ആര്‍ക്കിടെക്റ്റ് ആക്ട്രസ്

By Sarmila Sasidhar.14 Mar, 2018

imran-azhar

പ്രേതമെന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രത്തിലൂടെ പ്രതികാര ദാഹിയായ ആത്മാവായും സണ്‍ഡേ ഹോളിഡേയിലൂടെ കാമുകനെ തേച്ചിട്ടു പോകുന്ന പ്രാക്ടിക്കല്‍ കാമുകിയായും തിളങ്ങിയ നടിയാണ് ശ്രുതി രാമചന്ദ്രന്‍. ആര്‍ക്കിടെക്റ്റ് കൂടിയായ ശ്രുതി അഭിനയത്തോടൊപ്പം പ്രൊഫഷനും മുന്നോട്ടു കൊണ്ടു പോകുന്നു.

 

ആര്‍ക്കിടെക്ചറിലേക്ക് വന്നത്
സിവില്‍ എഞ്ചിനിയര്‍ ആയിരുന്നു മുത്തച്ഛന്‍. മുത്തച്ഛന്‍ നിര്‍മ്മിച്ച നിരവധി വീടുകള്‍ ചെന്നൈയിലുണ്ട്. കുട്ടിക്കാലത്ത് ഹോളിഡെയ്‌സ് മുത്തച്ഛന്റേയും മുത്തശ്ശിയുടേയും കൂടെയായിരുന്നു. അധിക സമയവും മുത്തച്ഛനൊപ്പം ചെലവഴിച്ചിരുന്നതിനാല്‍ അദ്ദേഹം ചെയ്യുന്ന കാര്യങ്ങളെല്ലാം നിരീക്ഷിക്കുമായിരുന്നു. ചെന്നൈയിലായതു കൊണ്ടു തന്നെ അധിക സമയവും മുത്തശ്ശന്റെ കൂടെ ചിലവഴിക്കുമായിരുന്നു. അങ്ങനെ ഈ മേഖല കൊള്ളാമെന്നു തോന്നി. മാത്രമല്ല ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഞങ്ങളുടെ വീടു പണി. വീട്ടിലെല്ലാവരും അതില്‍ ഇന്‍വോള്‍വ്ഡ് ആയിരുന്നു. ഒന്നുമറിയില്ലെങ്കിലും അവര്‍ക്കിടയിലൂടെ ഞാനും നടക്കും. പിന്നീട് പ്രൊഫഷനായി ആര്‍ക്കിടെക്ചര്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.

 

വീട് കാണുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കാറുള്ളത്?
കുട്ടിക്കാലത്ത് ഭംഗിയുള്ള വീട് എന്നതിനപ്പുറം മറ്റൊന്നും ശ്രദ്ധിക്കാറില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ ഒരു വീട് കണ്ടാല്‍ പണിതിരിക്കുന്ന രീതി മുതല്‍ മോടി പിടിപ്പിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ വരെ എല്ലാം ശ്രദ്ധിക്കും. എന്റെ വീക്ക്നെസ്സ് ബാത്ത്റൂമാണ്. ഏതു വീടു കണ്ടാലും ആദ്യം പോയി നോക്കുന്നത് ബാത്ത്റൂം ആയിരിക്കും.

 

കേരളത്തിലെ വര്‍ക്കുകള്‍ ഏതൊക്കെയാണ്?
സത്യത്തില്‍ കേരളത്തില്‍ ഞാന്‍ ആകെ ചെയ്തിട്ടുള്ളത് ഒരു ഓഫീസിന്റെ വര്‍ക്ക് മാത്രമാണ്. എന്റെ മറ്റു വര്‍ക്കുകളെല്ലാം മുംബയിലാണ്. മുംബയില്‍ ഒരുപാട് വീടുകളും ഒരു ഹോസ്പിറ്റലും ചെയ്തിട്ടുണ്ട്. മുംബയിലുള്ള എല്‍&ടിയിരുന്നു ട്രെയിനിങ്ങ്. അതൊരു വലിയ കമ്പനിയായതുകൊണ്ടു തന്നെ ധാരാളം കസ്റ്റമേഴ്സ് ഉണ്ടായിരുന്നു. അവിടെ നിന്നും ലഭിച്ച അനുഭവ സമ്പത്തും പ്രവര്‍ത്തി പരിചയവും എനിക്ക് നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്.

