കയ്യിലൊതുങ്ങുന്ന വീട്

By ശര്‍മിള ശശിധര്‍.17 Mar, 2018

imran-azhar


ഒറ്റനോട്ടത്തില്‍
ഉടമ: ചിന്താമണി, ലീല
സ്ഥലം: കുഴല്‍മന്നം, പാലക്കാട്
വിസ്തീര്‍ണ്ണം: 825 സ്‌ക്വയര്‍ഫീറ്റ്
ചെലവ്: 11 ലക്ഷം
ഡിസൈന്‍: വിനീത് നായര്‍
പൂര്‍ത്തിയായ വര്‍ഷം: 2017

 

കയ്യിലൊതുങ്ങുന്ന വീട്

സ്വന്തമായൊരു ഭവനം സ്വപ്നം കാണാത്തവരായി ആരാണുള്ളത്. വളരെ നാളത്തെ പരിശ്രമത്തിനു ശേഷം സ്വന്തമായൊരു വീട് നിര്‍മ്മിക്കുമ്പോള്‍ അത് തങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമാവണമെന്നേ ആരും ചിന്തിക്കൂ. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്തു താമസിക്കുന്ന ചിന്താമണി, ലീല സഹോദരിമാര്‍ക്കും വീട് നിര്‍മ്മിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഈയൊരു ഡിമാന്റ് മാത്രമേ ഡിസൈനര്‍ വിനീതിനു മുന്‍പില്‍ വയ്ക്കാന്‍ ഉണ്ടായിരുന്നുള്ളൂ. കുറഞ്ഞ ബഡ്ജറ്റില്‍ തങ്ങള്‍ക്കു വാസയോഗ്യമായ വീട്. മൂന്ന് സെന്റ് പ്ലോട്ടില്‍ 825 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. സ്ട്രക്ച്ചറും ഫര്‍ണ്ണിഷിങ്ങും ഉള്‍പ്പെടെ 11 ലക്ഷം രൂപ മാത്രമാണ് നിര്‍മ്മാണത്തിന് ചെലവായത്.

വിനീതിനു മുന്‍പിലെത്തിയത് സൗകര്യങ്ങള്‍ കുറഞ്ഞ പ്ലോട്ട് ആയിരുന്നു. വീതി കുറഞ്ഞ ഒരിടവഴിയില്‍ റോഡ് നിരപ്പില്‍ നിന്നും വളരെ താഴെയായി എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള തരത്തിലായിരുന്നു പ്ലോട്ട്. ഏറ്റക്കുറച്ചിലുകളുമായി കിടക്കുന്ന അടിത്തറ വീടിനു ചേരുന്ന രീതിയില്‍ മണ്ണും കല്ലുകളും ഉപയോഗിച്ച് നിരപ്പാക്കി. നല്ലൊരു അടിത്തറ കെട്ടിയൊരുക്കാന്‍ ചിലവായ തുകയാണ് ഈ വീടിന് അധിക ചിലവ് എന്നു പറയാനുള്ളത്. എന്നാല്‍ ഇതിനു വേണ്ടിയുള്ള മണ്ണ് കണ്ടെത്തിയത് പറമ്പില്‍ നിന്നും തന്നെയെന്നത് ചിലവിനെ നിയന്ത്രിച്ചു.

രണ്ടു ബെഡ്‌റൂമുകള്‍, ഒരു അറ്റാച്ച്ഡ് ബാത്ത്റൂം, ഒരു കോമണ്‍ ബാത്ത് റൂം, സ്വീകരണ മുറി, ഊണു മുറി, അടുക്കള എന്നിവയാണ് വീടിനുള്ളത്. ചെറിയ സിറ്റൗട്ട് കടന്നു അകത്തേക്കു കയറിയാല്‍ വീതി കുറഞ്ഞ ഹാള്‍. ഇവിടെ ഒരു വശത്തായി ഫര്‍ണിച്ചര്‍ യൂണിറ്റ് നല്‍കി സ്വീകരണ മുറി ക്രമീകരിച്ചു. ശരാശരി നിലവാരമുള്ള ചെലവു കുറഞ്ഞ ടൈലുകളാണ് ഫ്ളോറിങ്ങിനു ഉപയോഗിച്ചത്.

ഊണുമുറിയും അടുക്കളയും ഓപ്പണ്‍ ശൈലിയിലാണ്. ഓപ്പണ്‍ ടെറസിലേക്ക് ചെറിയൊരു ഗോവണിയും ക്രമീകരിച്ചു. സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ കൊണ്ടാണ് ഗോവണിയുടെ കൈവരികള്‍. ഗോവണിയുടെ താഴെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ സ്റ്റോര്‍ റൂം പോലെ ഒരു സ്ഥലം നിര്‍മ്മിച്ചിരിക്കുന്നത് സൗകര്യപ്രദമാണ്. കിടപ്പു മുറികള്‍ ലാളിത്യമുള്ളതാണ്. പറമ്പില്‍ ഉണ്ടായിരുന്ന തേക്കിന്‍ തടി കൊണ്ടാണ് ഫര്‍ണിച്ചറുകളും കട്ടിളകളും ജനാലകളും നിര്‍മ്മിച്ചത് എന്നതു മാത്രമാണ് വീട്ടിലുള്ള ആഢംബരം.

ശര്‍മിള ശശിധര്‍