ആത്മഹത്യാമുനമ്പില്‍ നിന്ന് ഐപിഎസിലേയ്ക്ക്

By RK.10 10 2021

imran-azhar

 

 

ജീവിതത്തിലേയ്ക്കുള്ള എന്റെ രണ്ടാം വരവായിരുന്നു കുടജാദ്രിയില്‍ നിന്നുള്ള ആ മലയിറക്കം-എഡിജിപി എസ് ശ്രീജിത്ത് ഐപിഎസ് പറയുന്നു

 


വടയാര്‍ സുനില്‍

 


സാര്‍ത്ര്, കാഫ്‌കെ ഒക്കെ വായിച്ചുനടന്ന ഒരു പതിനാറുകാരന്റെ കഥയാണിത്. മരണം സുനിശ്ചിതമായ ഒരു തീര്‍ച്ചയാണെന്ന തിരിച്ചറിവ് മനസില്‍ ആണിയടിച്ച് ഉറപ്പിച്ച വായനകള്‍. ഏതായാലും മരിക്കും. അതിനുമുമ്പ് ഈ ജീവിതത്തെ, ശരീരത്തെ എന്തിന് രോഗങ്ങളാലും വേദനകളാലും പീഡിപ്പിക്കണം? എത്രയും വേഗം പരമസത്യമായ മരണത്തിലേക്ക് എത്തിപ്പെടുകയാണ് മനുഷ്യധര്‍മ്മമെന്ന് തോന്നിപ്പിച്ച നാളുകള്‍. വള്ളിക്കാവിലേക്ക് വണ്ടി കയറി. അമ്മയോട് ചോദിച്ചു. 'ദൈവമുണ്ടോ?' 'ഉണ്ടെങ്കില്‍ അത് കാലാതീതമാണെന്ന് 'അമ്മയുടെ മറുപടി. എന്റെ ലോകം ഇതല്ലെന്ന് തിരിച്ചറിഞ്ഞ് വീടുവിട്ടിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ എന്റെ സ്വന്തം അമ്മയ്ക്ക് കലശലായ ദീനം. അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ എങ്ങനെ വീട്ടില്‍നിന്നിറങ്ങും? മനസൊന്ന് പതറി. പെട്ടെന്ന് ഒരു കാര്‍ട്ടൂണ്‍ മനസിലേക്ക് വന്നു.

 

റെയില്‍ പാളത്തില്‍ ആത്മഹത്യ ചെയ്യാന്‍ പോയ കമിതാക്കള്‍ തീവണ്ടിവരാന്‍ വൈകുന്നത് കണ്ട് വെയിലൊന്ന് ആറിയിട്ട് നമുക്ക് വീണ്ടും വന്നാലോ എന്ന് ചോദിക്കുന്ന ഫലിതം. എനിക്ക് സ്വയം പുച്ഛം തോന്നി. ബന്ധങ്ങളുടെ സകല ചരടുകളും അറുത്ത് ബ്രഹ്‌മസത്യം തേടിയുള്ള യാത്രയ്ക്കിറങ്ങവേ അമ്മയെ ഓര്‍ത്ത് കരയുന്നോ മൂഢാ?

 

അങ്ങനെ വീട്ടില്‍ നിന്ന് പതിനാറുകാരനായ ഞാന്‍ ഇറങ്ങിനടന്നു. ആദ്യം മുന്നില്‍ വന്നുനിന്നത് ബന്തടുക്കയ്ക്കുള്ള ബസാണ്. അതില്‍ കയറിയിരുന്നു. കീശയിലാകെയുള്ളത് അറുപത്തിയേഴു രൂപ. ബന്തടുക്കയ്ക്ക് ഒമ്പതു രൂപ അമ്പതു പൈസയാണ് ടിക്കറ്റ് വില. പത്തുരൂപ നോട്ട് കണ്ടക്ടര്‍ക്ക് കൊടുത്തപ്പോള്‍ ബന്തടുക്ക ടിക്കറ്റും ഒമ്പതര രൂപയും അയാള്‍ തിരികെ തന്നു. എന്റെ പക്കല്‍ പണം തീരെ ഇല്ലെന്ന് കണ്ട് പരാശക്തി നടത്തിയ ഒരു ഇടപെടല്‍ എന്നുകരുതി സീറ്റില്‍ മിണ്ടാതെ അമര്‍ന്നിരുന്നു.

