കുട

By NISHANTH.31 Aug, 2018

imran-azhar

കുട

ഇടമുറിയാതെ പെയ്യുന്ന കർക്കടക നാളുകളിലാണ് ഞങ്ങൾ രാമേട്ടനെയും അങ്ങേരുടെ കുടയെയും ശ്രദ്ധിക്കാൻ തുടങ്ങിയത് .മഴയ്ക്കും  എത്രയോ മുൻപ്  മുതലേ അങ്ങേരുടെ കയ്യിൽ ഈ കുട കണ്ടിരുന്നു .വെയിലുള്ളപ്പോഴും അല്ലാത്തപ്പോഴും ഈ കുടയുമായിട്ടായിരുന്നു നടത്തം .ഒന്നുകിൽ നിലത്തൂന്നിക്കൊണ്ട് അല്ലെങ്കിൽ വളഞ്ഞ അഗ്രം പിൻകോളറിൽ തൂക്കിക്കൊണ്ട് .കാണുമ്പോഴെല്ലാം സന്തത സഹചാരിയായി ഈ കുടയുണ്ടായിരുന്നു.

ഇപ്പോൾ ഞങ്ങൾ കുടയെയും രാമേട്ടനെയും ശ്രദ്ധിക്കാൻ  ഒരു കാരണമുണ്ടായി.കോരിച്ചൊരിയുന്ന ഈ മഴയിലും അദ്ദേഹം ആ കുട നിവർത്തിപ്പിടിച്ചിരുന്നില്ല ..!! മഴ നനഞ്ഞു കൊണ്ട് വല്ല കടത്തിണ്ണകളിലും കയറിനിൽക്കുമ്പോഴും ആ കുട അദ്ദേഹത്തിന്റെ കൈകളിൽ വിശ്രമിക്കുകയായിരിക്കും .ചില സമയങ്ങളിൽ കുട മാറോടു ചേർത്തുപിടിച്ചുകൊണ്ട് മഴയും കൊണ്ട് നടന്നു നീങ്ങുന്ന രാമേട്ടനെ കാണാം ..ആദ്യമൊന്നമ്പരന്നെങ്കിലും നാട്ടുകാരെന്ന നിലയിൽ അറിയാനുള്ള അവകാശം ഞങ്ങൾക്കുണ്ടെന്ന ബോധ്യത്താൽ അതിനെക്കുറിച്ചു നേരിട്ട് ചോദിക്കാൻ ഞങ്ങൾ തീരുമാനിച്ചു .ഉടനെത്തന്നെ ഒരു അവൈലബിൾ കമ്മറ്റി കൂടുകയും ഈ കാര്യം പ്രധാന അജണ്ടയായി ചർച്ച ചെയ്യുകയും ചെയ്‌തു .ഭാസ്കരൻ നായരുടെ ചായക്കടയായിരുന്നു ചർച്ചാ വേദി .ചർച്ചയിൽ പങ്കെടുത്തവരിൽ നാടിൻറെ വിവിധ മത-ജാതി രാഷ്ട്രീയ-സാമൂഹിക മേഖലയിൽ വ്യക്‌തിമുദ്ര പതിപ്പിച്ചവരായിരുന്നു ഏറിയ പങ്കും.മീറ്റിങ് പെട്ടെന്നുള്ള തീരുമാനം ആയതിനാൽ ജോലിക്കു പോയിരുന്ന തട്ടാൻ രാധാകൃഷ്ണനെപ്പോലുള്ള പ്രമുഖരുടെ അസാന്നിധ്യം ഫോണിലൂടെ പരിഹരിക്കാനുള്ള ശ്രമവും ഞങ്ങൾ നടത്തി .


