അഭിമാനം

By SREEKUMAR.P.01 Aug, 2018

imran-azhar

 

എന്തു പറഞ്ഞാലും കുറ്റമാണേ, എന്തിന്നു ചെയ്താലും കുറ്റമാണേ
മറ്റുള്ളോര്‍ തന്നുടെ കുറ്റങ്ങള്‍ നോക്കുവാന്‍
ഉത്സുകരെത്രയെന്നോ

 

 

നേരം വെളുത്താലിരുളുംവരെയവര്‍
ചുറ്റും പരതീടുന്നു
കുറ്റങ്ങള്‍ കണ്ടു വിമര്‍ശിക്കുവാനായി
ജന്മം തുലച്ചീടുന്നൂ

 

പണ്ടു കഴുതയെ കൊണ്ടുനടന്ന കഥയില്‍
പറഞ്ഞതുപോല്‍
നല്ലതു ചെയാതാലും നന്നായിരുന്നാലും
ഉണ്ടല്ലോ രണ്ടു പക്ഷം

 

മീന്‍ വിറ്റും പാല്‍ വിറ്റും അന്നം തികയ്ക്കുകി
ല്ലാര്‍ക്കും പരാതിയില്ലാ
നന്നായിപ്പോയല്ലോ എന്നുള്ള തോന്നലില്‍
സര്‍വ്വത്ര സംവാദങ്ങള്‍

 

മദ്യം മയക്കിയ അച്ഛനകന്നിട്ടും മണ്ണില്‍
പിടിച്ചു നില്‍ക്കാന്‍
വയ്യാത്തയമ്മയെ പോറ്റുവാനേകയായ്
അങ്കം തുടര്‍ന്നീടുമ്പോള്‍

 

ജീവിതം കൈവിട്ട നേരത്തു ചാരത്തു
കൂട്ടരോ കൂടിയില്ലാ
താളം പിഴക്കാതെ ഭാരം ചുമന്നേറെ
താങ്ങായ് കരുത്തു നേടാന്‍

 

അമ്മയ്ക്കു ഭക്ഷണം, വേണം മരുന്നുകള്‍
താനും പഠിച്ചീടേണം
കുഞ്ഞനുജന്നും പഠിച്ചുവളരുവാന്‍
വല്ലതും കൈയ്യില്‍ വേണം

 

കൈവിട്ടു പോകാതെ ജീവിതം മെല്ലവേ
കെട്ടിപ്പടുത്തിടുമ്പോള്‍
കല്ലെറിഞ്ഞെന്നേത്തളര്‍ത്തല്ലെ മാളോരെ
ഞാനൊരനാഥയല്ലേ

 

ഭക്ഷണമില്ലാതെ പുസ്തകമില്ലാതെ
പൊട്ടിക്കരഞ്ഞ നാളില്‍
കണ്ടതില്ലാരെയും കണ്ണീര്‍ തുടക്കുവാന്‍
ഒറ്റയ്ക്കു ഞാന്‍ പൊരുതീ

 

ഞെട്ടറ്റ പട്ടം പോല്‍ കൈവിട്ട ജീവിതം
എത്തിപ്പിടിച്ചീടുമ്പോള്‍
തെറ്റുകള്‍ കുറ്റങ്ങളെണ്ണിപ്പറഞ്ഞിന്ന്
ചുറ്റിലും മര്‍മ്മരങ്ങള്‍

 

എന്തു തെറ്റാണു ഞാന്‍ ചെയ്തതെന്നന്‍പോടു
ചൊല്ലിടൂ സോദരരേ
മാനം കളയാതെ മാന്യമാം ജോലികള്‍
ചെയ്തതും കുറ്റമോയോ

 

പെണ്ണായ് പിറന്നവള്‍ മണ്ണാകുവോളവും
കണ്ണീര്‍ കുടിച്ചിടണോ
കഷ്ടങ്ങളേറ്റു തകര്‍ന്നടിഞ്ഞീടണോ
ചൊല്ലിടൂ മാലോകരേ

 

