ഹോം ജിം: എങ്ങനെയെങ്കിലും ഒരുക്കിയാല്‍ പോര

By Rajesh Kumar.11 06 2020

imran-azhar

മലയാളികള്‍ ഏറ്റവുമധികം ഹെല്‍ത്ത് കോണ്‍ഷ്യസായി മാറിയൊരു കാലഘട്ടമാണിത്. യുവത്വം പിന്നിടുന്നതിന് മുമ്പേ ജീവിതചര്യാരോഗങ്ങളുടെ പിടിയിലമരാന്‍ തുടങ്ങിയതാണ് പുതിയകാലഘട്ടത്തില്‍ ആരോഗ്യശീലങ്ങളില്‍ മാറിചിന്തിക്കാന്‍ മലയാളിയെ പ്രേരിപ്പിച്ചത്. മലയാളി കൂടുതല്‍ ഹെല്‍ത്ത് കോണ്‍ഷ്യസായി മാറിയതോടെയാണ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച ജിമ്മുകള്‍ ഹോം ജിമ്മുകള്‍ എന്ന കാഴ്ചപ്പാടിലേക്ക് മാറിയത്. പുറത്ത് ജിമ്മുകളില്‍ പോയി പരിശീലിക്കാനുള്ള ബുദ്ധിമുട്ടും സ്വകാര്യതയെന്ന ആവശ്യകതയുമാണ് ഹോം ജിമ്മുകളെ സമകാലിക ഹോം ഡിസൈനുകളുടെ ഭാഗമാക്കി തീര്‍ത്തത്. ട്രെഡ് മില്ലുകള്‍ പോലുള്ള ഉപകരണങ്ങള്‍ സാധാരണക്കാരനുപോലും പ്രാപ്യമായ വിലയില്‍ വിപണിയില്‍ ലഭ്യമായി തുടങ്ങിയതും ഹോം ജിമ്മുകളെ കൂടുതല്‍ സ്വീകാര്യമാക്കി.

 

ഹോം ജിമ്മുകള്‍ ഒരുക്കുമ്പോള്‍

 

ലിവിങ്, ഡൈനിങ്, ബെഡ്‌റൂം, അപ്പര്‍ ലിവിംഗ് എന്നിവയൊന്നും ഹോം ജിം സജ്ജീകരിക്കാന്‍ പറ്റിയ ഇടമല്ല. കുട്ടികള്‍ക്ക് എളുപ്പം ചെന്നെത്താന്‍ പറ്റുന്ന ഇടങ്ങളും ഹോം ജിമ്മിനായി ഒരുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഹോം ജിം തയ്യാറാക്കേണ്ട ഇടം വീടിന്റെ പ്ലാന്‍ ഒരുക്കുമ്പോള്‍ തന്നെ മുന്‍കൂട്ടി നിശ്ചയിക്കുന്നതാണ് ഉചിതം. സമകാലിക ഭവനങ്ങളിലെല്ലാം ഹോം ജിം എന്ന രീതിയില്‍ ഒരു സ്‌പേസ് ഒരുക്കുന്നത് ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. നൂറിനും നൂറ്റമ്പതിനുമിടയില്‍ സ്‌ക്വയര്‍ഫീറ്റ് ഉണ്ടെങ്കില്‍ സ്വകാര്യതയ്ക്ക് മുന്‍തൂക്കം നല്‍കുന്നൊരു ഹോം ജിം ഒരുക്കാന്‍ സാധിക്കും.

സ്വകാര്യതയ്ക്ക് തന്നെയാണ് ഹോം ജിം ഒരുക്കുമ്പോള്‍ പ്രഥമപരിഗണന നല്‍കേണ്ടത്. വീടിന്റെ മറ്റിടങ്ങളില്‍ നിന്നെല്ലാം മാറിനില്‍ക്കുന്ന, പുറത്തു നിന്നുള്ള ഇടപെടല്‍ ഇല്ലാത്ത ഇടമായിരിക്കണം ഹോം ജിമ്മായി രൂപപ്പെടുത്തേണ്ടത്. ഏകാഗ്രതയോടെയും ആത്മവിശ്വാസത്തോടെയും ജിം ഉപയോഗിക്കാന്‍ ഇത് ഗുണകരമാണ്. സ്ത്രീകളും കൗമാരക്കാരികളും ജിം ഉപയോഗിക്കുമ്പോള്‍ സ്വകാര്യത കൂടുതല്‍ ആഗ്രഹിക്കുന്നവരാണ്. അതിനാല്‍ ഹോം ജിം നിര്‍ബന്ധമായും പുറംകാഴ്ചയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന, സ്വകാര്യതയ്ക്ക് പ്രാമുഖ്യം നല്‍കുന്ന ഇടമായിരിക്കണം. എന്റര്‍ടെയിന്‍മെന്റ് ആന്‍ഡ് ഹെല്‍ത്ത് സോണ്‍ എന്ന നിലയില്‍ കൂടി ഹോം ജിമ്മുകള്‍ ഇപ്പോള്‍ മാറുന്നുണ്ട്. കുട്ടികള്‍ക്ക് വ്യായാമം ചെയ്യാന്‍ പറ്റുന്ന ഉപകരണങ്ങളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഹോം ജിമ്മിന്റെ ഒരു ഭാഗം കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന ഉപകരണങ്ങള്‍ കൂടി സജ്ജീകരിച്ച് ഫാമിലി ഹെല്‍ത്ത് സെഷന്‍ എന്ന രീതിയില്‍ ഒരു പ്രത്യേക സമയം കുടുംബത്തിന്റെ കൂട്ടായ വ്യായാമ സമയമായി പ്രയോജനപ്പെടുത്താവുന്നതാണ്.