അന്നത്തെ മീറ്റിങ്ങിൽ ഗൾഫുകാരുടെ തിരിച്ചുവരവും തൊഴിലില്ലായ്മയും എന്ന വിഷയം ഉണ്ടായിരുന്നെങ്കിലും രാമേട്ടന്റെ കുട എന്ന കൗതുകത്തിനു മുന്നിൽ മറ്റു വിഷയങ്ങളുടെ പ്രസക്തി തുലോം കുറഞ്ഞുപോകുകയാണുണ്ടായത് .അദ്രുമാൻ ഹാജിയുടെ മകനും അയാളുടെ ഭാര്യയും സിറിയയിൽ പോയ കഥയും ബിഷപ്പുമാരെ വൈകാരികമായി ഒറ്റപ്പെടുത്താൻ നടക്കുന്ന ശ്രമങ്ങളും പെണ്ണുങ്ങളെ അമ്പലത്തിൽ പോകാൻ നിർബന്ധിക്കുന്ന സർക്കാരും എല്ലാം തന്നെ കഴിഞ്ഞ ചർച്ചകളിൽ സജീവമായിരുന്ന അജണ്ടകൾ ആയതിനാൽ ഇത്തവണ മുഖ്യധാരയിലേക്ക് വന്നില്ല .എല്ലാവരുടെയും കണ്ണുകളും കാതുകളും ഒരു വിഷയത്തിൽ മാത്രം ശ്രദ്ധയൂന്നി .എന്തുകൊണ്ട് രാമേട്ടൻ കുടയുണ്ടായിട്ടും മഴ നനഞ്ഞു നടക്കുന്നു .അതും റോഡും  തോടും ഒന്നായി ഒഴുകിക്കൊണ്ടിരിക്കുന്ന ഈ കർക്കടകത്തിലും..?


ഒന്നുകിൽ രാമേട്ടനോട് നേരിട്ട് ചോദിക്കുക .അല്ലെങ്കിൽ അങ്ങേരുടെ ഭാര്യയെ ഈ നടുക്കുന്ന വിവരം അറിയിക്കുക .ഇതായിരുന്നു പ്രാഥമിക നിർദ്ദേശമായി ചർച്ചയിൽ ഉരുത്തിരിഞ്ഞു വന്നത് .മക്കളില്ലാത്തതിനാൽ ആ വഴിക്കുള്ള ശ്രമം നടക്കില്ലെന്നത് ഒരു ദുഃഖസത്യമായി അവശേഷിച്ചു .കാരണങ്ങൾ വിശകലനം ചെയ്ത ഞങ്ങൾക്ക്  കിട്ടിയതും ചില  ദുഃഖ സത്യങ്ങളുടെ സൂചനകളായിരുന്നു .
ഒന്നുകിൽ മാനസികമായ തകരാറ്. അല്ലെങ്കിൽ ..?


രണ്ടാമത്തെ ചാൻസ് ഒന്നും കാണാനാവാതെ ഞങ്ങൾ മഴയെ നോക്കി ഇരുന്നു .മുന്നിലെ ചായഗ്ലാസ്സിൽ  നിന്നും ആവി പറക്കുന്നുണ്ടായിരുന്നു. കഠിനമായ ചിന്തയിൽ മുഴുകി താടിക്കു കയ്യും കൊടുത്തിരുന്ന മെമ്പറുടെ കൈ അറിയാതെ ചായ ഗ്ലാസിൽ തട്ടുകയും ചായ ബെഞ്ചിൽ നിന്നും താഴേക്കൊഴുകുകയും ചെയ്‌തു .ഭാസ്കരേട്ടന്റെ ചായയുടെ കടുപ്പം അറിയാൻ കഴിഞ്ഞില്ലെങ്കിലും അതിന്റെ ചൂട് ആസ്വദിക്കാൻ മെമ്പർക്കും തൊട്ടപ്പുറത്ത് ഇരുന്നിരുന്ന  കൊല്ലൻ നാണുവിനും കഴിഞ്ഞു . തെല്ലകലെ ചാലിയാർ വർഷങ്ങൾ കൊണ്ട്    നഷ്ടപ്പെട്ടിരുന്ന പലതും തിരിച്ചുപിടിച്ചുകൊണ്ട് നിറഞ്ഞൊഴുകുകയായിരുന്നു .
   ഭാസ്കരേട്ടന്റെ ചൂടുള്ള പരിപ്പുവട ആമാശയത്തിലെത്തിയപ്പോഴേക്കും ഞങ്ങളുടെ കമ്മറ്റി  നിഗമനത്തിൽ എത്താൻ തുടങ്ങിയിരുന്നു .രാമേട്ടനോട് ചോദിക്കുക എന്നതായിരുന്നു ഒരു തീരുമാനം .ആര് ചോദിക്കും എന്ന രണ്ടാമത്തെ ചോദ്യം ഉയർന്നു വന്നു. വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ട വിഷയമായതിനാൽ അനുയോജ്യനായ ആളെ ഞങ്ങൾക്കിടയിൽനിന്നും കണ്ടെത്തുക പ്രയാസകരമായിരുന്നു .