 

കൂടുതല്‍ സംതൃപ്തി നല്‍കിയ വര്‍ക്ക്
മുംബയില്‍ പണിത ഒരു വീടാണത്. നമ്മുടെ അതേ അഭിരുചിയുള്ള ഒരാളെ കസ്റ്റമറായി ലഭിക്കുന്നത് ഭാഗ്യമാണ്. വളരെ അപൂര്‍വ്വമായി മാത്രമേ അങ്ങനെയൊരു സൗഭാഗ്യം ലഭിക്കുകയുള്ളൂ. ഭാഗ്യത്തിന് എനിക്ക് ലഭിച്ച ആദ്യത്തെ കസ്റ്റമര്‍ തന്നെ അങ്ങനെയുള്ള ആളായിരുന്നു. എല്‍&ടിയില്‍ നിന്നും ഞാന്‍ പഠിച്ച പാഠങ്ങള്‍ നന്നായി ഉപയോഗിക്കാന്‍ സാധിച്ചു. അതിനാല്‍, ഏറ്റവും പ്രിയപ്പെട്ട വര്‍ക്ക് ഏതാണെന്നു ചോദിച്ചാല്‍ എനിക്ക് ചൂണ്ടിക്കാണിക്കാന്‍ മറ്റൊന്നില്ല.

 

സിനിമയിലെത്തിയത്
എന്റെ ഡാന്‍സ് ടീച്ചറിന്റെ ബന്ധു ആണ് ഡയറക്ടര്‍ രഞ്ജിത്ത്. ഒരിക്കല്‍ ഡാന്‍സ് ക്ലാസില്‍ വച്ച് അദ്ദേഹമെന്നെ കണ്ടു. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് അന്വേഷിച്ചു. അങ്ങനെ 'ഞാന്‍'-ല്‍ അഭിനയിച്ചു.
അന്ന് സിനിമ അത്രയ്ക്ക് സീരിയസ്സായി എടുത്തിരുന്നില്ല. 'ഞാന്‍'നു ശേഷം ഹയര്‍ സ്റ്റഡീസിനായി പുറത്തു പോയി. ഹയര്‍ സ്റ്റഡീസ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ജയേട്ടനെ(നടന്‍ ജയസൂര്യ) കാണുന്നതും പ്രേതത്തിന്റെ ഭാഗമാകുന്നതും.

 

വീട്
എറണാകുളത്ത് വൈറ്റിലയിലാണ് എന്റെ വീട്. അവിടെയിപ്പോള്‍ അച്ഛനും അമ്മയുമാണുള്ളത്. ഞാനും ഭര്‍ത്താവും കടവന്ത്രയിലാണ് താമസിക്കുന്നത്.

 

കേരളത്തിലെ ആര്‍ക്കിടെക്ചര്‍ മേഖലയെ കുറിച്ച്
ഇടയ്ക്ക് എറണാകുളത്തൊരു കോളേജില്‍ ഞാന്‍ ആര്‍ക്കിടെക്ചര്‍പഠിപ്പിക്കുന്നുണ്ടായിരുന്നു. ആര്‍ക്കിടെക്ചറിനെ കുറിച്ച് വലിയ അറിവുകള്‍ ലഭിച്ചത് അവിടെ നിന്നുമാണ്. അതു വരെ പരിമിതമായ അറിവുകള്‍ മാത്രമേ എനിയ്ക്കുണ്ടായിരുന്നുള്ളൂ. കേരളത്തിലെ ആര്‍ക്കിടെക്ചറില്‍ മേഖലയില്‍ പുരോഗതിയുണ്ടായിട്ടില്ല എന്ന എന്റെ ധാരണയെ മാറ്റി മറിയ്ക്കുന്നതായിരുന്നു അക്കാലത്തെ അനുഭവങ്ങള്‍. പുതിയ പരീക്ഷണങ്ങള്‍ക്ക് തയ്യാറായിട്ടുള്ള നിരവധി പേര്‍ കേരളത്തിലുണ്ട്.

 

സെലിബ്രിറ്റി ആയത് പ്രൊഫഷനെ ബാധിച്ചോ?
സിനിമയുടെ തിരക്കുകളുള്ളതിനാല്‍ ഞാനിപ്പോള്‍ ഫ്രീലാന്‍സായിട്ടാണ് വര്‍ക്ക് ചെയ്യുന്നത്. സിനിമയില്‍ സജീവമായതിനു ശേഷം കൂടുതല്‍ പ്രൊജക്ടുകള്‍ എടുത്തിട്ടില്ല. അതിനാല്‍ സിനിമ എന്റെ പ്രൊഫഷനെ ഏതു രീതിയില്‍ ബാധിക്കുമെന്നു പറയാറായിട്ടില്ല. ഒരുപക്ഷേ ഭാവിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. എന്തായാലും ഒന്നിനു വേണ്ടി മറ്റേത് ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നില്ല.

