ചിറകുകൾ

By മിഥുൻ.07 Jun, 2018

imran-azhar
ചിറകുകൾ...
 
പുഴ താണ്ടി അവർ രണ്ടു പേരും കുറേ ദൂരം പിന്നിട്ടിരുന്നു.. സന്ധ്യ കഴിഞ്ഞു.. വെളിച്ചം മങ്ങി.. ചെരുപ്പുകളൊക്കെ എപ്പോഴോ  നഷ്ടപ്പെട്ടിരുന്നു.. കാലിന്റെ വേദന മരവിപ്പായി മാറി... മണ്ണിൽ ജലത്തിന്റെ നനവ് കുറേ ദൂരം കൂടി അവരെ പിന്തുടർന്നു.. പിന്നീടത് പതുക്കെ നേർത്ത് നേർത്ത് വന്ന്  മാഞ്ഞു പോയി.
 
പിന്നിൽ കത്തിയമരുന്ന നഗരത്തിനെ വിഴുങ്ങുന്ന പിശാചിനെപ്പോലെയുള്ള കറുത്ത പുക അവരെ പിന്തുടർന്ന നിലവിളികളെയും വിഴുങ്ങിക്കഴിഞ്ഞിരുന്നു.. ദൂരെ ആളിപ്പടരുന്ന അഗ്നിനാളങ്ങൾ അവർ മുറിച്ചുകടന്ന വറ്റിവരണ്ട പുഴയിലെ ജലം തങ്ങി നിൽക്കുന്ന കയങ്ങളിൽ തിളങ്ങി. അവർ ഓട്ടം തുടർന്നു.  കൂർത്ത കല്ലുകളിൽ തട്ടി പൊളിഞ്ഞ കാൽപാദങ്ങൾ നീറിപുകയാൻ തുടങ്ങി.
നമുക്ക് വേണ്ടി നിന്നവരെയൊക്കെ അവർ വെട്ടിവീഴ്ത്തിയിട്ടുണ്ടാവും, അല്ലേ
അവർ ഓട്ടത്തിനിടയിൽ ആശങ്കപ്പെട്ടു.
 
ഒരു കലാപഭൂമിയിൽ നിന്നും രക്ഷപ്പെട്ട്  ഓടി വന്നവരായിരുന്നു അവർ.അവരുടെയിടയിൽ തങ്ങളെ വേർതിരിക്കുന്ന പലതും ഉണ്ടായിരുന്നു. ആൾക്കൂട്ടം അങ്ങനെ പലതും പറഞ്ഞു നടന്നിരുന്നു.പക്ഷെ അവർക്കിടയിൽ അങ്ങനെ  ഒന്നും ഉണ്ടായിരുന്നില്ല.അവർ രണ്ട് പേർ മാത്രം..
വെറും രണ്ടു പേർ.... അത്രമാത്രം.
 
ഒരിക്കൽ അവർ പർസ്പരം ചോദിച്ചു:
അല്ലെങ്കിൽ തന്നെ മരണത്തിലും പ്രണയത്തിലും അലിഞ്ഞില്ലാതാകാതിരിക്കാനും മാത്രം ഉറപ്പുള്ള  മതിലുകൾ  മനുഷ്യന് പണിയാൻ സാധിച്ചിട്ടുണ്ടോ?
 
