വീടിനുള്ളില്‍ താരമാണ് ഈ ചെടികള്‍; പരിചയപ്പെടാം 10 ഇന്‍ഡോര്‍ വാട്ടര്‍ ഗാര്‍ഡന്‍ പ്ലാന്റുകളെ

ഇന്‍ഡോറ് പ്ലാന്‍ഡുകളെ പ്രണയിക്കുന്നവര്‍ക്കായി പത്തു ഇന്‍ഡോര്‍ വാട്ടര്‍ ഗാര്‍ഡന്‍ പ്ലാന്റുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

author-image
Haritha Shaji
New Update
വീടിനുള്ളില്‍ താരമാണ് ഈ ചെടികള്‍; പരിചയപ്പെടാം 10 ഇന്‍ഡോര്‍ വാട്ടര്‍ ഗാര്‍ഡന്‍ പ്ലാന്റുകളെ

ഇന്‍ഡോറ് പ്ലാനുകള്‍ക്ക് ഏറെ സ്വീകാര്യത നല്‍കുന്നവരാണ് മലയാളികള്‍. ഇന്‍ഡോര്‍ പ്ലാന്റുകള്‍ നമ്മുടെ വീട്ടകങ്ങളും ഹൃദയവും കീഴടക്കി തഴച്ചുവളരുകയാണ്. ഇന്‍ഡോറ് പ്ലാന്‍ഡുകളെ പ്രണയിക്കുന്നവര്‍ക്കായി പത്തു ഇന്‍ഡോര്‍ വാട്ടര്‍ ഗാര്‍ഡന്‍ പ്ലാന്റുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

ചെടികള്‍ വീട്ടിനുള്ളില്‍ തന്നെ വേണമെന്ന് ആഗ്രഹിക്കുന്ന, സമയം അധികം ചെലവഴിക്കാന്‍ കഴിയാത്തവര്‍ക്കും ഒരുകൈ നോക്കാന്‍ സാധിക്കുന്നവയാണ് ഇന്‍ഡോര്‍ വാട്ടര്‍ പ്ലാന്റുകള്‍. നനക്കാന്‍ മറന്നുപോയാലോ, അത്യാവശ്യത്തിന് വീട്ടില്‍നിന്ന് കുറച്ചുനാള്‍ മാറി നിന്നാലോ എന്റെ ചെടിക്ക് എന്തുപറ്റി എന്ന് ആശങ്കപ്പെടുന്നവര്‍ക്ക് ഇന്‍ഡോര്‍ വാട്ടര്‍ ഗാര്‍ഡന്‍ ഒരുക്കുന്നതാകും കൂടുതല്‍ യോജിക്കുക.

വെള്ളത്തില്‍ വേരുകള്‍ മുളയെടുത്താണ് ഇവ വളരുക എന്നതിനാല്‍ ചെടിച്ചട്ടിയെ അപേക്ഷിച്ച് വളര്‍ച്ചക്കുറവ് ഇത്തരം ചെടികള്‍ക്കുള്ള പോരായ്മയാണ്. എന്നാല്‍, ഇലകളില്‍ വളം സ്‌പ്രേ ചെയ്‌തോ വെള്ളത്തില്‍ വളം ചേര്‍ത്തോ ഇതിന് കുറച്ചൊക്കെ പരിഹാരം കാണാനാകും. അകത്തളങ്ങളില്‍ താരമായ ചിലരെ നമുക്കും കൂടെ കൂട്ടിയാലോ.

ഡ്രസീന

ഡ്രസീന മാര്‍ജിനേറ്റ, ഡ്രസീന മസന്‍ജിയാന, ഡ്രസീന ട്രൈ കളര്‍, ഡ്രസീന അര്‍വോറെ, ഡ്രസീന റിഫ്ളെക്സ, ഡ്രസീന കോംപാക്റ്റ തുടങ്ങി നിരവധി ഇനങ്ങള്‍ തന്നെയുണ്ട്. ചെടിച്ചട്ടിയിലെന്നപോലെ ചില്ലുപാത്രത്തിലും വളര്‍ത്താവുന്ന ചെടിയാണിത്. താപനിലയില്‍ വരുന്ന മാറ്റം അധികം ഇഷ്ടപ്പെടാത്ത ഇനക്കാരാണിവര്‍.

