പാചകവാതക വിലക്കയറ്റം; ലാഭിക്കാൻ ചില കുറുക്കുവഴികൾ

By Preethi Pippi.10 11 2021

imran-azhar

 

പാചകവാതക വിലവർധനയിൽ നട്ടംതിരിയുകയാണ് കുടുംബങ്ങളും. വിറകടുപ്പുകളും മണ്ണെണ്ണ സ്റ്റൗവുമൊന്നും അത്ര പ്രായോഗികമല്ലാതായതോടെ പാചകത്തിനായി ഗ്യാസിനെ ആശ്രയിക്കാതിരിക്കാനും വയ്യാത്ത അവസ്ഥ.

 

 


ഇത്തരമൊരു സാഹചര്യത്തിൽ ഗ്യാസ് പരമാവധി പാഴായിപോകാതെ ശ്രദ്ധിച്ച് പാചകംചെയ്യുക എന്നത് മാത്രമാണ് ഏക പോംവഴി. ഇതിന് സഹായകരമായ ചില കുറുക്കുവഴികൾ നോക്കാം.

 

 

ബർണറുകളുടെ ഉപയോഗം

പാചകത്തിനായി ചെറിയ പാത്രമാണ് ഉപയോഗിക്കുന്നതെങ്കിലും വേഗത്തിൽ ചൂടാകുന്നത് കണക്കിലെടുത്ത് വലിയ ബർണർ ഉപയോഗിക്കുന്നവരാണ് ഏറെയും. എന്നാൽ അനാവശ്യമായി കൂടുതൽ ഗ്യാസ് പാഴായിപോകുന്നതിനു മാത്രമേ ഇത് ഉപകരിക്കു. വലിയ ബർണറുകളെ അപേക്ഷിച്ച് 10 ശതമാനം കുറവ് ഇന്ധനം മാത്രമേ ചെറിയ ബർണറുകൾക്കു വേണ്ടൂ. ചെറിയ വിഭവങ്ങൾ തയ്യാറാക്കാനും ഭക്ഷണപദാർഥങ്ങൾ ചൂടാക്കുന്നതിനും ചെറിയ ബർണർ തന്നെ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുക.

 

 

 

എല്ലാം ഒരുക്കിവച്ചശേഷം പാചകം

ഭക്ഷണം പാകംചെയ്യാൻ ആവശ്യമായ എല്ലാ വസ്തുക്കളും തയ്യാറാക്കിവച്ചശേഷം മാത്രം പാചകം ആരംഭിക്കാം. പലരും സിമ്മിലിട്ട ശേഷം വേണ്ട വസ്തുക്കൾ എടുക്കാനായി പോകാറുണ്ട്. സിമ്മിൽ ഇടുന്നത് ഗ്യാസ് ഉപയോഗം കുറയ്ക്കുന്നതിനുള്ള ശാശ്വത പരിഹാരമല്ല എന്ന് മനസ്സിലാക്കി തുടക്കത്തിൽ തന്നെ എല്ലാ വസ്തുക്കളും അടുപ്പിച്ചു വയ്ക്കുന്നതാണ് നല്ലത്.

 

 

 

പാത്രം തുടച്ചശേഷം സ്റ്റൗവിൽ വയ്ക്കാം

കഴുകിയെടുത്ത പാത്രങ്ങൾ അതേപടി സ്റ്റൗവിൽ വയ്ക്കാതെ തുടച്ച് വെള്ളമയം നീക്കിയശേഷം ഉപയോഗിക്കാം. പാത്രത്തിൽ അവശേഷിക്കുന്ന വെള്ളം വറ്റി പോകുന്നതിനായി ഗ്യാസ് ഉപയോഗിക്കേണ്ടതില്ല. അതേപോലെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണം നേരെ എടുത്ത് ചൂടാക്കുന്നതിനുപകരം അൽപസമയം പുറത്തുവച്ച് തണുപ്പ് കുറയാൻ അനുവദിക്കുക. അതിനുശേഷം സ്റ്റൗവിൽവച്ച് ചൂടാക്കിയാൽ ഗ്യാസിന്റെ അമിത ഉപയോഗം കുറയ്ക്കാനാകും.

 

 

 

 

പ്രഷർ കുക്കർ സഹായിക്കും

പ്രഷർ കുക്കർ ഉപയോഗിച്ച് ഭക്ഷണം പാകംചെയ്യുന്നതിന് മടികാണിക്കുന്നവർ ഇപ്പോഴും ധാരാളമുണ്ട്. എന്നാൽ ഇവ ഗ്യാസ് ലഭിക്കാൻ ഏറെ സഹായകരമാണ് എന്ന് തിരിച്ചറിയണം. വേവ് കൂടുതലുള്ള വസ്തുക്കൾ പാകം ചെയ്യാൻ സാധാരണ പാത്രങ്ങൾ എടുക്കുന്നത്ര സമയം പ്രഷർ കുക്കറിന് വേണ്ടിവരാറില്ല. ഇത്തരത്തിൽ ഗ്യാസ് ഏറെ ലാഭിക്കാൻ സാധിക്കും.

 

 

 

പരന്ന പാത്രങ്ങൾ

കുഴിവുള്ള പാത്രങ്ങളെക്കാൾ പരന്ന പാത്രം ഉപയോഗിക്കുന്നത് ഫ്ലെയിം എല്ലാ ഭാഗത്തേക്കും ഒരേപോലെ കൃത്യമായി എത്താനും അതുവഴി പാചകം എളുപ്പത്തിലാക്കാനും സഹായിക്കും. ഭക്ഷണപദാർത്ഥങ്ങൾ അടച്ചുവച്ച് പാകം ചെയ്താൽ ആവിയിൽ അത് വേഗത്തിൽ വേകാനും ഗ്യാസ് ഉപയോഗിക്കുന്ന സമയം കുറയ്ക്കാനും ഉപകരിക്കും.

 

 

ലീക്കുണ്ടോ എന്ന് ശ്രദ്ധിക്കണം

ഗ്യാസ് പൈപ്പുകളിലും ബർണറുകളിലും ലീക്കില്ല എന്ന് ഇടയ്ക്കിടെ പരിശോധിച്ച് ഉറപ്പു വരുത്തണം. നമ്മുടെ ശ്രദ്ധയിൽപ്പെടാതെ ചെറുതായെങ്കിലും ലീക്ക് ഉണ്ടായാൽ അതിലൂടെ ഗ്യാസ് പുറത്തുപോകുന്നത് വലിയ നഷ്ടം വരുത്തി വയ്ക്കും. ബർണറുകളിൽ പൊടിപടലങ്ങൾ അടഞ്ഞിട്ടില്ല എന്നും ഉറപ്പുവരുത്തണം. സ്റ്റൗ എപ്പോഴും സിമ്മിലിട്ട് മാത്രം ഓൺ ചെയ്യാനും ശ്രദ്ധിക്കുക.

 

 

OTHER SECTIONS