പ്രളയത്തെയും അതിജീവിച്ച് 'സിദ്ധാര്‍ത്ഥ'; ശ്രദ്ധേയമായി ഓര്‍മ്മക്കുറിപ്പ്

By mathew.17 08 2019

imran-azhar


പ്രളയകാലത്ത് കരുത്തോടെ പിടിച്ചു നിന്ന മണ്‍വീടാണ് പ്രശസ്ത ആര്‍ക്കിടെക്ട് ജി. ശങ്കറിന്റെ സിദ്ധാര്‍ത്ഥ എന്ന സ്വപ്ന ഭവനം. പൂര്‍ണമായും മണ്ണില്‍ നിര്‍മ്മിച്ച ഈ വീടിന്റെ ബലത്തെക്കുറിച്ച് പലര്‍ക്കും സംശയമുണ്ടായിരുന്നു. ഇപ്പോള്‍ പ്രളയത്തിന് ശേഷവും പഴയ പ്രൗഡിയോടെ തന്നെ വീട് നിലനില്‍ക്കുന്നത് എല്ലാവരുടെയും സംശയങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ പ്രളയക്കാലത്തെ അതിജീവിച്ച സിദ്ധാര്‍ത്ഥയെക്കുറിച്ച് ശങ്കര്‍ തന്നെ ഫെയ്സ്ബുക്കില്‍ കുറിച്ച കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..


ഒരോര്‍മ.. ഇപ്പോള്‍ സമയം 12 മണി.
ഞങ്ങള്‍ വീട്ടില്‍ നിന്നും പടിയിറങ്ങികഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം.. പെരുമഴക്കാലത്തു.
രാത്രി മുഴുവന്‍ മകന് കൂട്ടായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുത്തിയിരുന്നു. ഒരു കോണ്‍ഫെറെന്‍സിനു വരുന്ന ക്ഷണിതാക്കളെ സ്വീകരിക്കുവാന്‍ കാത്തു കാത്തിരുന്നു. തിരികെ വീട്ടില്‍ എത്തുമ്പോഴും കലശലായ മഴയുണ്ടായിരുന്നു.
പിന്നീട് അറിയാതെ ഞാന്‍ ഉറങ്ങിപ്പോയി !
പത്തരയ്ക്ക് മുറ്റത്തു വെള്ളം കെട്ടിത്തുടങ്ങി. നാട്ടുകാര്‍, എന്റെ യുവസുഹൃത്തുക്കള്‍.. അവര്‍ വന്നു പറഞ്ഞു, സൂക്ഷിക്കണം.. ഡാമുകള്‍ തുറന്നു വിട്ടിരിക്കുന്നു! കരമന നദി നിറഞ്ഞു കവിയുന്നു..
ആദ്യം സാധുമൃഗങ്ങളെ തുറന്നു വിട്ടു. അവര്‍ സ്വയം അവരുടെ ഉയര്‍ന്ന താവളങ്ങള്‍ കണ്ടെത്തി.
വെള്ളം അപ്പോഴേക്കും മുറിക്കത്തേക്കു ഇരച്ചു കയറിത്തുടങ്ങി.. പുസ്തകങ്ങള്‍.. അത്യാവശ്യം സാധനങ്ങള്‍ പലയിടങ്ങളിലായി ഉയര്‍ത്തി വച്ചു.. വെള്ളം വീണ്ടും ഉയര്‍ന്നു..
മൂന്നു ചെറിയപെട്ടികള്‍ തലയില്‍ വച്ചു പടിയിറങ്ങി.. ഞങ്ങള്‍ മൂന്നുപേര്‍..
തിരിച്ചെത്തിയത് ഒരാഴ്ച ശേഷം.. കുതിര്‍ന്ന ജീവിതം നേരെയാക്കാന്‍ വീണ്ടും മൂന്നാഴ്ച.
പലരും ഒളിച്ചു വന്നു നോക്കിയത്രേ, മണ്‍വീട് അവിടെ തന്നെ ഉണ്ടോ എന്ന് !

 

 

OTHER SECTIONS