പ്രത്യകിച്ചും ആരുമായും അടുത്തിടപഴകാത്ത രാമേട്ടനിൽ നിന്നും ഈ വിവരം ലഭിക്കുവാൻ നിപുണനായ ഒരു വ്യക്തി തന്നെ വേണമായിരുന്നു .ഒടുവിൽ മെമ്പർ ഈ ചുമതല ഭാസ്കരേട്ടനെ ഏൽപ്പിക്കുകയായിരുന്നു .ചൂട് ചായ വീണ മുണ്ടിൽ വെള്ളമൊഴിക്കുമ്പോഴായിരുന്നു മെമ്പറുടെ ആ പ്രഖ്യാപനം .പരിപ്പുവടയും ചോറും ചായയുമെല്ലാം ഞങ്ങളെ ആശ്രയിച്ചായതിനാൽ മറുത്തൊന്നും പറയാനാവാതെ ആ ദൗത്യം അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടി വന്നു .എങ്ങനെയെങ്കിലും വിവരങ്ങൾ അറിയുക എന്ന ജോലിക്ക് പരമാവധി അഞ്ചു ദിവസങ്ങളാണ് കമ്മറ്റി അദ്ദേഹത്തിന് നൽകിയത് .

പഴയ സിനിമ കൊട്ടക നിന്നിരുന്ന തൊടിയിലാണ് സാധാരണയായി രാമേട്ടനെ കാണാറുള്ളത് .നാട്ടു ചികിത്സക്കുള്ള പച്ചിലകൾ തെരഞ്ഞുകൊണ്ട് അദ്ദേഹം അവിടങ്ങളിൽ അലയുന്നത് മിക്ക സമയങ്ങളിലും കാണാറുണ്ട് .സിനിമ കൊട്ടക ഉണ്ടായിരുന്ന സമയത്ത് അദ്ദേഹം തന്നെ വച്ച് പിടിപ്പിച്ചതായിരുന്നു അവയിൽ പലതും .അവിടുത്തെ ജോലി ഇല്ലാതായതിനുശേഷം ചില്ലറ നാട്ടു ചികിത്സകളും  ഉഴിച്ചിലും മറ്റും നടത്തിയാണത്രെ അദ്ദേഹം കഴിഞ്ഞുപോകുന്നത് .മാളികപ്പുറത്തെ ഹുസ്സൈൻ മുതലാളിക്കാണ് വർഷത്തിൽ മിക്ക ദിവസങ്ങളിലും രാമേട്ടൻ ചികിത്സ നടത്താറുള്ളത് .എൽ പി സ്‌കൂളിലെ ഹെഡ്മാഷ് ആയിരുന്ന വേണുമാഷിനെയും ഇടയ്ക്കിടെ ഉഴിയാൻ പോവാറുണ്ടെന്നു പറയപ്പെട്ടിരുന്നു .മറ്റിടങ്ങളിലൊന്നും രാമേട്ടന്റെ സാന്നിധ്യം ഞങ്ങൾ കണ്ടിരുന്നില്ല .വീട്ടിൽ വെച്ചുള്ള ചികിത്സയും ഇല്ലായിരുന്നു .