 

കുടജാദ്രി കാട്ടിലാണ് ചെന്നിറങ്ങിയത്. നടന്ന് സര്‍വ്വജ്ഞപീഠം കയറി പിന്നെയും താഴേയ്ക്കിറങ്ങി ചിത്രമൂലയെന്ന ഗുഹയില്‍ കയറിയിരുന്നു. രാത്രി ഒരു കരിമ്പടം പോലെ പെട്ടെന്നാണ് മേലേക്ക് വന്നുവീണത്. കൊച്ച് ഇലയനക്കങ്ങളും കൂമന്റെയും നരിയുടെയും മുരളലുകളും നിറഞ്ഞ രാതി. മരണത്തെ ഭയമില്ലെന്ന് പറഞ്ഞു നടക്കുന്ന ഒരുവന്റെ സിരകളിലേക്ക് ഭയം ഇരച്ചുകയറുന്നത് എങ്ങനെയെന്ന് പതുക്കെയറിഞ്ഞു. കവച സ്‌തോതോത്രങ്ങളും മൃത്യുഞ്ജയമന്ത്രവും ഓര്‍മ്മയില്‍ വന്നുനിറഞ്ഞെങ്കിലും മരണഭയം ബാക്കി. ആരുമില്ല, ചുറ്റിനും, ഒരാപത്തുവന്നാലും. കീശയില്‍ അപ്പോള്‍ അഞ്ചര രൂപ ബാക്കിയുണ്ട്. മരണത്തിന്റെ ഈ ഇരുള്‍ ഗുഹയില്‍ ആര്‍ക്കുവേണമത്. കൊക്കയിലേക്ക് വലിച്ചെറിഞ്ഞു കളഞ്ഞു. കഴിക്കാന്‍, കുടിക്കാന്‍ ഒന്നുമില്ല. മൂന്നാം ദിവസം തളര്‍ന്ന് മോഹാലസ്യപ്പെട്ടുപോയി. പിന്നെ എപ്പോഴോ ഉണര്‍ന്നു. ഓരോ രാപ്പകലുകളും എണ്ണിയ ഞാനറിഞ്ഞു ഒമ്പതാംനാള്‍. മരണം തണുത്ത കാലടി വച്ച് അടുത്തെവിടെയോ വന്നുനില്‍പ്പുണ്ട്. അപ്പോ ഴേയ്ക്കും ഇലയനക്കം കേട്ടു. ഒരാള്‍ നടന്നുവരികയാണ്. കണ്ണൂര്‍കാരന്‍ രാമകൃഷ്ണന്‍. ചിത്രമൂല തേടിവന്ന അയാളുടെ അവില്‍പ്പൊതി എനിക്ക് അമൃതകുംഭമായി. മടങ്ങിപ്പോകാന്‍ നേരത്ത് കീശയിലുണ്ടായിരുന്ന ഇന്‍ലന്റില്‍ ഒരു കുറിപ്പെഴുതി അയാളെ ഏല്‍പ്പിച്ചു. അച്ഛനുള്ള കത്താണ്. ''എനിക്ക് സുഖം. വൈകാതെ തിരിച്ചുവരും.'' കണ്ണൂരില്‍ നിന്നുമാത്രമേ പോസ്റ്റ് ചെയ്യാവൂ എന്ന നിര്‍ദ്ദേശത്തോടെ രാമകൃഷ്ണന് അത് കൈമാറി. കത്ത് പോസ്റ്റ് ചെയ്ത രാമകൃഷ്ണന്‍ പക്ഷേ ആ മേല്‍വിലാസത്തില്‍ അന്വേഷിച്ചു. ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന്. അങ്ങനെ രാമകൃഷ്ണന്‍ കൂട്ടിക്കൊണ്ടു വന്നതാണ് കുടജാദ്രി മലയുടെ മുകളിലേക്ക് എന്റെ അച്ഛനെ. ചിത്രമൂലയ്ക്ക് താഴെയുള്ള ഗുഹയില്‍ പുലി തിന്ന ഒരു മനുഷ്യന്റെ അസ്ഥികൂടം ഞാന്‍ കണ്ടിരുന്നു. അവിടെയെത്തി പതിമൂന്ന് നാള്‍ കഴിഞ്ഞപ്പോള്‍ ആ ചിത്രാപൗര്‍ണമി നാളില്‍ പാതിരാത്രി കഴിയേ, ഗുഹയ്ക്കുള്ളില്‍ പോയി പുലിക്ക് ഇരയാകാനോ ഈശ്വര കരങ്ങളാല്‍ രക്ഷപ്പെടാനോ എന്റെ വിധിയെന്ന് തീര്‍ച്ചയാക്കാന്‍ നിശ്ചയിച്ചിരിക്കെയാണ് അച്ഛനെകൂട്ടിയുള്ള രാമകൃഷ്ണന്റെ വരവ്. ജീവിതത്തിലേയ്ക്കുള്ള എന്റെ രണ്ടാം വരവായിരുന്നു കുടജാദ്രിയില്‍ നിന്നുള്ള ആ മലയിറക്കം.

