്‌റൂമിലേക്കാണ്. കോറിഡോറിന്റെ ഒരുഭാഗത്തായി കിണറും കാണാം.

 


സ്‌റ്റെയര്‍കേസിനു താഴെയുള്ള സ്‌പേസിലൂടെ അടുക്കളയിലേക്കു പോകാം. സ്‌റ്റെയര്‍കേസിന് അടിവശം വാഷിങ് മെഷീന്‍ ഏരിയയാക്കി.
കിച്ചനിലെ കബോഡുകള്‍ മള്‍ട്ടിവുഡ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. എളുപ്പം ഈര്‍പ്പം പിടിക്കില്ല, ചിതലരിക്കില്ല തുടങ്ങി നിരവധി ഗുണങ്ങളുണ്ട് മര്‍ട്ടിവുഡിന്. മോഡേണ്‍ കിച്ചന്‍ ആണെങ്കിലും വര്‍ക്ക് ഏരിയയില്‍ പുകയില്ലാത്ത അടുപ്പ് നല്‍കിയിട്ടുണ്ട്. കിച്ചനില്‍ നിന്ന് വര്‍ക്ക് ഏരിയയിലെക്കു കടക്കുന്നിടത്ത് കോര്‍ണര്‍ ക്രോക്കറി ഷെല്‍ഫും നല്‍കിയിട്ടുണ്ട്.

 

 


കിച്ചനിലെ ആവശ്യങ്ങള്‍ക്കായി കിണറില്‍ നിന്ന് നേരിട്ട് വെള്ളമെടുക്കാനുള്ള സൗകര്യവുമുണ്ട്. കിച്ചനോട് ചേര്‍ന്നുള്ള ജനല്‍ കിണറിലേക്കാണ് തുറക്കുന്നത്. കിണര്‍ ഗ്‌ളാസ് കൊണ്ട് മൂടിയിട്ടുണ്ട്. സ്‌റ്റെയര്‍കേസ് കയറിയെത്തുന്നത് സ്റ്റഡിറൂമിലേക്കാണ്. അവിടെ നിന്ന് ഓപ്പണ്‍ ടെറസിലേക്ക് പ്രവേശിക്കാം.

 

 

 

ഷിബു കെ. എ.
സിവില്‍ എന്‍ജിനീയര്‍
അഡോണ്‍ കണ്‍സ്ട്രക്ഷന്‍സ്
പാലക്കാട്

 

OTHER SECTIONS