വീട്ടിലൊരു ലാൻഡ് സ്‌കേപ്പ്

By Greeshma G Nair.28 Mar, 2017

imran-azhar

 

 

ഭംഗിയുള്ള വീട് ഉണ്ട് , അതിനൊപ്പം വീടിനു ചുറ്റുമുള്ള പ്രകൃതിയും കൂടി ഭംഗിയുള്ളതാക്കിയാൽ മനോഹരമായ ഒരു ലാൻഡ്സ്കേപ്പിങ് നമ്മുടെ ചുറ്റുപാടിൽ തന്നെയുണ്ടാക്കാം . പലതരം ശൈലികൾ, രൂപഭാവങ്ങൾ എന്നിവയെല്ലാമായി അതിവിശാലമാണ് ലാൻഡ്സ്കേപ്പിന്റെ ലോകം.

 


സ്ഥലം കുറവാണെങ്കിൽ വെർട്ടിക്കൽ ഗാർഡൻ, റൂഫ് ഗാർഡൻ എന്നിവ പരീക്ഷിക്കാം. ബാൽക്കണിയിലും പൂന്തോട്ടമൊരുക്കാം എല്ലാക്കാര്യത്തിലുമെന്നപോലെ വീടുപണിയുടെ തുടക്കത്തിൽ തന്നെയുള്ള ആസൂത്രണം ലാൻഡ്സ്കേപ്പിങ്ങിന്റെയും മികവ് കൂട്ടും. വീടിനോടു ചേർന്ന് ലാൻഡ്സ്കേപ്പിങ് ചെയ്യേണ്ട സ്ഥലത്തിന്റെ ‘സൈറ്റ് പ്ലാൻ’ തയാറാക്കുകയാണ് ആദ്യപടി. അതിനുശേഷം വീട്ടുകാരുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും സംയോജിപ്പിച്ച് ലാൻഡ്സ്കേപ് ഡിസൈൻ രൂപപ്പെടുത്തണം.

 


പ്രകൃതിദത്ത കല്ല് വിരിച്ച നടപ്പാത. മതിലിനോട് ചേർന്ന് പച്ചപ്പിന്റെ ആവരണം.
ലാൻഡ്സ്കേപ്പിങ്ങിൽ സോഫ്ട്സ്കേപ്പിങ്, ഹാർഡ്സ്കേപ്പിങ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട് എന്ന കാര്യവും അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും. നിർമാണപ്രവർത്തനങ്ങളൊന്നും ഇല്ലാതെ സ്ഥലം അതേപോലെ നിലനിർത്തുന്നതാണ് സോഫ്ട്സ്കേപ്പിങ്. നടപ്പാതകൾ, ഇരിപ്പിടങ്ങൾ, അലങ്കാരക്കുളം, ശിൽപങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുന്നതാണ് ഹാർഡ്സ്കേപ്പിങ്.

 

വളരെ സൂക്ഷ്മമായ തലത്തിൽ സ്വാഭാവിക പ്രകൃതിയെ സംരക്ഷിക്കുകയും തനത് ആവാസവ്യവസ്ഥയെ നിലനിർത്തി ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന തരത്തിൽ ലാൻഡ്സ്കേപ്പ് ഒരുക്കുന്ന രീതി ആഗോളതലത്തിൽ പ്രചാരമാർജിച്ചിട്ടും അതിനോടു പുറംതിരിഞ്ഞാണ് നമ്മുടെ നിൽപ്പ്. കേവലം പൂച്ചെടികൾ മാത്രം നട്ടുപിടിപ്പിക്കുന്നതിനു പകരം ഫലവൃക്ഷങ്ങളും പച്ചക്കറികളും കൂടി വിളയുന്ന പൂന്തോട്ടം (Edible Garden) എന്ന ആശയത്തിനും ഇപ്പോൾ ആരാധകരേറെയാണ്.

 


ഭംഗിക്കൊപ്പം പ്രകൃതിക്കും വീട്ടുകാർക്കും പ്രയോജനപ്പെടുന്നതുമായ ലാൻഡ്സ്കേപ്പ് ഒരുക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.


സ്ഥലത്തിന്റെ സവിശേഷതകൾ കഴിവതും നിലനിർത്തുക. നിരപ്പാക്കുകയോ മണ്ണിട്ട് ഉയർത്തുകയോ ചെയ്യാതെ ലാൻഡ്സ്കേപ്പ് സജ്ജീകരിക്കുക. കുളങ്ങളും കിണറുകളും മൂടാതെ ലാൻഡ്സ്കേപ്പിന്റെ ഭാഗമാക്കുക.മുറ്റത്തും പരിസരത്തും പേവ്മെന്റ് ടൈൽ വിരിക്കുന്നത് കഴിവതും ഒഴിവാക്കുക. ടൈൽ വിരിക്കുന്നത് ചൂട് കൂട്ടും. ക്രമേണ ഭൂഗർഭജലനിരപ്പ് കുറയും. കിണറ്റില്‍ വെള്ളം ഇല്ലാതാകും. ഒഴിവാക്കാനാകില്ലെങ്കിൽ മഴവെള്ളം ഭൂമിയിലേക്ക് താഴാൻ സൗകര്യമുള്ള രീതിയിൽ മാത്രം ടൈൽ വിരിക്കുക. ടൈലിനു പകരം പ്രകൃതിദത്ത കല്ലുകളുടെ പാളികളും വിരിക്കാം.ചെടികളും മറ്റും നനയ്ക്കാൻ ഉപയോഗിക്കത്തക്ക രീതിയിൽ മഴവെള്ള സംഭരണി നിർമിക്കാം. അതിനു കഴി‍ഞ്ഞില്ലെങ്കിൽ മഴവെള്ളം ഒഴുക്കിക്കളയാതെ ഭൂമിയിൽ താഴ്ത്താനുള്ള ചരിവുകളും മഴക്കുഴികളുമെങ്കിലും ലാൻഡ്സ്കേപ്പിന്റെ ഭാഗമാക്കുക.

 


മഴവെള്ളം മണ്ണിലേക്ക് താഴുംവിധം വേണം പേവ്മെന്റ് ടൈൽ വിരിക്കാം. ഇതിനായി പ്രകൃതിദത്ത കല്ലുകളും ഉപയോഗിക്കാം.

OTHER SECTIONS