ദ്രാവിഡം

By Durga Prasad.23 Jun, 2018

imran-azhar

___ ദ്രാവിഡം___

സീമയില്ലാത്ത മഹാനഗരത്തിന്റെ
ഛായയിൽ തെല്ലുമിഴി പൂട്ടി നിന്നു ഞാൻ

ദ്രാവിഡ രാജാധിപത്യമുയർത്തിയ ഗോപുരവാതിൽ തുറന്നു കടന്നു ഞാൻ..

അകലെ അനന്തതയിൽ നിന്നു കേൾക്കാം മന്നനാനമേലേറി വരും പടഹധ്വനി'......

രണകാഹളങ്ങളും കേൾക്കാമിടക്കിടെ രാജ്യം മുഴുവനുണരുമാറങ്ങനെ.....

കോലഹലങ്ങളടങ്ങുന്നു... രാജന്റെ- യാഗമനത്തിൻ കുഴൽ മുഴങ്ങുമ്പൊഴേ....

സിംഹ ചിഹ്നത്താലലംകൃതമാം  കൊടി..
മേഘങ്ങൾ കീറിയുയരേപ്പറക്കവേ..

എത്തീ മഹാരാജധാനിക്കരികിലായ് ഒത്തുകൂടി രാജ്യവാസി ജനങ്ങളും...

ആയിരം സാലഭഞ്ജികമാർക്കു മധ്യത്തിൽ്.. രാജനെഴുന്നളളി നിന്നു....

ആജ്ഞകൾ നൽകുന്നു; ആശംസയേകുന്നു... ആർക്കോ മരണമുറക്കെ വിധിയ്ക്കുന്നു.....

പ്രജകളുടെ ക്ഷേമമാരായുന്നു... പ്രശ്നങ്ങളെല്ലാം  നിശ്ശേഷമകറ്റിക്കളയുന്നു....

പദവികളുയർത്തുന്നു.മന്ത്രിമാർക്കെപ്പോഴുമുപദേശമേകുന്നു.. രാജ്യക്ഷേമത്തിനായ്.

കവികൾക്കു ശ്രേഷ്ഠമാംസ്ഥാനങ്ങളേകുന്നു...
സാധുക്കൾക്കു ഗോക്കളേ ദാനമായ് .നൽകുന്നു

പട്ടു കുപ്പായങ്ങൾ നെയ്തവർക്കേകുന്നു...
രത്നം പതിപ്പിച്ച ദിവ്യാംഗുലീയങ്ങൾ......

കാഞ്ചീപുരത്തിൻ കരങ്ങൾ തിളങ്ങുന്നു
കാഞ്ചന പ്രഭയേകുമാ മോതിരങ്ങളാൽ

കാറ്റിൽ സമാധാനമെങ്ങും പരക്കുന്നു...
നീറ്റിൽ സൗഗന്ധികപ്പുവുകൾ പൂക്കുന്നു

ക്ഷാമമില്ലാതെ വിളകൾ ഫലമേകുന്നു...
ക്ഷേമമായൊത്തു വസിക്കുന്നിതേവരും,

പല്ലവരാജാവു വാഴട്ടെയെന്നവരെല്ലാമഭിവാദ്യമേ-കുന്നിതെപ്പൊഴും...
പവിഴമല്ലിപ്പൂക്കൾ പാടുന്നു പല്ലവവീരവംശത്തിൻ ചരിത്രങ്ങളാകവേ

കാടും കരിമ്പനക്കൂട്ടങ്ങളുമേറ്റു പാടുന്നു ... ദ്രാവിഡ രാജ്യ ജയഭേരികൾ.....

***************

കണ്ണു തുറന്നു നോക്കീ എന്റെ മുന്നിലായിന്നു ജനസഹസ്രം സഞ്ചരിക്കുന്നു....

പൊങ്ങിപ്പറന്നപതാകയില്ല,,,, അതിൽ മിന്നും മൃഗേന്ദ്രാടയാളമില്ല

കാഹളമില്ല... കാറ്റിൽശാന്തിയില്ലിവിടെ.. നീരില്ല.... നിഴലില്ല...... നീണ്ട പെരുവഴിമാത്ര-മെന്തോ തിരഞ്ഞു നടക്കും മനുഷ്യർക്കു മന്ദഹസിക്കുവാനില്ലല്പനേരവും....

കാറ്റിൽപ്പറക്കും പൊടി മറക്കാൻ നേർത്തൊരാതുണിത്തുമ്പാൽ
മുഖത്തെ മറച്ചവർ,

കാശിന്നു കൈനീട്ടുമായാചകർ....
കൈകൾ കാട്ടിവിളിപ്പൂ ശകടമുടയവർ.......

അകലെ മെറീനാക്കടൽത്തീരമല- റുന്നൊരാവിലാപം കാതിൽ മാറ്റൊലിക്കൊള്ളുന്നു......

കാഞ്ചീപുരത്തെ കരവിരുതിൻ താളമാകെ കമ്പോള കാപട്യത്തിലിടറുന്നു.....

ആർത്തനാദം പോലെ യന്ത്രമുരൾച്ചകൾ.... ആർക്കോ തിരക്കിലോടുന്ന തീവണ്ടി്കൾ

നരവീണ നാട്ടുമക്കൾ നടുത്തെരുവിലായ് വെയിലേറ്റു വെന്തു പിടയുന്ന ജന്മങ്ങൾ

കുടിനീരു തെണ്ടുന്ന ജനകോടികൾ..... അതിൻ നടുവിലായ് പായുന്ന ഭരണാധികാരികൾ

നയനങ്ങളലിയാത്ത  ന്യായാധിപർ നാടുതെണ്ടുന്നു നന്മ വെടിഞ്ഞ മനസ്സുമായ്.....

സ്വാർത്ഥ വികാരങ്ങൾ സാരഥിയായ്.... തേർതെളിക്കുന്നിതിപ്പോഴുമീ.. രാജവീഥിയിൽ

~ ദുർഗ്ഗ പ്രസാദ്

OTHER SECTIONS