കുറച്ചു വര്ഷങ്ങള്ക്കു മുമ്പാണ് സിനിമ കൊട്ടക വിറ്റുകൊണ്ട് അപ്പച്ചനും കുടുംബവും എങ്ങോട്ടോ പോയത് .ബി ക്ലാസ് തീയേറ്ററുകളിൽ ആളുകൾ കുറയുകയും കനത്ത സാമ്പത്തിക ബാധ്യതയിലേക്കു നീങ്ങുകയും ചെയ്തപ്പോഴാണ് അപ്പച്ചൻ സിനിമ കൊട്ടക വിൽക്കാൻ തയ്യാറായത് .അതുവരെ സിനിമാകൊട്ടകയിലെ പാട്ടു വിട്ടിരുന്ന സമയം അനുസരിച്ചു ദിനചര്യകൾ ക്രമീകരിച്ചിരുന്ന ഞങ്ങൾ ആ സമയങ്ങളിൽ അല്പം പ്രതിസന്ധിയിലായി .അവസാന ദിവസം എല്ലാവര്ക്കും സൗജന്യമായി പ്രവേശനം അപ്പച്ചൻ നൽകിയിരുന്നു .വാതിൽക്കൽ നിന്നിരുന്ന രാമേട്ടന്റെ കൈകൾ അറിയാതെ ഞങ്ങളുടെ നേരെ ടിക്കറ്റിനായി നീളുകയും അബദ്ധം പറ്റിയ മട്ടിൽ തല താഴ്ത്തുകയും ചെയ്തു .പിന്നീട് ആ തല ഉയർന്നതേയില്ല .അവസാന ഷോ കാണാൻ വാതിലിനടുത്തുള്ള സീറ്റിൽ രാമേട്ടനും ഇരുന്നിരുന്നു ,തല താഴ്ത്തി .സിനിമ കഴിഞ്ഞെല്ലാരും പുറത്തിറങ്ങിയപ്പോൾ  വാതിൽ അടക്കാതെ അതിനുള്ളിലേക്ക് നോക്കി നിൽക്കുന്ന രാമേട്ടനെയാണ് ഞങ്ങൾ അന്നവസാനമായി കണ്ടത് .


  പിന്നീട് ഞങ്ങൾ അവിടെ പോകുന്നത് ജെ സി ബി യുടെ തുമ്പിക്കൈകൾ സിനിമാകൊട്ടകയെ പിഴുതു മാറ്റുന്ന ദൃശ്യം കാണാനാണ് .അവിടെ ഒരു പള്ളി വരുമെന്നും അതല്ല കല്യാണ മണ്ഡപമാണെന്നും മറ്റുമുള്ള ശ്രുതി പടർന്നിരുന്നു .ഞങ്ങളുടെ കമ്മറ്റി അന്ന് വിലയിരുത്തിയത് പള്ളി വരുമെന്നായിരുന്നു .രണ്ടു ജെ സി ബി കൾ അക്രമിച്ചുകൊണ്ടിരിക്കുന്ന സിനിമാകൊട്ടകയെ കണ്ടപ്പോൾ ഞങ്ങൾ അവിടെ രാമേട്ടനെ തിരഞ്ഞു .വെളുപ്പാൻ കാലം വരെ ഇവിടെ ഇരിക്കുന്നത് കണ്ടതായി മദ്രസയിൽ പോകുന്ന കുട്ടികൾ പറഞ്ഞു .


വാതിൽ തുറന്നു പിടിച്ച അകത്തേക്ക് നോക്കിയിരിക്കുകയായിരുന്നുവത്രെ അദ്ദേഹം . പിന്നീട് പച്ചമരുന്നുകൾ പെറുക്കുന്ന രാമേട്ടനെയാണ് ഞങ്ങൾ അവിടെ കാണുന്നത് .ആ കാലഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ അച്ഛൻ ബാലൻ വൈദ്യർക്ക് ദീനം കൂടുതലാവുകയും അദ്ദേഹം കിടപ്പിലാവുകയും ചെയ്തിരുന്നു .പിന്നീട് കുറച്ചുകാലത്തേക്ക് രാമേട്ടൻ അച്ഛന്റെ ചികിത്സയുമായി വീട്ടിലും തൊടികളിലുമായി രാമേട്ടൻ നടന്നു .വൈകാതെ വൈദ്യർ മരിക്കുകയും ചെയ്‌തു.