സൂര്യപ്രകാശത്തോടു കൂടുതല്‍ താല്‍പര്യമുള്ളതിനാല്‍ ഒരു ചായ്‌വ് എപ്പോഴും കാണും. ചില്ലുപാത്രം തിരിച്ച് വെച്ച് ഈ അനുസരണക്കേട് മാറ്റാം.

ഫിലോഡെന്‍ഡ്രോണ്‍

അകത്തളച്ചെടികളില്‍ താരതമ്യേന ഇലകളില്‍ വലിപ്പമുള്ള ഇനം. അരേസി കുടുംബത്തില്‍പെട്ട ഇവയ്ക്ക് 400പരം ഉപജാതികളുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന സ്ഥലത്തുനിന്ന് ഇവരെ മാറ്റിനിര്‍ത്തണം. അങ്ങനെ സംഭവിച്ചാല്‍ ഇല പച്ചനിറം മാറി മഞ്ഞയാവുകയും പിന്നീട് കരിയുകയും ചെയ്യും.

ഇലയുടെ പാതി വശം മഞ്ഞയും മറുപാതി പച്ചയും നിറത്തിലുള്ള ഫിലോഡെന്‍ഡ്രോണ്‍ മിനിമയാണ് കൂട്ടത്തിലെ താരം. നാലു ലക്ഷത്തിനാണ് കഴിഞ്ഞവര്‍ഷം ഇവന്‍ ന്യൂസിലാന്‍ഡില്‍ ലേലത്തില്‍പോയത്.

കോളിയസ്

കണ്ണാടിച്ചെടി, മാസംമാറി എന്നീ പേരില്‍ അറിയപ്പെടുന്ന കോളിയസ് ചില്ലുപാത്രത്തില്‍ വെള്ളത്തിലും വളര്‍ത്താം. ഒരു കാലത്ത് മിക്ക വീടുകളിലും കണ്ടുവന്ന കോളിയസ് തന്റെ പ്രതാപകാലം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. കട്ടിയുള്ള ശിഖരങ്ങള്‍ വെള്ളത്തില്‍ ഇട്ട് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തുവെക്കാം.

ജനലിനരികിലോ മറ്റോ വെച്ചാല്‍ ഇലകള്‍ക്ക് നിറം ലഭിക്കും. നന്നായി സൂര്യപ്രകാശത്തില്‍ വളരുന്ന ചെടിക്കും അകത്തളങ്ങളില്‍ വളരുന്നവക്കും ഇലകളില്‍ നിറവ്യത്യാസം കാണും.

സ്‌പൈഡര്‍ പ്ലാന്റ്

സ്പൈഡര്‍ പ്ലാന്റ് അഥവാ ക്ലോറോഫൈറ്റം കോമോസം വീടുകളില്‍ വളരെ എളുപ്പത്തില്‍ വളരുന്ന ചെടിയാണ്. കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും വീടകങ്ങളില്‍ അത്യാവശ്യം വേണ്ട ഒരിനം.

വായുവിനെ ശുദ്ധീകരിക്കാനുള്ള ഇവന്റെ കഴിവ് കണ്ടറിഞ്ഞ ചെടിപ്രേമികള്‍ പണ്ടേ തന്നെ ആളെ അകത്തേക്ക് ക്ഷണിച്ചിരുത്തിയിട്ടുണ്ട്. പൂന്തോട്ടമുണ്ടാക്കി ഒരു പരിചയവുമില്ലാത്ത തുടക്കക്കാര്‍ക്ക് കൈവെക്കാവുന്ന എൈറ്റം. ഇലകളുടെ അഗ്രഭാഗം ബ്രൗണ്‍ നിറമാകുന്നുണ്ടെങ്കില്‍ വളം സ്‌പ്രേ ചെയ്തുകൊടുക്കാം. ഇത് ഒട്ടും അധികമാകാതെ നോക്കണം.

