വീട്ടിലൊരു സ്മാര്‍ട്ട് ഓപ്പണ്‍ ഫ്‌ളോര്‍

By Rajesh Kumar.06 Mar, 2018

imran-azhar

 

മുറികള്‍ പലതും കെട്ടിത്തിരിച്ചു വീടിന്റെ ഉള്‍വശം ഞെരുക്കുന്ന രീതി ഇന്നു ട്രെന്‍ഡല്ല. ചെറുതെങ്കിലും ഓപ്പണ്‍ ഫ്‌ളോര്‍ എന്ന ആശയത്തൊടെ വിശാലത ഉള്ളില്‍ കൊണ്ടുവരാനാണ് ഒട്ടുമിക്കവര്‍ക്കും ഇഷ്ടം. ഓപ്പണ്‍ ഫ്‌ളോര്‍ പ്ലാനുകള്‍ അഥവാ ഫ്‌ളോയിംഗ് ഹൗസ് പ്ലാനുകള്‍ക്ക് നഗരങ്ങളിലെന്ന പോലെ മറ്റിടങ്ങളിലും ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. കേരളത്തില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഓപ്പണ്‍ സ്‌പേസെന്ന ആശയത്തിന് വേരുറച്ചിട്ടുണ്ട്.

ഓപ്പണ്‍ ഫ്‌ളോര്‍ പ്ലാന്‍ എന്നത് വിശാലമായ ഇടങ്ങളെയാണ്. ഇവിടെ കാഴ്ചയ്ക്കു തടസമുണ്ടാകാതെയും സൗകരമായി നടക്കാനുമൊക്കെ ഇടമുണ്ടാകും. ഇങ്ങനെ പറയുമ്പോള്‍ ധാരാളം ഇടം വേണ്ടിവരുമല്ലോയെന്ന തോന്നലുണ്ടാകാം. വലിയ വീടുവച്ചാലല്ലേ ഇതു സാധ്യമാകൂവെന്നും തോന്നാം. അതല്ല കാരണം. വീടിനുള്ളില്‍ ഒരു ഫ്‌ളോര്‍ കഴിയുന്നത്ര തുറന്നതാക്കുകയാണ് ലക്ഷ്യം. ഇതിനായി സ്‌പേസ് നന്നായി പ്ലാന്‍ ചെയ്ത് ഉപയോഗിക്കുകയാണു വേണ്ടത്.

പല തരത്തില്‍ നമുക്ക് വീടിനുള്ളില്‍ ഓപ്പണ്‍ ഫ്‌ളോര്‍ പ്ലാന്‍ കൊണ്ടുവരാം. ഡിസൈനിലും ഡെക്കറേഷനിലും മറ്റും ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ സ്‌പേസ് കൂട്ടിയെടുക്കാം.


1. നടക്കാനുള്ള ഇടം
ഓപ്പണ്‍ ഫ്‌ളോര്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ആദ്യമേ ശ്രദ്ധിക്കേണ്ടത് അതില്‍ എവിടെ വേണം നടക്കാനുള്ള വഴിയെന്നതാണ്. ഇവിടെ തടസങ്ങളുണ്ടാക്കരുത്. പ്രവൃത്തി ചെയ്യാനുള്ള ഇടം മറ്റൊരു ഭാഗത്തായി മാറ്റുക. ഉദാഹരണത്തിന്, അടുക്കള ചെറുതാക്കുക. ഡൈനിംഗ് ഏരിയയും സിറ്റൗട്ടും വലുതാക്കാം. പ്രവൃത്തികള്‍ ചെയ്യാനുള്ള ഇടം തീരുമാനിച്ച് സ്ഥലം തിരിച്ചാല്‍ പിന്നെ ഓപ്പണ്‍ സ്‌പേസിനുള്ള ഇടം ഒഴുകിക്കിടക്കുന്ന മട്ടില്‍ ചെയ്യണം. അതിലേ കയ്യുംവീശി നടക്കാന്‍ കഴിയണം. അതാണൊരു സുഖം.

