ലളിതമെങ്കിലും സുന്ദരം

By Rajesh Kumar.14 Jan, 2017

imran-azhar

നീളം കൂടിയതും വീതി കുറഞ്ഞതുമായ 15 സെന്റ് പ്ലോട്ടില്‍ കാറ്റും വെളിച്ചവും കടക്കുന്ന, സൗകര്യങ്ങളുള്ള വീട് പണിയണം എന്ന ആവശ്യവുമായാണ് ചാവക്കാട് സ്വദേശി അയൂബ് നിര്‍മ്മാണ്‍ ഡിസൈനിലെത്തിയത്. മറ്റു ചില നിര്‍ദ്ദേശങ്ങളും അയൂബിനുണ്ടായിരുന്നു. എല്ലാ മുറികളിലും ആവശ്യത്തിന് സ്വകാര്യതയുണ്ടാവണം. അകത്തു പ്രവേശിക്കുന്നയാളിന് വീടിനകം മുഴുവന്‍ കാണാന്‍ സാധിക്കുന്ന തരത്തില്‍ വീട് ഡിസൈന്‍ ചെയ്യാന്‍ പാടില്ല. മക്കള്‍ക്ക്, ശ്രദ്ധ പതിയുന്നിടത്ത് സ്റ്റഡി ഏരിയ ഒരുക്കണം. പ്രത്യേകം പ്രാര്‍ത്ഥനാമുറിയൊരുക്കണം. ഉടമയുടെ ആവശ്യങ്ങളെല്ലാം പാലിച്ച് മനോഹരമായൊരു വീട് നിര്‍മ്മിച്ചു നല്‍കി ആര്‍ക്കിടെക്ട് എ. എം. ഫൈസല്‍.  1858 ചതുരശ്രയടി വിസ്തീര്‍ണ്ണം താഴത്തെനിലയിലും 886 ചതുരശ്രയടി വിസ്തീര്‍ണ്ണം മുകള്‍നിലയ്ക്കും. അങ്ങനെ ആകെ 2745 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീര്‍ണ്ണം.

 

ലാളിത്യം മുഖമുദ്ര
ലാളിത്യമാണ് വീടിന്റെ മുഖമുദ്ര. എന്നാല്‍, സൗകര്യത്തിനും സ്‌പേസിനും ഒരു കുറവുമില്ല. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ എലിവേഷനാണ് വീടിനു നല്‍കിയിരിക്കുന്നത്. മുഖപ്പുകളുടെ പ്രൗഢിയില്‍ പല ലെവലുകളായി നിര്‍മ്മിച്ച എലിവേഷന്‍ മനോഹരമാണ്.
കാര്‍ പോര്‍ച്ചിലൂടെയാണ് സിറ്റൗട്ടിലേക്കുള്ള പ്രവേശനം.

 

 

 

കാര്‍ പോര്‍ച്ചിലും സിറ്റൗട്ടിലും ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് കളര്‍ തീമില്‍ നല്‍കിയിട്ടുള്ള ചതുരത്തൂണുകള്‍ എലിവേഷന്റെ ഭംഗി കൂട്ടുന്നുണ്ട്. തൂണുകളില്‍ പകുതി ഭാഗം വരെ ബ്‌ളാക്ക് സ്‌റ്റോണ്‍ ക്‌ളാഡിങ് ചെയ്തിട്ടുണ്ട്. ഇത് അലങ്കാരത്തിനു മാത്രമല്ല, അഴുക്കുപറ്റി വീടിന്റെ ഭംഗി നഷ്ടപ്പെടാതിരിക്കാന്‍ കൂടിയാണ്.

 

കാറ്റും വെളിച്ചവും നിറഞ്ഞ അകത്തളം
സിറ്റൗട്ടില്‍ ഇരുവശങ്ങളിലും ഇന്‍ബില്‍റ്റ് സിറ്റിങ്ങും നല്‍കിയിട്ടുണ്ട്. ഫോയറിലൂടെ പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. ഫോയറില്‍ വുഡന്‍ ടൈലാണ് പാകിയിരിക്കുന്നത്. വീടിന്റെ മറ്റിടങ്ങളില്‍ ഫ്‌ളോറിങ് ഐവറി വിട്രിഫൈഡ് ടൈല്‍സ് കൊണ്ടാണ്.


ലിവിങ് ഏരിയയിലും ഫോയറിലും നീഷുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവിടെയും ആര്‍ഭാടമില്ല. ആഷ് നിറത്തിലാണ് ലിവിങ്ങിലെ സീറ്റിങ്. ലിവിങ്ങിന്റെ ഒരു വശത്ത് വെര്‍ട്ടിക്കിള്‍ പോസ്റ്റുകള്‍ നല്‍കി കാറ്റും വെളിച്ചവും അകത്തളങ്ങളില്‍ എത്തിക്കുന്നു. റൊട്ടേറ്റ് ചെയ്യാവുന്ന ഗ്‌ളാസാണ് ഇവിടെ കൊടുത്തിരിക്കുന്നത്. അകത്തളങ്ങളില്‍ കാറ്റ് നിറയ്ക്കണമെങ്കില്‍ ഗ്‌ളാസ് തുറന്നുവയ്ക്കാം. പ്രാണികളും മറ്റും കടക്കാതിരിക്കാന്‍ അടച്ചിടുകയുമാവാം.

