മഴക്കാലമാണ്; നല്‍കാം എക്സ്റ്റീരിയറിന് കുറച്ചു ശ്രദ്ധ

വീടിന്റെ ഇന്റീരിയര്‍ പോലെ തന്നെ എക്‌സ്റ്റീരിയറും മനോഹരമായി അലങ്കരിച്ച് സൂക്ഷിക്കുന്നതാണ് വര്‍ത്തമാനകാല ട്രെന്‍ഡ്. പച്ചപ്പിന്റെ മനോഹാരിതയെ എക്‌സ്റ്റീരിയറില്‍ വരച്ചുചേര്‍ക്കാന്‍ നിരവധി ഡിസൈന്‍ പുതുമകളും പരീക്ഷിക്കപ്പെടുന്നുണ്ട്. ഇന്റീരിയര്‍ സംരക്ഷിക്കുന്ന കരുതലോടെയും ഗൗരവത്തോടെയും എക്‌സ്റ്റീരിയറിനെയും പരിഗണിക്കേണ്ടതുണ്ട്. മഴക്കാലം എക്‌സ്റ്റീരിയറിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടൊരു ഋതുവാണ്. മഴക്കാലത്ത് എക്‌സ്റ്റീരിയര്‍ സംരക്ഷിക്കാന്‍ എന്തെല്ലാം മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാമെന്നത് അതിനാല്‍ തന്നെ ഗൗരവകരമാണ്.

author-image
Rajesh Kumar
New Update
 മഴക്കാലമാണ്; നല്‍കാം എക്സ്റ്റീരിയറിന് കുറച്ചു ശ്രദ്ധ

 

വീടിന്റെ ഇന്റീരിയര്‍ പോലെ തന്നെ എക്‌സ്റ്റീരിയറും മനോഹരമായി അലങ്കരിച്ച് സൂക്ഷിക്കുന്നതാണ് വര്‍ത്തമാനകാല ട്രെന്‍ഡ്. പച്ചപ്പിന്റെ മനോഹാരിതയെ എക്‌സ്റ്റീരിയറില്‍ വരച്ചുചേര്‍ക്കാന്‍ നിരവധി ഡിസൈന്‍ പുതുമകളും പരീക്ഷിക്കപ്പെടുന്നുണ്ട്. ഇന്റീരിയര്‍ സംരക്ഷിക്കുന്ന കരുതലോടെയും ഗൗരവത്തോടെയും എക്‌സ്റ്റീരിയറിനെയും പരിഗണിക്കേണ്ടതുണ്ട്. മഴക്കാലം എക്‌സ്റ്റീരിയറിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടൊരു ഋതുവാണ്. മഴക്കാലത്ത് എക്‌സ്റ്റീരിയര്‍ സംരക്ഷിക്കാന്‍ എന്തെല്ലാം മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാമെന്നത് അതിനാല്‍ തന്നെ ഗൗരവകരമാണ്.

എക്‌സ്റ്റീരിയറിലെ ഗ്രീനറിയിലെ പ്രധാന താരമാണ് പുല്‍ത്തകിടികള്‍. പുല്‍ത്തകിടികളുടെ സ്വാഭാവികത നശിപ്പിക്കുന്ന രീതിയില്‍ കിളിര്‍ത്തുവരുന്ന കളകളാണ് മഴക്കാലത്തെ പ്രധാന വെല്ലുവിളി. കളകള്‍ മുളച്ചുതുടങ്ങുമ്പോള്‍ തന്നെ വേരോടെ പറിച്ചുകളയുകയെന്നതാണ് അഭികാമ്യം. മഴക്കാലം തുടങ്ങുന്നതിന് മുമ്പായി പുല്‍ത്തകിടികള്‍ പരമാവധി പറ്റെ വെട്ടിയൊതുക്കി നിര്‍ത്തുന്നതാണ് കളകളെ പ്രതിരോധിക്കാനുള്ള ഏറ്റവും സ്വാഭാവികമായ പ്രതിവിധി. പുല്ലുകള്‍ ക്രമരഹിതമായി തഴച്ചുവളരുന്നതും മഴക്കാലത്ത് പുല്‍ത്തകിടിയുടെ സ്വാഭാവിക ഭംഗിയെ ഇല്ലാതാക്കാറുണ്ട്. ഇത്തരത്തില്‍ എക്‌സ്റ്റീരിയറില്‍ തഴച്ചുവളരുന്ന പുല്‍ത്തകിടികളില്‍ ഇഴജന്തുക്കള്‍ താവളമാക്കാനുള്ള സാഹചര്യവും ഉണ്ടാകാറുണ്ട്. പുല്‍ത്തകിടി പറ്റെ വെട്ടിയൊതുക്കുന്നത് ഇതില്‍ നിന്നെല്ലാമുള്ള സംരക്ഷണത്തിന് സഹായകമാകുന്നുണ്ട്.