 

പിന്നെ ഞാന്‍ കസ്റ്റംസില്‍ ഉദ്യോഗസ്ഥനായി. അപ്പോഴും ആത്മീയത ഇടയ്ക്കിടെ എന്റെ മനസില്‍ വന്ന് മുട്ടിവിളിക്കും. യൂണിഫോം ഊരിവച്ച് ഞാന്‍ ഒരു ഭിക്ഷാപാത്രവുമായി തെണ്ടാന്‍ ഇറങ്ങും. മറ്റുള്ളവരുടെ വീട്ടുപടിക്കല്‍ ഭിക്ഷയാചിച്ചുനില്‍ക്കുമ്പോള്‍ നാമറിയും നമ്മളൊക്കെ എത നിസ്സാരരാണെന്ന്. ജീവിതത്തില്‍ അഹങ്കാരത്തിന്റെ തൂവലുകളുണ്ടെങ്കില്‍ അത് പൊഴിച്ചുകളയാന്‍ ഭിക്ഷാടനം പോലെ സമര്‍ത്ഥമായ മറ്റൊന്നില്ല.

 

സന്യാസജീവിതം കഴിഞ്ഞ് ഞാന്‍ തിരിച്ചുവന്നത് വളരെ അപകടകാരിയായാണ്! ആരെക്കണ്ടാലും ഈ ജിവിതം കൊണ്ടൊന്നും കാര്യമില്ല എന്നുപറയുന്ന ഒരു തരം തീവ്രവാദം. അങ്ങനെ എന്റെ തീവ്രവാദത്തിന് ഇരയായ ഒരാളുണ്ട്. പ്രദീപ് (യഥാര്‍ത്ഥ പേരല്ല). അവന്‍ എന്റെ മൊഴിമുത്തുകള്‍ കേട്ട് ഒരുനാള്‍ സ്ഥലംവിട്ടു. പിന്നീട് ഞാന്‍ കൊല്ലത്ത് എസ്.പി. യായിരിക്കുമ്പോള്‍ വള്ളിക്കാവില്‍ അമൃതാനന്ദമയിയുടെ അടുത്ത് തൂവെള്ള കുപ്പായം ധരിച്ച് അവന്‍ നില്‍ക്കുന്നു. പ്രദീപ്! ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ ഉപേക്ഷിച്ച ജീവിതം അവനെടുത്ത് അണിഞ്ഞിരിക്കുന്നു. തിരുവനന്തപുരം എസ്.പിയായിരിക്കെ ഒരിക്കല്‍ രാതിയില്‍ ഒരു ഫോണ്‍. 'ശ്രീജിത്തല്ലേ?' എനിക്ക് ആളെ മനസിലായില്ല. 'ഞാന്‍ പഴയ പ്രദീപാണെന്ന് ' അയാള്‍ പറഞ്ഞു. ഏതോ ഒരു സ്വാമിയെന്നാണ് പുതിയ പേരെന്നും ഇപ്പോള്‍ ഒരു ആശ്രമത്തിന്റെ ചുമതല ക്കാരനാണെന്നും. എനിക്ക് വല്ലാത്ത സങ്കടം തോന്നി. പിന്നെ കുറേനാള്‍ കഴിഞ്ഞ് സന്യാസി വേഷം അഴിച്ചുവച്ച് പ്രദീപ് രക്ഷപ്പെട്ടുവെന്നും ഇപ്പോള്‍ വിവാഹമൊക്കെ കഴിഞ്ഞ് വിദേശത്താണെന്നും അറിഞ്ഞു.

 