 

നടുമുറ്റവും ഉരുളന്‍കല്ലുകളും
ലിവിങ്ങില്‍ നിന്ന് ഫാമിലി ലിവിങ്ങിലേക്ക് പ്രവേശിക്കാം. കുടുംബാംഗങ്ങള്‍ക്ക് ഒത്തുകൂടാനുള്ള ഇടമാണിത്. ഫാമിലി ലിവിങ്ങില്‍ ടി.വി യൂണിറ്റും നല്‍കിയിട്ടുണ്ട്. ടീപോയ്, വാഡ്രോബ്, ഫര്‍ണിച്ചര്‍ എന്നിവ മറൈന്‍ പൈ്‌ള കൊണ്ടാണ്. ഫാമിലി ലിവിങ്ങില്‍ നിന്നാണ് കോവണി നല്‍കിയിരിക്കുന്നത്. തടിയും ഗ്‌ളാസും കൊണ്ടാണ് കോവണിയുടെ കൈപിടി. കോവണിക്ക് താഴെ അയണ്‍ സ്‌പേസും പ്രയര്‍ ഏരിയയും ഒരുക്കിയിട്ടുണ്ട്.

കോവണിക്കും ഡൈനിങ്ങിനും ഇടയിലായി വെള്ള പെബിള്‍സ് വിരിച്ചു മനോഹരമാക്കിയ നടുമുറ്റമുണ്ട്. നടുമുറ്റത്തോട് ചേര്‍ന്ന് ആട്ടുകട്ടില്‍ നല്‍കിയിട്ടുണ്ട്. നടുമുറ്റത്തിന്റെ മുകള്‍ഭാഗം ഓപ്പണ്‍ ആണ്. ഇതിലൂടെ വെളിച്ചം യഥേഷ്ടം അകത്തളങ്ങളില്‍ എത്തുന്നു. ഓപ്പണിങ് ഗ്‌ളാസ് നല്‍കി അടച്ചിട്ടുണ്ട്.

 

 

ഡൈനിങ് ഏരിയ
പത്തോളം പേര്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന ടേബിളാണ് ഡൈനിങ്ങിലുള്ളത്. ഡൈനിങ്ങിനോട് ചേര്‍ന്ന് വാഷ് ഏരിയ ഒരുക്കിയിട്ടുണ്ട്. സ്വകാര്യത നിലനിര്‍ത്തി വാഷ് ഏരിയ ഉള്ളിലൊളിപ്പിച്ചാണ് നല്‍കിയിരിക്കുന്നത്.

 

ബെഡ്‌റൂമുകള്‍
താഴെയും മുകളിലുമായി രണ്ട് ബെഡ്‌റൂമുകള്‍ വീതം വീടിന് നാല് ബെഡ്‌റൂമുകളുണ്ട്. ബെഡ്‌റൂമുകളില്‍ ഡ്രെസ്‌സിങ് ഏരിയയും ബാത്ത്‌റൂമും നല്‍കിയിട്ടുണ്ട്. ലളിതവും മനോഹരവുമാണ് ബെഡ്‌റൂമുകള്‍. ബെഡിന്റെ അടിഭാഗം സ്‌റ്റോറേജ് സ്‌പേസാക്കി മാറ്റി. അഞ്ചു വര്‍ഷത്തിനുശേഷം, ആവശ്യമെങ്കില്‍ ആധുനികമാക്കാവുന്ന വിധം സോഫ്ട് ഫര്‍ണിഷിങ്ങിലാണ് ബെഡ്‌റൂമുകള്‍ ഒരുക്കിയിരിക്കുന്നത്.

 

 

കിച്ചന്‍
കിച്ചനും വര്‍ക്ക് ഏരിയയും ഒരുമിച്ചാണ് നല്‍കിയത്. സ്‌പേസ് കൂടുതല്‍ തോന്നിക്കാന്‍ ഇതു സഹായിച്ചു. മോഡേണ്‍ കിച്ചനാണ് സജ്ജീകരിച്ചിരിക്കുന്നത്. ബ്രേക്ക് ഫാസ്റ്റ് ടേബിള്‍ കിച്ചന്റെ ഒരുഭാഗത്ത് നല്‍കിയിട്ടുണ്ട്. കിച്ചനോട് ചേര്‍ന്നാണ് സ്‌റ്റോര്‍ റൂം. വര്‍ക്ക് ഏരിയയുടെ ഒരുഭാഗത്ത് പുകയില്ലാത്ത അടുപ്പും നല്‍കി.

 

 മുകള്‍നിലയിലേക്ക്
കോവണി കയറി മുകളിലെത്തുന്നത് സ്റ്റഡി ഏരിയയിലാണ്. താഴത്തെനിലയില്‍ നിന്നും മുകള്‍നിലയില്‍ നിന്നും ശ്രദ്ധ കിട്ടുന്നിടത്താണ് സ്റ്റഡി ഏരിയ ഒരുക്കിയത്. ഇതിനടുത്തായി അപ്പര്‍ ലിവിങ്. അപ്പര്‍ ലിവിങ്ങില്‍ നിന്ന് നോക്കിയാല്‍ ഫാമിലി ലിവിങ് കാണാം. രണ്ട് ബെഡ്‌റൂമുകള്‍, ബാല്‍ക്കണി, ഓപ്പണ്‍ ടെറസ് എന്നിവ മുകള്‍നിലയിലുണ്ട്.

 

എ. എം. ഫൈസല്‍ആര്‍ക്കിടെക്ട്
നിര്‍മ്മാണ്‍ ഡിസൈന്‍സ്
മഞ്ചേരി
മലപ്പുറം