 

വീട് എങ്ങനെ ആയിരിക്കണം?
അങ്ങനെ എടുത്തു പറയാന്‍ പറ്റുന്ന ഒരു കാര്യമല്ലല്ലോ അത്. ഉപയോഗിക്കുന്നവരുടെ സൗകര്യമാണവിടെ പ്രധാനം. കസ്റ്റമറിന്റെ വിവിധ തരത്തിലുള്ള ആശയങ്ങളെ പ്രാവര്‍ത്തികമാക്കുകയാണ് ഒരു ആര്‍ക്കിടെക്റ്റ് ആര്‍ക്കിടെക്റ്റിന്റെ ജോലി.

 

വീടുവയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്?
കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് കസ്റ്റമറിന്റെ താല്‍പ്പര്യത്തിനു തന്നെയാണ്.
നമ്മള്‍ പണിയുന്ന വീട് എങ്ങനെയായാലും അവിടെ താമസിക്കുന്നത് അവരാണ്. ഇഷ്ടമില്ലാത്ത ഒരു വീട്ടില്‍ ആരും കംഫര്‍ട്ടബ്ള്‍ ആയിരിക്കില്ല. വ്യത്യസ്ത ആവശ്യങ്ങളാണല്ലോ ഓരോരുത്തര്‍ക്കും. ചിലര്‍ക്ക് ഗ്ലാസ് ഇഷ്ടമാണെങ്കില്‍ മറ്റു ചിലര്‍ക്കത് ഇഷ്ടമാവില്ല. ഞങ്ങളുടെ വീടു പണി നടക്കുമ്പോള്‍ അമ്മയാണ് എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്.അമ്മ ആര്‍ക്കിടെക്റ്റിനൊപ്പമിരുന്ന് ഓരോ അഭിപ്രായങ്ങള്‍ പറയും.

 

സ്വപ്നഭവനം എങ്ങനെയുള്ളതാണ്?
വിശാലമായ മുറ്റവും, അകത്തളങ്ങളില്‍ കാറ്റും വെളിച്ചവും, പച്ചപ്പു നിറഞ്ഞ ചുറ്റു പാടുകളുമുള്ള ഒരു വീടാണെന്റെ സ്വപ്ന ഭവനം. എപ്പോഴാണ് ആ ആഗ്രഹം സാക്ഷാത്ക്കരിക്കാന്‍ സാധിക്കുകയെന്നറിയില്ല.

 

ഏറ്റവും ഇഷ്ടമുള്ള വീട് ഏതാണ്?
എനിക്കേറ്റവും ഇഷ്ടമുള്ള വീട് എന്റെ അച്ഛനും അമ്മയും താമസിക്കുന്ന വൈറ്റിലയിലെ വീടു തന്നെയാണ്. എന്റെ സ്വപ്നഭവനവുമായി വളരെയധികം സാദൃശ്യമുണ്ട് ആ വീടിന്. അകത്തളങ്ങളിലെപ്പോഴും ധാരാളം കാറ്റും വെളിച്ചവും ഉണ്ടാവും. മാത്രമല്ല അമ്മയൊരു പ്രകൃതി സ്നേഹി ആയതുകൊണ്ടു തന്നെ മുറ്റം നിറയെ ചെടികളും മരങ്ങളുമാണ്.
പിന്നെ എനിക്കിഷ്ടം ഇഷ്ടം അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും ചെന്നെയിലുള്ള വീടാണ്. കുട്ടിക്കാലത്ത് വെക്കേഷനുകള്‍ സ്ഥിരമായി ചിലവഴിക്കാറുള്ളതവിടെയാണ്. ഓരോ തവണയും വെക്കേഷന്‍ തുടങ്ങുമ്പോഴേ എനിക്കിഷ്ടമുള്ള ഭക്ഷണവുമായി മുത്തച്ഛനും മുത്തശ്ശിയും കാത്തിരിപ്പുണ്ടാവും. ഒരു പക്ഷേ ആ വീട് ഇഷ്ടപ്പെടാന്‍ കാരണം അവരോടും അവരുണ്ടാക്കുന്ന ഭക്ഷണത്തോടുമുള്ള ഇഷ്ടം കൊണ്ടുകൂടിയാവാം.


ശര്‍മിള ശശിധര്‍