മുംബൈയിലാണ് ഭര്‍ത്താവ് ബെനഡിക്ട് ടെയ്‌ലറിനൊപ്പം രാധിക താമസിക്കുന്ന അപാര്‍ട്ട്‌മെന്റുള്ളത്. ഏഷ്യന്‍ പെയിന്റ്‌സിനുവേണ്ടി തയ്യാറാക്കിയ വീഡിയോയില്‍ രാധിക തന്റെ വീട്ടിലെ വീശേഷങ്ങള്‍ ഓരോന്നായി പങ്കുവെക്കുന്നുണ്ടെന്ന് മാത്രമല്ല, വീടിന്റെ മുക്കും മൂലയും പ്രിയപ്പെട്ട ഇടവുമെല്ലാം ആരാധകര്‍ക്കായി പരിചയപ്പെടുത്തുന്നുമുണ്ട്.

 

 

സ്വഭാവിക വെളിച്ചത്തിന് ഏറെ പ്രധാന്യം നല്‍കിയാണ് രാധികയുടെ വീട്  രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ലിവിങ്ങ് റൂമിന്റെ ഒരു ചുമര്‍ മുഴുവന്‍ ജനാലയാണ്. രാധികയ്ക്ക് ഏറെ പ്രിയപ്പെട്ട ഇടവും ഈ ഭാഗം തന്നെയാണ്. വലിയൊരു ലൈബ്രറി വീട്ടില്‍  തയ്യാറാക്കിയിരിക്കുന്ന  രാധിക വായിക്കാനായി ഇരിക്കുന്നതും ഇവിടെയാണ്. 

 

 

ധാരാളം മരങ്ങളുടെ ഇടയിലായിരുന്നു രാധികയുടെ കുട്ടിക്കാലം. ജീവിതം ഫ്‌ളാറ്റിലേക്ക് പറിച്ചു നട്ടപ്പോഴും രാധിക മരങ്ങളെ കൂടെ കൂട്ടി.  ഡൈനിങ്ങ് ഏരിയയിലും കിടപ്പുമുറിയിലും അടുക്കളയിലും ചെടികളും ബോണ്‍സായ് മരങ്ങളും ധാരാളം കാണാം.

 

 

വീടെന്നാല്‍ രാധികയ്ക്ക് ഓര്‍മ്മകളിലേക്കും കുട്ടിക്കാലത്തേക്കുമുള്ള മടക്കയാത്രയാണ്. മുത്തശ്ശിയുടെ കസേരയും അമ്മയുടെ അലമാരയുമൊക്കെയാണ് വീട്ടിലെ പ്രധാന ഫര്‍ണിച്ചറുകള്‍. പ്രിയപ്പെട്ടവരുടെ  സാന്നിധ്യം കൂടിയാണ് രാധികയ്ക്ക് ഈ ഫര്‍ണിച്ചറുകള്‍. സ്‌കൂളില്‍ നിന്നും കണ്ടെടുത്ത നിറങ്ങളോടുള്ള പ്രണയം വീട്ടിലേക്കും ചേക്കേറിയപ്പോള്‍ രാധികയുടെ വീടിന്റെ വാതിലുകള്‍ക്ക് പല വര്‍ണങ്ങളായി. 

 

 

മാമ്പഴ മഞ്ഞ നിറത്തിലുളള്ള ഒരു ചുവര്‍ മുഴുവനായി രാധിക പ്രിയപ്പെട്ട പെയിന്റിങ്ങുകള്‍ തുക്കിയിടായി മാത്രം മാറ്റം വെച്ചിട്ടുണ്ട്. ചിത്രങ്ങള്‍ കൊണ്ട് ഈ ചുവരുകള്‍ നിറയ്ക്കുകയാണ് രാധികയുടെ ഒരു സ്വപ്‌നം. അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു വീടാണ്..താരജാഡകളില്ലാത്തൊരു വീട്.