മിനിമലിസ്റ്റ് കണ്‍സപ്റ്റില്‍ കിടിലന്‍ അപാര്‍ട്‌മെന്റ്

By Rajesh Kumar.13 Mar, 2018

imran-azhar

 ബാംഗ്ലൂര്‍, എല്‍ ആന്‍ഡ് ടി സൗത്ത് സിറ്റിയിലെ തൃപ്പൂണിത്തുറ സ്വദേശി സുന്ദരേശന്റെ അപാര്‍ട്ട്‌മെന്റ് വേറൊന്നല്ല, വേറിട്ടതാണ്. മിനിമലിസ്റ്റിക് കണ്‍സപ്റ്റില്‍ ഇന്റീരിയര്‍ ഒരുക്കിയത് മലയാളിയായ ഇന്റീരിയര്‍ ഡിസൈനര്‍ ജോബി ജോസഫാണ്. തന്റെ ചിന്തകള്‍ പ്രതിഫലിപ്പിക്കുന്ന, വാം, ട്രഡിഷണല്‍ ലുക്കില്‍ ഇന്റീരിയര്‍ ഒരുക്കണമെന്നാണ് ജോബി ജോസഫിനോട് സുന്ദരേശന്‍ ആവശ്യപ്പെട്ടത്. അകത്തളങ്ങളില്‍ അടുക്കും ചിട്ടയും വേണമെന്നുള്ളതും സുന്ദരേശന്റെ നിര്‍ദ്ദേശമായിരുന്നു. ക്ലയന്റിന്റെ താത്പര്യത്തിന് അനുസരിച്ചുതന്നെ ജോബി ഇന്റീരിയര്‍ ഒരുക്കി. 

 

 

ട്രഡിഷണല്‍ ലുക്ക് നിലനിര്‍ത്തുമ്പോള്‍ തന്നെ വിക്‌ടോറിയന്‍ സ്‌റ്റൈലും സ്വീകരിച്ചിട്ടുണ്ട്. വൈറ്റ് കണ്‍സപ്ടാണ് അകത്തളങ്ങളിലുടനീളം ഉപയോഗിച്ചത്. മഞ്ഞയും ക്രിയാത്മകമായി ഉപയോഗിച്ചിട്ടുണ്ട്. ഇവ നല്‍കുന്ന വാം ഫീല്‍ ആണ് ഇന്റീരിയറിന്റെ ഹൈലൈറ്റ്.
കാഴ്ചയ്ക്കുപരി സൗകര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. ലിവിങ്ങ് സ്‌പേസില്‍ ആവശ്യത്തിനു മാത്രം ഫര്‍ണിച്ചര്‍ നല്‍കി. കസ്റ്റം മെയ്ഡ് ഫര്‍ണിച്ചറാണ് ഉപയോഗിച്ചത്. റെഡിമെയ്ഡ് ഫര്‍ണിച്ചര്‍ പലപ്പോഴും കാഴ്ചയ്ക്കു വേണ്ടി മാത്രമുള്ളതാണെന്ന് ജോബി ജോസഫ് പറയുന്നു. അവയ്ക്ക് പരിമിതികളുണ്ട്. പലതും ഉപയോഗിക്കുന്നയാളിന്റെ ആവശ്യത്തിന് അനുസരിച്ചാവില്ല നിര്‍മ്മിച്ചിരിക്കുന്നത്.

 

 

