അറിയാം ഗീത ജോണിന്റെ പോരാട്ട ജീവിതം

By Rajesh Kumar.06 04 2019

imran-azhar

 


സെലഷ് മെറിന്‍ തോമസ്

 

വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു പത്രവാര്‍ത്ത. 'പന്നിമല വിമോചനസമരക്കാര്‍ക്ക് അക്രമിസംഘത്തിന്റെ ക്രൂരമര്‍ദ്ദനം. പന്നിമല വ്യാജവാറ്റ് കേന്ദ്രത്തില്‍ നിന്ന് ചാരായം കടത്തി വിപണനം നടത്തുന്നത് തടയാന്‍ കൂതാളിയില്‍ ഉപരോധം ഏര്‍പ്പെടുത്തിയ പ്രവര്‍ത്തകരെയാണ് പുലര്‍ച്ചെ നാലിന് ആക്രമിച്ചത്. 17 പേര്‍ക്ക് പരിക്ക്. സ്ത്രീകളെയും ആക്രമിച്ചു.' മറ്റൊരു ചിത്രം. അസംബ്ലിയിലേക്ക് എംഎല്‍എമാരെ കൊണ്ടുപോയ ബസിനു മുന്നിലേക്ക് മുഷ്ടിചുരുട്ടി മുദ്രാവാക്യം മുഴക്കി പാഞ്ഞടുക്കുന്ന ഒരു സ്ത്രീ.

വാര്‍ത്തയും ചിത്രവും കണ്ട ശേഷം മുഖമുയര്‍ത്തി ഗീത ജോണിനെ നോക്കി. ശാന്തമായ മുഖത്ത് ചെറുപുഞ്ചിരി നിറച്ച് മുന്നിലിരിക്കുന്ന സ്ത്രീയാണ് രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പ് സമരത്തിന്റെ കനല്‍വഴികള്‍ താണ്ടിയതെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഒരു പക്ഷേ ഗീത ജോണ്‍ എന്ന ആക്ടിവിസ്റ്റിനെ പലര്‍ക്കും അറിയില്ല. 'ചാനല്‍ ആക്ടിവിസ'ത്തിന്റെ വഴികളിലൊന്നും ഗീത ജോണിനെ നിങ്ങള്‍ക്കു കണ്ടുമുട്ടാനാവില്ല. സാമൂഹ്യമാധ്യമങ്ങളുടെ തണലില്‍ 'നവോത്ഥാന വിപ്ലവം' നടത്തുന്നവര്‍ക്ക് ഈ ആക്ടിവിസ്റ്റിനെ മനസ്സിലാക്കാനും കഴിയുമെന്നു തോന്നുന്നില്ല. സ്വയം ആക്ടിവിസ്റ്റാകാന്‍ ആഗ്രഹിക്കുകയോ അതിനായി ഘോരഘോരം പ്രസംഗിക്കുകയോ ചെയ്ത ആളല്ല ഗീത.

ബാല്യത്തില്‍ തന്റെ അമ്മയടക്കമുള്ള സ്ത്രീകള്‍ അനുഭവിച്ച ദുരനുഭവങ്ങളുടെ പൊള്ളുന്ന തീച്ചൂളയില്‍ നിന്നാണ് ഗീത ജോണ്‍ എന്ന ആക്ടിവിസ്റ്റിന്റെ ജനനം. ചരിത്രപുസ്തകത്തിന്റെ താളുകളിലൊന്നും ഇവരുടെ പേരും ഉണ്ടാവില്ല. എന്നാല്‍, ഇപ്പോഴും അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. മികച്ച ഗ്രന്ഥശാല പ്രവര്‍ത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം തേടിയെത്തിയപ്പോഴും ഗീതാ ജോണിന് അമിതാഹ്ലാദമില്ല. ആദിവാസി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. ജീവിതം പറയുമ്പോള്‍ ഗീതാ ജോണിന്റെ കണ്ണുകളില്‍ കനല്‍ജ്വലിച്ചു. മുഖത്ത് ഓര്‍മ്മകളുടെ കടലിരമ്പം. വാക്കുകളില്‍ നിലപാടുകളുടെ കൃത്യത. ഒടുവില്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഒരു സഹായാഭ്യര്‍ത്ഥനയും നടത്തി: ലൈബ്രറികള്‍ക്കായി കുറച്ചു പുസ്തകങ്ങള്‍ സംഘടിപ്പിച്ചുതരണം!

