തടിക്ക് പകരക്കാരന്‍

By Umaiban Sajif.10 Oct, 2017

imran-azhar

ചുമരിനും മറ്റു ആവശമുള്ളയിടങ്ങളിലും തടിയുടെ ഭംഗി കിട്ടാന്‍ ഇന്നു മാര്‍ക്കറ്റില്‍ തടിയുടെ കനം കുറഞ്ഞ ഷീറ്റുകള്‍ (വുഡ്‌വിനീര്‍) സുലഭമാണ്. വുഡ്പാനലിംഗിനായി വിവിധയിനം തടികളിലുള്ള വിനീറുകളുണ്ട്. പ്‌ളാവ്, മഹാഗണി, ആഞ്ഞിലി തുടങ്ങി വിവിധ മരങ്ങളുടെ തടികള്‍ കനംകുറഞ്ഞ ആകര്‍ഷകമായ വിനീറുകളായി ലഭിക്കും. പക്ഷേ, ഇവ തിരഞ്ഞെടുക്കുമ്പോള്‍ നാം വളരെ ശ്രദ്ധിക്കണം. തടി എന്നതു പ്രകൃതിദത്തമായ സാമഗ്രിയാണ്. അതുകൊണ്ടുതന്നെ ഒരേ മരത്തിന്റെ തടിയുടെ പ്രതലം പോലും എല്ലായിടവും ഒരുപോലെയിരിക്കണമെന്നില്ല.

ഒരു സാമ്പിള്‍

നാം കടയില്‍ കാണുന്നതും ഒടുവില്‍ കിട്ടുന്നതും തമ്മില്‍ ചെറിയ വ്യത്യാസമുണ്ടാകും. തടിയുടെ ഗ്രെയിന്‍സ്, നിറം തുടങ്ങി പലകാര്യങ്ങളിലും ഈ വ്യത്യാസം കാണാം. ഇതു മനസിലാക്കിയിരിക്കണം. വിനീറിനെ സംബന്ധിച്ച് ചില കാര്യങ്ങള്‍ നേരത്തെ ചോദിച്ചറിഞ്ഞശേഷം സാമഗ്രി വാങ്ങാന്‍ പോകുന്നതാണു ഉത്തമം. തടി വിനീറാണെങ്കില്‍ അതു കട്ടുചെയ്ത രീതി, നിറം, സീക്വന്‍സ്മാച്ചിംഗ് തുടങ്ങിയ കാര്യങ്ങള്‍ വിദഗ്ദ്ധരോടു ചോദിച്ചു അറിഞ്ഞുവയ്ക്കാം. കടയില്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ വളരെ കൃത്‌യമായി വേണ്ടതെന്തെന്നു പറയാന്‍ ഇതു സഹായിക്കും.


എക്‌സ്ട്രാ വാങ്ങുക

പാനല്‍ ചെയ്യാനായി ഇഷ്ടപ്പെട്ട തടിഷീറ്റു തിരഞ്ഞെടുത്താല്‍ ആവശ്യമുള്ളതിലും അല്‍പ്പം കൂടി വാങ്ങി കരുതുക. പ്രത്യേകിച്ചും കൃത്‌യമായ കണക്കിനെപ്പറ്റി സംശയമുള്ളപ്പോള്‍. ആദ്യം കുറച്ചുവാങ്ങി പിന്നീടു വാങ്ങാനിരുന്നാല്‍ കൃത്യമായ നിറത്തിലും ഗ്രെയിന്‍സിലുമുള്ള തടിഷീറ്റു കിട്ടണമെന്നില്ല. അപ്പോള്‍ മാച്ചിംഗ് ശരിയാവില്ല. പല വീടുകളിലും തടിപാനലിംഗില്‍ നിറത്തിന്റെയും ഗ്രെയിന്‍സിന്റെയും ഇങ്ങനെയുള്ള വ്യത്യാസം കാണാം. തടി പാനലുകള്‍ ഒട്ടിക്കുന്ന മിശ്രിതവും നന്നാകണം. ഇതിന്റെ കോമ്പിനേഷന്‍ മികച്ചതാകണം. ആധുനിക രീതിയായ വാക്വംപ്രസ് വിനീറിംഗും ഇന്നു ലഭ്യമാണ്. അതെന്തായാലും പാനലിംഗില്‍ വിദഗ്ദ്ധരായവര്‍
ചെയ്യുന്നതാണു നല്ലത്.


