വീട്ടുമുറ്റത്ത് കോണ്‍ക്രീറ്റ്, ടൈല്‍ പറ്റില്ല; കര്‍ശന നിയന്ത്രണങ്ങളുമായി നഗരസഭ

By mathew.31 07 2019

imran-azhar

 

തിരുവനന്തപുരം: നഗരത്തില്‍ കെട്ടിട നിര്‍മാണത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കോര്‍പറേഷന്‍. മഴവെള്ളം മണ്ണിലേക്കിറങ്ങുന്നത് തടയുംവിധം കെട്ടിട നിര്‍മാണം കഴിഞ്ഞുള്ള തുറസായ സ്ഥലം പൂര്‍ണമായും ഇന്റര്‍ലോക്ക്, തറയോട്, ടൈല്‍ എന്നിവ പാകുന്നതിനും കോണ്‍ക്രീറ്റ് ചെയ്യുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. അതേസമയം, വെള്ളം ഭൂമിയിലേക്കിറങ്ങുന്ന തരത്തിലുള്ള തറയോട്, ഇന്റര്‍ലോക്ക് എന്നിവ പാകുന്നതിന് യാതൊരു തടസ്സവുമില്ല. കൗണ്‍സില്‍ യോഗം ഇന്നലെ ഈ നിയന്ത്രണങ്ങള്‍ അംഗീകരിച്ചു. സര്‍ക്കാരിന്റെ അനുമതി ലഭിച്ച ശേഷം ഇവ പ്രാബല്യത്തില്‍ വരും.

3 സെന്റിന് മുകളിലുള്ള പ്ലോട്ടുകളില്‍ നിര്‍മിക്കുന്ന 50 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് മഴവെള്ള സംഭരണിയും ഇതിലും കുറച്ച് വിസ്തീര്‍ണമുള്ള കെട്ടിടങ്ങളോടനുബന്ധിച്ച് മഴക്കുഴിയും നിര്‍ബന്ധമാക്കി. 60 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങളോടനുബന്ധിച്ച് മാലിന്യ സംസ്‌ക്കരണ സംവിധാനം ഉണ്ടെങ്കില്‍ മാത്രമേ ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയുള്ളൂ. പെര്‍മിറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന പ്ലാനില്‍ മാലിന്യ സംസ്‌ക്കരണ സംവിധാനം സ്ഥാപിക്കുന്നത് എവിടെയെന്ന് രേഖപ്പെടുത്തണം. നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയുള്ളൂ.

കെട്ടിട നിര്‍മാണത്തിലെ ക്രമക്കേടുകള്‍ ആദ്യമേ കണ്ടെത്തുന്നതിന് അടിസ്ഥാനം (ഫൗണ്ടേഷന്‍) പൂര്‍ത്തിയായ ശേഷം ഇതിന്റെ ചിത്രം പകര്‍ത്തി കെട്ടിടം പണി തുടരുന്നതിനുള്ള അനുവാദത്തിനായി വീണ്ടും അപേക്ഷ നല്‍കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ സ്ഥല പരിശോധന നടത്തി ക്രമക്കേട് ഇല്ലെങ്കില്‍ 14 ദിവസത്തിനകം തുടര്‍ നിര്‍മാണത്തിന് അനുമതി നല്‍കും.

നഗരത്തിലെ അനധികൃത കെട്ടിട നിര്‍മാണങ്ങളുടെ എണ്ണവും ഇതു ക്രമവല്‍ക്കരിക്കാന്‍ ഉദ്യോഗസ്ഥര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍പറേഷന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നഗരാസൂത്രണ സ്ഥിരം സമിതിയാണ് നിര്‍ദേശങ്ങള്‍ തയാറാക്കിയത്.

 

OTHER SECTIONS