മടക്കയാത്രയില്‍ മനസ്സില്‍ നിറഞ്ഞത് അക്രമികളും പൊലീസും ഗീതാ ജോണിന്റെ ശരീരത്ത് ഏല്‍പ്പിച്ച മുറിവുകളുടെ പാടുകളായിരുന്നു. ഒരു പോരാട്ടകാലത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ ഉണര്‍ത്തി അവ ഇപ്പോഴും സ്വയം സംസാരിച്ചുകൊണ്ടേയിരിക്കുന്നു.


അമ്മേ, നമ്മള്‍ എന്തിന് മരിക്കണം?

പാറശ്ശാലയിലാണ് ജനനം. ജോണ്‍സരസമ്മ ദമ്പതികളുടെ നാല് മക്കളില്‍ ഏറ്റവും ഇളയയാള്‍. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമായിരുന്നു. ധാരാളം ഭൂസ്വത്തുണ്ടായിരുന്നു. എന്നാല്‍, അപ്പന്റെ മദ്യപാനം കാരണം ഭൂസ്വത്തൊക്കെ നഷ്ടപ്പെട്ടു. ഒടുവില്‍ വെള്ളറടയിലെ മലയിടുക്കുകളിലേക്കു കുടിയേറി. പുതിയ സ്ഥലവും അപ്പന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടാക്കിയില്ല. നാട്ടിലെ പ്രധാന റൗഡിയായ അപ്പന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അമ്മ ഒടുവില്‍ ഒരുപായം കണ്ടെത്തി. ഒരു ദിവസം മക്കളുടെ കൈപിടിച്ച് അവര്‍ കിണറ്റിന്‍കരയിലേക്ക് നടന്നു. ദുരിതജീവിതത്തില്‍ നിന്നും എന്നെന്നേക്കുമായി മോചനമായിരുന്നു ലക്ഷ്യം. കരഞ്ഞുതളര്‍ന്ന് കണ്ണീര്‍ വറ്റിയ അമ്മയുടെ കണ്ണുകളിലേക്കു നോക്കി, കൈയില്‍ മുറുകെ പിടിച്ചുകൊണ്ട് പാവാടപ്രായക്കാരിയായ ഗീത ചോദിച്ചു: 'അമ്മേ, നമ്മള്‍ എന്തിന് മരിക്കണം, നമ്മള്‍ ഒരു തെറ്റും ചെയ്തിട്ടില്ല.' അന്നു തുടങ്ങിയതാണ് ഗീതയുടെ പോരാട്ടം. ഒരര്‍ത്ഥത്തില്‍ സ്വന്തം ജീവിതത്തോടായിരുന്നു ആദ്യ പോരാട്ടം. കിണറ്റിനുള്ളില്‍ അവസാനിക്കുമായിരുന്ന ജീവിതം തിരിച്ചുപിടിക്കാനുള്ള പോരാട്ടം.

'അന്ന് വീട് കത്തിച്ച് ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചുപോയ അപ്പനെ പിന്നെ കണ്ടിട്ടേയില്ല.' ഓര്‍മ്മകളില്‍ മുങ്ങി ഗീത ഒരു നിമിഷം നിശബ്ദയായി. മരണത്തില്‍ നിന്ന് ജീവിതത്തിലേക്കുള്ള യാത്ര. ഒരുപാട് കനല്‍വഴികള്‍ താണ്ടിയുള്ള യാത്ര. പോരാട്ടവീര്യം മാത്രമായിരുന്നു കൈമുതല്‍. അനിശ്ചിതത്വത്തിലായ പഠനം മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമമായിരുന്നു പിന്നീട്. വെള്ളനാട് നവജീവനിലെ അച്ചന്റെ സഹായത്തോടെ തുടര്‍വിദ്യാഭ്യാസം നടത്തി. അപ്പന്‍ ഉണ്ടാക്കിയ കടങ്ങള്‍ തീര്‍ക്കാന്‍ ട്യൂഷന്‍ സെന്ററുകളില്‍ വര്‍ഷങ്ങളോളം പഠിപ്പിച്ചു. പഠിച്ച് ബിരുദവും ബിരുദാനന്തരവിരുദവും നേടി.

