വീടിനകത്തെ ചൂടിനെ ഇനി ഭയക്കേണ്ട

By Anju N P.11 Aug, 2017

imran-azhar

 

വീടിനകത്തെ ചൂട് ഒരു വലിയ പ്രശ്നമായി ഇന്ന് മാറിക്കൊണ്ടിരിക്കുന്നു. ചൂടുകാരണം വീട്ടിനകത്ത് ഇരിക്കാന്‍ സാധിക്കാതെ വന്നാലോ...? ചൂടിനെ എങ്ങനെ തടുക്കാമെന്ന് ആലോചിക്കുന്നവര്‍ ചൂടിനെ പഴിക്കുന്നതിന് മുന്‍പായി നമ്മുടെ വീട് എന്തുകൊണ്ട് ഇത്തരത്തില്‍ ചൂടാകുന്നു എന്നാണ് ആദ്യം ചിന്തിക്കേണ്ടത്.


വീട് നിര്‍മിക്കുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ പ്ലാന്‍ ചെയ്താല്‍ ചൂടിനെ ഇങ്ങനെ ഭയക്കേണ്ടി വരില്ല. സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന വീടിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുക. ഈ ഭാഗത്ത് ചുമരുകള്‍ വരാതെ വീടിന്റെ കാര്‍പോര്‍ച്ചോ സിറ്റൗട്ടോ വരാവുന്ന രീതിയില്‍ ക്രമീകരിക്കണം. വെയില്‍ അധികം പതിക്കാത്ത വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ പരമാവധി വലിയ ജനലുകള്‍ വയ്ക്കാം, ഇതിലൂടെ ചൂട് അകത്തേക്ക് പ്രവേശിക്കുന്നത് കുറക്കാനും പരമാവധി ശുദ്ധവായു വീടിനകത്തേക്ക് കയറാനും വഴിയൊരുക്കുന്നു.

 

തറ പണിയാന്‍ കരിങ്കല്ലോ വെട്ടുകേല്ലാ ഉപയോഗിക്കുന്നത് നല്ല തണുപ്പ് കിട്ടാന്‍ സഹായിക്കും. ചുമരിന് മണ്‍കട്ടകള്‍, ഇഷ്ടിക എന്നിവയുമാകാം. ചുമര്‍ തേക്കാന്‍ ഇപ്പോള്‍ കൂടുതലായും ഉപയോഗിക്കുന്നത് മഡ് പ്ലാസ്റ്ററിങ്ങാണ്. മണ്ണ് തേച്ചു പിടിപ്പിക്കുക വഴി വീടിനകത്ത് ചൂടു കുറയുക മാത്രമല്ല, ചെലവും കുറയും. പെയിന്റിങ്ങ് ആവശ്യമില്ലാത്തതിനാല്‍ ഭാവിയില്‍ ഉണ്ടാവുന്ന സാമ്പത്തിക നഷ്ടവും കുറയ്ക്കാനാവും. പെയിന്റിനെ വെല്ലുന്ന അഴകാണ് മഡ് പ്ലാസ്റ്ററിങ്ങിന്റെ മറ്റൊരു പ്രത്യേകത. ചെറിയ ചെലവില്‍ വീട് വയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് സ്വീകരിക്കാവുന്ന രീതിയാണ്. വില കൂടിയ പെയിന്റുകള്‍ വാങ്ങി ഭംഗിയ്ക്ക് അടിക്കുമെങ്കിലും ചൂട് വര്‍ദ്ധിപ്പിക്കുന്നതില്‍ പെയിന്റുകള്‍ക്ക് വലിയ പങ്കുണ്ട്. അതുകൊണ്ട് മഡ് പ്ലാസ്റ്ററിങ്ങ് പരീക്ഷിക്കാവുന്നതാണ്.

 

കോണ്‍ക്രീറ്റിനകത്ത് ഓട് വച്ച് വാര്‍ക്കുന്ന രീതിയും പരീക്ഷിച്ചുനോക്കാം. ചൂടുകുറയ്ക്കാം എന്ന് മാത്രമല്ല കോണ്‍ക്രീറ്റിന്റെ ചെലവിനത്തില്‍ നല്ലൊരു തുക ലാഭിക്കാനും ഇതുവഴി സാധിക്കും. ചുമരിന് പുറത്തേക്ക് തള്ളിനില്ക്കുന്ന രീതിയില്‍ വരാന്തകള്‍ പണിയുന്നതും ചൂടിനെ പ്രതിരോധിക്കാനുള്ള മാര്‍ഗമാണ്.

 

പരന്ന മേല്‍ക്കൂരകളേക്കാള്‍ ചെരിഞ്ഞ മേല്‍ക്കൂരകളാണ് ചൂടിനെ തടയാന്‍ നല്ലത്. ചെരിഞ്ഞ മേല്‍ക്കൂരയ്ക്ക് മേല്‍ ഓട് പതിക്കുന്നതും ഗുണം ചെയ്യും. തറയില്‍ ടൈലുകള്‍ പതിക്കുന്നത് മുറിയില്‍ ചൂട് നിറയ്ക്കും. അതുകൊണ്ട് തന്നെ ഫ്ലോറിങ്ങില്‍ പ്രകൃതിദത്തമായ രീതി പരീക്ഷിക്കുന്നതും ഗുണകരമാണ്. തറയോടുകളുടേയും ചിരട്ടക്കരിയുടേയുമുള്ള തറകള്‍ ഇന്ന് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്.

 

വീട്ടുമുറ്റത്ത് മനോഹരവര്‍ണങ്ങളില്‍ ഇന്റര്‍ലോക്കുകള്‍ പതിക്കുന്നവരാണ് ഇന്ന് മിക്കവരും എന്നാല്‍ വീടിനകത്തെ ചൂട് കൂട്ടാന്‍ ഇതിനേക്കാള്‍ വലിയ വില്ലന്‍ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. വീട്ടുമുറ്റത്ത് കോണ്‍ക്രീറ്റ് പാകുന്നതോടെ മഴവെള്ളത്തിന് ഭൂമിയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയാതിരിക്കുകയും വേനല്‍ക്കാലമാകുന്നതോടെ വീടിന് ചൂട് കൂടാന്‍ കാരണമാകുകയും ചെയ്യും.

 

വീടിനകവും പുറവും തണുപ്പിക്കാന്‍ ചെടികള്‍ നട്ടു പിടിപ്പിക്കുന്നതും നല്ലതാണ്. അധികം ഉയരത്തില്‍ പൊങ്ങാത്ത ചെടികള്‍ക്കൊക്കെ വീടിനകത്തും സ്ഥാനം നല്‍കാം. മുറ്റം നിറയെ ചെടികളും ചെറിയ വൃക്ഷങ്ങളും നട്ടുപിടിപ്പിച്ചോളൂ.. നല്ല തണല്‍ വരുന്ന വഴി വേറെ തേടേണ്ട. വെയില്‍ അധികം ലഭിക്കുന്ന മുറികള്‍ക്ക് പുറത്ത് അത്യാവശ്യം ഉയരത്തില്‍ വളരുന്ന ചെടികള്‍ നട്ടോളൂ... വെയിലിന്റെ പ്രശ്നം പിന്നെയുണ്ടാകില്ല.

 

OTHER SECTIONS