പീസ് ലില്ലി

പേര് പോലെ തന്നെ ആള് സമാധാനപ്രിയനാണ്. വീട്ടിനകത്തും ജോലിഭാരം ഏറെയുള്ള ഓഫിസ് മുറികളിലുമെല്ലാം സമാധാനം നിറയ്ക്കാനും പോസിറ്റീവ് എനര്‍ജി പകര്‍രാനും ഈ ചെടിക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്. തൂവെള്ള നിറത്തിലുള്ള പൂക്കള്‍ നമ്മെ സല്യൂട്ട് ചെയ്യുന്നത് കണ്ടാല്‍ ആരിലും സന്തോഷം നിറയുമല്ലോ.

ചില്ലുപാത്രത്തില്‍ ശുദ്ധജലം നിറച്ച് ഇലകളില്‍ മുട്ടാതെ തണ്ടു മാത്രം മുങ്ങിനില്‍ക്കുന്ന രീതിയില്‍ ചെടി വളര്‍ത്താം. വേര് നന്നായി കഴുകി വൃത്തിയാക്കി വേണം പാത്രത്തില്‍ ഇറക്കിവെക്കാന്‍. വെള്ളാരംകല്ലുകള്‍ ഇട്ടുകൊടുത്ത് ചെടിയുടെ വേരിന്? ബലം നല്‍കാം.

സിംഗോണിയം

പച്ച നിറത്തിലും പിങ്ക് നിറത്തിലും കാണപ്പെടുന്ന ഇവയുടെ ഇലകള്‍ക്ക് നമ്മുടെ ചേമ്പിലയുടെ രൂപമാണ്. ആരോ ഹെഡ് എന്നുകൂടി പേരുണ്ട്. വെയിലത്ത് ഇവയുടെ ഇലകളില്‍ നിറമാറ്റം വരാറുണ്ട്. നേരിട്ട് വെയില്‍ കൊള്ളുന്ന ഭാഗത്ത് ഇവ വെക്കരുത്. മീഡിയം വെളിച്ചത്തില്‍ വളര്‍ത്താവുന്നവയാണ് പച്ച നിറത്തിലുള്ള സിംഗോണിയം. പച്ച, പിങ്ക് എന്നിവക്ക് പുറമെ ഇവയുടെ തന്നെ നിറഭേദങ്ങളും ധാരാളമുണ്ട്.

ഇവയ്ക്ക് സൂര്യപ്രകാശം നന്നായി ലഭിച്ചാല്‍ മാത്രമേ അതേ നിറം ലഭിക്കൂ. പക്ഷേ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്തുവെക്കാതെയും നോക്കണം. ചില്ലുപാത്രത്തിന്റെ അടിയില്‍ വെള്ളാരം കല്ലുകള്‍ ഇട്ടുകൊടുത്താല്‍ ആകര്‍ഷണത്തിനൊപ്പം വേരുകള്‍ ബലവുമാകും.

സ്‌നേക്ക് പ്ലാന്റ്

വെള്ളത്തില്‍ ഏറെക്കാലം കേടുകള്‍ വരാതെ നില്‍ക്കും. ഇടയ്ക്ക് വെള്ളമൊന്ന് മാറ്റിക്കൊടുത്താല്‍ മതിയാകും. അകത്തളങ്ങളിലും ഇടനാഴികളിലും മുറികളിലുമെല്ലാം നാലോ അഞ്ചോ ചെടികള്‍ വെച്ചാല്‍ വായു ശുദ്ധീകരിക്കാന്‍ ഇവക്കാകും. സൂര്യപ്രകാശം ഉള്ളിടത്തും ഇല്ലാത്തിടത്തും വെക്കാം.