 

പോരാട്ടം മദ്യത്തിനെതിരെ

ജൈവവൈവിധ്യങ്ങളുടെ പറുദീസയായ പശ്ചിമഘട്ടമലനിരകളുടെ താഴ്വരയാണ് വെള്ളറട. മനോഹരമായ ഭൂപ്രകൃതിയുള്ള പ്രദേശം. വെള്ളത്തിന്റെ അറകളുള്ളതിനാലാണ് വെള്ളറട എന്ന പേരു വന്നത്. അറുപതുകളില്‍ കുടിയേറിയ കര്‍ഷകരാണ് പ്രദേശവാസികളില്‍ കൂടുതലും. കുടിയേറ്റകാലത്ത് തുടങ്ങിയതാണ് മദ്യപാനശീലം. മലമ്പനിയ്ക്കെതിരെയും കൃഷിയിടങ്ങളില്‍ ഔഷധമായും ചാരായം ഉപയോഗിച്ചിരുന്നു. സ്വന്തമായി ചാരായം വാറ്റി ഉപയോഗിച്ചു. ഒടുവില്‍ വെള്ളത്തിന്റെ അറകളുടെ നാട് ചാരായത്തിന്റെ നാടായി. ചാരായം ചാരായം വാറ്റും വില്പനയും ഉപജീവനമാര്‍ഗ്ഗമായി. പിന്നീട് വന്‍ മാഫിയകളായി വളര്‍ന്ന് വ്യാപിച്ചു. ചാരായമാഫിയ നാടിനെ നിയന്ത്രിക്കുന്ന അവസ്ഥ. മദ്യലഹരിയില്‍ പുരുഷന്മാര്‍ സ്ത്രീകളെ ഉപദ്രവിക്കുന്നത് മിക്ക വീടുകളിലെയും സ്ഥിരം കാഴ്ചയായി. കുട്ടികള്‍ക്ക് പള്ളിക്കൂടങ്ങളില്‍ പോകാന്‍ കഴിയാത്ത സാഹചര്യം. നാട്ടില്‍ എന്നും കത്തിക്കുത്തും കൊലപാതകങ്ങളും പീഡനങ്ങളും. വെള്ളറട ചെകുത്താന്റെ നാടായി. പെണ്‍കുട്ടികള്‍ വീടിനുള്ളില്‍ ഭയന്നുവിറച്ചുകഴിഞ്ഞു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി സ്ത്രീകള്‍ വിധിയെ
സ്വയം പഴിച്ചുജീവിതം തള്ളിനീക്കി.

ഒരു ദുഃഖവെള്ളിയാഴ്ച്ച ദിവസം. നാടിനെ കാര്‍ന്നുതിന്നുന്ന വിപത്തിനെ കുറിച്ചാണ് പള്ളിയില്‍ അച്ചന്‍ സംസാരിച്ചത്. അതില്‍ നിന്നും മോചനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അച്ചന്റെ വാക്കുകളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഗീത ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ നാടിന്റെ മോചനത്തിനായി പോരാടാന്‍ തീരുമാനിച്ചു. നാടിനെ മുക്കിക്കൊല്ലുന്ന വിപത്തിനെ തുടച്ചുനീക്കാന്‍ സ്ത്രീകളെ സംഘടിപ്പിക്കാന്‍ ശ്രമം തുടങ്ങി. അടുക്കളയില്‍ നിന്ന് സ്ത്രീകള്‍ അരങ്ങത്തേക്കു വന്നാലേ മാറ്റമുണ്ടാക്കാന്‍ കഴിയൂ എന്നവരെ ബോധ്യപ്പെടുത്തി. 1993 ഓഗസ്റ്റില്‍ മദ്യമാഫിയയ്ക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. സ്ത്രീകള്‍ വിവിധ സംഘങ്ങളായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. തൊഴിലാളികളുടെ വീട്ടിലെത്തി പിന്മാറണമെന്ന് ആവശ്യപ്പെട്ടു. പിന്‍മാറിയവര്‍ക്ക് സ്ത്രീകളുടെ നേതൃത്വത്തില്‍ തന്നെ പുതിയ തൊഴില്‍ സംരംഭങ്ങള്‍ നല്‍കി.


ചാരായനിര്‍മ്മാണത്തിന് എതിരെ സ്ത്രീകളും പുരുഷന്മാരും നാട്ടില്‍ പ്രതിഷേധസമരങ്ങള്‍ സംഘടിപ്പിച്ചു. ഇതോടെ ശക്തമായ പ്രതിരോധവുമായി മദ്യമാഫിയ രംഗത്തൈത്തി. ആക്ഷന്‍ കൗണ്‍സിലിലുള്ളവര്‍ക്കെതിരെ പൊലീസ് കേസ് എടുക്കുകയും പുരുഷന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിനെതിരെ വെള്ളറടയിലെ നൂറുക്കണക്കിന് സ്ത്രീകള്‍ ചാണകം മുക്കിയ ചൂലുമായി എട്ട് കിലോമീറ്ററോളം നടന്ന് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പിന്നീട് പതിറ്റാണ്ടുകള്‍ നീളുന്ന സമരങ്ങള്‍, ഉപരോധങ്ങള്‍, ഉപവാസങ്ങള്‍. ഇന്ന് വെള്ളറട ചാരായമുക്ത ഗ്രാമമാണ്. ഒരിക്കല്‍ വാറ്റുകാരുടെ കേന്ദ്രമായിരുന്ന പ്രദേശം ഇപ്പോള്‍ ഏറ്റവും അധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്ള പ്രദേശമായി മാറി.