രാമേട്ടനെ ഞങ്ങൾ കണ്ടിരുന്ന മറ്റൊരു ഇടം കുട്ടേട്ടന്റെ കള്ളുഷാപ്പായിരുന്നു .അവിടുത്തെ ഷ്ഠിരം സന്ദർശകനായിരുന്നു രാമേട്ടൻ .സിനിമാകൊട്ടക ഉള്ള സമയത്ത് മാറ്റിനിക്കും ഫസ്റ്റ് ഷോക്കും ഇടയിൽ രാമേട്ടൻ അവിടെ സന്ദർശിക്കുമായിരുന്നു .ചില ദിവസങ്ങളിൽ ഒമ്പതിന് തൊട്ടുമുമ്പേ ആയിരിക്കും ധൃതിയിലുള്ള വരവ് .കുട്ടേട്ടൻ രാമേട്ടനായി മാറ്റി അദ്ദേഹത്തിന്റെ സ്പെഷ്യൽ എപ്പോഴുണ് മാറ്റി വെക്കുമായിരുന്നത്രെ .ഫസ്റ്റ് ഷോയുടെ പാട്ടു വിടുന്ന  സമയം രാമേട്ടൻ വയൽവരമ്പിലൂടെ സിനിമാകൊട്ടക ലക്ഷ്യമാക്കി നടക്കും .ടിക്കറ്റു കൊടുക്കാനാവുന്ന സമയം ആകുമ്പോഴേക്കും രാമേട്ടൻ വാതിലിനടുത്ത് നിൽപ്പുണ്ടാകും .ആ പാട്ടുകേൾക്കുമ്പോഴായിരുന്നു ഞങ്ങൾ സ്‌കൂൾ ഗ്രൗണ്ടിൽ നിന്നും കളി നിർത്തി വീട്ടിലേക്ക് ഓടുന്നത് .പിന്നാലെ ഓർത്തഡോസ് പള്ളിയിലെ മണി മുഴങ്ങും .കൂടെ മഗ്‌രിബ് ബാങ്കും .അതുകൂടി  കഴിഞ്ഞാണ് വീട്ടിലെത്തുന്നതെങ്കിൽ അടി ഉറപ്പായിരിക്കും .അതിനാൽ സിനിമ കൊട്ടകയിലെ പാട്ടായിരുന്നു ഞങ്ങളുടെ ആദ്യ ബെൽ ."ദുഖിതരെ പീഡിതരെ ...നിങ്ങൾ ഭാഗ്യവാന്മാർ " എന്ന് തുടങ്ങുന്ന ആ സ്ഥിരം ആദ്യഗാനം ഞങ്ങളുടെ നാടിൻറെ പ്രാർത്ഥന ഗാനമായിരുന്നു ..

സിനിമാകൊട്ടക പോയപ്പോൾ ഷാപ്പിൽ ചെലവഴിക്കുന്ന രാമേട്ടന്റെ സമയം വർധിച്ചു .അച്ഛൻ വൈദ്യന്റെ വേര്പാടിന് ശേഷം രാമേട്ടന് ഏക ആശ്രയം കള്ളുഷാപ്പ് മാത്രമായി മാറി .പകൽ മിക്ക പങ്കും അദ്ദേഹം  അവിടെ ചെലവഴിച്ചു .കൗമാരത്തിലേക്കും യൗവനത്തിലേക്കും  പ്രവേശിച്ച ഞങ്ങളുടെ തലമുറയുടെ ഒരു തടസ്സം ഷാപ്പിലുള്ള   രാമേട്ടന്റെ സാന്നിധ്യം  ആയിരുന്നു.എങ്കിലും തലയും താഴ്ത്തി ഇരുന്നു കുടിക്കുന്ന അദ്ദേഹം ഞങ്ങളെ കാണാതിരിക്കാൻ മിക്ക സമയങ്ങളിലും ഞങ്ങൾ പാടുപെട്ടു .സിനിമാകൊട്ടകയിൽ പാട്ടുവിടുന്ന സമയം ആയാൽ രാമേട്ടൻ എഴുന്നേറ്റു വയൽവരമ്പിലൂടെ സിനിമ കൊട്ടക ലക്ഷ്യമാക്കി  നടക്കും .അപ്പച്ചൻ ടിക്കറ്റ് കൊടുത്തു് തുടങ്ങുമ്പോഴേക്കും വാതിലിനടുത്തെത്താനുള്ള ധൃതിയോടെ  ..