കാണുന്നിടത്തു മികച്ച തടി

എല്ലായിടത്തും വില കൂടിയ തടിയുടെ പാനലിംഗ് നടത്തുന്നതില്‍ കാര്യമില്ല. അത്ര ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ വില കുറഞ്ഞ തടിയുടെ പാനലിംഗ് നടത്താം. ഉദാഹരണത്തിനു ഷെല്‍ഫുകളുടെ അകവശം, കാബിനറ്റുകളുടെ വശങ്ങള്‍ തുടങ്ങിയ ഭാഗങ്ങള്‍. അതേസമയം വരാന്തയുടെ ചുമര്‍ തുടങ്ങി കാഴ്ച കൂടുതല്‍ കിട്ടുന്ന ഭാഗങ്ങളില്‍ മികച്ച തടിയുടെ പാനലുകള്‍ ഉപയോഗിക്കാം. ഇങ്ങനെ ചെയ്താല്‍ പോക്കറ്റു വലുതായി ചോരില്ല. മാത്രമല്ല തടിയുടെ കാഴ്ചസുഖം വേണ്ടിടത്തെല്ലാം കിട്ടുകയും ചെയ്യും.


വരുന്നു ട്രാന്‍സ്‌പേരന്റ്‌വുഡ്

തടിയില്‍ ധാരാളം പരീക്ഷണങ്ങള്‍ ലോകമൊട്ടാകെ നടന്നുവരികയാണ്. കണ്ണാടി പോലെ മറുവശം കാണാവുന്ന ട്രാന്‍സ്‌പേരന്റ്‌വുഡ് നിര്‍മ്മിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുവരുന്നു. വെളിച്ചം കടത്തിവിടാത്ത ലിഗ്‌നിന്‍ എന്ന സ്ട്രക്ചറല്‍ പോളിമര്‍ തടിയില്‍ കണ്ടെത്തുകയും അതുനീക്കാനുള്ള മാര്‍ഗങ്ങള്‍ പരീക്ഷണഘട്ടത്തിലുമാണ്. ലിഗ്‌നിന്‍ വെളിച്ചം കടത്തിവിടാത്തതിനാലാണു തടി ഒപെക് ആവുന്നത്. ലിഗ്‌നിന്‍ നീക്കം ചെയ്തു വെളിച്ചം കടത്തിവിടാന്‍ കഴിയുന്ന ഒരു ഘടകവസ്തു തടിയില്‍ ചേര്‍ക്കുന്ന കാര്യത്തില്‍ ഏതാണ്ടു വിജയം വരിച്ചിട്ടുണ്ട്. കണ്ണാടിപോലെയുള്ള തടി നിര്‍മ്മിക്കാന്‍ കഴിഞ്ഞാല്‍ അതു വന്‍നേട്ടമായാണു ഗവേഷകര്‍ കരുതുന്നത്. വെളിച്ചം കടത്തിവിടുന്ന തടിയുടെ (ട്രാന്‍സ്‌പേരന്റ്‌വുഡ്) പരീക്ഷണം വിജയിച്ചാല്‍ കണ്ണാടിക്കു പകരമാകുമെന്ന കാര്യത്തില്‍ സംശയമില്ല. കണ്ണാടിപോലെ പൊട്ടുമെന്നും മറ്റുമുള്ള പേടി ട്രാന്‍സ്‌പേരന്റ്‌വുഡിന്റെ കാര്യത്തില്‍ ആവശ്യമില്ലെന്നതു മറ്റൊരു മെച്ചമാണ്.

 

OTHER SECTIONS