പെണ്ണിന്റെ മാനവും കണ്ണുനീര്‍ത്തുള്ളിയും
കൗതുകക്കാഴ്ചയാണോ
മാനം കളയാതെയദ്ധ്വാനിച്ചീടുവാന്‍
ചങ്കില്‍ കരുത്തു വേണം

 

ആര്‍ക്കുമേ ശല്യമായ് താരാതെയാരേയും
ആശ്രയം ചെയ്തിടാതേ
മാന്യമായ് ജോലികള്‍ ചെയ്തതും നാടിതില്‍
അത്രക്കു വല്ല്യ തെറ്റോ

 

കൈനീട്ടിക്കെഞ്ചിയാല്‍ കൊഞ്ചിക്കുഴഞ്ഞിടാന്‍
വെമ്പുന്ന കൂട്ടരല്ലേ
ആരോരുമില്ലെന്നു ചൊല്ലിയാല്‍ രാവതില്‍
കൂരപൊളിക്കുകില്ലേ

 

ദാനവും ധര്‍മ്മവും നീതിയുമൊക്കെയും
നാലാളറികെ മാത്ര
ആലംബഹീനയെന്നോതിയാല്‍ പിന്നെയോ
കാണായി ഭാവമാറ്റം

 

നേരംു നെറിയും പറഞ്ഞും പ്രസംഗിച്ചും
മേനി നടിക്കുവോരെ
നാളിത്രയായില്ലേ നാലാളറിഞ്ഞെത്ര
നാരിക്കു കൂട്ടുനിന്നു


ദാനമായൊന്നും തരേണ്ട സഹോദരാ
ത്യാഗങ്ങള്‍ ചെയ്തിടേണ്ടാ
മാനമായ് ജീവിക്കും പെണ്ണിന്റെ മാനത്തെ
ദ്രോഹിപ്പതെന്തിനാണോ

 

ആണെന്നു ചൊല്ലിയാല്‍ ആണത്തമുള്ളവന്‍
മാനാഭിമാനമുള്ളോന്‍
നാരിക്കു താങ്ങും തണലുമാകേണ്ടവന്‍
മാന്യത തന്‍ സ്വരൂപം

 

ജീവിത യാത്രയിലീദൂരമെത്തിടാന്‍
എന്തൊക്കെ ജോലിചെയ്തൂ
ഇല്ല നിങ്ങള്‍ക്കറിയില്ല വിശപ്പിന്റെ
നൊമ്പരം സോദരരേ

 

ഏതൊരു ജോലിയും ചെയ്യുവാനാകുന്ന
വേദന ഹൃത്തിലുണ്ടേ
മാന്യമായാണെന്നുമെല്ലാരുമെന്നോടു
കൂട്ടായിക്കൂട്ടു നിന്നൂ

 

ഏറെത്തിരക്കില്‍ നഗരത്തിലേകയായ്
മീന്‍ വിറ്റു നിന്നിടുമ്പോള്‍
ഇല്ലെന്റെയുള്ളില്‍ ഭയമില്ല ലേശവും
ചുറ്റിലും സോദരന്മാര്‍

 

പട്ടിണിയായിപ്പിടഞ്ഞനാളാരുമേ
എന്നേയറിഞ്ഞതില്ലാ
എത്രയോ ജോലികള്‍ ചെയ്തു തളര്‍ന്നതും
ആരുമറിഞ്ഞതില്ലാ

 

വെള്ളിത്തിരയിലെനിക്കൊരു വേഷമോ
വിഭ്രമിപ്പിച്ചതെന്നോ
സാമൂഹ്യമാധ്യമക്കൂട്ടം കൊടുമ്പിരി
കാട്ടുന്ന കാട്ടായമോ

 

സ്വന്തമദ്ധ്വാനമാണെന്‍ ജീവിതം അതില്‍
ഖിന്നതയില്ല തെല്ലും
ഇല്ലിനിക്കണ്ണീര്‍ തളരില്ല ഞാനിനി
കൂട്ടായി നിങ്ങളില്ലേ

 

OTHER SECTIONS