'ഗൃഹത്തിന്റെ തെക്കുവശത്ത് അത്തിയും പുളിയും വരണം' : വാസ്തു ശാസ്ത്രവും വീട്ടുവളപ്പിലെ വൃക്ഷസ്ഥാനങ്ങളും അറിയാൻ

By online desk.12 May, 2018

imran-azhar


വാസ്തു ശാസ്ത്രത്തില്‍ വീട്ടുവളപ്പിലെ വൃക്ഷ സ്ഥാനങ്ങളുടെയും ബന്ധം അറിയുമോ ? എന്നാല്‍ വീട്ടുവളപ്പിലെ വീടിലാണോ പ്രാധന്യം അതോ വൃക്ഷത്തിനാണോ ? വൃക്ഷങ്ങള്‍ എപ്പോഴും തണല്‍ വീശുന്നത്‌കൊണ്ട് തന്നെ നഗരപ്രദേശത്തെ വീടുകളില്‍ പോലും മരങ്ങള്‍ വച്ച് പിടിപ്പിക്കാറുണ്ട്. എന്നാല്‍ ഇത് വാസ്തു അനുസരിച്ച് നല്ലതാണോ ?ഭാരതത്തിന്റെയും ചൈനയുടെയും പൗരാണിക ഗ്രന്ഥങ്ങളില്‍ വൃക്ഷത്തെ മഹത്വവല്‍ക്കരിക്കുന്ന പരാമര്‍ശങ്ങളുണ്ട്. ശിവ പുരാണങ്ങളില്‍ വൃക്ഷ തൈകള്‍ വെക്കുന്നത് തലമുറകള്‍ക്ക് മോക്ഷം പ്രദാനം ചെയ്യും.

 


ഗൃഹത്തിന്റെ തെക്കുവശത്ത് അത്തിയും പുളിയും വരണം. തെക്ക് ഭാഗത്ത് കവുങ്ങ് നല്ലതാണ്.അരയാല്‍, ഏഴിലമ്പാല എന്നിവ പടിഞ്ഞാറ് വശത്താണ് വരേണ്ടത്. പടിഞ്ഞാറ് വശത്ത് തെങ്ങ് ആകാം.പുന്ന, ഇത്തി എന്നിവ വടക്ക് വശത്തായിരിക്കണം. മാവ് വടക്ക് വശത്തുവരുന്നത് വിശേഷമാണ്.


വീട്ടുവളപ്പിലെ സര്‍വ്വസാധാരണമായ വൃക്ഷങ്ങളാണ് പ്ളാവ്, കമുക്, തെങ്ങ്, മാവ് എന്നിവ. ഈ വൃക്ഷങ്ങള്‍ വീടിന്റെ എല്ലാ ദിക്കുകളിലും ശുഭമാണെങ്കിലും പ്ളാവ് കിഴക്കും കമുക് തെക്കും തെങ്ങ് പടിഞ്ഞാറും മാവ് വടക്കുമാണ് കൂടുതല്‍ വിശേഷം.
വീടിന്റെ കിഴക്കുഭാഗത്ത് പുളി വരുന്നത് നിന്ദിതമാണെന്ന് വിശ്വകര്‍മ്മീയം മണിപ്രവാളം പറയുന്നു.


പ്ളാവ് മുതലായ അന്തസ്സാരവൃക്ഷങ്ങള്‍ വാസ്തുവില്‍ ഉള്‍ഭാഗത്തും തെങ്ങ് മുതലായ ബഹിസ്സാരങ്ങള്‍ പുറത്തുമായിട്ടാണ് വയ്ക്കേണ്ടത്. തേക്ക് മുതലായ സര്‍വ്വസാര വൃക്ഷങ്ങള്‍ അകത്തും പുറത്തുമാകാം. മുരിങ്ങ, വേപ്പ് മുതലായ നിസ്സാര വൃക്ഷങ്ങള്‍ വാസ്തുവിനകത്ത് എവിടെയും പാടില്ല.


വിപരീത സ്ഥാനങ്ങളില്‍ (നേരെ എതിര്‍സ്ഥാനത്ത് അരയാല്‍ നിന്നാല്‍ അഗ്‌നിഭയത്തെയും ഇത്തി ചിത്തഭ്രമത്തെയും പേരാല്‍ ശത്രുക്കളില്‍നിന്നും ആയുധഭാഗത്തേയും അത്തി ഉദരരോഗത്തെയും ഉണ്ടാക്കും. അതായത് ഗൃഹത്തില്‍ കിഴക്ക് അരയാലുണ്ടായാല്‍ അഗ്‌നിഭയവും തെക്ക് ഇത്തിയുണ്ടായാല്‍ മനോരോഗവും പടിഞ്ഞാറ് പേരാലുണ്ടായാല്‍ ശസ്ത്രം കൊണ്ടുള്ള മുറിവും വടക്ക് അത്തിയുണ്ടായാല്‍ ഉദരരോഗവും ഫലം.
വിപരീതഫലങ്ങളില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍ മുറിച്ചുനീക്കണം.
സ്വര്‍ണ്ണം കായ്ക്കുന്ന വൃക്ഷമാണെങ്കില്‍ പോലും ഗൃഹത്തിന്റെ തൊട്ടടുത്ത് നിര്‍ത്തരുതെന്ന് വിശ്വകര്‍മ്മീയവും സ്വര്‍ണ്ണമയമായ വൃക്ഷമായിരുന്നാലും അവയുടെ നീളത്തിന്റെ രണ്ട് മടങ്ങ് ഗൃഹത്തില്‍നിന്ന് അകലെ മാത്രമേ പാടുള്ളൂവെന്ന് മനുഷ്യാലയ ചന്ദ്രികയും പറയുന്നു.