2. ട്രാന്‍സ്‌പേരന്റായ ഡിവൈഡര്‍
ഓപ്പണ്‍ ഫ്‌ളോറില്‍ കാഴ്ച മറയ്ക്കുന്ന ഡിവൈഡറുകള്‍ പാടില്ല. കാഴ്ചയില്‍ സ്‌പേസിനെ മുറിച്ചുമാറ്റുന്ന മട്ടില്‍ ഒന്നും വയ്ക്കരുതെന്നര്‍ത്ഥം. ഇനി ചെറിയ വേര്‍തിരിവു വേണമെന്നുണ്ടെങ്കില്‍ കാഴ്ച മറയ്ക്കാത്ത മട്ടിലാകാം. ഗ്ലാസ് സപ്പറേഷന്‍ ഇതിനു നല്ലതാണ്. അതും സ്ലൈഡ് ചെയ്തു മാറ്റാവുന്ന മട്ടിലുള്ള ഡോറും സപ്പറേറ്റുമാണെങ്കില്‍ വളരെ നല്ലത്. നടക്കാനായി സ്‌പേസ് തുറന്നിടാം.

3.സ്‌പേസ് തിരിച്ചറിയാന്‍ റഗ്
ഓപ്പണ്‍ സ്‌പേസില്‍ നടക്കാനുള്ള ഇടവും അല്ലാത്തയിടവുമായി തിരിച്ചറിയാന്‍ മാര്‍ഗ്ഗമുണ്ട്. നിസാരമായി ഇതു മാറ്റിയെടുക്കാം. ഒരു നല്ല റഗ് അഥവാ മാറ്റ് ഉപയോഗിക്കുകയേ വേണ്ടൂ.
വിവിധ നിറത്തിലും ഡിസൈനിലും പാറ്റേണിലുമുള്ള റഗുകള്‍ വാങ്ങാന്‍ കിട്ടും. ഫോര്‍മല്‍ ലുക്കുള്ള കാര്‍പ്പറ്റ് ഡൈനിംഗ് ഏരിയയില്‍ ഉപയോഗിക്കാം. ലിവിങ്ങിലാണെങ്കില്‍ ലൈറ്റ് നിറത്തിലുള്ളതാണ് ട്രെന്‍ഡ്. ഇങ്ങനെ സ്‌പേസിനെ വേര്‍തിരിച്ചു കഴിഞ്ഞാല്‍ ഓപ്പണ്‍ സ്‌പേസ് വ്യക്തമായി കിടന്നുകൊള്ളും.

4. മുറിക്കുള്ളില്‍ മുറി
സാങ്കേതികമായി പറഞ്ഞാല്‍ മുറിക്കുള്ളില്‍ തന്നെ മുറിയുണ്ടാക്കുന്ന വിദ്യയുണ്ട്. ഇതിനായി ഭിത്തി കെട്ടേണ്ട കാര്യവുമില്ലെന്നതാണ് രസകരം.
ഒരു മൂലയെ മറ്റൊരു മൂലയില്‍ നിന്നു കാഴ്ചയില്‍ വേര്‍തിരിച്ചെടുക്കുന്നതാണ് മുറിക്കുള്ളിലെ മുറി ടെക്‌നിക്കില്‍ പ്രധാനം. അല്‍പ്പം ഉയര്‍ത്തിക്കെട്ടിയാല്‍ ഒരു മുറിയുടെ ഭാഗം തന്നെ മറച്ചെടുക്കാം. എന്നാല്‍, വേറിട്ടതായി തോന്നുകയുമില്ല. കിച്ചനു മറയുണ്ടാക്കാനായി ഇങ്ങനെ ഭിത്തി അല്‍പ്പം ഉയര്‍ത്തിക്കെട്ടുന്ന രീതി ഇപ്പോള്‍ പലയിടത്തുമുണ്ട്.

