ദര്‍ശനം

By Online Desk .30 08 2019

imran-azhar

 

 

എന്നും പടിഞ്ഞാറേജന്നല്‍പഴുതിലൂ-

ടെന്തിനോവേണ്ടി ഞാന്‍ കാത്തിരിക്കും.
അങ്ങകലെത്തെഴും അംബരമച്ചിലെ
പൊന്നിളം പട്ടിട്ട ജാലകത്തില്‍

 

അപ്പൊഴേയ്‌ക്കെത്തുമൊരാനന്ദസാന്ദ്രമാം
അപ്‌സരസ്സിന്റെ മുഖാരവിന്ദം!
ആ മുഗ്ദ്ധ സൗന്ദര്യമെന്‍ചുറ്റുമായിരം
വാര്‍മഴവില്ലിന്റെ ഭംഗിവീശും

 

എന്നെന്നുമാ നറുംപുഞ്ചിരിപ്പൂക്കളാല്‍
എന്നെയെന്‍ ദേവത സത്കരിക്കെ,
ഞാനെന്നെത്തന്നെ മറന്നു ലയിച്ചുപോം
ഏതോ വിമോഹന സ്വപ്നഭൂവില്‍!

 

ആരോരുമോരാതെയെന്നെന്നുമീവിധം
ആരോമലാളെ ഞാന്‍ കണ്ടിരുന്നു.
ഇന്നോളമെങ്കിലും ഞങ്ങള്‍ പരസ്പരം
കൈമാറിയിട്ടില്ലൊരൊറ്റവാക്കും!
എങ്കിലുമന്തിയിലെന്നെന്നുമിങ്ങനെ
എന്തിനോ ഞങ്ങള്‍ തരിച്ചുനില്‍ക്കും.

 

ഇല്ലെനിക്കാശമാറ്റൊന്നുമെന്‍ദേവിതന്‍
മന്ദാക്ഷ സുസ്മിതമൊന്നുപോരും.
അങ്ങിങ്ങകന്നിരുന്നാനന്ദവീണയില്‍
അങ്ങനെ ഞങ്ങള്‍ വിരലണയ്‌ക്കെ,
നിര്‍ദ്ദയം രാവിന്റെ തീരത്തിരകളില്‍
അദ്ദിവ്യദര്‍ശനം മാഞ്ഞുപോകും.........!

 

കല്ലട ഷണ്മുഖൻ 

9495475468

 

OTHER SECTIONS