വീട്ടിലൊരുക്കാം പോക്കറ്റിലൊതുങ്ങുന്ന ഇന്റീരിയർ

By Aswany mohan k.26 05 2021

imran-azhar

 

 

 

വാടക വീട്ടിൽ താമസിച്ചു തുടങ്ങുമ്പോൾ ആദ്യമൊക്കെ മടുപ്പും പൊരുത്തക്കേടുകളും ഒക്കെ തോന്നാറുള്ളത് സ്വാഭാവികമാണ്. എന്നാൽ നമ്മൾ തനിയെ സ്വന്തം വീടുപോലെ സ്നേഹിച്ചു തുടങ്ങുന്നത് നമ്മൾ പോലും അറിയാറില്ല.

 

വീടിനു ആഗ്രഹിക്കുന്നത് പോലെയുള്ള നിറങ്ങൾ, മാറ്റങ്ങൾ, മോടി കൂട്ടാന്‍ ആശയങ്ങള്‍ തിരഞ്ഞു തുടങ്ങുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. വാടക വീടാകുമ്പോൾ നമ്മുടെ ഇഷ്ടത്തന് അനുസരിച്ചുള്ള മാറ്റങ്ങൾ ഒരുപക്ഷെ വീട്ടുടമയ്ക്ക് പൊരുത്തമാകണമെന്നില്ല.

 

അത്തരം സാഹചര്യങ്ങളിൽ അവരെ ബുദ്ധിമുട്ടിപ്പിക്കാതെ തന്നെ വാടകവീടിനെ നമ്മുടെ ഇഷ്ടത്തിന് മാറ്റിയെടുക്കാന്‍ എങ്ങനെ സാധിക്കും എന്ന് നോക്കാം.

 

 

ചെലവിലൊതുങ്ങും ബൊഹീമിയൻ ലുക്ക് ആയാലോ

 

 

 

പേര് കേൾക്കുമ്പോൾ ഒരുപാട് കാശ് ചിലവുള്ള എന്തോ വല്യ അലങ്കാര പണിയാകും എന്ന് ചിന്തിക്കണ്ട. റൂമുകൾക്ക് ബൊഹീമിയന്‍ ടച്ച് കൊടുക്കാന്‍ ഭംഗിയുള്ള ഡിസൈനിലുള്ള തുണികള്‍ക്ക് പറ്റും.

 

ഒരുപാട് അതിനു വേണ്ടി വീട്ടില്‍ ഉപയോഗിക്കാതെ മാറ്റിവെച്ച പഴയ ഷോളുകള്‍ മതിയാകും,അത് തുന്നിച്ചേർത്ത് ചുമരില്‍ തൂക്കാം. അതിനൊപ്പം ഒരു ചെറിയ ബുക്ക് ഷെല്‍ഫും ഒരു വലിയ കസേരയുമുണ്ടെങ്കില്‍ വീടിന്റെ ലുക്ക് തന്നെ മാറും.

 


മക്രമേ വോൾ ഹാങര്‍

 

 

ഇപ്പൊഴത്തെ ട്രെണ്ടാണ് മക്രമേം വോൾ ഹാങര്‍. ലിവിങ് റൂമിന്റെയും ബെഡ്റൂമിന്റെയുമെല്ലാം ചുവരലങ്കരിക്കാൻ മക്രമേം വോൾ ഹാങര്‍ തൂക്കിയിടാം. അതുകൊണ്ടുതന്നെ പ്ലാൻറ് ഹാങ്ങറുമുണ്ടാക്കാം.

 

 

 

ഫാമിലി ഫോട്ടോകള്‍ ഫ്രെയിം ചെയ്ത് കുറേയെണ്ണം ഒന്നിച്ച് ഒരു ഭാഗത്തെ ചുമരില്‍ തൂക്കിയാല്‍ ആ ചുമരിനെ ഹൈലൈറ്റ് ചെയ്യാം. ചുവരിൽ ആണിയടിക്കാതെ ഡബിൾ ടേപ്പ് അല്ലെങ്കിൽ ടു സൈഡ് ടേപ്പ് ഉപയോഗിക്കാം.

 

ചെറിയ ബജറ്റിലായിക്കോട്ടെ നമ്മുടെ വലിയ സന്തോഷം

 

വാടക വീടായത് കൊണ്ട് പുതിയ ഫർണിച്ചറുകൾ എങ്ങനെ വേടിക്കും അതിനും ഒരുപാട് ചിലവാകില്ലേ... അങ്ങനെയാണെങ്കിൽ സെക്കൻറ് ഹാൻറ് ഫർണിച്ചർ വാങ്ങാം. അവക്ക് ചെറിയ ചിലവിൽ നമ്മുടെ ഇഷ്ടത്തിന് പെയിൻറ് കൊടുക്കുകയുമാകാം.

 

 

 

അലമാരകള്‍ ഇന്ന് പലതരത്തിലുണ്ട്. ഓണ്‍ലൈനായി ചെറിയ ബഡ്ജറ്റില്‍ അലമാരകള്‍ വാങ്ങാം. ചിലപ്പോള്‍ സ്ഥലപരിമിതിയുള്ള വീടാണെങ്കില്‍ വലിയ ഫർണിച്ചറൊന്നും വാങ്ങി വക്കാന്‍ സാധിക്കില്ല.

 

അപ്പോള്‍ ഉപകാരപ്പെടുന്നവയാണ് ചെസ്റ്റ് ടോപ്പ് ഫർണിച്ചർ. ഭംഗി കൂട്ടാന്‍ അതിന്റെ പിടികളൊക്കെ മാറ്റി പകരം എത്‌നിക് ഡിസൈനുള്ളതോ ആൻറിക് ലുക്കുള്ളതോ ആയ പിടികള്‍ പിടിപ്പിക്കാം.

 


ഫ്ലോർ സിറ്റിങ് അകത്തളത്തിനു ഭംഗി കൂട്ടും

 

അകത്തളത്തിന് ഭംഗി നൽകാൻ പരീക്ഷിക്കാവുന്ന മറ്റൊരു മാർഗമാണ് ഫ്ലോർ സിറ്റിങ് . ഒരു ചെറിയ ബെഡെടുത്ത് നിലത്തു ഒരു വശത്തു ക്രമീകരിച്ചശേഷം അതിന് ചുറ്റും കുഷനുകളും ചെറിയ സ്റ്റൂളുകളുമൊക്കെ വെച്ചാല്‍ കാണാന്‍ തന്നെ രസമാണ്. അഥിതികള്‍ക്ക് സങ്കോചമില്ലാതെ വീട്ടുകാരുമായി ഇടപഴകാന് ഈ രീതി സഹായിക്കും.