ഡിസൈനും ഡ്രോയിംഗും ഇല്ലാതെ വീട് നിര്‍മ്മിക്കാന്‍ സാധിക്കുമോ...?

By Anju N P.23 Nov, 2017

imran-azhar

 

സ്വന്തമായൊരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനൊരുങ്ങുന്നവര്‍ പലപ്പോഴും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് വീടിന്റെ ഡിസൈനിംഗ്. പലപ്പോഴും ഇതിന്റെ പ്രാധാന്യത്തെ വേണ്ടരീതിയില്‍ പരിഗണിക്കുന്നില്ല എന്നതാണ് ആഗ്രഹിച്ച വീട് സ്വന്തമാക്കാന്‍ സാധിക്കാതെ വരുന്നത്. ലിവിംഗ് റൂം, കിച്ചണ്‍, കിടപ്പുമുറി,ടോയ്ലറ്റുകള്‍ തുടങ്ങിയ തന്നെ അല്ലെ ഓരോ വീട്ടിലും പൊതുവായുള്ളത് അതെന്തിനു പിന്നെ ഡിസൈന്‍ ചെയ്യണം എന്ന് ചിന്തിക്കുന്നവരും നമുക്കിടയില്‍ ഉണ്ട്.

 

ഓരോ വ്യക്തിയുടേയും കുടുംബത്തിന്റെയും കാഴ്ചപാടുകളും ആവശ്യങ്ങളും താല്പര്യങ്ങളും വിഭിന്നമായിരിക്കും. കൂടാതെ വീട് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശം നിര്‍മ്മാണ വസ്ഥുക്കള്‍ കാലാവസ്ഥ നിര്‍മ്മാതാവിനെ സാമ്പത്തിക സാമൂഹിക അവസ്ഥകള്‍ ഒക്കെ വീടുകളുടെ രൂപകല്പനയിലും വ്യത്യാസങ്ങള്‍ ഉണ്ടാകും. ആത്യന്തികമായി മനുഷ്യര്‍ക്കെന്ന പോലെ വീടുകള്‍ക്കും വ്യക്തിത്വം ഉണ്ട്.

 

സ്‌പേസിന്റെയും മെറ്റീരിയലിന്റേയും ശരിയായ അനുപാതത്തിനും വിനിയോഗത്തിനും ഡിസൈനിംഗില്‍ വലിയ പ്രാധാന്യമുണ്ട്. ആവശ്യങ്ങളും ആഗ്രഹങ്ങളും പരിമിതികളും സാധ്യതകളും നല്ല പോലെ മനസ്സിലാക്കി ശ്രദ്ധിച്ച് ഡിസൈന്‍ ചെയ്താല്‍ ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ മികച്ച വീടുകള്‍ നിര്‍മ്മിക്കുവാനാകും.

 

മികച്ച ആര്‍ക്കിടെക്ടുമാരും ഡിസൈനര്‍മാരും വിശദമായ ഡ്രോയിംഗുകള്‍ ആണ് തയ്യാറാക്കുക. വീടിന്റെ മാത്രമല്ല അതിന്റെ ലാന്റ്‌സ്‌കേപ്, ചുറ്റുമതില്‍ ഗേറ്റ് തുടങ്ങി അനുബന്ധ ഘടകങ്ങളെയും ഇതില്‍ ഉള്‍ക്കൊള്ളിക്കുകയും വേണം. ഇതുവഴി എസ്റ്റിമേഷനും ക്വാണ്ടിറ്റിയും തയ്യാറാക്കുന്നവര്‍ക്കും നിര്‍മ്മാണ തൊഴിലാകികള്‍ക്കും, ഇലക്ട്രിക്കല്‍ & പ്ലംബിംഗ് ജോലികള്‍ ചെയ്യുന്നവര്‍ക്കും,ആശാരിമാര്‍ക്കും വിവിധ അലങ്കാര പണികള്‍ ചെയ്യുന്നവര്‍ക്കും എല്ലാം ചെയ്യേണ്ട ജോലിയെ കുറിച്ച് കൃത്യമായ ധാരണ ലഭിക്കുന്നു.

 

ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മ്മിക്കുന്ന വീടുകള്‍ പലതും പൂര്‍ത്തിയാകുമ്പോള്‍ ഉടമ പ്രതീക്ഷിച്ച പോലെ ആകാത്തതിന്റെ ഒരു പ്രധാന കാരണം വിശദമായ ഡ്രോയിംഗുകളുടേയും കൃത്യമായ സാങ്കേതിക ഉപദേശത്തിന്റേയും അഭാവമാണ്. വ്യക്തമായ ധാരണയില്ലാത്തതിനാല്‍ പലപ്പോഴും നിര്‍മ്മാണത്തിനിടയില്‍ അനാവശ്യമായ പൊളീച്ചു പണികള്‍ നടത്തേണ്ടതായും വരുന്നു.

 

അത്‌കൊണ്ട് തന്നെ നല്ല ഒരു സൂപ്പര്‍ വൈസര്‍/എഞ്ചിനീയറുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണം നടത്തേണ്ടതിന്റെ പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുന്നു. കേരളത്തില്‍ നടക്കുന്ന ബഹുഭൂരിപക്ഷം നിര്‍മ്മാണങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികളാണ് കൂടുതലായി ജോലി ചെയ്യുന്നത്. സാങ്കേതികവശങ്ങളെ പറ്റി വലിയ ധാരണയൊന്നും ഇവരില്‍ പലര്‍ക്കുമില്ല. ചെറിയ ഒരു ലാഭത്തിനായി ആര്‍ക്കിടെക്ടിനെ/ഡിസൈനറെ/സൂപ്പര്‍ വൈസറെ ഒഴിവാക്കുന്നതിലൂടെ സാമ്പത്തികമായും നിര്‍മ്മാണ സാമഗ്രൈകളായും വന്‍ നഷ്ടവും ഒപ്പം അസംതൃപ്തിയും ഉണ്ടാകുന്നു. ഇതൊഴിവാക്കുവാന്‍ വേണ്ട കാര്യങ്ങള്‍ കൃത്യമായി തന്നെ ചെയ്യുക.

 

loading...

OTHER SECTIONS