ചെറിയ വീട് വലിയ സൗകര്യങ്ങള്‍

By ശര്‍മിള ശശിധര്‍.19 Mar, 2018

imran-azhar


ഒറ്റനോട്ടത്തില്‍
ഉടമ: ജോണി ബ്ലേയ്‌സ്
വിസ്തീര്‍ണം: 1150 സക്വയര്‍ഫീറ്റ്
ചെലവ്: 20 ലക്ഷം
ഡിസൈന്‍: പീറ്റര്‍ ജോസ്
പൂര്‍ത്തിയായ വര്‍ഷം: 2015

 

ചെറിയ വീട്
വലിയ സൗകര്യങ്ങള്‍
കുറഞ്ഞ ചിലവില്‍ വ്യത്യസ്തത പുലര്‍ത്തുന്ന മനോഹരമായ വീടു കാണണമെങ്കില്‍ വരാപ്പുഴയിലുള്ള ജോണി ബ്ലേയ്സിന്റെ വീട്ടില്‍ വരണം. പുറമേ നിന്നു നോക്കുമ്പോള്‍ ക്യൂബ് ആകൃതിയിലുള്ള വീടിന് ആകെ ചെലവ് 20 ലക്ഷം മാത്രമാണെന്നു കേള്‍ക്കുമ്പോള്‍ ആരുമൊന്നു അതിശയിച്ചു പോകും. പുറത്തെ കാഴ്ച കൂടുതല്‍ മനോഹരമാക്കുന്നതും കണ്ടു പരിചയിച്ചിട്ടില്ലാത്ത ഈ വ്യത്യസ്തത തന്നെയാണ്. വെളുത്ത നിറമാണ് വീടിന്റെ മുഖ്യ ആകര്‍ഷണം. വീടിന്റെ അകവും പുറവും വെളുത്ത നിറത്തില്‍ ഹൃദ്യമാവുന്നു. വെള്ള നിറത്തിലുള്ള പ്ലെയിന്‍ ഭിത്തികളില്‍ നിഷുകളും നല്‍കി, അതിനുള്ളിലായി ജനാലകളും നല്‍കിയിരിക്കുന്നു.

നിഷുകള്‍ സണ്‍ഷേഡായി ജനാലകള്‍ക്ക് സംരക്ഷണം നല്‍കുന്നു. നിര്‍മ്മാണത്തിനു ഉപയോഗിച്ചിരിക്കുന്ന ബ്രിക്ക് വര്‍ക്കും ഫ്ളോറിങ്ങും വീടിന്റെ ചിലവു കുറയ്ക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ഭിത്തികള്‍ക്ക് സാധാരണയായി 24 സെ.മി. കനമാണെങ്കില്‍ ഇവിടെ 18 സെ.മീ. കനമാണ് നല്‍കിയിട്ടുള്ളത്. ബ്രിക്കുകള്‍ തിരിച്ചും മറിച്ചും വെച്ചാണ് ഭിത്തി കെട്ടിയിരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതു മൂലം ഭിത്തിക്ക് ബലക്കുറവോ ഗുണമേന്മയില്‍ വ്യത്യാസമോ സംഭവിക്കുന്നില്ല. മറിച്ച് ഭംഗിയ്ക്കൊപ്പം സൗകര്യവും സാമ്പത്തിക ലാഭവും നല്‍കുന്നു.

ചെലവു കുറച്ചെങ്കിലും സൗകര്യങ്ങള്‍ക്കൊട്ടും കുറവു വരുത്താന്‍ ഉടമ തയ്യാറായിരുന്നില്ലെന്ന് വീടിന്റെ ഉള്‍വശം കാണുമ്പോള്‍ മനസ്സിലാവും. ലിവിങ്, ഡൈനിങ്, കിച്ചന്‍, മൂന്നു ബെഡ് റൂമുകള്‍ അതില്‍ രണ്ടെണ്ണം ബാത്ത്റൂം അറ്റാച്ച്ഡ്, അപ്പര്‍ ലിവിങ്ങ്, മുകളിലൊരു ബെഡ്‌റൂം ഇത്രയുമാണ് ഈ വീട്ടിലുള്ളത്. സ്റ്റെയര്‍കേസ് അടക്കം ഫ്ളോറിങ്ങിന് മുഴുവനും മഞ്ഞ നിറത്തിലുള്ള ഓക്സൈഡ് സ്വീകരിച്ചതും ബജറ്റ് കയ്യിലൊതുങ്ങാന്‍ സഹായിച്ചു. വീടിന്റെ ലെവല്‍ വ്യതിയാനവും ചെലവു കുറച്ചിട്ടുണ്ട്.

വേണ്ടയിടങ്ങളില്‍ മാത്രം ഉയരക്കൂടുതല്‍ നല്‍കി. ബാല്‍ക്കണി, വരാന്ത തുടങ്ങിയ ഏരിയകള്‍ക്കൊന്നും ഡബിള്‍ ഹൈറ്റിന്റെ ആവശ്യമില്ലാത്തതിനാല്‍ ഉയരം കൂട്ടിയില്ല. പകരം ലിവിങ് ഏരിയയ്ക്ക് കൂടുതല്‍ ഉയരം നല്‍കി. ഇങ്ങനെ സ്ട്രക്ചറില്‍ സ്വീകരിച്ചിരിക്കുന്ന ഉയരവ്യതിയാനമാണ് വീടിന് രൂപഘടന നല്‍കിയത്. മാത്രമല്ല, വീടിന് അകത്തും പുറത്തും സ്വീകരിച്ചിരിക്കുന്ന വെളുത്ത നിറം വെണ്‍മയ്ക്കൊപ്പം കൂടുതല്‍ വെളിച്ചം നല്‍കുന്നു. വളരെ മിനിമം മെറ്റീരിയലുകളാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

അടുക്കളയില്‍ കബോഡുകള്‍ക്കായി അലൂമിനിയവും സ്റ്റെയര്‍കേസിന്റെ ഹാന്റ് റെയ്ലിന് എസ്.എസുമാണ് തിരഞ്ഞെടുത്തത്. ആര്‍ഭാടങ്ങളില്‍ ചഞ്ചലപ്പെടാതെ ആവശ്യങ്ങള്‍ക്കു പ്രാധാന്യം നല്‍കിയപ്പോള്‍ ചെലവു കുറഞ്ഞൊരു സുന്ദരന്‍ വീട് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ജോണ്‍ ബ്ലേയ്സും കുടുംബവും.

ശര്‍മിള ശശിധര്‍

 

OTHER SECTIONS