വെളിച്ചമുള്ളിടത്തും അല്ലാത്തിടത്തും വളരുന്ന ഇലകള്‍ക്ക് നിറവ്യത്യാസം കാണുമെന്ന് മാത്രം. പാമ്പിനോട് സാദൃശ്യമുള്ള രൂപമായതിനാലാണ് സ്‌നേക്ക് പ്ലാന്റ് എന്ന പേരുവരാന്‍ കാരണം. ഇലകള്‍ വെള്ളത്തിലോ മണ്ണിലോ ഇട്ടുവെച്ച് പുതിയ തൈകള്‍ ഉല്‍പാദിപ്പിക്കാം.

ലക്കി ബാംബൂ

അകത്തളച്ചെടികളില്‍ ഏറെ ആരാധകരുള്ള ഇനം. കാലങ്ങളോളം വെള്ളത്തില്‍ തന്നെ വളരുന്നവ. ഇന്‍ഡോര്‍ പ്ലാന്റായി എറ്റവും കൂടുതല്‍ ആളുകള്‍ വീടുകളിലും ഓഫീസിലും വളര്‍ത്തുന്നു. മങ്ങിയ പ്രകാശമുള്ള സ്ഥലത്താണ് നന്നായി വളരുക. അകത്തളങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത എന്നാല്‍ വെളിച്ചമുള്ള സ്ഥലത്തായിരിക്കണം സ്ഥാനം. രണ്ടാഴ്ച കൂടുമ്പോള്‍ ചില്ലുപത്രത്തിലെ വെള്ളം മാറ്റണം.

ചെടി വളരുന്നതിനനുസരിച്ച് വെള്ളത്തിെന്റ അളവും വര്‍ധിപ്പിക്കണം. തണ്ടിന്റെ കൂടുതല്‍ ഭാഗങ്ങളും പാത്രത്തില്‍ നിന്ന് പുറത്തായിവേണം വളര്‍ത്താന്‍. ഇലകള്‍ വെള്ളത്തില്‍ തട്ടാതെ നടുക. വീട്ടിലും ഓഫീസിലും ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്ന ചെടിയായാണ് ലക്കി ബാംബൂവിനെ പലരും കാണുന്നത്.

മണി പ്ലാന്റ്

മണ്ണിലും വെള്ളത്തിലും ഒരുപോലെ വളര്‍ത്താം. അന്തരീക്ഷത്തി?െല കാര്‍ബണ്‍ഡൈ ഓക്സൈഡിനെ കൂടുതലായി വലിച്ചെടുക്കുകയും ഓക്സിജന്‍ ധാരാളം പുറത്തുവിടുകയും ചെയ്യുന്നതിനാല്‍ വീട്ടിനകത്ത് ഏറെ ശുദ്ധവായു ലഭ്യമാക്കാന്‍ ഇതിന് കഴിയും.

ഫെങ്ഷൂയി വിശ്വാസമുള്ളവര്‍ വളരെയധികം പ്രാധാന്യം നല്‍കുന്ന ചെടിയാണിത്. ഇതിന്റെ പ്രധാന പ്രത്യേകതയായി പറയുന്നത് ധനം കൊണ്ടുവരുമെന്നതാണ്. എന്നാല്‍, ഇതിന് ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ല. ഡെവിള്‍സ് വൈന്‍, ഡെവിള്‍സ് ഐവി, ഗോള്‍ഡന്‍ പോത്തോസ്, മാര്‍ബിള്‍ പോത്തോസ്, ഹണ്ടേര്‍സ് റോബ് തുടങ്ങി വിവിധ ഇനം മണി പ്ലാന്റ് വീട്ടകങ്ങള്‍ കീഴടക്കി കഴിഞ്ഞു.

പെന്നിവര്‍ട്ട്

വീടിനകത്തും പുറത്തും ഒരുപോലെ വളര്‍ത്താന്‍ കഴിയുന്ന ചെടി. ചെറിയ തണ്ടില്‍ കുട പോലെ വിരിഞ്ഞുനില്‍ക്കുന്ന ഇലകള്‍ ഉള്ളതിനാല്‍ അംബ്രല്ല പെന്നിവര്‍ട്ട് എന്നും വിളിപ്പേരുണ്ട്. ധാരാളം വെള്ളം ആവശ്യമുള്ള ചെടിയായതിനാല്‍ ചതുപ്പുപോലെ വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശത്ത് നന്നായി വളരും.