പുല്‍ത്തകിടികളില്‍ നിന്ന് വെള്ളംവാര്‍ന്നുപോകുന്ന ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്‍കൂട്ടി ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത്തരത്തില്‍ ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമല്ലെങ്കില്‍ വെള്ളംകെട്ടി നിന്ന് പുല്‍ത്തകിടികള്‍ ചീഞ്ഞുപോകാനുള്ള സാധ്യതയുണ്ട്.

മഴക്കാലത്തിന് മുമ്പായി തുടങ്ങേണ്ട പരിപാലന മുന്നൊരുക്കങ്ങളാണ് ഇതെല്ലാം. മഴ ശക്തിപ്രാപിക്കുന്നതിന് മുമ്പായെങ്കിലും ഇത്തരം മുന്‍കരുതലുകള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയേണ്ടതുണ്ട്.

ലാന്‍ഡ്‌സ്‌കേപ്പില്‍ ഹരിതാഭയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചെടികള്‍ക്കും മഴക്കാലത്ത് പ്രത്യേക പരിചരണം നല്‍കേണ്ടതുണ്ട്. മഴക്കാലത്തിന് മുമ്പായി തന്നെ ചെടികള്‍ വെട്ടിയൊതുക്കി നിര്‍ത്തണം. അല്ലാത്തപക്ഷം ചെടികള്‍ ക്രമാതീതമായി വളര്‍ന്ന് എക്‌സറ്റീരിയറിന്റെ ഭംഗിക്ക് അനുയോജ്യമല്ലാത്ത വിധത്തില്‍ കാടുപോലെയാകാന്‍ സാധ്യതയുണ്ട്. വെട്ടിയൊതുക്കി നിര്‍ത്തുന്ന ചെടികള്‍ പുതിയനാമ്പുകള്‍ തളിര്‍ത്ത് എക്‌സ്റ്റീരിയറിന്റെ ഭംഗിയോട് ചേര്‍ന്നുനില്‍ക്കും.

ലാന്‍ഡ്‌സ്‌കേപ്പില്‍ നില്‍ക്കുന്ന വലിയ വൃക്ഷങ്ങളുടെ ശിഖിരങ്ങളും മഴക്ക് മുമ്പായി എല്ലാവര്‍ഷവും വെട്ടിയൊതുക്കണം. ശിഖരങ്ങള്‍ മുറിക്കാതിരുന്നാല്‍ ഓരോ വര്‍ഷവും വലിയ ഉയരത്തിലേക്ക് വളര്‍ന്ന് ലാന്‍ഡ്‌സ്‌കേപ്പില്‍ ഒതുങ്ങാത്ത രീതിയിലേക്ക് ഈ മരങ്ങള്‍ പടര്‍ന്ന് പന്തലിച്ചേക്കാം. മാവ്, പ്ലാവ് പോലുള്ള ഫലവൃക്ഷങ്ങളുടെ ക്രമാതീതമായ ഉയരക്കൂടുതല്‍ അതില്‍ നിന്നു ലഭിക്കുന്ന ഫലങ്ങള്‍ പാഴായി പോകുന്നതിനും കാരണമായേക്കാം. മഴക്കാലത്ത് ഈച്ചയുടെയും പ്രാണിയുടെയുമെല്ലാം ആവാസകേന്ദ്രമാക്കി എക്‌സ്റ്റീരിയറിനെ മാറ്റാന്‍ ഇത് കാരണമായേക്കാം. പതിനഞ്ച് അടി ഉയരത്തിലേക്ക് എക്‌സ്റ്റീരിയറിലെ വലിയ മരങ്ങളെ വളരാന്‍ അനുവദിക്കരുത്. നമുക്ക് സ്വന്തമായി ഫലങ്ങളും മറ്റും ശേഖരിക്കാനും ലാന്‍ഡ്‌സ്‌കേപ്പിന്റെ പരിധിയില്‍ തണലൊരുക്കാനും ഇത്തരത്തില്‍ ഉയരം ക്രമീകരിക്കുന്നത് സഹായിക്കും. മരങ്ങളുടെ ശാഖകള്‍ മുറിക്കുമ്പോള്‍ വലിയ കത്തി, കോടാലി എന്നിവയ്ക്ക് പകരം വുഡ്കട്ടറുകള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. മരത്തിന്റെ ശാഖകള്‍ ചതഞ്ഞ് മരത്തിന് ഉണക്കുബാധിക്കാതിരിക്കാന്‍ ഇത് സഹായകമാകും.