ഹോം ജിമ്മിന് അനുയോജ്യമായ ഇടം രണ്ടാം നിലയാണ്. സ്വകാര്യത സംരക്ഷിക്കുന്നതിന് പുറമെ വായുസഞ്ചാരം കൂടുതല്‍ ഉണ്ടാകുമെന്നതും രണ്ടാം നിലയ്ക്കുള്ള മുന്‍തൂക്കങ്ങളാണ്. വെന്റിലേഷന്‍ ആകാമെങ്കിലും മറ്റിടങ്ങളില്‍ നിന്ന് വേര്‍തിരിച്ച ഇടമായി വേണം ഹോം ജിം ഡിസൈന്‍ ചെയ്യാന്‍. ഹോം ജിമ്മിന്റെ തറയില്‍ ടൈല്‍സിന് പകരം കാര്‍പ്പെറ്റ് ഉപയോഗിക്കുന്നതാണ് അഭികാമ്യം. റബ്ബര്‍ കാര്‍പ്പറ്റുകളോ കയറിന്റെ കാര്‍പ്പറ്റുകളോ ഉപയോഗിക്കുന്നതാവും ഉത്തമം. പണം മുടക്കാന്‍ മടിയില്ലാത്തവര്‍ക്കാണെങ്കില്‍ ഇലാസ്തികത കൂടിയ റബ്ബര്‍ കാര്‍പ്പറ്റുകളും വിപണിയില്‍ ലഭ്യമാണ്.

ഹോം ജിം ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ വയറിംഗിലും പ്ലഗ് പോയിന്റുകള്‍ ഒരുക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. പവ്വര്‍ പ്ലഗ് പോയിന്റുകള്‍ തന്നെ ഒരുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഹോം ജിമ്മിന്റെ ഭാഗമായി ഉപയോഗിക്കാന്‍ പോകുന്ന ഉപകരണങ്ങളുടെ സ്ഥാനമെല്ലാം മുന്‍കൂട്ടി നിര്‍ണ്ണയിച്ച്, അവയ്ക്ക് ഉപയോഗപ്രദമായ രീതിയില്‍ പ്ലഗ് പോയിന്റ് ഒരുക്കുന്നത് ഹോം ജിമ്മിനുള്ളിലൂടെ എക്‌സ്റ്റന്‍ഷന്‍ വയറുകളെല്ലാം തലങ്ങും വിലങ്ങും വലിച്ച് തടസ്സങ്ങള്‍ ഉണ്ടാകുന്നതിന് പരിഹാരമാകും.

ഹോം ജിമ്മിന്റെ ഭിത്തികളില്‍ മിററുകള്‍ ഒരുക്കുന്നതും ഇപ്പോള്‍ സര്‍വ്വസാധാരണമായിട്ടുണ്ട്. കൂടുതല്‍ ഊര്‍ജ്ജത്തോടെ ഹോം ജിം ഉപയോഗിക്കാനും ശരീരഘടന സ്വയം വിലയിരുത്താനും ഇതിലൂടെ സാധിക്കും. ഹോം ജിമ്മില്‍ ഒരു വാള്‍ ടി.വി ഒരുക്കുന്നതും പ്രയോജനകരമാണ്. ട്രെഡ്മില്‍ ഉപയോഗിക്കുന്ന സമയത്ത് ആസ്വാദ്യകരമായ പരിപാടികള്‍ കണ്ടുകൊണ്ട് കൂടുതല്‍ ആത്മവിശ്വാസത്തോടെ വ്യായാമം ചെയ്യാന്‍ ഇതു സഹായകമാകും. എളുപ്പം തളര്‍ച്ച തോന്നാതിരിക്കാന്‍ ഇത് ഉപകാരപ്പെടും.