സംസാരിക്കുന്നതിനിടെ അക്രമികള്‍ വെട്ടിയ തലയിലൂടെ ഗീതാ ജോണ്‍ വിരലോടിച്ചുകൊണ്ടിരുന്നു. കൈകളിലുമുണ്ട് പൊലീസ് ബൂട്ടിട്ട് ചവിട്ടിയരച്ചതിന്റെ പാടുകള്‍!

 

രക്തംചിന്തിയ നാളുകള്‍

മദ്യമാഫിയയ്ക്കെതിരെ നടത്തിയ പ്രതിഷേധസമരങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായി. ഗീതയടക്കമുള്ള സ്ത്രീകളെപ്പറ്റി അപവാദനോട്ടീസുകള്‍ വ്യാപകമായി പ്രചരിപ്പിച്ചു. ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയും അപവാദ പ്രചരണങ്ങളിലൂടെയും നിശബ്ദരാക്കാനായിരുന്നു ശ്രമം. പുറത്തിറങ്ങിയാല്‍ ജനങ്ങള്‍ കല്ലെറിയുന്ന അവസ്ഥ. ഭീഷണിയും പരിഹാസവും തുടര്‍ന്നുകൊണ്ടേയിരുന്നു. എന്നാല്‍, ഇതൊന്നും സമരത്തില്‍ നിന്നും പിന്തിരിപ്പിച്ചതേയില്ല.

ഒടവില്‍ ഒരു ശനിയാഴ്ച പുലര്‍ച്ചെ കൂതാളി ജംഗ്ഷനില്‍ റോഡ് ഉപരോധിച്ച സമരക്കാരെ വ്യാജവാറ്റുകാരുടെ ഗുണ്ടകള്‍ ക്രൂരമായി ആക്രമിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ ഗുണ്ടകള്‍ വെട്ടിനുറുക്കി. എക്സൈസിന്റെ നേതൃത്വത്തില്‍ രാത്രിയും പകലും റെയ്ഡുകള്‍ നടത്തി വ്യാജവാറ്റ് കേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ടിരുന്നു. അതിന്റെ ഭാഗമായായിരുന്നു ഉപരോധം. സമരസമിതി നേതാവ് വി. റസാലയ്യന്‍ ഉള്‍പ്പെടെയുള്ളവരെ വെട്ടി മൃതപ്രായരാക്കി. ഗീതാ ജോണിന്റെ തലയില്‍ ഗുണ്ടകള്‍ വെട്ടി. മൂക്കും കൈയും വെട്ടി പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ് മൃതപ്രായരായി കിടന്ന പ്രവര്‍ത്തകരെ സഹായിക്കാന്‍ ആരും മുന്നോട്ടുവന്നില്ല. ആശുപത്രിയില്‍ എത്തിക്കാനായി ഒരു ടാക്സി പോലും ആ പ്രദേശത്ത് ഉണ്ടായിരുന്നില്ല. അത്രയും ആസൂത്രണത്തോടെയായിരുന്നു ആക്രമണം.

1996 നവംബര്‍ നാലിന് സമരസമിതി പ്രവര്‍ത്തകനായ രാജേന്ദ്രന്‍ ചാരായ ലോറിയിടിച്ച് മരിച്ചു. രാജേന്ദ്രന്റെ മരണം പോലും സമരസമിതിക്കെതിരെ ആയുധമാക്കാന്‍ ചാരായമാഫിയ ശ്രമിച്ചു. എന്നാല്‍, ആക്രമണങ്ങള്‍ പ്രവര്‍ത്തകരുടെ സമരവീര്യം തണുപ്പിച്ചില്ല. വെള്ളറടയിലെ സമാധാനാന്തരീക്ഷത്തിന് നമ്മള്‍ നന്ദി പറയേണ്ടത് ഇവരോടാണ്. ഇവരുടെ ത്യാഗത്തോടാണ്.