5. സ്മാര്‍ട്ട് ലുക്ക് സീലിംഗ്
ഓപ്പണ്‍ സ്‌പേസില്‍ സീലിങ്ങ് പ്രത്യേകം ശ്രദ്ധിക്കണം. കൂടുതല്‍ വിശാലത തോന്നിപ്പിക്കാന്‍ സീലിങ്ങിലും ചില്ലറ വിദ്യകള്‍ പ്രയോഗിക്കാം
മുറിക്കുള്ളിലെ മുറിയെന്ന ആശയത്തിനും സീലിങ്ങിനു പങ്കുണ്ട്. സീലിങ്ങിന്റെ പ്രത്യേകയിടം ഇതിനായി ഒരുക്കിയെടുക്കാം. തടി ബീമുകള്‍ ഉപയോഗിച്ച് ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. സീലിങ്ങിലൂടെ പേഴ്‌സണല്‍ സ്‌പോട്ടുകളുണ്ടാക്കിയെടുക്കുകയാണു ചെയ്യുന്നത്. എന്നാലിതു സ്‌പേസിനെ ഒരുതരത്തിലും ബാധിക്കുകയുമില്ല.

6. ട്രെന്‍ഡി ഷെല്‍ഫുകള്‍
ഓപ്പണ്‍ സ്‌പേസ് പ്ലാനില്‍ ഷെല്‍ഫുകള്‍ ശ്രദ്ധിക്കണം. കന്റംപററിയും വളരെ സ്‌ലീക്കുമായുള്ള ഷെല്‍ഫുകളാണ് ഡൈനിംഗിനും ലിവിങ്ങിനും നല്ലത്.
ഓപ്പണ്‍ സ്‌പേസിനു പ്രശ്‌നമുണ്ടാക്കാത്തതും, എന്നാല്‍ ഒരു ബ്യൂട്ടിയുണ്ടാക്കുകയും ചെയ്യും എന്നതാണ് ട്രെന്‍ഡി ഷെല്‍ഫുകളുടെ പ്രത്യേകത. മാര്‍ക്കറ്റില്‍ ഇതുപോലെ ട്രെന്‍ഡിയായ ഷെല്‍ഫ് ഡിസൈനുകള്‍ ഉണ്ട്. ഇതില്‍ നിന്നു ചേരുന്നവ നോക്കി തിരഞ്ഞെടുക്കാന്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി.

7. മികച്ച ലൈറ്റിംഗ്
സ്‌പേസിനു ഒന്നുകൂടി മാറ്റുകൂട്ടുന്ന തരത്തിലാകണം ലൈറ്റിംഗ്. കടുംനിറത്തിലുള്ള ലൈറ്റിംഗ് ഓപ്പണ്‍ സ്‌പേസില്‍ വേണ്ട. ഭിത്തിയില്‍ വേണ്ടിടത്തുമാത്രം ലൈറ്റ് നല്‍കിയാല്‍ മതിയാകും. ഡൈനിംഗ് ഏരിയയില്‍ ഷന്‍ഡിലിയര്‍ നല്ലതാണ്. വെളിച്ചം പാളിവീഴുന്ന മട്ടില്‍ ചെയ്യുന്ന ഡിസൈന്‍ നല്ലതാണ്.

8. കളര്‍ സ്‌കീം പ്രധാനം
ഓപ്പണ്‍ സ്‌പേസിനു കളറും പ്രധാനമാണ്. നൂട്രല്‍ കളറുകളാണ് ഓപ്പണ്‍ സ്‌പേസിനു ചേരുക. വെള്ള, ഓഫ് വൈറ്റ് തുടങ്ങിയവ. നിറങ്ങളാല്‍ സ്‌പേസിനെ വേര്‍തിരിക്കുന്ന തോന്നലുണ്ടാക്കുകയും ചെയ്യാം. ഇതു പ്ലാന്‍ ചെയ്യണം. നിറങ്ങള്‍ തമ്മില്‍ ലയിച്ചുകിടക്കുന്ന മട്ടിലുള്ളതാകണം. ലിവിങ്ങിലും ഡൈനിംഗിലുമൊക്കെ കളര്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇത് ഓര്‍ക്കണം.