25 ലക്ഷത്തില്‍ സ്വപ്‌നക്കൂട്

By ശര്‍മിള ശശിധര്‍.15 Mar, 2018

imran-azhar

ഒറ്റനോട്ടത്തില്‍
ഉടമയും ഡിസൈനറും:മനോജ് കുമാര്‍ വി.എസ്
സ്ഥലം: മണ്ണന്തല, തിരുവനന്തപുരം
വിസ്തീര്‍ണ്ണം: 1600 ചതുരശ്രയടി
ചെലവ്: 25 ലക്ഷം

25 ലക്ഷത്തില്‍ സ്വപ്‌നക്കൂട്
തീക്ഷ്ണമായ ആഗ്രഹവും വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള അചഞ്ചലമായ മനസ്സുമുണ്ടെങ്കില്‍ ആര്‍ക്കും തന്റെ സ്പ്നം കയ്യടക്കാമെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് തിരുവനന്തപുരം മണ്ണന്തലയിലെ സിവില്‍ എഞ്ചിനിയറായ മനോജ് കുമാറിന്റെ വീട്. വൃത്താകൃതിയിലുള്ള രണ്ടര സെന്റ് പ്ലോട്ട് ആണ് പലരും ഒഴിവാക്കിയിട്ടും താല്‍പ്പര്യത്തോടു കൂടി മനോജ് കുമാര്‍ സ്വന്തമാക്കിയത്.

 

 

വൈദ്യുതി വകുപ്പില്‍ സിവില്‍ എഞ്ചിനിയറായ മനോജ് കുമാര്‍ ഭൂമിയ്ക്കനുസരിച്ച് സ്വന്തമായി പ്ലാന്‍ തയ്യാറാക്കുകയായിരുന്നു. താഴത്തെ നിലയില്‍ കാര്‍പോര്‍ച്ചും സിറ്റൗട്ടും, കൂടാതെ വിശാലമായ ലിവിങ് റൂമും കോമണ്‍ ബാത്റൂമും ഒരുക്കി. ലിവിങ് റൂമില്‍ അരികിലായി റെഡിമെയ്ഡ് സ്റ്റെയര്‍കേസ് (ജിഐ സ്‌ക്വയര്‍ ട്യൂബില്‍) തീര്‍ത്തു. കുറഞ്ഞ ചെലവില്‍ തീര്‍ത്ത സ്റ്റെയര്‍കേസില്‍ പടികള്‍ക്കായി തടിപ്പലകയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ സ്റ്റെയര്‍കേസ് ലിവിങ്ങിന്റെ സൗകര്യം ഒട്ടും കുറയ്ക്കുന്നില്ല എന്നു മാത്രമല്ല വീടിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുകയും ചെയ്തു.


സ്റ്റെയര്‍കേസ് കടന്ന് ഒന്നാം നിലയിലെത്തുമ്പോള്‍ അവിടെ ഡ്രോയിങ് കം ഡൈനിങ്ങും ഒരു ബാത് അറ്റാച്ച്ഡ് ബെഡ്റൂമും കിച്ചനും സ്റ്റോറും കാണാം. താഴെ നിന്നു സ്റ്റെയര്‍കേസ് കയറി വരാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വീടിന്റെ പുറകു വശത്തു നിന്നു നടന്നു കയറി വരാവുന്ന വിധത്തില്‍ സണ്‍ഷേഡിന്റെ ഭാഗമായി റാംപ് നല്‍കിയിട്ടുണ്ട്.

 

 

ഡൈനിങ് ഏരിയയില്‍ നിന്നും കിച്ചനിന്റെ വശത്തു കൂടി മുകള്‍ നിലയിലേക്കെത്താം. അവിടെ ലോഞ്ചിന്റെ ഭാഗമായി റൂഫ് ടോപ്പിലേക്കുള്ള സ്റ്റെയര്‍കേസും കോമണ്‍ ബാത്റൂമും നല്‍കിയിരിക്കുന്നു. രണ്ടാം നിലയിലുള്ള രണ്ട് ബെഡ്റൂമുകളിലൊന്ന് ബാത് അറ്റാച്ച്ഡ് ആണ്. വീടിനു പുറത്തെ പ്രകൃതി ഭംഗി ആസ്വദിക്കാവുന്ന വിധത്തിലൊരു ബാല്‍ക്കണിയുണ്ട്, മുകള്‍ നിലയില്‍. സമീപത്തെ വിശാലമായ കുളത്തിന്റെ ഭംഗി മുഴുവനും ഇവിടെയിരുന്നാല്‍ ആസ്വദിക്കാനാവും. ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറന്നിട്ടാല്‍ കാറ്റ് വീടിനുള്ളിലെത്തും.

 

തുണി കഴുകാനുള്ള സൗകര്യങ്ങള്‍ റൂഫ് ടോപ്പിലുണ്ട്. പ്ലോട്ടിന്റെ പരിമിതി അറിഞ്ഞ് ഒരിഞ്ചു സ്ഥലം പോലും പാഴാക്കാത്ത വിധമാണ് പ്ലാനും നിര്‍മ്മാണവും. കൃത്യമായ ആകൃതിയില്ലാത്ത ബാത്റൂമുകള്‍ പോലും നമ്മള്‍ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ സൗകര്യം നല്‍കുന്നു. മുറികളിലെ അലമാരകളും കിച്ചണ്‍ കബോര്‍ഡും കാബിനറ്റുകളുമെല്ലാം തീര്‍ത്തിരിക്കുന്നത് എംഡിഎഫിലാണ്.