അനാമിക

ഞാൻ അനാമിക... പേരു പോലെ തന്നെ അനിർവചനീയമായിരുന്നു ജീവിതവും. എന്നും എന്നെ അലട്ടിയിരുന്ന ചോദ്യമായിരുന്നു സ്ത്രീത്വവും പൌരുഷവും. ആരാണ് ഞാൻ, സ്ത്രീയല്ല പുരുഷനല്ല നപുംസകവുമല്ല, പിന്നെ എന്ത് ?

author-image
Kavitha J
New Update
അനാമിക

ഞാൻ അനാമിക... പേരു പോലെ തന്നെ അനിർവചനീയമായിരുന്നു ജീവിതവും.

എന്നും എന്നെ അലട്ടിയിരുന്ന ചോദ്യമായിരുന്നു സ്ത്രീത്വവും പൌരുഷവും. ആരാണ് ഞാൻ, സ്ത്രീയല്ല പുരുഷനല്ല നപുംസകവുമല്ല, പിന്നെ എന്ത് ?  

അനിർവ്വചനീയമായ എന്ത് സത്യമാണ് എന്നിലുറങ്ങുന്നത്. ജന്മം കൊണ്ട് സ്ത്രീ ആയിരുന്നു, സ്ത്രൈണതയും പൌരുഷവും ഇടകലർന്ന മനസ്സെന്ന് ജനം വിധി എഴുതി. അല്ലെങ്കിലും ധൈര്യവും സ്ഥായിയായ തീരുമാനങ്ങളും എന്നും ആണിന്റെ കുത്തകയാണല്ലോ.

മേടമാസത്തിലെ കത്തിനിൽക്കുന്ന സൂര്യതാപം ആത്മാവിൽ ഏറ്റു വാങ്ങിയവൾ. മാലോകർ ഭാഗ്യ ജന്മമെന്ന് വാഴ്ത്തിപ്പാടി. സൂര്യപ്രഭയിൽ ജനിച്ചിട്ടും ഇരുൾ മൂടിയ മനസ്സായിരുന്നു എന്നും. കാർമേഘം കെട്ടിയ ആകാശം പോലെ നിന്ന മനസ്സ്. എന്തിനെന്ന് ചോദിച്ചാൽ ഉത്തരമില്ല. ഒന്നിനു വേണ്ടിയുമല്ലാതെ ഞാൻ അസ്വസ്ഥയാണ് അത്ര മാത്രം.

കളിചിരികൾ കൊണ്ട് വർണ്ണം ചാലിക്കേണ്ട ബാല്യത്തിലും എന്തിനോ വേണ്ടി വേദനിച്ചു. പുറമേ നിശബ്ദമായിരുന്നെങ്കിലും ഉള്ളിൽ മഹാവിസ്ഫോടനങ്ങളായിരുന്നു. പലപ്പോഴും ചിന്തകളിൽ മുഴുകി ഇരുന്നപ്പോൾ ലോകം പരിഹസിച്ചു  ഇച്ചിരേം ഇല്ലാത്ത കൊച്ചിന് എന്താ ഇത്ര ആലോചിക്കാൻ.

ബാല്യം വിട്ടു, കൌമാരം കൊഴിഞ്ഞു വീണു, യൌവ്വനത്തിൽ ചുവടുവെച്ചു, മനസ്സിലെ ഇരുൾ നീങ്ങിയില്ല. സ്ത്രൈണത ബാഹ്യ രൂപത്തിലും മനസ്സിന്റെ ചില്ലുകൊട്ടാരത്തിലും ഒതുങ്ങി നിന്നു. തീണ്ടാരി പോലും തീണ്ടാപ്പാടകലെ മാറിനിന്നു.

എന്നോ മനസ്സിൽ ചേക്കേറിയ ഇഷ്ടങ്ങളെ രൂപങ്ങളിലാവാഹിച്ച് ആ കല്പനാ ലോകത്ത് മുഴുകിയപ്പോൾ ലോകം എനിക്ക് ഭ്രാന്തെന്നപട്ടം ചാർത്തിത്തന്നു. നോവിച്ചുവെങ്കിലും പ്രവചനാതീതമായ കല്പനകളെയും ഇഷ്ടങ്ങളെയും ഭ്രാന്തിന്റെ പുറംചട്ടയിലെങ്കിലും തുറന്നു കാണിച്ച ആത്മസംതൃപ്തിയിലായിരുന്നു ഞാൻ. ആളുന്ന തീയിൽ നോക്കിയിരുന്ന് ആർത്തുചിരിക്കുമ്പോൾ ഞാൻ കണ്ടത് അതിലും ശക്തിയിൽ കത്തിജ്വലിച്ച് എരിഞ്ഞില്ലാണ്ടായ എന്റെ സ്ത്രൈണഭാവമായിരുന്നു. സ്ത്രീത്വത്തിന് അർത്ഥം നൽകുന്ന മാതൃത്വം തീണ്ടാപ്പാടകലെ എന്നറിഞ്ഞനാൾ സ്വയം ചോദിച്ചു തുടങ്ങി എന്താണ് ആരാണ് ഞാൻ ?

മാതൃത്വം അന്യമായപ്പോൾ സ്ത്രീ എന്ന നിർവ്വചനം എന്നെ തള്ളിപ്പറഞ്ഞു. സ്ഥായിയായ ചിന്തകളും തീരുമാനങ്ങളും അഭിപ്രായങ്ങളും തള്ളിപ്പറഞ്ഞ സമൂഹമെന്നെ സങ്കൽപ്പലോകത്ത് തളച്ചിട്ടു.

മനസ്സിനെയും ശരീരത്തെയും രോഗം കാർന്ന് തിന്നുന്ന ഈ വൈകിയ വേളയിൽ തിരിച്ചറിയുകയാണു ഞാനെന്റെ സ്വത്വത്തെ.

സമൂഹം അടുക്കാൻ ഭയക്കുന്ന യോജിക്കാൻ വിസമ്മതിക്കുന്ന ഒരു ജനതയുടെ ആത്മാവിഷ്കാരമാണ് ഞാൻ.

ലോകം നപുംസക ജന്മമെന്ന് അറച്ചു പറയുന്ന അർദ്ധനാരി...

സമൂഹം കേൾക്കാനാഗ്രഹിക്കാത്ത സത്യങ്ങൾ തുറന്നു പറഞ്ഞ വിപ്ളവകാരി...

കല്പനകളിലൂടെ ലോകം തന്നെ സൃഷ്ടിച്ച സ്രാഷ്ടാവ്...

ഉള്ളിലെ എരിയുന്ന അഗ്നിയിൽ ലോകം ചാമ്പലാക്കാൻ പോന്ന ആണവായുധകാരി...

പക്ഷേ..,

ഏറെ വൈകിയ ഈ തിരിച്ചറിവു പങ്കു വെയ്ക്കാൻ ഇന്നെന്റെ കൂടെ അവശേഷിക്കുന്നത്, ശവംതീനിപ്പുഴുക്കളും മരപ്പാഴുകളും മാത്രം.

ചങ്ങലകളിൽ നിന്നു കല്ലറയിലേക്ക് ബന്ധിക്കപ്പെട്ട് ഇന്നും ഏകയായി ഞാൻ...

അനാമിക …

രചന: കവിത ജെ

kavitha.kanal@outlook.com

anamika malayalam stories download malayalam stories