വൃക്ഷച്ഛായ സൂര്യോദയാല്‍പ്പരം ഏഴര നാഴികയ്ക്കുമേല്‍ ഗൃഹത്തിനു തട്ടരുത്. അതിനുമുമ്പും വൈകുന്നേരം അസ്തമിക്കാന്‍ ഏഴര നാഴികയ്ക്കുള്ളിലും ഛായ തട്ടുന്നത് ദോഷമല്ല (വാസ്തുമാണിക്യരത്നാകരം)


പുര പണിയാന്‍ പുരാതന വൃക്ഷങ്ങള്‍ മുറിക്കുന്നത് ശുഭമല്ല. മുറിക്കേണ്ടിവന്നാല്‍ അതിന് വിധിച്ചിരിക്കുന്ന ശാന്തിക്രിയകളും പുനസ്ഥാപനാദികളും ചെയ്യണം. മരം മുറിക്കുംമുമ്പ് അതില്‍ വസിക്കുന്ന ഉറുമ്പ്, അണ്ണാന്‍, പക്ഷികള്‍, ഈച്ചകള്‍, മരപ്പട്ടി എന്നിവയുള്‍പ്പെടെയുള്ള സകല പക്ഷി മൃഗാദികളോടും ക്ഷമ ചോദിക്കണം.
കമിഴ്, കൂവളം, കടുക്ക, കൊന്ന, നെല്ലി, ദേവതാരം, പ്ളാശ്, അശോകം, ചന്ദനം, പുന്ന, വേങ്ങ, ചെമ്പകം, കരിങ്ങാലി ഇവ ഗൃഹത്തിന്റെ രണ്ട് പാര്‍ശ്വങ്ങളിലും പിന്നിലും നില്‍ക്കുന്നത് ശുഭകരമാകുന്നു.


വാഴ, പിച്ചകം, വെറ്റിലക്കൊടി എന്നിവ എല്ലാ ദിക്കിലും ശുഭപ്രദം.
ആഞ്ഞിലി വൃശ്ചികം രാശിയില്‍ കുബേരവീഥിയില്‍ നില്‍ക്കുന്നത് ധനപുഷ്ടിയുണ്ടാക്കും. പുരയിടത്തിലും അടുത്ത പുരയിടത്തിലും മീനം, മേടം രാശികളില്‍ ആഞ്ഞിലി നിന്നാല്‍ ഗൃഹനാശവും ധനനാശവും ഫലം.


കാഞ്ഞിരം, ചേര്, വൈയ്പംതക, നറുവരി, താന്നി, ഊകമരം, കള്ളിപ്പാല, കറുമൂസ്സ്, സ്വര്‍ണ്ണക്ഷീരി, എരുമക്കള്ളി എന്നീ മരങ്ങള്‍ പറമ്പിലെവിടെയും ശുഭമല്ല. കാഞ്ഞിരം, പന, കൈത, കള്ളി എന്നിവയിലും അസ്ഥാനത്തുള്ള ഏഴിലം പാലയിലും പിശാചവാസമുണ്ടാകും.
അധികം ഫലമുള്ള വൃക്ഷം ഗൃഹത്തോട് അടുത്തുനിന്നാല്‍ സന്താനനാശവും വാലുള്ള വൃക്ഷം അടുത്തുനിന്നാല്‍ ധനനാശവും മുള്ളുള്ള വൃക്ഷം അടുത്തുനിന്നാല്‍ ശത്രുപീഡയും ഫലം.
ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷ്വേയിലെ പഞ്ചഭൂത നിയമപ്രകാരം വൃക്ഷധാതുവിന്റെ സ്ഥാനം വീടിന്റെ കിഴക്ക് വശമാണ്. വൃക്ഷധാതുവാണ് ആരോഗ്യത്തെ നിയന്ത്രിക്കുന്നത്. വൃക്ഷധാതുവിന്റെ സഹായക ധാതുജലധാതുവും നാശ ധാതുക്കള്‍ ലോഹധാതുവും അഗ്‌നിധാതുവുമാണ്. വീടിന്റെ പ്രധാന വാതിലിനുമുന്നില്‍ ഒരു വൃക്ഷവും അരുതെന്ന് ഫെങ്ഷ്വേയുടെ പ്രഥമപാഠമാണ്.


ബോണ്‍സായ് വൃക്ഷങ്ങള്‍, ഉണങ്ങിയ മരങ്ങള്‍, കള്ളിമുള്‍ ചെടികള്‍ എന്നിവ വളര്‍ച്ച മുരടിപ്പിക്കും. മണിപ്ളാന്റ്, ചൈനീസ് ബാംബു, ചൈനീസ് ഓറഞ്ച് മരം, പാച്ചിറ എന്നിവ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.