കുട്ടികള്‍ക്ക് കുട്ടി റൂം ഒരുക്കല്ലേ....

By Anju.31 Aug, 2017

imran-azhar

 


കുട്ടികള്‍ അല്‍പം മുതിര്‍ന്നാല്‍ അവര്‍ക്കായി ഒരു മുറി ഒരുക്കണം. കുട്ടികളുടെ മനസ്സിനിണങ്ങിയ മുറി ഒരുക്കിക്കൊടുക്കുമ്പോള്‍ നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. കുട്ടികളാണെങ്കിലും ബെഡ്‌റൂം ഒരിക്കലും കിഡ് റൂം ആകരുത്. കുട്ടികളുടെ വളര്‍ച്ച പെട്ടെന്നാണ് അതുകൊണ്ട് അത് കൂട് മനസ്സില്‍ വച്ചായിരിക്കണം ബെഡ്‌റൂം ഒരുക്കേണ്ടത്. കുട്ടികളുടെ മനസ്സിനിണങ്ങിയ ബെഡ്‌റൂം ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാണ്.....

 

1. കുട്ടികള്‍ വലുതാകുമ്പോള്‍ ഇവര്‍ ചെറുപ്രായത്തില്‍ ഉപയോഗിച്ച കളിപ്പാട്ടങ്ങളായിരിക്കും മുറിയിലെ പ്രധാന വില്ലന്‍മാര്‍. ഇവയില്‍ പ്രിയപ്പെട്ടവയെ അലങ്കാര വസ്തുക്കളായി ഉപയോഗിക്കാം. ഉപയോഗ യോഗ്യമായവ കുടുംബത്തിലെ ചെറിയ കുട്ടികള്‍ക്കു നല്‍കാം.

 

2. ശുദ്ധവായുവും വെളിച്ചവും കിട്ടുന്നിടത്ത് സ്റ്റഡി ഏരിയ സെറ്റ് ചെയ്യാം. സ്റ്റഡി ടേബിളും കസേരയും തിരഞ്ഞെടുക്കുമ്പോള്‍ അമ്മയ്‌ക്കോ ട്യൂഷന്‍ ടീച്ചര്‍ക്കോ ഇരുന്നു പഠിപ്പിക്കാന്‍ കൂടി പാകത്തിന് വലുപ്പമുള്ള മേശ തിരഞ്ഞെടുക്കുക.

 

3.  ലൈറ്റിങ് നല്‍കുമ്പോള്‍ ടേബിളിന് മുകളില്‍ ബ്രൈറ്റ് ലൈറ്റ് നല്‍കാം. ഇരുണ്ട വെളിച്ചത്തില്‍ കുട്ടികളെ പഠിക്കാന്‍ അനുവദിക്കരുത്. ഒരു നൈറ്റ് ലൈറ്റ് കൂടി കുട്ടികളുടെ മുറിയില്‍ നിര്‍ബന്ധമാണ്.

 

4.  ആണ്‍കുട്ടികളാണെങ്കില്‍ അവരുടെ ഷട്ടില്‍ ബാറ്റ്, ക്രിക്കറ്റ് ബാറ്റ്, ക്യാപ് തുടങ്ങിയവ ചുമരില്‍ തൂക്കാനുള്ള സൗകര്യം ചെയ്യാം. പെണ്‍കുട്ടികളുടെ മാലകളും വളകളും സൂക്ഷിക്കാന്‍ ചുമരില്‍ സൗകര്യം നല്‍കാം.

 

5.  മുറിയുടെ ഒരു ഭാഗം കുട്ടികളുടെ ക്രിയേറ്റിവിറ്റിക്കായി വിട്ടു നല്‍കാം. ഈ ഭാഗത്തെ ചുമരില്‍ പൊസിറ്റീവ് ക്വട്ടേഷന്‍സ് ഒട്ടിച്ചു വയ്ക്കാം, അവര്‍ വരച്ച ചിത്രങ്ങള്‍ തൂക്കാം. ഇവിടെ വാട്ടര്‍ കളറിങ്ങോ, മഡ് ഗെയിംസോ അങ്ങനെ ഇഷ്ടമുള്ളതെന്തും ചെയ്യട്ടെ.