രണ്ടു വർഷങ്ങൾക്കു മുൻപേ കള്ളുഷാപ്പിനും താഴു വീണതോടെ രാമേട്ടന്റെ ലോകം വീണ്ടും ചെറുതാകുകയായിരുന്നു .ഞങ്ങൾ മറ്റു സ്ഥലങ്ങളിലേക്ക് വണ്ടി കയറി ആനന്ദം തേടിപ്പിടിച്ചപ്പോൾ രാമേട്ടൻ തേരട്ടയെപ്പോലെ ചുരുണ്ടു കൊണ്ട് നാലുചുവരുകളിൽ ഒതുങ്ങി .ഷാപ്പ് നിന്നിരുന്ന സ്ഥലത്തു കോൺഗ്രീറ്റ് കെട്ടിടങ്ങൾ വന്നു .ആ വയൽവരമ്പാകെ മണ്ണിട്ട് മൂടിക്കൊണ്ട് അവിടേക്കുള്ള വഴികളായി മാറി ..

ഇത്തരുണത്തിൽ രാമേട്ടന്റെ ചരിത്രം അവലോകനം ചെയ്യുകയായിരുന്നു ഞങ്ങളുടെ രണ്ടാം കമ്മറ്റി .അപ്പോഴാണ് ഞങ്ങൾ അത് ശ്രദ്ധിച്ചത് .ആ വയൽവരമ്പത്തുകൂടി നടന്നു നീങ്ങുന്ന രാമേട്ടൻ എന്ന മനുഷ്യന്റെ കയ്യിലോ തോളിലോ ആ കുടയില്ല ..!! ഞങ്ങൾ ചരിത്രത്തെ കണ്ണ് തിരുമ്മിക്കൊണ്ട് വീണ്ടും നോക്കി .ഇല്ല വയൽവരമ്പിലൂടെ നടക്കുന്ന ,ടിക്കറ്റു മുറിക്കുന്ന  രാമേട്ടന്റെ കയ്യിൽ കുടയില്ല .അവസാന ഷോയുടെ സമയത്തു അകത്തേക്ക് നോക്കി നിൽക്കുന്ന രാമേട്ടന്റെ കയ്യിലും കുടയില്ല .അപ്പോൾ പിന്നെ ഈ കുടയെന്നു മുതൽ രാമേട്ടന്റെ കയ്യിൽ വന്നു ..? ഞങ്ങൾ വീണ്ടും പ്രതിസന്ധിയിലായി .ഏൽപ്പിച്ച ജോലി ചെയ്യാൻ കഴിയാത്ത ഹോട്ടലുടമ ഭാസ്കരേട്ടൻ കമ്മറ്റി അംഗങ്ങളുടെ കടുത്ത വിമര്ശനം ഏറ്റുവാങ്ങി തല താഴ്ത്തി നിന്നു.

കർക്കടകം പെയ്ത്ത് തുടരുകയായിരുന്നു അപ്പോഴും .ജോസഫ് മാപ്പിളയുടെ പുഴ വരമ്പിലുള്ള കൃഷിസ്ഥലം ചാലിയാർ   കൊണ്ടുപോയിരുന്നു .കൂടാതെ മൊയ്തുക്കയുടെ വേലിപ്പത്തലുകൾ,രാമേട്ടന്റെ കമുക് ..ഇങ്ങനെ പലതും മഴ കൊണ്ടുപോയി .ശോഷിച്ചുകൊണ്ടിരുന്ന പുഴയുടെ നേരെ നീണ്ടുവന്നിരുന്ന വേലിക്കൈകളെ പുഴയെടുത്തതാണെന്നു മനസ്സിലാക്കാൻ അവർക്ക് ആധാരം നോക്കേണ്ടി വന്നില്ല .അതിനാൽ തന്നെ മെമ്പർ വാഗ്ദാനം ചെയ്ത ദുരിതാശ്വാസം അവരെല്ലാവരും സ്നേഹപൂർവ്വം നിരസിച്ചു.

 

~ നിഷാന്ത് കെ

OTHER SECTIONS