ലിവിങ്ങിന്റെ ഒരു ഭിത്തി നാച്വറല്‍ സ്‌റ്റോണ്‍ കൊണ്ട് ഹൈലൈറ്റ് ചെയ്തു. അതിന്റെ സെന്ററില്‍ വൈറ്റ് ഡ്യൂക്കോ ഫിനിഷ് നല്‍കി ടിവി യൂണിറ്റ് സെറ്റ് ചെയ്തു. മഞ്ഞ നിറമുള്ള ലാമ്പും പില്ലോക്കവറും മുറിയുടെ വാം ലുക്ക് കൂട്ടുന്നു.
അനാവശ്യമായി ഫര്‍ണിച്ചറും മറ്റു മെറ്റീരിയലുകളും നിറയ്ക്കാതെ ലിവിങ്ങില്‍ ഫ്രീ സ്‌പേസ് കൂടുതല്‍ നല്‍കി. ഇവിടെ ഷാന്‍ഡിലിയറും നല്‍കിയിട്ടുണ്ട്. ലിവിങ്ങ് സ്‌പേസിന്റെ മൂഡിന് അനുയോജ്യമായ ഷാന്‍ഡിലിയറാണ് തിരഞ്ഞെടുത്തത്. ലൈറ്റ് സുന്ദരിയുടെ നെറ്റിയിലെ പൊട്ടുപോലെയാണ്. ഒരു ബാലന്‍സ് ക്രിയേറ്റ് ചെയ്യും- ജോബി ജോസഫ് പറയുന്നു. സീലിങ്ങില്‍ ഡൗണ്‍ ലൈറ്റുകളും മൂഡ് ലൈറ്റുകളും നല്‍കി. മുറിക്കുള്ളില്‍ വാം ഫീല്‍ പകരാന്‍ ലൈറ്റുകളുടെ ക്രമീകരണം സഹായിക്കുന്നു.
പൂജാമുറി കേരള സ്‌റ്റൈലിലാണ് ഒരുക്കിയത്. വളരെ മനോഹരമാണിത്. പൂജാമുറിയുടെ ഇരുവശത്തുമുള്ള മണികള്‍ ട്രഡിഷണല്‍ ഫീല്‍ നല്‍കുന്നു. വാതിലില്‍ നിറയെ മണികളാണ്. ബര്‍മ്മ തേക്കുകൊണ്ടാണ് വാതില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ വോള്‍നട്ട് ഫിനിഷ് നല്‍കി. ലക്ഷ്വറി ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യുന്നവര്‍ക്ക് പ്രിയപ്പെട്ടതാണ് വോള്‍നട്ട് ഫിനിഷ്.

 


ബെഡ്‌റൂമിന്റെ ഒരു ഭിത്തി വാള്‍ പേപ്പര്‍ നല്‍കി ഹൈലൈറ്റ് ചെയ്തു. വാള്‍ പേപ്പറിനു ചില ഗുണങ്ങളുണ്ട്. അധികം പണച്ചെലവില്ല. മാത്രമല്ല, കുറച്ചുനാള്‍ കഴിയുമ്പോള്‍ ഇളക്കിമാറ്റി മറ്റൊന്ന് ഒട്ടിക്കാനും സാധിക്കും. ഇരുപത്തിനാലാമത്തെ ഫ്‌ളോറിലാണ് അപാര്‍ട്ട്‌മെന്റ്. ബെഡ്‌റൂമില്‍ ഗ്ലാസ് വിന്റോ നല്‍കിയിട്ടുണ്ട്. ഇവിടുത്തെ കര്‍ട്ടന്‍ മാറ്റുമ്പോഴുള്ള ബാംഗ്ലൂര്‍ നഗരത്തിന്റെ രാത്രിക്കാഴ്ച മനോഹരമാണ്.

 


മിനിമലിസ്റ്റിക് ഡിസൈന് മികച്ച ഉദാഹരണമാണ് ഇവിടുത്തെ കിച്ചന്‍. സ്ലീക്ക്, സ്‌ട്രൈറ്റ് ഡിസൈനാണ് കിച്ചന്റെ പ്രത്യേകത. വീട്ടമ്മയുടെ ജോലി ആയാസരഹിതമാക്കാന്‍ സഹായിക്കുന്നതാണ് കിച്ചന്റെ ഡിസൈന്‍. പൂര്‍ണമായും കസ്റ്റമൈസ്ഡും ഫങ്ഷണലുമാണ് കിച്ചന്‍. ഫര്‍ണിച്ചറെല്ലാം ഒരു വശത്തേക്കുമാറ്റി, മധ്യഭാഗം ഒഴിച്ചിട്ടു. പ്ലൈവുഡില്‍ വൈറ്റ് ഗ്ലോസി ലാമിനേറ്റ് ചെയ്ത ഗ്ലാസ് ഷെല്‍ഫ് ഇരുവശങ്ങളിലും നല്‍കി. ടാന്‍ഡം ബോക്‌സ് കൊണ്ടാണ് കിച്ചന്‍ കാബിനറ്റ് ഒരുക്കിയത്. സ്‌ലോപ് ചിമ്മിനിയാണ് നല്‍കിയിരിക്കുന്നത്.

ജോബി ജോസഫ്
ഇന്റീരിയര്‍ ഡിസൈനര്‍
ബാംഗ്‌ളൂര്‍
9986913147