 

6.  നിലത്തുനിന്നും ഉയര്‍ന്നു നില്‍ക്കുന്ന ബെഡുകളോ, ചെറിയ കട്ടിലുകളോ കുട്ടികള്‍ക്കായി തിരഞ്ഞെടുക്കാം. രണ്ടു തട്ടുള്ള കട്ടിലുകള്‍ വാങ്ങുകയാണെങ്കില്‍, പിന്നീട് അഴിച്ച് രണ്ട് കട്ടിലായി ഉപയോഗിക്കാന്‍ കഴിയുന്നവ വാങ്ങുക. വശങ്ങളില്‍ സുരക്ഷയ്ക്കായി ഗ്രില്ലുകള്‍ ഉള്ളവയായാല്‍ കുട്ടി താഴെ വീഴുമോ എന്ന ഭയവും വേണ്ട.

 

7.  അരികുകള്‍ കൂര്‍ത്ത അലമാരകളും ഫര്‍ണിച്ചറുകളും മുറികളില്‍ നിന്ന് ഒഴിവാക്കണം. ഫ്‌ലവര്‍വേസുകളും മറ്റ് അലങ്കാര വസ്തുക്കളും ഈ മുറിയില്‍ വേണ്ട.

 

8.  കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍, അവരുടെ ബാഗ്, പുസ്തകം തുടങ്ങിയവ വാള്‍ഡ്രോബിലെ ഉയരം കുറഞ്ഞ തട്ടുകളില്‍ വയ്ക്കുക. മരുന്നുകളും മറ്റും കുട്ടികള്‍ക്ക് കൈയെത്താത്ത ലോക്കുകളുള്ള തട്ടില്‍ വയ്ക്കുക.

 

9.  ചെറിയ മുറികളാണെങ്കില്‍ ഇളം നിറങ്ങള്‍ വേണം ചുമരുകള്‍ക്ക് നല്‍കാന്‍. മുറിക്ക് വലുപ്പം തോന്നിക്കും. ലൈറ്റ് പിങ്ക്, പര്‍പ്പിള്‍ എന്നിവയാണ് പെണ്‍കുട്ടികളുടെ റൂമിന് ഇണങ്ങുന്ന നിറങ്ങള്‍. നീലയും ചുവപ്പുമാണ് ആണ്‍കുട്ടികള്‍ക്ക് പ്രിയപ്പെട്ടത്. ചുവപ്പു പോലെയുള്ള കടും നിറങ്ങള്‍ നല്‍കുമ്പോള്‍ ഒരു ചുമരില്‍ മാത്രമായി ഒതുക്കണം.

 

10.  കുട്ടിയുടെ വളര്‍ച്ചയുടെ ഘട്ടങ്ങളറിയാന്‍ ഒരു ഗ്രോ ചാര്‍ട്ട് റൂമില്‍ വയ്ക്കാം. കുട്ടിയുടെ പൊക്കവും തൂക്കവും എല്ലാ മാസവും ഇതില്‍ കൃത്യമായി രേഖപ്പെടുത്താം.

 

11. മുറിയുടെ ഒരു മൂലയില്‍ ആക്ടിവിറ്റി ടേബിള്‍ നല്‍കാം. കുട്ടികളില്‍ ബുദ്ധിവികാസം ഉണ്ടാക്കുന്ന ഗെയിമുകള്‍ ഈ മേശയില്‍ സജ്ജീകരിക്കാം.

 

12.  ബാത്‌റൂമുകളില്‍ കുട്ടിയുടെ ബ്രഷും പേസ്റ്റുമൊക്കെ വയ്ക്കാന്‍, കൈ എത്തുന്ന ഉയരത്തില്‍ കബോര്‍ഡ് വയ്ക്കണം. പിന്നീട് മാറ്റാവുന്ന രീതിയിലുള്ളതായിരിക്കണം ഇത്.

 

 

 

 

OTHER SECTIONS