സൗത്ത്-നോര്‍ത്ത് അമേരിക്കക്കാരനാണെങ്കിലും കേരളത്തിലെ കാലാവസ്ഥക്ക് ഏറെ അനുയോജ്യം. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത സ്ഥലത്ത് വെച്ചാല്‍ മികച്ച രീതിയില്‍ വളരും. വെള്ളം ധാരാളം വേണമെന്നതിനാല്‍ അക്വേറിയത്തിലും ഇവയെ വളര്‍ത്താം.

ഇക്കാര്യം ശ്രദ്ധിക്കാം

രണ്ട് ഇഞ്ച് എങ്കിലും വെള്ളം നിറക്കാവുന്ന ചില്ലു കുപ്പി ഉപയോഗിക്കണം

ക്ലോറിന്‍ അടങ്ങിയ വെള്ളം ഒഴിവാക്കുക

ഉപയോഗിക്കുന്ന കുപ്പിയും ഇതില്‍ അലങ്കാരത്തിനായി ഇടുന്ന കല്ലുകളും മറ്റും നന്നായി കഴുകുക

വെള്ളത്തില്‍ കമ്പുകള്‍ മാത്രമായി, ഇല തട്ടാത്ത രീതിയില്‍ ചെടി വെക്കുക

പാത്രത്തിന് അനുസൃതമായ വലിപ്പമുള്ള ചെടി തിരഞ്ഞെടുക്കുക.

തെരഞ്ഞെടുത്ത ചെടി പാത്രത്തില്‍ നിര്‍ത്താന്‍ പ്രയാസമാണെങ്കില്‍ ഭംഗിയുള്ള കല്ലുകള്‍ ഇട്ട് വേരിന് ബലം നല്‍കാം

വെളിച്ചം വേണ്ടവയും ഇല്ലാത്തവയും അതിനനുയോജ്യമായ ഇടത്ത് വെക്കുക.

വേരുകള്‍ വരാന്‍ താമസം നേരിട്ടാല്‍ മണ്ണടങ്ങിയ മിശ്രിതത്തില്‍ വെച്ച് വേര് കിളിര്‍പ്പിച്ച ശേഷം മണ്ണ് നീക്കി ചില്ലുപാത്രത്തില്‍ വെക്കാം.

കഴിവതും ആഴ്ചയില്‍ ഒരിക്കല്‍ വെള്ളം മാറ്റാന്‍ മറക്കരുത്.

വെള്ളം മാറ്റാത്തപക്ഷം ചെടി നശിക്കാനും കൊതുക് മുട്ടയിടാനും കാരണമാവും

വലിയ പോട്ടുകളില്‍ അകത്തളച്ചെടികള്‍ വളര്‍ത്തുന്നവര്‍ക്ക് കൊതുക് ശല്യം അകറ്റാനായി ഗപ്പി മത്സ്യങ്ങളെ ഇതില്‍ വളര്‍ത്താം

ചെടിയുടെ വളര്‍ച്ചക്കായി മുട്ട പുഴുങ്ങിയ (ഉപ്പു ചേര്‍ക്കാതെ) വെള്ളം ഒഴിക്കാം

മുട്ട തോട് ഉണക്കി പൊടിച്ച് ഇത് മൂന്ന് ദിവസം വെള്ളത്തിലിട്ട ശേഷം ഈ വെള്ളം നല്‍കിയാലും നല്ല വളര്‍ച്ചയുണ്ടാകും

ചില്ലുപാത്രത്തില്‍ പലനിറങ്ങളിലുള്ള വെള്ളാരംകല്ലുകള്‍ ഇടുന്നത് ആകര്‍ഷകമാണെങ്കിലും ഇത് കുടുതലാകാതിരിക്കാന്‍ ശ്രദ്ധിക്കണം

 

kalakaumudi interialgarden