മുംബൈയില്‍ 32 കോടിക്ക് വിരാട് കോഹ്ലിയുടെ ഫ്‌ലാറ്റ്

By Anju N P.07 Dec, 2017

imran-azhar


മുംബൈയിലെ വോര്‍ലി പ്രദേശത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി അടുത്തിടെ ഒരു പുതിയ ഫ്ലാറ്റ് വാങ്ങി. 7171 ചതുരശ്രയടിയാണ് വിസ്തീര്‍ണം. ഏകദേശം 34 കോടി രൂപയാണ് കോഹ്ലി വാങ്ങിയ ഫ്ലാറ്റിന്റെ വില. ഓംകാര്‍ 1973 എന്നറിയപ്പെടുന്ന വോര്‍ളിയിലെ ഒരു നിര്‍മ്മാണ പദ്ധതിയുടെ സി-വിങ്ങിലാണ് ഈ അപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്.


താരത്തിന്റെ അഭിരുചിക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്ന തരത്തിലാണ് ഫ്ലാറ്റിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. ആഡംബരങ്ങള്‍ക്ക് പ്രാധാന്യം നല്‍കില്ലെങ്കിലും ഫ്ലാറ്റില്‍ സൗകര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് പണിതിരിക്കുന്നത്. അതുകൊണ്ട് തന്നെ ഭാവിയില്‍ ഫ്‌ലാറ്റിന്റെ ഇന്റീരിയല്‍ ഡിസൈനിങ്ങിന് ഇത് സഹായകമാകും.

തിളക്കമുള്ള ഇടങ്ങളാണ് ഫ്‌ലാറ്റിനെ മനോഹരമാക്കുന്നത്. മിനുസപ്പെടുത്താത്ത റസ്റ്റിക് ഡിസൈനിങ്ങിനും ഫ്ലാറ്റില്‍ ഇടം നല്‍കിയിട്ടുണ്ട്. സ്വീകരണമുറിയില്‍ ഒരു ഭിത്തി റസ്റ്റിക് ഫിനിഷില്‍ ടെക്സ്ചര്‍ പെയിന്റ് നല്‍കിയിരിക്കുന്നു. ജൂട്ട് ഫാബ്രിക്കിലുള്ള L സീറ്റര്‍ സോഫകൊണ്ടാണ് സ്വീകരണമുറി അലങ്കരിച്ചിരിക്കുന്നത്.

സ്വീകരണമുറിയില്‍ വുഡന്‍ പാനലിങ് നല്‍കി ടിവി യൂണിറ്റ് ക്രമീകരിച്ചിരിക്കുന്നു. ഇടങ്ങളെ വേര്‍തിരിക്കാന്‍ ഗ്ലാസ് പാനലുകളും നല്‍കിയിരിക്കുന്നു. കോഹ്ലി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ വാങ്ങിച്ചുകൂട്ടിയ ക്യൂരിയോകള്‍ കൊണ്ടാണ് വീടിനകം അലങ്കരിച്ചിരിക്കുന്നത്.


വളര്‍ത്തുനായകളോട് പ്രത്യേക ഇഷ്ടമാണ് കോഹ്ലിക്ക്. അതുകൊണ്ടുതന്നെ ഫ്ലാറ്റിനകത്ത് ലിവിങ് റൂമിലും, കോഹ്ലിയുടെ കിടപ്പുമുറിയിലുമൊക്കെ അവ സ്വതന്ത്രമായി വിഹരിക്കുന്നു.

കോഹ്ലിയുടെ മുറിയുടെ ബാല്‍ക്കണിക്ക് സമീപം ഒരു സ്വകാര്യ സ്വിമ്മിങ് പൂളും ഒരുക്കിയിട്ടുണ്ട്. മികച്ച സംവിധാനങ്ങളുള്ള ജിംനേഷ്യവും ഫ്ലാറ്റിനുള്ളില്‍ സജ്ജമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ് സിങ്ങിനും ഇതേ അപ്പാര്‍ട്‌മെന്റില്‍ സ്വന്തമായി ഫ്‌ലാറ്റുണ്ട്. ഭാവിയില്‍ കോഹ്ലിയുടെ ജീവിതത്തിലേക്ക് അനുഷ്‌ക ശര്‍മ്മ കൂടി എത്തിയാല്‍ ഫ്‌ലാറ്റില്‍ മറ്റ് ഇന്റീരിയര്‍ പരീക്ഷണങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട് .

OTHER SECTIONS