കള്ളന്‍പുരാണം

By സന്ദീപ് വേരേങ്കിൽ.03 03 2019

imran-azhar

 

 

കള്ളന്‍മാരുടെ കഥകളിതറിയൂ
കള്ളത്തരമവ നിരവധി പാരില്‍.

കുട്ടിക്കാലത്തേറെപ്പേരും
കട്ടിടുമൊരു തുടുചോക്കപ്പൊട്ട്

കുട്ടിക്കളികള്‍ മാറുമ്പോളോ
കട്ടൊരു പൊട്ടതുതൊട്ടുമറക്കും.

കള്ളക്കണ്ണനെ കണ്ടുപഠിച്ചു
പിള്ളേരങ്ങനെയാര്‍ത്തുനടപ്പൂ,

കള്ളക്കണ്ണിട്ടൊരുവളെ നോക്കാന്‍
കള്ളക്കാമുകനല്ലേ കഴിയൂ ?

കള്ളിയതൊരുനാള്‍ കട്ടൊരു കുഞ്ഞിനെ
തള്ള പകുത്തുകൊടുത്തില്ലയ്യോ!

കളളിത്തള്ളയെടുക്കാമെന്നായ്
പുള്ളിയുടുപ്പിട്ടുള്ളൊരു പാതി!

കണ്ണകിയന്നു പറിച്ചൊരു മാറിന്‍
ദണ്ണമതുള്ള ചിലങ്ക വിറച്ചു,

തെറ്റുകള്‍ ചെയ്യാ നാഥന്‍തന്റെ
കുറ്റംകണ്ടുകരിച്ചവള്‍ മധുര!

കട്ടതു മുഴുവന്‍ പാവങ്ങള്‍ക്കായ്
കൊട്ടിയ ജ്യേഷ്ഠന്‍ 'കൊച്ചുണ്ണി'ത്താന്‍

കള്ളത്തരമൊരു ശീലമതാക്കിയ
കള്ളന്നവനരവേന്ദ്രന്‍തന്നെ!

മൂന്നടിമണ്ണു കവര്‍ന്നുമെടുക്കാ-
നന്നു മുതിര്‍ന്നതു വാമനനുണ്ണി!

മലയാളികളുടെ മനമൊന്നാകെ-
ക്കുലയൊടുകൂടെപ്പിഴുതതു മന്നന്‍!

ദൈവത്തിന്‍ നല്‍ദൂതന്മാരെ
കൈവച്ചതു ചില ചതികളിലൂടെ.

'അശ്വത്ഥാമാ ഹതഃ കുഞ്ജര'യെ
ന്നിശ്ശീലിന്‍ചതി ഗുരുവരനോടും !

കള്ളച്ചതിയടി ചെയ്‌തോരാരും
കള്ളച്ചൂതു കളിച്ചോരല്ല!

പരശുവെറിഞ്ഞുപിളര്‍ത്തിയകത്തിയ
കേരളമണ്ണു കവര്‍ന്നതുതന്നെ!

കട്ടതു മുഴുവന്‍ കൈവിട്ടൊരുനാള്‍
കെട്ടിട്ടിവിടമുപേക്ഷിപ്പോരെ,

'പട്ടും വളയും' പലതും കാട്ടി,
കട്ടിട്ടോടിയ 'കാലന്‍' കള്ളന്‍!

കട്ടുകുടിച്ചുനടക്കുംപൂച്ച
കട്ടതകിട്ടില്‍നിന്നതുമല്ല!

മുട്ടിയെടുത്തുകുടിക്കാനോടും
കുട്ടിക്കുള്ളതു കട്ടതു നമ്മള്‍!

കട്ടുഭുജിച്ച കറുത്തൊരു കാടനു
കിട്ടിയതാറടിമണ്ണിതു നാട്ടില്‍!

കട്ടുതുലച്ചുപറന്നുകടന്നൊരു
കോടീശ്വരനോ രാജ്യസഭാംഗം!

കട്ടുകഴിക്കാന്‍ നേരത്തൊരു പുലി,
കുട്ടി ജനിച്ചതു കണ്ടൊരു നിമിഷം,

പൊട്ടിയഹൃദയവുമായതു നക്കി,
കുട്ടിയെ സ്വന്തം കുഞ്ഞായ്ക്കരുതി!

തട്ടിയെടുത്തൊരു പെട്ടിക്കകമേ
കിട്ടിയ കെട്ടുകളെണ്ണിയ കള്ളന്‍,

കാട്ടിയ നല്ലൊരു കൂട്ടമതറിയൂ
'കെട്ടിയയച്ചു പ്രമാണക്കൂട്ടം'.

ഗാഗുല്‍ത്താമലമേലേ യേശു
ത്യാഗം ചെയ്‌തൊരു സമയത്തവിടെ,

ഇടതും വലതും ക്രൂശിതരവരില്‍
ഉടലോടെപ്പോയൊരുവന്‍ 'കള്ളന്‍ '

ഇരുപത്തഞ്ചതു മാര്‍ച്ചില്‍ തിരുനാള്‍
സ്മരണാദിനമായ് ഡിസ്മാസിന്റെ.

കള്ളനെയെറിയുന്നോരോ കല്ലും
കള്ളത്തരമറിയാത്തതുമല്ല.

കള്ളക്കേസുകളുണ്ടാക്കുമ്പോള്‍
കള്ളപ്പരിഷകളാകും 'നല്ലോര്‍!'

കള്ളന്മാരുടെ ഗുഹയില്‍ച്ചെന്നാല്‍
കള്ളപ്പണമൊരു ചില്ലയുമില്ല!

കട്ടിട്ടല്ലാതെക്കാലത്തും
കൂട്ടിയെടുത്തിട്ടില്ലൊരു കാശും!

* * * * * * * * * * * * * * * * * * * * * *

ഓട്ടന്‍ തുള്ളലിതിഷ്ടപ്പെട്ടാല്‍
കഷ്ടപ്പെട്ടൊരു കൈയടി വേണം.

ഇഷ്ടപ്പെട്ടെന്നുള്ളതു കേട്ടാല്‍
കഷ്ടപ്പെട്ടതിനുണ്ടഭിമാനം.

 

OTHER SECTIONS