 

സമരം തലസ്ഥാനത്തേക്ക്

നായനാര്‍ സര്‍ക്കാര്‍ മദ്യശാലകളും വിദ്യാലയങ്ങളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി കുറച്ചു. ഇതിനെതിനെ ശക്തമായ സമരവുമായി മദ്യവിരുദ്ധസമിതി പ്രവര്‍ത്തകര്‍ തലസ്ഥാനത്തെത്തി. നൂറുകണക്കിന് സ്ത്രീകള്‍ അണിചേര്‍ന്ന സമരം അക്ഷരാര്‍ത്ഥത്തില്‍ തലസ്ഥാനത്തെ അമ്പരപ്പിച്ചു. ദൂരപരിധി കുറച്ചുകൊണ്ടുള്ള ബില്ല് കത്തിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സമരക്കാര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായി. പൊലീസ് ഗീതയുടെ കൈ ചവിട്ടിയരച്ചു. ഇപ്പോഴും തന്റെ കൈയില്‍ അവശേഷിക്കുന്ന സമരത്തിന്റെ അടയാളം ഗീതാ ജോണ്‍ കാട്ടിത്തന്നു. അമ്പതോളം സത്രീകള്‍ എംഎല്‍എ മാരുടെ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍, ഗീതയും സിസ്റ്റര്‍ സാലിയും ഒഴികെ 48 പേരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. എംഎല്‍എമാരുടെ വാഹനത്തിനു നേരെ മുദ്രാവാക്യം മുഴക്കി പാഞ്ഞടുക്കുന്ന ഗീതയുടെയും സിസ്റ്റര്‍ സാലിയുടെയും ചിത്രം പത്രങ്ങള്‍ പ്രാധാന്യത്തോടെ നല്‍കി.

കള്ള് ഷാപ്പ് ലേലത്തിനെതിരെ വനിതാദിനത്തില്‍ ഗീത ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ പ്രതിഷേധിച്ചു. ക്രൂരമായ പൊലീസ് മര്‍ദ്ദനത്തിന്
വനിതാപ്രവര്‍ത്തകര്‍ ഇരയായി. ഗീതയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി അപമാനിച്ചു. ഗീതയെ പൊലീസ് വലിച്ചിഴച്ചു. 'ഇച്ചിരി വെള്ളം കുടിച്ചാല്‍ തീരൂന്ന പ്രശ്നങ്ങള്‍ മാത്രമേ നിങ്ങള്‍ക്കുളളു' ഇങ്ങനെയായിരുന്നു അന്നത്തെ സിറ്റി പൊലീസ് കമ്മീഷണറുടെ പ്രതികരണം.

തുടരുന്ന പോരാട്ടം

ഇപ്പോഴും ഗീത ജോണിന്റെ നിശബ്ദ പോരാട്ടം തുടരുന്നു. സ്ത്രീകള്‍, കുട്ടികള്‍, ആദിവാസികള്‍ എന്നിവരുടെ ക്ഷേമത്തിനായുള്ള
പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. വെള്ളറട മദ്യവിരുദ്ധ സമിതിയിലും മറ്റു സമരങ്ങളിലും പങ്കാളിയായ ജയദാസ് പിന്നീട് ഗീതയുടെ ജീവിതപങ്കാളിയായി. ഒരു മകനുണ്ട്. ക്വാറി മാഫിയകള്‍ക്കെതിരെയുള്ള സമരങ്ങളിലും ഗീത ജോണിന്റെ സാന്നിധ്യമുണ്ട്. തിന്മകള്‍ക്കെതിരെ ചൂഷണങ്ങള്‍ക്കെതിരെ അവര്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍ അവരില്‍ പോരാട്ടവീര്യം വീണ്ടും നിറയും. സംസാരത്തിനൊടുവില്‍ അവര്‍ പറഞ്ഞു: 'മുമ്പ് ആളുകള്‍ എന്നോടൊപ്പം യാത്ര ചെയ്യാന്‍ പോലും മടിച്ചിരുന്നു. അപവാദങ്ങളും ധാരാളം കേട്ടു. ഇപ്പോള്‍ അതിനൊക്കെ മാറ്റമുണ്ടായി. അതിന്റ സന്തോഷമുണ്ട്.'

കനല്‍ജ്വലിക്കുന്ന കണ്ണുകളില്‍ കണ്ണീരിന്റെ ചെറുനനവുണ്ടായോ, ശബ്ദം അല്പം ഇടറിയോ?

 

 

OTHER SECTIONS