നമ്മളാരായാലെന്ത്?
ആരല്ലെങ്കിലെന്ത്?
നമ്മുടെ വിശ്വാസങ്ങൾ എന്തായാലെന്ത്?
ഒരു പക്ഷെ ഒരേ ലിംഗമാണെങ്കിൽ തന്നെയെന്ത്?
പ്രണയം മാത്രമല്ലേ സത്യം?
നമ്മൾ രണ്ടു പേർ മാത്രം.. ഒരിലയുടെ അഗ്രത്തിൽ നിന്നും ഉതിർന്ന് മണ്ണിൽ പതിക്കാനുള്ള രണ്ട് മഞ്ഞ് തുള്ളികൾ മാത്രം.. അല്ല ,എല്ലാ മനുഷ്യരും അങ്ങനെ തന്നെയല്ലേ.പിന്നെയെന്തിനീ അതിരുകൾ?, യുദ്ധങ്ങൾ?" അങ്ങനെ കുറെ ചോദ്യങ്ങളിലൂടെ അവർ കടന്നുപോയിരുന്നു.
അവ ചോദ്യങ്ങൾ തന്നെയോ.. അതോ ഉത്തരങ്ങളോ.. എല്ലാ ചോദ്യങ്ങളിലും അതിനുള്ള ഉത്തരങ്ങൾ മറഞ്ഞിരിക്കുന്നതായി അവർക്ക് തോന്നി. ശരിക്കും ചോദ്യങ്ങളുണ്ടോ.. ഉത്തരങ്ങൾ മാത്രമല്ലേയുള്ളൂ.. നിങ്ങൾക്ക് കിട്ടാനുള്ള ആ ഉത്തരം കിട്ടാനല്ലെ നിങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നത്.. ആർക്കറിയാം.
 
ഇപ്പോൾ അവർ ഉരുളൻ കല്ലുകൾ നിറഞ്ഞ ഒരു നീണ്ട മൺപാതയാണ്.അങ്ങിങ്ങായി പേരറിയാത്ത , പൊടിക്കാറ്റ് വീണ്  നരച്ച,  നിറം തിരിച്ചറിയാനാവാത്ത കുറ്റിച്ചെടികൾ .
 
നിന്റെ നെറ്റിയിൽ ഇപ്പോഴും ചോര
ഒരാൾ രണ്ടാമത്തെയാളോട് പറഞ്ഞു.
സാരമില്ല
ഇനിയും എത്ര ദൂരം നമ്മൾ പോകണം?
അറിയില്ല
ഇവർ നമ്മളെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ?
അറിയില്ല
വഴികൾ നിഴൽപ്പാടുകൾ പോലെ വിശാലമായ ഒരു മരു പ്രദേശത്ത് അവസാനിച്ചു.
 
പൊടിക്കാറ്റ് നീങ്ങിയപ്പോൾ വലിയ പർവ്വതങ്ങൾ അവർക്ക് മുന്നിൽ തെളിഞ്ഞു വന്നു.
അവർ ഒന്നു നിന്നു.
ഈ വലിയ പർവ്വതങ്ങൾ മറികടക്കാർ നമുക്ക് കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?
അറിയില്ല
നമ്മളെ ആൾക്കൂട്ടം പിൻതുടർന്നെത്തി പിടികൂടില്ലേ..?
അറിയില്ല
ഇത് മാത്രമാണോ നിന്റെ മറുപടി..?
അല്ല
പിന്നെ?
നീ നിന്റെ കൈകൾ വിടർത്തി നോക്കൂ. കൈകൾക്കു താഴെ ചിറകുകൾ കാണുന്നില്ലേ...?
ഉവ്വ്... കാണുന്നുണ്ട്
പിന്നെയെന്തിന് ചോദ്യങ്ങൾ... ആരെ ഭയക്കണം...?
ഒരു മണൽക്കാറ്റുകൂടി വീശി.
അവർ രണ്ടു പേരും ചിറകുകൾ വീശി ആ പർവ്വതശിഖരങ്ങളിലേയ്ക്ക് പറന്നുയർന്നു.
മണൽക്കാറ്റ് കുറെ നേരം കൂടി ആഞ്ഞ്  വീശിയശേഷം ക്ഷയിച്ച് വന്ന് താഴ്വാരത്തിൽ എവിടെയോ താണു മറഞ്ഞു.
അപ്പോഴും അവർ രണ്ടു പേരുടേയും ചിറകുകളിലെ വെളുത്ത തൂവലുകൾ നിലത്തേയ്ക്ക് പാറി വീഴുന്നുണ്ടായിരുന്നു...!
                                          - മിഥുൻ

OTHER SECTIONS