എന്റെ ജീവിതം വല്ലാതെ മാറ്റിമറിച്ചത് കണ്ണൂരാണ്. അന്ന് തലശ്ശേരി എ.എസ്.പി.. പാനൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഭയാനകമായ ഏറ്റുമുട്ടല്‍ നടന്ന 1999. അക്രമത്തെ ഉരുക്കുമുഷ്ടികൊണ്ട് അമര്‍ച്ച ചെയ്യണം എന്ന നിലപാടുകാരനാണ് എന്നും ഞാന്‍. കലാപവുമായി വന്ന ഒരുകൂട്ടരെ വെടിവച്ചോടിക്കാന്‍ ഞാന്‍ ഉത്തരവിട്ടു. പാനൂര്‍ കലുഷിതമായി നില്‍ക്കുന്നു. മുറിവേറ്റവരെയും കൊണ്ട് ആംബുലന്‍സുകള്‍ പാഞ്ഞുപോകുന്നു. പൊലീസ് വെടിവയ്പില്‍ ആര്‍ക്കും ജീവഹാനി വന്നിട്ടില്ലെങ്കിലും നിരവധിപേര്‍ മരിച്ചുവെന്ന പ്രചാരണം മൂലം ആയുധധാരികളായ അക്രമികള്‍ കാത്തുനില്‍ക്കുന്നതറിയാതെ സൈറണ്‍ മുഴക്കി അസി. ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്ന എന്റെ കാര്‍ പാഞ്ഞുചെല്ലുകയാണ്.


കാറിന്റെ ഡോര്‍ തുറന്ന് ഞാന്‍ പുറത്തേക്കിറങ്ങുമ്പോള്‍ വാളുകളും മറ്റ് മാരകായുധങ്ങളുമായി പത്തുപതിനാലുപേരുള്ള ഒരു സംഘം തൊട്ടുമുന്നില്‍ നില്‍ക്കുന്നു. എന്നെ കണ്ടതും അവര്‍ ഓടി. ഞാന്‍ പിന്നാലെയും. ആ ചെറുസംഘത്തിന്റെ പിറകിലായി നിന്നത് പ്ലാസ്റ്റിക് കൂട് കൈയില്‍ പിടിച്ച ഒരാളാണ്. അതിനുള്ളില്‍ ബോംബാണെന്ന് എനിക്ക് മനസിലായി. വേഗത്തിലോടിയാല്‍ ബോംബുകള്‍ കൂട്ടിയുരഞ്ഞ് പൊട്ടുമെന്നതിനാല്‍ അയാള്‍ പതുക്കെയാണ് നീങ്ങുന്നത്. പിടിക്കാനായി 'നില്‍ക്കെടാ' എന്നുപറഞ്ഞ് ഞാന്‍ പാഞ്ഞു. ചെല്ലുകയാണ്.


കൂടെയുള്ള പൊലീസുകാര്‍ കുറേ പിറകിലായതിനാല്‍ ഞാന്‍ ഏതാണ്ട് ഒറ്റപ്പെട്ടതുപോലെയായി.
പെട്ടെന്ന് പിടിക്കാറായി എന്നായപ്പോള്‍ അയാള്‍ പിന്നിലേക്കൊന്ന് കഴുത്തുവെട്ടിച്ചുനോക്കി. ഓട്ടത്തിനിടയില്‍ തന്നെ പ്ലാസ്റ്റിക് സഞ്ചിയിലേക്ക് അയാളുടെ കൈകള്‍ നീങ്ങുന്നതും കണ്ടു. ബോംബെറിയാന്‍ പോകുകയാണെന്ന ബോധം ഒരുനിമിഷാര്‍ദ്ധത്തിനുള്ളില്‍ എന്റെ തലച്ചോറില്‍ മിന്നി. പിന്തിരിഞ്ഞ് ഓടുന്നവനെ വെടിവയ്ക്കുന്നതിന്റെ ന്യായാന്യായങ്ങള്‍ ആലോചിച്ച് തോക്ക് ഞാന്‍ കൈയിലെടുത്തിരുന്നില്ല. എന്നാലും എന്റെ കൈ ഹോസ്റ്റര്‍ തുറന്നു. പിസ്റ്റളിന്റെ തണുപ്പില്‍ വിരലുകള്‍ സ്പര്‍ശിച്ചു. അപ്പോഴേയ്ക്കും ഒരു വലിയ ശബ്ദവും പുകച്ചുരുളുകളും എന്നെ ആകാശത്തേക്ക് ഉയര്‍ത്തി. പിന്നാലെ വന്ന പൊലീസുകാരുടെ കരങ്ങളിലേക്ക് ചോരയില്‍ കുതിര്‍ന്ന ഒരു ജഡംപോലെ ഞാന്‍ ചെന്നുവീണു. രാവിലെ പത്തരയ്ക്കാണ് ഈ സംഭവം.