മികച്ച സൗണ്ട് സിസ്റ്റം ഹോം ജിമ്മില്‍ ക്രമീകരിക്കുന്നവരുമുണ്ട്. നമ്മുടെ എനര്‍ജി ലെവല്‍ ഉയര്‍ത്തുന്ന സംഗീതത്തിന്റെയോ ഗാനങ്ങളുടെയെല്ലാം സാധ്യത വ്യായാമം ചെയ്യുന്ന സമയത്ത് പ്രയോജനപ്പെടുത്താനാണ് ഗുണമേന്മയുള്ള ശബ്ദസംവിധാനം ഹോം ജിമ്മില്‍ ഒരുക്കുന്നത്. എനര്‍ജി ലെവല്‍ ഉയര്‍ത്തുന്ന സംഗീതം ആസ്വദിച്ച് വ്യായാമം ചെയ്യുന്നത് കൂടുതല്‍ സമയം കൂടുതല്‍ എഫക്ടീവായി വര്‍ക്കൗട്ട് ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കും.

 

റിനവേറ്റഡ് ഹോം ജിമ്മുകള്‍

 

പഴയ വീടുകളില്‍ പുതിയതായി ഹോം ജിം ഒരുക്കുമ്പോഴും ചില കാര്യങ്ങളില്‍ കരുതല്‍ കാണിക്കേണ്ടതുണ്ട്. ഹോം ജിമ്മിന് അനുയോജ്യമായ ഇടം രണ്ടാംനിലയായതിനാല്‍ പ്രധാനമായും ഓപ്പണ്‍ ടെറസോ ബാല്‍ക്കണിയോ ആള്‍ട്ടര്‍ ചെയ്യാനാണ് ആളുകള്‍ താല്‍പ്പര്യം കാണിക്കുക. ഓപ്പണ്‍ ടെറസില്‍ ഹോം ജിമ്മായി ആള്‍ട്ടര്‍ ചെയ്യാന്‍ പറ്റുന്ന ഇടമുണ്ടെങ്കില്‍ തീര്‍ച്ചയായും അത് പരിഗണിക്കാം. എന്നാല്‍ ഓപ്പണ്‍ ടെറസിന്റെ സ്വഭാവത്തില്‍ നിന്ന് സ്വകാര്യതയ്ക്ക് പ്രാധാന്യം ലഭിക്കുന്ന ഇടമായി രൂപമാറ്റം വരുത്തിയായിരിക്കണം ഹോം ജിം ഒരുക്കാന്‍. ഹോം ജിമ്മിനായി റിനവേഷന്‍ നടത്തുമ്പോള്‍ എപ്പോഴും വായുസഞ്ചാരമുള്ള സ്വകാര്യത സംരക്ഷിക്കപ്പെടുന്ന ഇടത്തിന് തന്നെയാകണം മുന്‍തൂക്കം നല്‍കാന്‍.

ഹോം ജിമ്മിനായി ആള്‍ട്ടര്‍ ചെയ്യാന്‍ ഇടമില്ലാത്തവരും വീട്ടിലെ ചില സ്‌പേസുകളില്‍ ട്രെഡ്മില്‍ പോലുള്ള ഉപകരണങ്ങള്‍ ഒതുക്കിവയ്ക്കാറുണ്ട്. ഇത്തരത്തില്‍ ഒഴിവുള്ള അനുയോജ്യമായ ഇടങ്ങളുടെ അളവും മറ്റും മുന്‍കൂട്ടി തീര്‍ച്ചപ്പെടുത്തിയിട്ടുവേണം ഇത്തരം ഉപകരണങ്ങള്‍ വിലകൊടുത്ത് വാങ്ങാന്‍. മുന്‍കൂട്ടി ഉപകരണങ്ങള്‍ വാങ്ങി പിന്നീട് അതിടാനുള്ള ഇടം വീട്ടില്‍ സൃഷ്ടിക്കുന്നത് വീടിനെ കുടുതല്‍ ഇടുങ്ങിയതാക്കാന്‍ സാധ്യതയുണ്ട്. അളവുകള്‍ അടക്കം സൂചിപ്പിക്കുന്ന ഇത്തരം ഉപകരണങ്ങളുടെ വിവരം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

 

ദിപിന്‍ മാനന്തവാടി

 

വിവരങ്ങള്‍ക്ക് കടപ്പാട്:
കെ.ജി. ഫ്രാന്‍സിസ്
ഗ്രീന്‍ടെക് ഇന്റീരിയേഴ്‌സ്, കൊച്ചി

 

 

 

 

 

 

 

OTHER SECTIONS