വെര്‍ട്ടിക്കള്‍, ഹൊറിസോണ്ടല്‍ പര്‍ഗോളകളുടെ റൂഫ്ഗാര്‍ഡന്‍ എക്‌സ്റ്റീരിയര്‍ ഭംഗിക്കായി ക്രമീകരിക്കാറുണ്ട്. ചിലര്‍ ഭിത്തിയിലും വീടിന്റെ മേല്‍ക്കൂരയില്‍ പടര്‍ന്നു കയറുന്ന ചെടികളും ഉപയോഗിക്കാറുണ്ട്. മഴക്കാലമാകുന്നതോടെ ഇവയെല്ലാം ഭംഗിയായി വെട്ടിയൊതുക്കി നിര്‍ത്താന്‍ ശ്രദ്ധിക്കണം. മഴക്കാലം പുഴുക്കളെയും മറ്റു കീടങ്ങളെയും സംബന്ധിച്ച് സുവര്‍ണ്ണകാലമാണ്. ചെടികളുടെയും പുല്ലുകളുടെയുമെല്ലാം പുതുനാമ്പുകള്‍ തിന്നാന്‍വേണ്ടി ഇവ ധാരണായി ഇത്തരം ഇടങ്ങളില്‍ ചേക്കേറുക പതിവാണ്. മഴ ഒഴിഞ്ഞു നില്‍ക്കുന്ന സമയം നോക്കി ആഴ്ചയില്‍ ഒരുദിവസം മാരകമല്ലാത്ത കീടനാശിനികള്‍ സ്‌പ്രേ ചെയ്യുന്നത് നന്നായിരിക്കും. മേല്‍ക്കൂരയിലേക്ക് പടര്‍ത്തിവിടുന്ന വള്ളിച്ചെടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ തന്നെ മഴക്കാലത്ത് നല്‍കേണ്ടതുണ്ട്. ശരിയായ മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ ചെറിയന്‍പുഴുക്കള്‍ പോലുള്ള ചേക്കേറാനും പെരുകാനുമുള്ള സാധ്യതകള്‍ ധാരാളമാണ്.

മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുകയെന്ന ലക്ഷ്യത്തോടെ ലാന്‍സ്‌കേപ്പിന്റെ തറയില്‍ പാകിയിരിക്കുന്ന ടൈലുകളുടെ കാര്യത്തിലും മഴക്കാലത്ത് സവിശേഷമായ ശ്രദ്ധവേണം. മഴക്കാലത്ത് ടൈലുകളില്‍ നിന്നും പുറത്തേക്കും ടൈലുകള്‍ക്കിടയിലൂടെ ഭൂമിയിലേക്കും ജലം കൃത്യമായി വലിഞ്ഞ് പോകുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടതുണ്ട്.

ടൈല്‍ ഒരുക്കുമ്പോള്‍ തന്നെ ജാഗ്രതയോടെ ശ്രദ്ധിച്ചാല്‍ മുറ്റത്തെ ടൈലുകള്‍ മഴക്കാലത്ത് തലവേദനയായി മാറാതെയിരിക്കും. ടൈല്‍ പാകുന്നതിന് മുമ്പായി മണ്ണൊരുക്കുമ്പോള്‍ തന്നെ കൃത്യമായ കളനാശിനി പ്രയോഗം നടത്തേണ്ടതുണ്ട്. കൃത്യമായി കളനാശിനിപ്രയോഗം നടത്തി മണ്ണൊരുക്കി പാകിയ ടൈലുകള്‍ക്കിടയില്‍ മഴക്കാലത്ത് കളകള്‍ മുളച്ചു പൊന്താന്‍ സാധ്യതയില്ല. മഴക്കാലത്തെ കളകളെ പേടിച്ച് ചിലര്‍ ടൈലൊരുക്കുന്നതിന് മുമ്പായി വിരിക്കുന്ന ചിപ്‌സിന്റെ അടിയില്‍ പ്‌ളാസ്റ്റിക്ക് ഷീറ്റുകള്‍ വിരിക്കാറുണ്ട്. ടൈലിനും പ്രകൃതിക്കും ഏറ്റവും ഹാനികരമായൊരു പ്രക്രിയയാണിത്. മുറ്റത്ത് വീഴുന്ന വെള്ളം മണ്ണിലേക്ക് താണ് ഭൂഗര്‍ഭജലമായി സംരക്ഷിക്കപ്പെടാനാണ് നമ്മള്‍ മുറ്റത്ത് ടൈല്‍പാകുന്നത്. എന്നാല്‍ മുറ്റത്ത് നിന്ന് അകത്തേക്ക് വലിയുന്ന മഴവെള്ളത്തെ ഭൂമിയിലേക്കിറങ്ങുന്നതില്‍ നിന്നും അടിയില്‍ വിരിച്ചിരിക്കുന്ന പ്‌ളാസ്റ്റിക് ഷീറ്റ് തടയുന്നു. മുറ്റത്ത് വെള്ളക്കെട്ടുണ്ടാകാനും ടൈലുകള്‍ക്ക് നാശം സംഭവിക്കാനും ഇത് കാരണമാകുന്നു.

മഴക്കാലം എക്‌സ്റ്റീരിയറിനെ സംബന്ധിച്ച് ജാഗ്രതയോടെ പരിപാലിക്കപ്പെടേണ്ട കാലമാണ്. മഴയ്ക്ക് മുമ്പാണ് പ്രധാനമായും ഇതിനായുള്ള മുന്നൊരുക്കം നടത്തേണ്ടത്. മഴശക്തിപ്രാപിക്കാത്ത സാഹചര്യത്തില്‍ അടിയന്തിര മുന്നൊരുക്കങ്ങള്‍ക്ക് ഇനിയും വൈകിയിട്ടില്ല.

rain Exterior