 

ഉച്ചതിരിഞ്ഞ് മൂന്നുമണിയോടടുപ്പിച്ച് മരുന്നുമണക്കുന്ന ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ഞാന്‍ കണ്‍തുറന്നു. കൈകാലുകള്‍ ഉണ്ടോയെന്നറിയില്ല. ദേഹം മുഴുവന്‍ മരവിച്ചിരിക്കുന്നു. ഡോക്ടര്‍ അടുത്തുനിന്ന് എന്തോ ചോദിക്കുന്നത് ഞാന്‍ കേട്ടു. 'എനിക്ക് എങ്ങനെയുണ്ട് ഡോക്ടര്‍'. ബോംബിന്റെ പതിനാല് ചീളുകള്‍ തറച്ചുകയറിയിട്ടുണ്ട്. പള്‍സ് സ്റ്റെബിലൈസ് ചെയ്താല്‍ മതി. എനിക്ക് പേടി തോന്നിയില്ല. ഞാന്‍ മനസിനെ ഏകാഗ്രമാക്കി. എന്റെ പള്‍സ് റേറ്റ് നോക്കിനില്‍ക്കെ നൂറില്‍ നിന്ന് എണ്‍പത്തിനാലിലേക്ക് താഴുന്നത് ഡോക്ടര്‍ കണ്ടു. എന്റെ കാലില്‍ തറച്ചുകയറിയ ചീളെടുക്കാന്‍ സര്‍ജറിക്ക് ഒരുങ്ങുകയാണ് ഡോക്ടര്‍. ഞാന്‍ അത് കാണാതിരിക്കാന്‍ ഒരു മറ ഇടയ്ക്ക് വച്ചിട്ടുണ്ട്. 'അത് മാറ്റണം. എന്റെ കാലില്‍ നിന്ന് തറച്ചുകയറിയ ബോംബിന്‍ ചീളുകള്‍ സര്‍ജറി ചെയ്‌തെടുക്കുന്നത് എനിക്ക് കാണണം.' ശാഠ്യത്തിന് ഡോക്ടര്‍ വഴങ്ങി. സര്‍ജിക്കല്‍ നെഫ് മാംസത്തെ കീറിമുറിക്കുമ്പോഴും എനിക്ക് ഭയം വന്നില്ല. മാസങ്ങള്‍ നീണ്ട ആ ചികിത്സ, ഒരു പൊലീസുകാരനെ
ആളുകള്‍ എങ്ങനെ സ്‌നേഹിക്കുമെന്നതിന്റെ സാക്ഷ്യം പറയല്‍ കൂടിയായിരുന്നു. ഞാന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവര്‍, തട്ടമിട്ട ഒരുപാട് സ്ത്രീകള്‍. എല്ലാ ദിവസവും അവര്‍ എനിക്ക് ആഹാരവുമായി വന്നു. ഒരുദിവസം പോലും കാന്റീനില്‍ നിന്ന് ഭക്ഷണം കഴിക്കേണ്ടിവന്നില്ല. എഴുപത്തിമൂന്നുകിലോയുണ്ടായിരുന്ന ഞാന്‍ എണ്‍പത്തിമൂന്നുകിലോ തൂക്കവുമായാണ് ആശുപത്രി വിട്ടത്. ജീവിതത്തെ, മരണത്തെ ഭയക്കാതിരിക്കാന്‍ എന്നെ വീണ്ടും പഠിപ്പിച്ചത് കണ്ണൂരാണ്.

 

കാക്കിയും കാഷായവും ഒരുപാട് സാമ്യമുള്ള വേഷങ്ങളാണെന്ന് ജീവിതം എന്നെ പഠിപ്പിച്ചു. കാഷായധാരിയും കാക്കി ധരിക്കുന്നവനും എന്താണ് ചെയ്യേണ്ടതെന്ന് വളരെ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. ഒരു പൊലീസുകാരനെ സംബന്ധിച്ചിടത്തോളം ലീഗലായി ചെയ്യുന്നതെല്ലാം ന്യായമായിരിക്കണമെന്നില്ല. പക്ഷേ, ലീഗലായ കാര്യങ്ങള്‍ മാത്രം ചെയ്യാനാണ് അവന്റെ നിയോഗം. യഥാര്‍ത്ഥ സന്യാസിയും അങ്ങനെയാണ്.


മറ്റുള്ളവര്‍ക്ക് ന്യായമല്ലെന്ന് തോന്നിയേക്കാം. എന്നാല്‍ സന്യാസിക്കും തന്റെ നിയോഗലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കൃത്യമായ നിയമങ്ങള്‍ തന്നെയുണ്ട്. ഒരു സന്യാസിയുടെ ലക്ഷ്യങ്ങള്‍ കൂടുതല്‍ ശക്തമായും മികവോടെയും ചെയ്യാന്‍ കാക്കിവേഷത്തിനാകും എന്ന തിരിച്ചറിവു തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ടേണിംഗ് പോയിന്റ്.

 

 

 

 

 

 

 

 

OTHER SECTIONS